പരിമിതിയെ വെല്ലുവിളിയാക്കുമ്പോൾ
ഇബ്നു അലി എടത്തനാട്ടുകര
2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

രാവിലെ ജിമ്മിൽനിന്ന് ഇറങ്ങി മോട്ടോർ സൈക്കിളിൽ കേറുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. ബൈക്ക് കോംപ്ലക്‌സിൽ പാർക്ക് ചെയ്ത് ഇറങ്ങുമ്പോഴാണ് എന്നോട് ആംഗ്യം കാണിച്ചത്. മുദ്ര മനസ്സിലായ ഞാൻ അദ്ദേഹത്തിന് ലിഫ്റ്റ് കൊടുക്കാനായി ബൈക്ക് ചേർത്തുനിറുത്തി. ലിഫ്റ്റ് ചോദിക്കുന്നത് 300 മീറ്ററിൽ കുറവ് ദൂരത്തുള്ള ബസ് സ്റ്റോപ്പിലേക്കാണ്.
സർക്കാർ ജീവനക്കാരനാണദ്ദേഹം. 30 കിലോമീറ്റർ അകലെയുള്ള പട്ടണത്തിലാണ് ആ മുപ്പത്തിയഞ്ചുകാരൻ ജോലി ചെയ്യുന്നത്. അദ്ദേഹത്തിന്റെ സ്‌കൂട്ടറിൽ പിന്നിലെ ചക്രത്തിന് ഇരുവശവും ഓരോ ചക്രം വീതം കൂടുതൽ ഘടിപ്പിച്ചിട്ടുണ്ട്. കാലുകൾക്ക് സ്വാധീനക്കുറവുണ്ട്. വല്ലാതെ കുനിഞ്ഞ് വളഞ്ഞ് മാത്രമെ നടക്കാൻ സാധിക്കൂ.
ഓഫീസിൽ പോയിരുന്ന കാലം ഇടയ്ക്ക് ഞങ്ങൾ ബസ്സിൽ അടുത്തടുത്ത് ഇരിക്കാറുണ്ട്, സംസാരിക്കാറുണ്ട്. എപ്പോഴും വിടർന്ന മനോഹരമായ ചിരി അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടാകും. എനിക്ക് ഏറ്റവും ഇഷ്ടവും അതാണ്. ശാരീരിക പരിമിതിയെക്കുറിച്ച് ഒന്നും ചോദിക്കാറില്ല, സംസാരിക്കാറുമില്ല, അങ്ങനെ ഒന്നുണ്ട് എന്ന് ഭാവിക്കാറുമില്ല.
ഞാൻ ജോലി ചെയ്തിരുന്ന സിവിൽ സ്റ്റേഷനിലാണ് അദ്ദേഹത്തിനും ജോലി. ലിഫ്റ്റ് ഇല്ലാത്ത കാലത്തും ഉള്ളത് പണിമുടക്കുമ്പോഴും കോണി കേറി ഒന്നാം നിലയിലേക്ക് പോകുന്നത് സാഹസമാണ്. മൂന്നാം നിലയിലെ എന്റെ ഓഫീസിലേക്ക് പടി കേറി, കോണിയിൽ അദ്ദേഹത്തെ മറികടന്ന് പോകുമ്പോൾ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യും. വിട്ടോളൂ, ഞാൻ പിറകെ വരാം എന്ന് ആംഗ്യം കാണിക്കും.
ഓഫീസ് കഴിഞ്ഞ് ഒരുനാൾ എന്റെ കൂടെ ബൈക്കിൽ നാട്ടിലേക്ക് പോന്നത് ഓർക്കുന്നു. പതിവ് തെറ്റി അന്ന് മഴ പെയ്തു. ഹെൽമെറ്റ് കാരണം തല നനയാതെ ഞാൻ രക്ഷപ്പെട്ടു. ഏന്നാൽ തലയടക്കം അയാൾ നനഞ്ഞു. എങ്കിലും ഇറങ്ങാൻനേരം ചേലുള്ള ചിരി സമ്മാനിച്ചു.
എന്റെ ബൈക്കിന് പിറകിൽ കേറിയപ്പോൾ സ്വകാര്യം പറഞ്ഞു; ജിമ്മിൽ ചേർന്നിട്ടുണ്ട് എന്ന്. ഓഫീസ് കഴിഞ്ഞ് വൈകുന്നേരമാണ് പോകാറ്. എനിക്ക് വലിയ സന്തോഷമായി. 57 കഴിഞ്ഞ ഞാൻ ജിമ്മിൽ പോകുന്നത് കാണുമ്പോൾ അപൂർവം ചിലർ നെറ്റിചുളിക്കാറുണ്ട്. മസിൽ വളർത്താനും ചെറുപ്പക്കാരനാകാനും അല്ലേ എന്നാണ് അതിലെ ധ്വനി. ജിമ്മിൽ പോകുമ്പോൾ ഒരാശ്വാസമാണ്. കഴിയുന്ന വർക്കൗട്ടുകൾ ചെയ്യും. ശരീരത്തിലേറെ മനസ്സിന് കരുത്ത് കിട്ടുന്നുമുണ്ട് എന്നും കൂട്ടിച്ചേർത്തു.
ചെറിയ ഒരു വൈകല്യം ഉളളവർ പോലും അവനവനിലേക്ക് ഒതുങ്ങിക്കൂടി അപകർഷതാബോധത്തിൽ കിടന്നു പിടഞ്ഞ് ജീവിതം തള്ളിനീക്കുന്നത് കാണാറുണ്ട്. ഇവിടെ ഇതാ ഒരാൾ ബൈക്ക് ഓടിക്കുന്നു. ജോലി ചെയ്യുന്നു. ജിമ്മിൽ പോലും പോകുന്നു. വർക്കൗട്ട് ചെയ്യുന്നു. നന്നായി ജീവിക്കുന്നു. ഉള്ള് തുറന്ന് ചിരിക്കുന്നു.
പരിമിതികളെ പടച്ചവന്റെ പരീക്ഷണമായി മനസ്സിലാക്കാനും അതിൽ തൃപ്തിയടയാനും നൽകപ്പെട്ട അനുഗ്രഹങ്ങൾക്ക് നന്ദി കാണിച്ച് നിരാശയില്ലാതെ ജീവിക്കാനുമാണ് വിശ്വാസികൾ ശ്രമിക്കേണ്ടത്.
അബൂദർറ് ജുൻദബ് ഇബ്നു ജുനാദ(റ)യിൽ നിന്ന് നിവേദനം. നബിﷺ എന്നോട് പറഞ്ഞു: “നന്മയിൽനിന്ന് യാതൊന്നിനെയും നീ നിസ്സാരമാക്കരുത്; നിെൻറ സഹോദരനെ പ്രസന്നവദനനായി കണ്ടുമുട്ടുന്നതു പോലും “ (മുസ്‌ലിം).

