ആയിരത്തിന് നൂറു കുറവ്!

ഇബ്നു അലി എടത്തനാട്ടുകര

2025 നവംബർ 15, 1447 ജമാദുൽ അവ്വൽ 24

ഒരു യാത്രകഴിഞ്ഞ് മടങ്ങുകയാണ് സഹോദരന്മാരും അവരുടെ ഭാര്യമാരും കുട്ടികളും. കൃഷി കൂടുതലുള്ള അയൽ സംസ്ഥാനത്തിലൂടെ വഴിയോരക്കാഴ്ചകൾ കണ്ടാണ് മടക്കം. റോഡരികിൽ മരച്ചുവട്ടിലും ഷീറ്റ് കെട്ടിയും ഇടയ്ക്കിടെ തട്ടിക്കൂട്ട് കടകൾ കാണാം.

പച്ചക്കറിയും ധാന്യങ്ങളും വിൽക്കുന്ന ഒരിടം കണ്ടപ്പോൾ കുറച്ച് വാങ്ങാം എന്നായി. അവിടെ നിന്ന് വാങ്ങുമ്പോൾ വിലക്കുറവ് തീർച്ച. കൃഷിയിടങ്ങളിൽനിന്ന് പറിച്ചെടുത്തയുടൻ വിൽപനക്ക് വെച്ചതാകാം എന്നതുകൊണ്ട് പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവില്ല എന്നാണ് പ്രതീക്ഷ. പാതവക്കത്ത് കാറ്റും വെയിലും പൊടിയുമേറ്റ്, മുന്നിലൂടെ പോകുന്ന എല്ലാ വാഹനങ്ങളിലേക്കും പ്രതീക്ഷയോടെ നോക്കുന്ന പാവം കച്ചവടക്കാരനെ സഹായിക്കുന്നു എന്ന സന്തോഷവും.

എല്ലാവരും കുറച്ച് പച്ചക്കറി ഐറ്റങ്ങളും ചില ധാന്യങ്ങളും വാങ്ങി. എല്ലാറ്റിലും 100 ഗ്രാം കൂടുതൽ ഇട്ടിട്ടുണ്ടെന്ന് ഇടയ്ക്കിടെ പറഞ്ഞ് കച്ചവടക്കാരൻ താൻ ഉദാരനാണെന്ന് സ്ഥാപിച്ചുകൊണ്ടിരുന്നു. സാധനങ്ങൾ വാങ്ങി കാറിൽ വെച്ചപ്പോൾ ഒരാൾക്ക് സംശയം, തൂക്കക്കുറവ് ഉണ്ടോയെന്ന്!

സാധനം തിരികെകൊണ്ടു പോയി. ഇലക്ട്രോണിക് ത്രാസിൽ സാധനങ്ങൾ ഇട്ട് തൂക്കുന്ന പാത്രം വെച്ച് പൂജ്യം ഭാരം ഉറപ്പാക്കി തൂക്കി നോക്കിയപ്പോൾ കിലോഗ്രാമിൽ കൃത്യം 100 ഗ്രാം കുറവ്! അവൻ സാധനം വേണ്ട എന്ന് പറഞ്ഞ് കാശ് തിരികെ വാങ്ങി.

മറ്റുള്ളവർ അവർ വാങ്ങിയത് തൂക്കിയപ്പോഴും അതേ അവസ്ഥ; കിലോഗ്രാമിന് 100 ഗ്രാം എന്ന തോതിൽ തൂക്കം കമ്മി! പാത്രത്തിന്റെ തൂക്കത്തിലാണ് തിരുമറി ക്രമീകരിച്ചിരിക്കുന്നത്. ഒരു കിലോ വിറ്റാൽ 100 ഗ്രാം അയാൾക്ക് കൂടുതൽ ലാഭം. തൂക്കം കുറവ് കണ്ടെത്തിയവർക്ക് 100 ഗ്രാം അധികം കൊടുക്കാം എന്ന് അയാൾ പറഞ്ഞെങ്കിലും അധികം വേണ്ടെന്നു പറഞ്ഞ് അവർ മടങ്ങി.

എത്രയോ ആളുകൾ അയാളിൽനിന്ന് പച്ചക്കറികൾ വാങ്ങിയിരിക്കാം. അന്നും തൊട്ട് മുമ്പുള്ള ദിവസങ്ങളിലും എന്നല്ല; ഒരുപക്ഷേ, എന്നോ തുടങ്ങിയതായിരിക്കാം ആ തട്ടിപ്പ്. എത്ര പേരുടെ കാശാണ് അനർഹമായി അയാളും മക്കളും കുടുംബവും ഭുജിച്ചിട്ടുണ്ടാവുക!

റോഡരികിലും മറ്റും വലിയ വിലക്കുറവിൽ സാധനം വിൽക്കുന്നവർ ഇങ്ങനെ തൂക്കത്തിൽ കൃത്രിമം കാണിക്കുന്നതിൽ ഒരു തവണ ഞാനും പെട്ടിട്ടുണ്ട്; പട്ടണത്തിലെ സ്റ്റാന്റിനടുത്ത് റോഡിരികിലെ കച്ചവടക്കാരനിൽനിന്ന് ഓറഞ്ച് വാങ്ങിയപ്പോൾ.

ഇങ്ങനെ അളവിലും തൂക്കത്തിലും വെട്ടിപ്പും തട്ടിപ്പും നടത്തി വരുമാനം വർധിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് മഹാനാശമാണെന്ന മാതാധ്യാപനം വിശ്വാസികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്.