പരിഹസിച്ച് പരിഹാസ്യരാകരുത്
മജീദ് ബസ്താക്ക് കണ്ണൂർ
2025 ആഗസ്റ്റ് 23, 1447 സഫർ 29

പരിഹാസത്തോടെ കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുന്ന, അല്ലെങ്കിൽ മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്ന ആളാണോ നിങ്ങൾ? ചിലർ അങ്ങനെയാണ്, അവർക്ക് ഇഷ്ടമില്ലാത്ത ഒരാൾ അവർ പങ്കെടുക്കുന്ന ഏതെങ്കിലും ചടങ്ങിൽ എത്തിയാൽ അപരനോട് കണ്ണുകൾകൊണ്ട് ആംഗ്യം കാണിച്ച് അവനെ നിസ്സാരനാക്കാൻ ശ്രമിക്കും.
ഇത് പലപ്പോഴും സംഭവിക്കുന്നത് രണ്ടുമൂന്ന് കാരണങ്ങൾ കൊണ്ടാണ്. ഒന്നുകിൽ അപരൻ വലിയ ‘പവർ’ (സ്വത്ത്, തറവാട്, പദവി) ഇല്ലാത്ത ആളായിരിക്കും. അല്ലെങ്കിൽ അല്ലാഹു കൊടുത്ത ചില രോഗങ്ങളോ ശാരീരിക വൈകല്യങ്ങളോ അയാൾക്കുണ്ടാകും. അതുമല്ലെങ്കിൽ തനിക്കുള്ള അനുഗ്രഹങ്ങൾ ഇല്ലാത്തയാൾ ആയിരിക്കാം.
ചടങ്ങുകളിൽ പോയാൽ തനിക്ക് ഇഷ്ടമുള്ള ആളെ പുകഴ്ത്താനും ഇഷ്ടമില്ലാത്ത ആളെ ഇകഴ്ത്താനും ഇവർ ശ്രമിക്കാറുണ്ട്. ഒന്നുകൂടി പറഞ്ഞാൽ ഇഷ്ടമുള്ളയാൾ തെറ്റു ചെയ്താൽ ഇവർ അതിനെ നോർമലൈസ് ചെയ്യുകയും ഇഷ്ടമില്ലാത്തവർ ചെയ്താൽ അത് പെരുപ്പിച്ചു കാണിക്കുകയും ചെയ്യും. ഇഷ്ടപ്പെട്ടവർ എത്ര അകന്നവരാണെങ്കിൽ കൂടിയും അവരെ മറ്റാർക്കെങ്കിലും പരിചയപ്പെടുത്തുമ്പോൾ ഏറ്റവും വേണ്ടപ്പെട്ടവർ എന്ന തരത്തിൽ പരിചയപ്പെടുത്തും. ചിലപ്പോൾ കസിൻ എന്നുവരെ പറയും. നേരെ മറിച്ച് ഇഷ്ടമില്ലാത്തവർ അടുത്ത ബന്ധുവാണെങ്കിൽ കൂടി ബന്ധത്തിലുള്ള ആളെന്ന് മാത്രം പറഞ്ഞ് ഒഴിവാകും. ചിലപ്പോൾ ബന്ധുവാണെന്നു പറയാൻ മടിക്കുകയും ചെയ്യും.
ഇഷ്ടമില്ലാത്തവരെ പരിപാടികളിലേക്ക് ക്ഷണിക്കില്ല. ക്ഷണിക്കാത്തതുകൊണ്ട് അവർ പോകുകയുമില്ല. എന്നാൽ അതൊന്നുമറിയാത്തവരോട് അയാളെക്കുറിച്ച് തന്റെ ക്ഷണം നിരസിച്ചവനാണെന്നു കുറ്റപ്പെടുത്തി പറയുകയും ചെയ്യും. ഇങ്ങനെയുള്ള ആളുകൾക്ക് നാശം എന്നാണ് ക്വുർആൻ പറയുന്നത്: “കുത്തിപ്പറയുന്നവരും അവഹേളിക്കുന്നവരുമായ ഏതൊരാൾക്കും നാശം’’ (ക്വുർആൻ 104:1).
കളിയാക്കി ചിരിക്കലും കണ്ണുകൊണ്ട് പരിഹാസ്യേന ആംഗ്യം കാട്ടലും കുറ്റവാളികളുടെ സ്വഭാവമാണ് എന്നാണ് ക്വുർആൻ പറയുന്നത്: “തീർച്ചയായും കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു. അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നുപോകുമ്പോൾ അവർ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു’’ (83: 29,30).
മറ്റുള്ളവരെ നൊമ്പരപ്പെടുത്താൻ നമ്മുടെ വാക്കുകൾ വേണമെന്നില്ല; അവഗണനയോ പരിഹാസം നിറഞ്ഞ നോട്ടമോ കണ്ടിട്ടും കാണാത്തതായി നടിക്കലോ ഒക്കെ മതി.
നാം ആരുമായി ഇടപെടുമ്പോഴും അവർക്ക് ആശ്വാസവും സന്തോഷവും പകരുവാൻ കഴിയണം. വിനയവും എളിമയുമായിരിക്കണം നമ്മുടെ മുഖമുദ്ര.
നമുക്ക് നമ്മുടെ സ്വഭാവത്തെക്കുറിച്ചുളള അഭിപ്രായം എന്താണ്? എന്റെ പെരുമാറ്റം മറ്റാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല, എന്റെ ചുറ്റുപാടിലുളളവരോട് ഞാൻ ഏറ്റവും നന്നായി പെരുമാറുന്നവനാണ് എന്നു നമുക്ക് പറയാൻ കഴിയുമോ? നബിﷺയെക്കുറിച്ച് അല്ലാഹു പറഞ്ഞത് ‘മഹത്തായ സ്വഭാവമുള്ളയാൾ’ എന്നാണ്. ആഇശ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിലുളളത് നബി ﷺയുടെ സ്വഭാവം ക്വുർആനാണ് എന്നാണ്.
