‘മരണപ്പെട്ടവന്റെ ഫോൺ വിളി’

ഇബ്നു അലി എടത്തനാട്ടുകര

2025 ആഗസ്റ്റ് 16, 1447 സഫർ 22

വീട്ടിലെ തിരക്കിനിടയിലാണ് മൊബൈൽ ഫോൺ റിംഗ് ചെയ്തത്. ഫോൺ എടുക്കാൻ നേരം ഞെട്ടിപ്പോയി; കൊല്ലങ്ങൾക്ക് മുമ്പ് മരണപ്പെട്ട ഒരാളാണ് വിളിക്കുന്നത്! വിളിച്ചത് അദ്ദേഹത്തിന്റെ കുടുംബാംഗമായിരുന്നു. വേറൊരാളെ വിളിച്ചത് സമാന പേരുള്ള എനിക്ക് മാറി വന്നതാണ്. എന്താണ് പറയേണ്ടത് എന്നറിയാതെ അന്തിച്ചുനിന്ന നിമിഷങ്ങൾ. ഉദ്ദേശിച്ച ആളല്ല എന്നു പറഞ്ഞ് ഫോൺ വച്ചെങ്കിലും വിളിയുടെ ആഘാതം ഏറെ നേരം അലട്ടി.

ഫോൺ സ്‌ക്രോൾ ചെയ്യുമ്പോൾ, മരണപ്പെട്ട ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ നമ്പർ പൊങ്ങിവരാറുണ്ട്. അപ്പോഴത്തെ ആവശ്യം മറന്ന് ആ നമ്പർ നമ്മെ മറ്റൊരു കാലത്തേക്ക്, ലോകത്തേക്ക് കൊണ്ടുപോകും.

അതുപോലെ, ഫേസ്ബുക്കിലും മറ്റും വർഷങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്തവ അതേ ദിവസം പൊന്തി വരും. അതിൽ ചിലത് മുമ്പ് മരണപ്പെട്ടവരുടെ പോസ്റ്റുകളാവാം. നമുക്ക് ഏറെ അടുപ്പമുണ്ടായിരുന്ന അവരെയൊക്കെ എത്ര പെട്ടെന്നാണ് നമ്മൾ മറന്നു പോയത്!

അവനില്ലെങ്കിൽ ഞാനില്ല, അവളില്ലെങ്കിൽ ഞാനില്ല, അയാളില്ലെങ്കിൽ ഇന്നയിന്ന സംഗതികൾ നടക്കില്ല എന്നൊക്കെ നമ്മൾ കരുതിയിരുന്നു. അവരില്ലെങ്കിലും കാര്യങ്ങളൊക്കെ നടക്കുന്നു, ചിലപ്പോൾ പൂർവാധികം ഭംഗിയായി.

കൂടെ നടന്നവർ, തളർച്ചയിൽ താങ്ങായവർ, പണംകൊണ്ടും പദവികൊണ്ടും സഹായിച്ചവർ. എന്നിട്ടും എത്ര പെട്ടെന്നാണ് നമ്മളവരെ വിസ്മൃതിയിലേക്ക് തള്ളിയിട്ടത്. മരണപ്പെട്ടവർ എങ്ങനെ ഓർമിക്കപ്പെടുന്നു എന്നത് പ്രധാനമാണ്. ഒരാളുടെ മരണം മറ്റാർക്കെങ്കിലും ആശ്വസമായെങ്കിലോ...? എത്ര മോശം ജീവിതമാണയാളുടെത്!

ഒട്ടും ഗ്യാരന്റിയില്ലാത്ത ഒന്നാണ് ജീവിതം. അപകടം, രോഗം, പ്രകൃതിക്ഷോഭം തുടങ്ങി പല കോലത്തിൽ നമ്മെയും മരണം കാത്തിരിക്കുന്നുണ്ട്. എന്ന് വരും, എങ്ങനെ വരും എന്നുമാത്രം അറിയില്ല, അഥവാ നമുക്ക് അറിയില്ല!.

ഈ ഓൺലൈൻ, സോഷ്യൽ മീഡിയ കാലത്ത് നമ്മുടെ ലൈക്കുകളും കമന്റുകളും ഷെയറുകളും പോസ്റ്റുകളും റീലുകളും വീഡിയോകളുമൊക്കെ ഇങ്ങനെ ഒരാൾ ജീവിച്ചിരുന്നു എന്നതിനുള്ള നിലനിൽക്കുന്ന തെളിവുകൾ കൂടിയാണ്. അഥവാ സോഷ്യൽ മീഡിയയും നന്മയുടെ പാതയിൽ ഉപയോഗപ്പെടുത്തപ്പെടേണ്ടതാണ്.

ഇങ്ങനെയൊരാൾ ഈ ലോകത്ത് ജീവിച്ചിരുന്നു എന്ന് ഓർമപ്പെടുത്തുന്ന ചിലതൊക്കെ ബാക്കിയാക്കണം. നല്ല വാക്കുകൾ, നല്ല ചെയ്തികൾ, കുറിപ്പുകൾ, എഴുത്തുകൾ, സംസാരം, നന്മയുടെ പ്രകാശം വരുംകാലത്ത് കൂടി പ്രസരിപ്പിക്കുന്ന ആശയങ്ങൾ, അതിന്റെ പ്രായോഗിക രൂപങ്ങൾ... നല്ലത് മാത്രം ബാക്കിയാക്കുക. ആർക്കും നന്മ ചെയ്തില്ലെങ്കിലും അപരന് തന്നെക്കൊണ്ട് പ്രയാസമുണ്ടാക്കാതി രിക്കുക എന്നത് പോലും വലിയ സൽകർമമാണെന്ന് തിരിച്ചറിയുക.

“...അവർ ചെയ്തുവെച്ചതും അവരുടെ (പ്രവർത്തനങ്ങളുടെ) അനന്തരഫലങ്ങളും നാം എഴുതിവെക്കു കയും ചെയ്യുന്നു. എല്ലാകാര്യങ്ങളും വ്യക്തമായ ഒരു രേഖയിൽ നാം നിജപ്പെടുത്തി വെച്ചിരിക്കുന്നു’’(ക്വുർആൻ 36:12).