ഹൃദയ വിശുദ്ധിക്ക് ക്വുർആനിന്റെ ഉപദേശം

വി.വി. ബഷീർ വടകര

2025 ഫെബ്രുവരി 08, 1446 ശഅ്ബാൻ 10

മനുഷ്യശരീരത്തിലെ ഒരു ആന്തരിക അവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലേക്കും രക്തം ശുദ്ധീകരിച്ചു പമ്പ് ചെയ്യുകയാണ് ഈ അവയവത്തിന്റെ പ്രധാന ചുമതല. നമ്മെ ജീവിപ്പിക്കാൻ തളരാതെ മിടിക്കുന്ന അവയവം കൂടിയാണ് ഹൃദയം. ഹൃദയ പേശികളിലേക്ക് ആവശ്യത്തിന് രക്തവും വെള്ളവും എത്താതിരിക്കുന്നത് പേശികൾ നശിക്കാൻ കാരണമാകുന്നു. ഇതിനാണ് മെഡിക്കൽ ഡിക്ഷനറിയിൽ Mayo Cardial Infraction അഥവാ ഹൃദയാഘാതം എന്ന് പറയുന്നത്.

ഹൃദയത്തിന്റെ ഇത്തരം പ്രവർത്തനങ്ങളെല്ലാം ഭംഗിയായി നടക്കുന്നുണ്ടെങ്കിലും ഹൃദയം മരിച്ചവർ എന്നു വിശേഷിപ്പിക്കാവുന്ന ചില മനുഷ്യരുണ്ട്. കരുണയില്ലാത്തവരും പരുക്കൻ സ്വഭാവമുള്ളവരും ക്രൂരന്മാരുമായവരെ നാം കഠിന ഹൃദയമുള്ളവരായി വിശേഷിപ്പിക്കാറുണ്ട്.

അല്ലാഹു മുഹമ്മദ് നബി ﷺക്ക് അനുഗ്രഹമായി നൽകിയ ഒരു സവിശേഷതയാണ് ഹൃദയ വിശാലത . ‘നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?’ (94:1). നബിﷺക്ക് മത നിയമങ്ങൾ ഉൾകൊള്ളാനും, അത് പ്രബോധനം ചെയ്യാനും, ഉൽകൃഷ്ട സ്വഭാവ ഗുണങ്ങളെ സ്വീകരിക്കാനും , പരലോക വിജയത്തിനു വേണ്ടി പ്രവർത്തിക്കാനും, നന്മകൾ അനായാസം പ്രവർത്തിക്കാനുമാണ് ഹൃദയ വിശാലത നൽകിയത് എന്ന് തഫ്‌സീർ സഅദിയിൽ വിവരിക്കുന്നത് കാണാം.

ഹൃദയം ആർദ്രമാകണമെങ്കിൽ സ്രഷ്ടാവിനെക്കുറിച്ച് മനസ്സിലാക്കണം. അവനോടുള്ള ഭയവും ഭക്തിയും ഹൃദയത്തിൽ നിറയണം. അവന്റെ വചനങ്ങൾകൊണ്ട് അതിനെ നനവുള്ളതാക്കണം. ‘സത്യവിശ്വാസികൾക്ക് ശമനവും കാരുണ്യവുമായിട്ടുള്ളത് ക്വുർആനിലൂടെ നാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു’(17:82). ‘മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങൾക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികൾക്ക് മാർഗദർശനവും കാരുണ്യവും (വന്നുകിട്ടിയിരിക്കുന്നു)’(10:57).

മനുഷ്യർ ഇന്ന് പൊതുവെ അസ്വസ്ഥരും നിരാശരുമാണ്. കുടുംബ ജീവിതത്തിലും തൊഴിൽ മേഖലകളിലും സമാധാനമില്ല. നബിﷺയുടെയും സ്വഹാബത്തിന്റെയും ജീവിതം സുഭിക്ഷത നിറഞ്ഞതായിരുന്നില്ല. എന്നു മാത്രമല്ല പ്രയാസങ്ങളും പ്രതിസന്ധികളും നിറഞ്ഞതുമായിരുന്നു. എന്നിട്ടും അവർക്ക് നിരാശയോ അസന്തുഷ്ടിയോ ഉണ്ടായില്ല. കാരണം അവരുടെ ഹൃദയത്തിലെ വിശ്വാസം സുദൃഢമായിരുന്നു!

ചില ആളുകൾ ജീവിച്ചിരിക്കുമ്പോൾ തന്നെ വിസ്മൃതരായിരിക്കും. കാരണം സ്വന്തം കാര്യത്തിൽ മാത്രം ഒതുങ്ങി ജീവിക്കുന്നവരാണ്. മതരംഗത്തോ പൊതുരംഗത്തോ ഒന്നും അവരെ കാണുകയേ ഇല്ല. മറ്റു ചിലർ മരിച്ച് കാലങ്ങൾ കഴിഞ്ഞാലും ഓർമിക്കപ്പെടും. അവരെ വ്യത്യസ്തരാക്കുന്നത് അവരുടെ സുകൃതങ്ങളാണ്. അവർ വിശുദ്ധ ക്വുർആനിന്റെ പ്രകാശം സ്വീകരിച്ചവരാണ്. അതിനനുസരിച്ച് ജീവിതത്തെ ക്രമപ്പെടുത്തിയവരാണ്.

‘നിനക്ക് നാം അവതരിപ്പിച്ചു തന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്. ഇതിലെ ദൃഷ്ടാന്തങ്ങളെ പറ്റി അവർ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാൻമാർ ഉൽബുദ്ധരാകേണ്ടതിനും വേണ്ടി’(38:29).

ശിർക്ക്, കാപട്യം, സ്വയം പെരുമ, അഹങ്കാരം, അസൂയ തുടങ്ങി എല്ലാ തിന്മകളിൽനിന്നും ഹൃദയം ശുദ്ധമാക്കേണ്ടതുണ്ട്. ഇങ്ങനെ ശുദ്ധമായ ഹൃദയത്തിനാണ് ‘അൽക്വൽബുസ്സലീം’ എന്നു പറയുന്നത്. ഇഹത്തിലും പരത്തിലും ഇത്തരം ഹൃദയമുള്ളവർക്കേ രക്ഷപ്പെടാനും വിജയിക്കാനും സാധിക്കുകയുള്ളൂ.