പാഴാകാത്ത നോമ്പ്
ഇബ്നു അലി എടത്തനാട്ടുകര
2025 മാർച്ച് 22, 1446 റമദാൻ 21

അടുപ്പമുള്ള ഒരു സ്ഥാപനത്തിലെ നോമ്പുതുറക്ക് പങ്കെടുത്തു. ഈത്തപ്പഴം, രണ്ടിനം പഴം, നാരങ്ങ വെള്ളം, ഒരു ജ്യൂസ്, എണ്ണക്കടി എന്നിങ്ങനെ മെനു. സ്ഥാപന മേധാവിയും കുടുംബവും മുസ്‌ലിംകളല്ലാത്ത തൊഴിലാളികളും പങ്കെടുത്തു. നോമ്പുതുറയും നമസ്‌കാരവും കഴിഞ്ഞ് മന്തി റൈസും കോഴിയും കട്ടൻചായയും. ഹൃദ്യം. ബാക്കി വന്ന ചോറ് ചിക്കൻ പീസ് സഹിതം ആവശ്യക്കാർക്ക് വീട്ടിലേക്ക് കൊണ്ടുപോകാൻ കൊടുത്തു. ഭക്ഷണം ഒട്ടും പാഴായില്ല എന്ന് സാരം.
ഒരു ദിവസം പട്ടണത്തിൽ ഹോട്ടലിൽ വെച്ചാണ് നോമ്പ് തുറന്നത്. ബാക്കി വന്ന ഭക്ഷണം പായ്ക്ക് ചെയ്ത് വീട്ടിലേക്ക് കൊണ്ടുപോയി. പലരും മാനക്കേടു ഭയന്ന് ഇങ്ങനെ ചെയ്യാറില്ല. ഭക്ഷണ വിഷയത്തിലുള്ള ഇസ്‌ലാമിന്റെ നിർദേശങ്ങളും കൽപനകളും മനസ്സിലാക്കിയാൽ ഒരു വറ്റുപോലും പാഴാക്കിക്കളയാൻ തോന്നില്ല.
വ്യക്തികളും വീട്ടുകാരും കുടുംബക്കാരും സംഘടനകളും ഇഫ്താർ സംഗമങ്ങൾ നടത്തുന്നു. സൗഹൃദം ഊട്ടിയുറപ്പിക്കാനിത് നല്ലതുതന്നെ. ഭക്ഷണം വേസ്റ്റ് ആകാതിരിക്കാൻ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ‘റമദാനിലെ ഗ്രീൻ പ്രോട്ടോക്കോൾ മാർഗരേഖ’ പാലിക്കാൻ പരമാവധി ശ്രമിക്കുക.
പരിമിത സൗകര്യങ്ങളുള്ള വീടുകളിൽ നോമ്പുതുറ നടത്തുന്നത് സാഹസം തന്നെയാണ്. എല്ലാവർക്കും ഒരേസമയത്ത് നോമ്പ് തുറക്കാനും ഭക്ഷണം കഴിക്കാനുമുള്ള അവസരം ഒരുക്കുക വെല്ലുവിളിയാണ്. തിരക്കിൽ അവസാന അവസരം കിട്ടുന്ന വനിതകളുടെയും കുട്ടികളുടെയും കാര്യമാണ് കഷ്ടം. ഇക്കാര്യത്തിൽ ജാഗ്രത വേണം.
സാമ്പത്തിക പ്രയാസമില്ലാത്ത ഈ കാലത്തും കുട്ടിക്കാലത്തെ നോമ്പ് ഓർമയിൽ വരുന്നുണ്ട്. പഴങ്ങളും പത്തിരിയും ഇറച്ചിക്കറിയും സ്വപ്നം മാത്രമായിരുന്ന കാലം. രാത്രി ഫീൽഡ് ജോലിക്കിടയിൽ അത്താഴ നേരത്ത് ചൂടുള്ള ചായ കുടിക്കാൻ കൊതിച്ചത് ഓർമ വരുന്നു. അടുത്തൊന്നും ഒരു കട പോലും ഉണ്ടായിരുന്നില്ല. വൈകി ഓഫീസിൽനിന്ന് മടങ്ങുമ്പോൾ പാതവക്കത്തെ ചെറിയ നമസ്‌കാരപ്പള്ളികളിൽ നിന്ന് ഇടയ്ക്ക് നോമ്പ് തുറന്നത് ഓർക്കാറുണ്ട്. ഹൃദയസ്പർശിയായ ആതിഥ്യ മര്യാദയും അവിടെ അനുഭവിക്കാം.
കൈമെയ് മറന്ന് മറ്റുള്ളവരെ സഹായിക്കുന്ന കാലമാണ് വിശുദ്ധ റമദാൻ. അയൽപക്കത്തെ കഷ്ടപ്പെടുന്നവരെ കാണാതിരിക്കരുത്. ഇല്ല എന്ന് തോന്നുമെങ്കിലും നമുക്ക് ചുറ്റും അത്തരക്കാർ കുറച്ചെങ്കിലും ഉണ്ട് എന്നതാണ് സത്യം. കാണാനുള്ള കണ്ണ് വേണം എന്നു മാത്രം.
കുറച്ച് കൊല്ലമായി അടുത്തുള്ള അനാഥശാലയിലെ മക്കൾക്കൊപ്പം ഒരു ദിവസം നോമ്പ് തുറക്കാറുണ്ട്. നോമ്പ് തുറന്ന ശേഷം മുറ്റത്ത് കാറ്റേറ്റ് അവരോട് കുശലം പറഞ്ഞ് നിൽക്കുന്നത് ഹൃദ്യമാണ്. വീട്ടുവിശേഷങ്ങൾ കേൾക്കുന്നതോടൊപ്പം അവരുടെ ഭാവി സുരക്ഷിതമാക്കാൻ പ്രോത്സാഹനം നൽകാനും ഈ അവസരം ഉപയോഗിക്കാറുണ്ട്.
കഴിഞ്ഞ നോമ്പിൽ നമ്മുടെ കൂടെ ഉണ്ടായിരുന്ന ചിലരൊന്നും ഇന്നില്ല. അടുത്ത റമദാനിൽ ആരൊക്കെ ഉണ്ടാകും എന്നും നമുക്കറിയില്ല. നമ്മുടെ നോമ്പും ദാനധർമങ്ങളും രാത്രിനമസ്‌കാരവും ക്വുർആൻ പാരായണവുമെല്ലാം റബ്ബ് സ്വീകരിക്കുമോ എന്നറിയില്ല. സ്വീകരിക്കണെ എന്ന പ്രാർഥന മറന്നുകൂടാ. എല്ലാം അറിയുന്ന റബ്ബിനോട് അകമഴിഞ്ഞ് പ്രാർഥിക്കാം. ഈ നോമ്പ് എല്ലാ അർഥത്തിലും സാർഥകമാകട്ടെ.

