നന്മയുടെ നീർത്തുളളികൾ

ഇബ്നു അലി എടത്തനാട്ടുകര

2025 മെയ് 24, 1446 ദുൽഖഅദ് 22

ഒരു കിണർ കുഴിക്കാൻ എത്ര ചെലവ് വരും? മോട്ടോറും ആവശ്യമെങ്കിൽ റിംഗും ഇട്ട, തുറന്ന കിണറിന്, അല്ലെങ്കിൽ മോട്ടോർ സഹിതം കുഴൽക്കിണറിന്? ഒരു ലക്ഷമോ അതിന് മുകളിലോ വേണമെന്നുറപ്പ.്

10,000 രൂപയ്ക്ക് കിണർ കുഴിക്കാം, അതും വെള്ളം പമ്പ് ചെയ്യാനുള്ള സംവിധാനമടക്കം. യന്ത്രസംവിധാന സഹായമൊന്നുമില്ലാതെ മൂന്നാൾ ചേർന്ന് ഒരു നാൾ കൊണ്ടൊരു കിണറങ്ങ് കുഴിച്ച് ഹാൻഡ് പമ്പും സ്ഥാപിച്ച് വെള്ളം ഉപയോഗിക്കാൻ റെഡിയാക്കും. 40 അടി തൊട്ട് വെള്ളം സുലഭമായി കിട്ടിത്തുടങ്ങും. വിശ്വാസം വരുന്നില്ല അല്ലേ...?!

മുമ്പ് കേട്ടിട്ടുണ്ടെങ്കിലും, പീസ് റേഡിയോ സുഹൃത്തിന്റെ യാത്രാവിശേഷങ്ങൾ കേട്ടപ്പോഴാണ് വീണ്ടും ഓർമ വന്നത്. ദിവസങ്ങൾക്കു മുമ്പ് കൂട്ടുകാരോടൊത്ത് തെക്കുപടിഞ്ഞാറ് ഇന്ത്യയിൽ അത്തരം പ്രദേശങ്ങളിൽ നടത്തിയ ട്രിപ്പിൽ അത് നേരിൽ കണ്ടപ്പോൾ, ആ ‘ദൃശ്യം പ്രോഗ്രാം’ അത്രമേൽ മനസ്സിലേക്ക് ഇറങ്ങി.

ഉത്തരേന്ത്യയിൽ പഠിച്ച യാത്രാകമ്പക്കാരനായ ഈ സുഹൃത്ത് ഗ്രാമങ്ങളിലൂടെ നടത്തിയ ഒരു യാത്രയിലെ കാഴ്ചകളാണ് കിണർ നിർമിച്ചു നൽകുക എന്ന ആശയം മനസ്സിൽ കിനിയിച്ചത്. അത്യാവശ്യക്കാർക്ക് കുടിവെള്ളം കൊടുക്കുന്നതിനെക്കാൾ വലിയ മാനുഷികപ്രവൃത്തി വേറെ ഏതുണ്ട്?

അദ്ദേഹം ഉറ്റ കൂട്ടുകാരുടെ സഹായത്തോടെ പദ്ധതിയങ്ങ് തുടങ്ങിവച്ചു. സമയം കിട്ടുമ്പോഴൊക്കെ സഹായിക്കാൻ സാധ്യതയുള്ളവരോട് ഇക്കാര്യം പങ്കുവച്ചു. അക്കൂട്ടത്തിൽ പെട്ട, അദ്ദേഹത്തിന്റെ സഹപാഠിയും അധ്യാപകനുമായ ഒരു സുഹൃത്തിന്റെ വിളി. കിണറിന് ഒരു ചെറിയ സഹായം കൈമാറാൻ നേരിൽ വരാമോ എന്നാണ് അറിയേണ്ടത്. വൈകാതെ അദ്ദേഹം പറഞ്ഞിടത്തെത്തി. ഭാര്യാസമേതം കൂട്ടുകാരൻ കാത്തുനിൽക്കുന്നു. സുഹൃത്തിനെയും കൂട്ടി അവർ തൊട്ടടുത്ത ജ്വല്ലറിയിലേക്ക് കയറി. ഭാര്യ കൈയിൽ കരുതിയ സ്വർണമാലയഴിച്ച് കൈമാറി. സുഹൃത്തിനോട് തൂക്കിനോക്കി അതിന്റെ കാശ് വാങ്ങാൻ ആവശ്യപ്പെട്ടു. ഒരു ഡസനോളം കിണറുകൾ കുഴിക്കാനുള്ള തുക ലഭിച്ചു ആ ആഭരണത്തിന്. ആ കാശ് കൈയിൽ വച്ചപ്പോൾ സുഹൃത്തിന്റെ കണ്ണുകൾ നിറഞ്ഞുപോയി.

അന്ന് ഇരുപതിനടുത്ത് എത്തിയ കിണറുകളുടെ എണ്ണം ഇന്ന് 100 കവിഞ്ഞിരിക്കുന്നു. സർവശക്തന് സ്തുതി. കാരുണ്യപ്രവർത്തനത്തിന്റെ കാര്യം അങ്ങനെയാണ്. ആത്മാർഥതയോടെ, ആരെയും ബോധിപ്പിക്കാനല്ലാതെ, പ്രാർഥനയോടെ മുന്നിട്ടിറങ്ങിയാൽ സഹായത്തിന്റെ വാതിലുകൾ താനേ തുറന്ന് വരും.

ഒരു കിണർകൊണ്ട് രണ്ടോ മൂന്നോ കുടുംബങ്ങൾക്ക് ജീവജലം നൽകാൻ നമുക്കുമാകും; കേവലം പതിനായിരം രൂപകൊണ്ട്. ദീർഘകാലം വറ്റാതെ നിൽക്കുന്ന നന്മയുടെ നീർത്തുള്ളികൾ നമ്മുടെ സൽകർമത്തിന്റെ തുലാസ്സിന് കനം കൂട്ടും.