‘കുസാറ്റിലെ താലിബാനിസം!’
ഡോ. അബ്ദുല്ല ബാസിൽ
2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

ശരിക്കും വേറെന്തെങ്കിലും സംഭവമുണ്ടോ? ഇത് സാധാരണ കാര്യമല്ലേ?’’ കുസാറ്റിൽ വിസ്ഡം സ്റ്റുഡന്റ്‌സ് നടത്തിയ ഒരു പരിപാടിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറയിട്ടത് വിവാദമായതുമായി ബന്ധപ്പെട്ട് ഒരു സുഹൃത്ത് ചോദിച്ചതാണിത്. മുസ്‌ലിം സംഘടനകൾ നടത്തുന്ന പ്രോഗ്രാമുകളിൽ പണ്ടുമുതലേ സ്ത്രീകളും പുരുഷന്മാരും വെവ്വേറെയാണ് ഇരിക്കാറുള്ളത്. കർട്ടൻ ഒഴിവാക്കിയതുകൊണ്ട് പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നവർ അത് അവസാനിപ്പിക്കുമോ? ഇല്ല, അവർക്ക് ഇടകലർന്നിരിക്കാത്തതുതന്നെ വലിയ പ്രശ്‌നമാണ്!
എന്നുവെച്ചാൽ, ഏകദേശം എല്ലാ മുസ്‌ലിം സംഘടനകളുടെയും പ്രോഗ്രാമുകൾ ലിബറൽ റഡാറിൽ പ്രശ്‌നമാണ് -അവിടെയെല്ലാം സ്ത്രീകളും പുരുഷന്മാരും അടുത്തടുത്തല്ല ഇരിക്കുന്നത്-അതാണ് മുസ്‌ലിം സമൂഹത്തിന്റെ ‘norm’. മറിച്ച് സ്ത്രീകളും പുരുഷന്മാരും ഇടകലർന്ന് ഒരു മുസ്‌ലിം സംഘടന പ്രോഗ്രാം നടത്തിയാൽ അതാണ് ഒരു ‘ന്യൂസ്’ ആവേണ്ടത്. പക്ഷേ, ഇവിടെ അവരുടെ സ്വാഭാവിക രീതികൾ തന്നെ ബ്രേക്കിങ് ന്യൂസ് ആവുകയാണ്.
അൽപ കാലമായി കേരളത്തിൽ നടന്നുവരുന്ന ഒരു പ്രതിഭാസമാണിത്. മുസ്‌ലിംകളുടെ സ്വാഭാവിക രീതികളെ പെട്ടെന്നൊരു ദിവസം പ്രശ്‌നവത്കരിക്കുക, വിവാദമാക്കുക, ശേഷം അത് സംഘപരിവാർ ഏറ്റെടുക്കുമ്പോൾ ‘കണ്ടോ നിങ്ങളുടെ മതമൗലികവാദം കാരണം സംഘികൾ വളരുന്നു’ എന്ന് പറയുക! ഇവിടെ പതിറ്റാണ്ടുകളായി നടക്കുന്നതുപോലെ മുസ്‌ലിം പ്രോഗ്രാമിൽ സ്ത്രീകളും പുരുഷന്മാരും വെവ്വേറെയിരുന്നതാണോ പ്രശ്‌നം, അതോ അത് ഭീകരവത്കരിച്ച് സംഘികൾക്ക് വടി കൊടുത്തതോ?
അടുത്തതായി വേണമെങ്കിൽ ‘മുസ്‌ലിം പള്ളിയിൽ അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്ന അപരമത വിദ്വേഷം പറയുന്നു’ എന്നും റിപ്പോർട്ട് ചെയ്യാം. അഫ്ഗാനിസ്ഥാനിലും ഇറാനിലും ഇതേ രൂപത്തിലുള്ള ബാങ്ക് ഉണ്ടെന്നാണറിവ് എന്നു പറഞ്ഞ് ‘സ്റ്റോറി’ ഡെവലപ് ചെയ്യാം. ‘താലിബാനിലെ ബാങ്ക് കേരളത്തിലും, കേരളം ഇസ്‌ലാമിക രാജ്യമാകുന്നു!’ എന്നു പറഞ്ഞ് ‘ജനം ടിവി’യിൽ ചർച്ച വരുമ്പോൾ ‘സംഘികൾക്ക് വളമിട്ട് കൊടുക്കുന്ന ബാങ്ക് ഒഴിവാക്കികൂടായിരുന്നോ എന്ന് ചോദിക്കുകയുമാവാം!
മുസ്‌ലിംകളുമായി ബന്ധപ്പെട്ട എന്തിനെയും സംശയദൃഷ്ടിയോടെ മാത്രം നോക്കിക്കാണുന്നതിലെ പ്രശ്‌നം മാധ്യമപ്രവർത്തകർക്ക് മനസ്സിലാവാത്തതാണോ? സോസൈറ്റി ആക്റ്റ് പ്രകാരം പ്രവർത്തിക്കുന്ന എല്ലാ വിദ്യാർഥി സംഘടനകൾക്കും ക്യാമ്പസുകളിൽ യൂണിറ്റ് ഉണ്ടാകും. അവർ കോമ്പൗണ്ടിന് അകത്തോ പുറത്ത് തൊട്ടടുത്തോ കോളേജ് വിദ്യാർഥികൾക്ക് വേണ്ടി നടത്തുന്ന പ്രോഗ്രാമുകൾക്ക് ആ ക്യാമ്പസിന്റെ പേര് പറയുക എന്നത് പുതിയ കാര്യമല്ല. ഇത് കോളേജിൽ പോയവർക്ക് അറിയാവുന്ന കാര്യമാണ്. അത്രയും സ്വാഭാവികമായ കാര്യം ഒരു മുസ്‌ലിം സംഘടന നടത്തുമ്പോൾ പെട്ടെന്നൊരു ദിവസം അത് ‘പേര് ദുരുപയോഗം’ ആകുന്നു! വാർത്ത റിപ്പോർട്ട് ചെയ്യുന്നവന് പോലുമറിയാം ഒരു കാര്യവുമില്ലെന്ന്!
ഇവിടെ രണ്ട് ഓപ്ഷനുകളാണ് മുസ്‌ലിംകൾക്ക് മുമ്പിലുള്ളത്. ഒന്നുകിൽ ഈ ലിബറൽ ഹിന്ദുത്വ പൊതുബോധത്തിന് നോവുമോ എന്ന് ഭയന്ന് തങ്ങളുടെ സാധാരണ വിശ്വാസ-ആചാര രീതികൾ പോലും പരമാവധി ഒളിച്ചും പേടിച്ചും ചെയ്യുക. അതല്ലെങ്കിൽ അഭിമാനത്തോടെ ഞങ്ങൾ ഇങ്ങനെയൊക്കെ ത്തന്നെയാണെന്ന് തലയുയർത്തി നിന്ന് പറയുക.
സ്വസ്ഥതയുള്ള സാമൂഹ്യാന്തരീക്ഷം എല്ലാവരുടെയും ആവശ്യമാണ്. അതിന് മുസ്‌ലിംകൾ മാത്രം തങ്ങളുടെ ഐഡന്റിറ്റിയിലും രീതികളിലും വെള്ളം ചേർക്കണമെന്ന് പറയുന്നവരോട് ‘സൗകര്യമില്ല’ എന്ന് മാത്രമാണ് മറുപടി.
