അനാഥത്വം അനുഭവപ്പെടാത്ത അനാഥശാലകൾ
ഇബ്നു അലി, എടത്തനാട്ടുകര
2025 ഏപ്രിൽ 19, 1446 ശവ്വാൽ 20

ഇത്തവണ രണ്ടുദിവസം നോമ്പുതുറന്നത് അകലെയല്ലാത്ത അനാഥാലയത്തിലെ കുട്ടികൾക്കൊപ്പമാണ്. എൽപി ക്ലാസ് തൊട്ട് പ്ലസ്ടു വരെയുള്ള അറുപത് കുട്ടികളും ഡസനോളം ജീവനക്കാരും, നോമ്പ് നോൽക്കാനുള്ള പ്രായമെത്താത്ത കുട്ടികളും അമുസ്‌ലിം കുട്ടികളും ജീവനക്കാരുമുള്ള സ്ഥാപനം.
നോമ്പു തുറന്ന് നമസ്‌കരിച്ച്, ഭക്ഷണം കഴിച്ച്, മുറ്റത്ത് കുറച്ചുനേരം കുട്ടികൾക്കൊപ്പം കൂടി. വിശേഷങ്ങൾ ചോദിച്ചു, വീട്ടുകാര്യങ്ങൾ പങ്കുവച്ചു. ഹൈറേഞ്ചിൽനിന്നുള്ള പത്താം ക്ലാസുകാരൻ ഒരു പരീക്ഷകൂടി ബാക്കിയുണ്ട് എന്ന പിരിമുറുക്കത്തിലായിരുന്നു. അത് കഴിഞ്ഞാൽ നാട്ടിൽ പോയി ഐ ടിഐയിൽ ചേരുമെന്നും പറഞ്ഞു. അവന്റെ ഇളയ സഹോദരിയും അവിടെ ഉണ്ടായിരുന്നു.
മെലിഞ്ഞ്, ഉയരം കുറഞ്ഞ ഒരു മൂന്നാം ക്ലാസുകാരൻ എന്റെ കൂടെയുണ്ടായിരുന്ന ഭാര്യയുടെ അടുത്ത് കൂടി ഓരോന്നു ചോദിച്ചുകൊണ്ടിരുന്നു. ഞങ്ങൾ അവനോട് പലതും ചോദിക്കുകയും ചെയ്തു. അന്ന് ഞങ്ങൾ തിരികെ ഓട്ടോറിക്ഷയിൽ കയറുന്നിടംവരെ അവർ അനുഗമിച്ചു. ഇനിയും വരില്ലേ എന്ന് ചോദിച്ചു. കൈവീശി യാത്ര പറഞ്ഞു.
ഒരു ദിവസം കൂടി ഞങ്ങൾ അവിടെയെത്തി. പരീക്ഷ കഴിഞ്ഞ് പോകാനുള്ള ഒരുക്കത്തിലായിരുന്നു മിക്കവരും. ചിലരെ കൊണ്ടുപോകാൻ ബന്ധുക്കൾ വന്നിട്ടുണ്ട്. അതിനാൽ അന്ന് നോമ്പു തുറക്ക് അതിഥികൾ കൂടുതലായിരുന്നു. എൽപി ക്ലാസ് മുതൽ അവിടെ താമസിച്ച് പഠിക്കുകയും പിന്നീട് അനാഥശാല തന്നെ വിവാഹം കഴിപ്പിക്കുകയും ചെയ്ത ഒരു ‘പുതുനാരിയും’ ഭർത്താവും വന്നിരുന്നു അന്ന്. ഓരോ കുട്ടിയുടെയും അടുത്തു ചെന്ന് പേരു വിളിച്ച് സംസാരിക്കുന്ന അവളെ കണ്ടപ്പോൾ സന്തോഷം തോന്നി. തിരികെ പോകുമ്പോഴും അവൾ കുട്ടികളെ കണ്ട് യാത്ര പറഞ്ഞാണ് പോയത്, ഒരു മുതിർന്ന സഹോദരിയുടെ കരുതൽ പോലെ.
അന്നും നോമ്പുതുറന്ന് ഭക്ഷണം കഴിച്ച് മുറ്റത്തെ ഉയരം കുറഞ്ഞ തിണ്ണയിൽ കുട്ടികൾക്കൊപ്പം ഇരുന്നു. വർത്തമാനം പറഞ്ഞു. നന്നായി പഠിക്കണം, ജോലി നേടണം, വീട്ടുകാരെയും കുടുംബത്തിനെയും നോക്കണം എന്നും മറ്റുമൊക്കെ ഉപദേശിച്ചു. അവർക്ക് മുമ്പുള്ള തലമുറ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്നും സമാധാനിപ്പിച്ചു.
എല്ലാവർക്കു മിഠായി വിതരണം ചെയ്തിരുന്നു. ആ മൂന്നാം ക്ലാസുകാരനോട് മിഠായി കഴിച്ചില്ലേ, ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ച ഭാര്യക്ക് കീശയിൽ നിന്ന് അവൻ മിഠായി പുറത്തെടുത്തു കാണിച്ചു. അടുത്ത ദിവസം വീട്ടിൽ പോകുമ്പോൾ അനിയന് കൊടുക്കാൻ മാറ്റിവെച്ചിരിക്കുകയാണ് എന്നും പറഞ്ഞു. അറിയാതെ കണ്ണ് നിറഞ്ഞുപോയി. അടുത്ത ദിവസം എല്ലാവരും പോകും. എന്നാൽ പോകാനിടമില്ലാത്ത നാലഞ്ച് കുട്ടികളുണ്ട് എന്ന് വാർഡൻ പറഞ്ഞു. കൂട്ടുകാരെല്ലാം പോകുമ്പോൾ അവർ ബാക്കിയാകുന്നു; സങ്കടകരം. മനസ്സിന്റെ കാഠിന്യം കുറക്കാൻ അനാഥക്കുട്ടിയുടെ തലയിൽ തലോടാൻ നബിﷺ ഉപദേശിച്ചത് വിശ്വാസികൾ ഓർക്കുക.
യതീംഖാന പ്രസ്ഥാനം മലയാള മണ്ണിൽ ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. ഏതൊരു ലക്ഷ്യത്തിനായി സ്ഥാപിതമായോ ആ ലക്ഷ്യത്തിലെത്താൻ അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച ഒരു മഹാപ്രസ്ഥാനമാണത്. ലക്ഷക്കണക്കിന് അനാഥർക്ക് അത്താണിയായ, മത-ഭൗതിക വിദ്യാഭ്യാസം പകർന്നു നൽകിയ പ്രസ്ഥാനം. ഇന്ന് അനാഥാശാലകളിൽ അനാഥർ മാത്രമല്ല ഉള്ളത്, അഗതികളായ കുട്ടികളുമുണ്ട്.
2019ലെ കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന്റെ വാർഷിക റിപ്പോർട്ടനുസരിച്ച് 883 സർക്കാർ അംഗീകൃത അനാഥാലയങ്ങളുണ്ട്. കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത അനാഥാലയങ്ങളുടെ എണ്ണവുംകൂടി കണക്കാക്കുമ്പോൾ കേരളത്തിലെ അനാഥാലയങ്ങളുടെ എണ്ണം ആയിരത്തിലധികമുണ്ടാകും.

