പങ്കുവയ്ക്കലിലെ ശരിതെറ്റുകൾ

ഹന്ന മുഹമ്മദ്

2025 ജൂലൈ 05, 1447 മുഹറം 09

ദാനധർമങ്ങൾ ചെയ്യുന്ന വിഷയത്തിൽ മുസ്‌ലിം സമുദായം എന്നും മുന്നിലാണ്. മറ്റൊരു മതവിഭാഗവും ഇക്കാര്യത്തിൽ മുസ്‌ലിംകളെ പോലെ പ്രാധാന്യം കൽപിക്കുന്നതായി നാം കാണുന്നില്ല. ചെറിയ നന്മകളെ പോലും നിസ്സാരമായി കാണരുത് എന്നു പഠിപ്പിച്ച നബിﷺ വിശേഷപ്പെട്ട വല്ല ആഹാരവും വീട്ടിൽ ഉണ്ടാക്കിയാൽ അയൽവാസിക്ക് അതിൽനിന്ന് നൽകാൻ പ്രേരിപ്പിച്ചതായി കാണാം. ഈ പങ്കുവയ്ക്കൽ പരസ്പര ബന്ധത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഉൽകൃഷ്ടമായ മാനുഷിക ഗുണമാണ്.

എന്നാൽ ഇങ്ങനെ നൽകുന്നവരിൽ പലരും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്. ഭക്ഷണം അയൽവാസികൾക്കോ ബന്ധുക്കൾക്കോ നൽകുന്നത് അത് ദിവസങ്ങളോളം റഫ്രിജറേറ്ററിൽ വെച്ച് തങ്ങൾക്ക് ആവശ്യമില്ല എന്ന് തോന്നുമ്പോഴാകരുത്. ഉണ്ടാക്കിയ സമയത്തുതന്നെ ചൂടോടെ കൊടുക്കാനുള്ള മനസ്സു കാണിക്കണം. പ്രത്യേകിച്ചൊരു വിഭവം വീട്ടിൽ ഉണ്ടാക്കിയാൽ വീട്ടിലെ എല്ലാവരും ഇഷ്ടംപോലെ കഴിച്ചു കഴിഞ്ഞശേഷം ബാക്കിയുണ്ടെങ്കിൽ മാത്രം അയൽവാസികൾക്ക് കൊടുക്കുന്നതല്ല നമ്മൾ ശീലമാക്കേണ്ടത്. ബാക്കിവന്നത് ഒഴിവാക്കാൻ ഞങ്ങൾക്ക് തന്നു എന്ന തോന്നൽ അവർക്കുണ്ടാകരുത്. വരുമെന്നു പ്രതീക്ഷിച്ച വിരുന്നുകാർ വരാത്തതുകൊണ്ട്, അവർക്കു വേണ്ടി അധികമായുണ്ടാക്കിയ വിഭവങ്ങൾ ബാക്കിവരുന്ന സന്ദർഭമുണ്ടായേക്കാം. അത് കാര്യം പറഞ്ഞുകൊണ്ട് കൊടുക്കുന്നതാണ് നല്ലത്. നാം കഴിച്ചു കഴിഞ്ഞ ശേഷം കൊടുക്കുന്ന ശീലം ഒഴിവാക്കുക.

സ്വന്തം വീട്ടിലെ ആവശ്യമില്ലാത്ത സാധനങ്ങൾ മുഴുവൻ ഔദാര്യം കാണിക്കുന്നു എന്ന മട്ടിൽ പാവങ്ങൾക്ക് കൊടുത്ത് ‘ശല്യം’ ഒഴിവാക്കുന്ന ചിലരുണ്ട്. കേടുവരാനായതും ഉറുമ്പരിച്ചതും തിന്ന ബാക്കിയുമൊക്കെ മറ്റുള്ളവർക്ക് കൊടുക്കുന്നത് അവരെ നിന്ദിക്കലാണ്.

പഴകി നരച്ചതും കീറലുണ്ടായതും കറവീണതുമായ വസ്ത്രങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുന്നത് (വ്യക്തികൾക്ക് നേരിട്ടോ ചാരിറ്റി സംഘടനകൾക്കോ ആയാലും ശരി) മര്യാദകേടാണ്. അത്തരം വസ്ത്രങ്ങൾ ഹരിത കർമസേനക്ക് അധിക ഫീസ് നൽകിയാൽ അവർ കൊണ്ടുപോകും. ധരിക്കാൻ കൊള്ളില്ല എന്ന് നമ്മൾ കരുതുന്നത് മറ്റുള്ളവർക്കും അങ്ങനെയാകുമല്ലോ.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം: “പ്രവാചകരേ, ഏത് സ്വദക്വയാണ് ഏറ്റവും നല്ലത്?’’ നബിﷺ മൊഴിഞ്ഞു: “ആവശ്യക്കാരനായിരിക്കുമ്പോഴുള്ളത്. നീ നിന്റെ ബന്ധുക്കളിൽനിന്ന് തുടങ്ങുക’’ (അബൂദാവൂദ്).

സാമ്പത്തികമായ അഭിവൃദ്ധിയും ദാരിദ്ര്യവുമൊക്കെ അല്ലാഹുവിന്റെ പരീക്ഷണമാണെന്നും നമ്മുടെ പ്രവർത്തനങ്ങൾ അവൻ നിരീക്ഷിക്കുന്നുണ്ടെന്നുമുള്ളത് ഓർക്കുക. ഉയർന്നവനെ താഴ്ത്താനും താഴ്ന്നവനെ ഉയർത്താനും അവന് സാധിക്കുമെന്ന ചിന്ത എപ്പോഴും നമ്മിലുണ്ടാകണം.