റമദാനിലെ ഗ്രീൻ പ്രോട്ടോക്കോൾ; മഹല്ലുകൾക്ക് ഒരു മാർഗരേഖ

പത്രാധിപർ

2025 മാർച്ച് 08, 1446 റമദാൻ 07

പരിശുദ്ധ റമദാനിലേക്ക് മുസ്‌ലിം ലോകം പ്രവേശിച്ചിരിക്കുകയാണ്. പള്ളികൾ കേന്ദ്രീകരിച്ച് ദിവസവും നോമ്പുതുറ സംഘടിപ്പിക്കുമ്പോൾ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പള്ളിയുടെ പരിസത്ത് കുമിഞ്ഞുകൂടുന്നത് പതിവാണ്. ഇത് വ്യക്തികൾക്കും പരിസ്ഥിതിക്കും ദോഷകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വീട്ടിൽ നടക്കുന്ന നോമ്പുതുറകളിലും സൽക്കാരങ്ങളിലുമൊക്കെ ഇക്കാര്യം നാം ശ്രദ്ധിക്കേണ്ടതുണ്ട്. വൃത്തി ഈമാനിന്റെ ഭാഗമാണ് എന്ന പ്രവാചക വചനം നാം ഓർക്കുക. ആർക്കും ഉപദ്രവം വരുത്താതിരിക്കുക എന്നതും വിശ്വാസികളുടെ കടമയാണ്.

പള്ളികളിലും മറ്റു സ്ഥാപനങ്ങളിലും ഇഫ്ത്വാറുമായി ബന്ധപ്പെട്ട് പരിസ്ഥിതി സൗഹ്യദം ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കേണ്ടതുണ്ട്:

1. ഡിസ്‌പോസിബിൾ വസ്തുക്കളുടെ ഉപയോഗം പരമാവധി ഒഴിവാക്കുകയും മാലിന്യങ്ങൾ രൂപപ്പെടുന്നതിന്റെ അളവ് കുറയ്ക്കുകയും ചെയ്യുക

2. അവശിഷ്ടങ്ങൾ യഥാസ്ഥാനങ്ങളിൽതന്നെ നിക്ഷേപിക്കുവാൻ നിർദേശം നൽകുക. (ഈത്തപ്പഴക്കുരു, മറ്റു പഴങ്ങളുടെ കുരു, തണ്ണിമത്തന്റെ പുറംതോട്, ഉപയോഗിച്ച നാരങ്ങ പോലുള്ളവ).

3. ഭക്ഷണ മാലിന്യം ശേഖരിച്ച് അതത് ഇടങ്ങളിൽതന്നെ മാലിന്യക്കുഴി നിർമിച്ച് അതിൽ നിക്ഷേപിച്ചു വളമാക്കി മാറ്റാം.

4. നോമ്പുതുറയ്ക്ക് ആഹാരപാനീയങ്ങൾ വിതരണം ചെയ്യുന്നതിന് സ്റ്റീൽ, ചില്ല്, മണ്ണ്, സെറാമിക്സ് എന്നിവകൊണ്ട് ഉണ്ടാക്കിയ ഗ്ലാസ്സുകളും പാത്രങ്ങളും സജ്ജീകരിക്കണം.

5. നോമ്പുതുറയോടനുബന്ധിച്ചോ മറ്റോ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യേണ്ടി വരുമ്പോൾ പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി ഒഴിവാക്കണം.

6. ജൈവ-അജൈവ മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ആവശ്യമായ സംവിധാനമൊരുക്കണം.

7. അലുമിനിയം ഫോയിൽ കൊണ്ടുള്ള കണ്ടെയ്‌നറുകൾ ഒഴിവാക്കണം.

8. മാലിന്യങ്ങൾ സ്ഥാപനങ്ങളുടെ കോമ്പൗണ്ടിൽനിന്നും പുറത്ത് പോകുന്ന അവസ്ഥയും അലക്ഷ്യമായി വലിച്ചെറിയുന്ന സാഹചര്യവും പൂർണമായി ഒഴിവാക്കണം.

9. പ്ലാസ്റ്റിക് മാലിന്യം കത്തിക്കുമ്പോൾ ‘ഡയോക്‌സിൻ,’ ‘ഫ്യൂറാൻസ്’ പോലുള്ള വിഷാംശങ്ങൾ പുകയിലൂടെ പുറത്തു വിടപ്പെടും. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, ത്വക്കിൽ ചൊറിച്ചിൽ എന്നിവയുണ്ടാക്കും. തുടർച്ചയായി ഇത് ശ്വസിക്കുന്നതിലൂടെ ക്യാൻസർ, ഹൃദയരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന കാര്യം നാം മനസ്സിലാക്കുകയും ഇ#ൗ വിഷയത്തിൽ ബോധവൽക്കരണം നടത്തുകയും ചെയ്യണം.

10. ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തണം. കുടിവെള്ളം അംഗീകൃത ജല പരിശോധന ലാബിൽ പരിശോധനയ്ക്ക് വിധേയമാക്കി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. കിണറുകൾ ക്ലോറിനേറ്റ് ചെയ്യണം. ഭക്ഷണം പാകം ചെയ്യുന്നവർക്ക് രോഗങ്ങൾ ഇല്ലെന്നും രോഗവാഹകരല്ലെന്നും ഉറപ്പുവരുത്തുന്ന നിർദിഷ്ട മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ കേരള പൊതുജനാരോഗ്യ നിയമം 2023 ലെ 58(1)(2) പ്രകാരവും മറ്റു നിയമങ്ങൾ പ്രകാരവും ശിക്ഷാ നടപടിക്ക് വിധേയരാകേണ്ടിവരും എന്നതും നാം മനസ്സിലാക്കണം.