വ്യാപാരങ്ങൾ
വിവ. അബ്ദുൽ ജബ്ബാർ മദീനി
2025 ജനുവരി 11, 1446 റജബ് 11

ബയ്ഇന്റെ നിർവചനം: ഒരു വസ്തു സ്വീകരിച്ച് മറ്റൊരു വസ്തു നൽകുന്നതിനാണ് ബയ്അ് (വ്യാപാരം) എന്നു ഭാഷയിൽ പറയുക.
സമ്പത്ത് സമ്പത്തുമായി അല്ലെങ്കിൽ ഒരു വസ്തുവിന്റെ അനുവദനീയമായ പ്രയോജനവുമായി അന്യോന്യം എന്നെന്നേക്കുമായി പലിശയായോ ദാനമായോ അല്ലാതെ കൈമാറ്റം ചെയ്യുന്നതിനാണ് ‘ബയ്അ്’ എന്നു സാങ്കേതികമായി പറയുക; അത് കടമായിട്ടാണെങ്കിലും ശരി.
ബയ്ഇന്റെ മതവിധി: വ്യാപാരം അനുവദനീയമാകുന്നു. വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു: “കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’’ (2:275).
ഇബ്‌നു ഉമറി(റ)ൽനിന്നു നിവേദനം: “രണ്ടുപേർ ക്രയവിക്രയം ചെയ്താൽ പരസ്പരം പിരിഞ്ഞുപോകുന്നതുവരെ ഇരുവർക്കും ഖിയാർ (കച്ചവടം ഉറപ്പിക്കുവാനും റദ്ദാക്കുവാനുമുള്ള അവകാശം) ഉണ്ട്.’’
ജനങ്ങളുടെ ആവശ്യം കച്ചവടത്തെ തേടുന്നു. കാരണം, അപരന്റെ കൈയിലുള്ളതിൽ മനുഷ്യൻ ആവശ്യക്കാരനാണ്. അവന്റെ അഭിവൃദ്ധി അതുമായി ബന്ധപ്പെട്ടുകിടക്കുന്നു. ശരിയായ മാർഗേണ അതിലേക്ക് എത്തുവാനും അത് ഉപയോഗപ്പെടുത്തുവാനും കച്ചവടമല്ലാതെ മറ്റൊരു മാർഗമില്ല. അതിനാൽ ഉദ്ദിഷ്ടലക്ഷ്യം നേടുവാൻ കച്ചവടം അനുവദനീയമാകണമെന്നതും നിയമമാകണമെന്നതുമാണ് യുക്തി യുടെ തേട്ടം.
ബയ്ഇന്റെ റുക്‌നുകൾ
കച്ചവടത്തിന്റെ റുക്‌നുകൾ മൂന്നാകുന്നു. ആക്വിദ്, മഅ്ക്വൂദുൻ അലയ്ഹി, സ്വീഗഃ എന്നിവയാണവ.
ആക്വിദ് (ഇടപാടുകാരൻ): വിൽക്കുന്നവനെയും വാങ്ങുന്നവനെയും അത് ഉൾകൊള്ളുന്നു.
‘മഅ്ക്വൂദുൻ അലയ്ഹി’ വിൽപനച്ചരക്കാണ് (വിൽക്കുന്ന ചരക്കും വാങ്ങുന്ന വിലയും).
സ്വീഗഃ ഈജാബും ക്വബൂലുമാണ് (വിൽക്കുമ്പോഴും വാങ്ങുമ്പോഴും പറയേണ്ട വാചകം). ഞാൻ വിറ്റിരിക്കുന്നു എന്നു പറയും പോലെ വിൽക്കുന്നവനിൽനിന്ന് വരേണ്ട വാചകമാണ് ഈജാബ്. ഞാൻ വാങ്ങിയിരിക്കുന്നു എന്നു പറയും പോലെ വാങ്ങുന്നവനിൽനിന്ന് വരേണ്ട വാചകമാണ് ക്വബൂൽ. ഇതു വാക്കാലുള്ള സ്വീഗഃയാകുന്നു.
എന്നാൽ പ്രവൃത്തിയാലുള്ള സ്വീഗഃ മുആത്വാത്താണ് അഥവാ കൊള്ളക്കൊടുക്കകൾ. സംസാരമൊന്നും കൂടാതെ വാങ്ങുന്നവൻ ചരക്കിന്റെ തുക വിൽക്കുന്നവനു നൽകുകയും അപ്പോൾ അവൻ ചരക്ക് വാങ്ങുന്നവനു നൽകുകയും ചെയ്യുന്നതുപോലെ.
വ്യപാരത്തിനു സാക്ഷിനിർത്തൽ
കച്ചവടത്തിനു സാക്ഷിനിർത്തൽ സുന്നത്താകുന്നു. അത് നിർബന്ധമല്ല. അല്ലാഹു പറഞ്ഞു: “എന്നാൽ നിങ്ങൾ ക്രയവിക്രയം ചെയ്യുമ്പോൾ സാക്ഷി നിർത്തേണ്ടതാണ്’’ (2:282).
ഇടപാടുകളുടെ അവസരത്തിൽ സാക്ഷിനിറുത്തുവാൻ അല്ലാഹു കൽപിച്ചിരിക്കുന്നു. എന്നാൽ പ്രസ്തുത കൽപന സുന്നത്താകുന്നു. അതിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനമാകുന്നു:
“ഇനി നിങ്ങളിലൊരാൾ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേൽപിച്ചാൽ ആ വിശ്വാസമർപ്പിക്കപ്പെട്ടവൻ തന്റെ വിശ്വസ്തത നിറവേറ്റുകയും തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ’’ (2:283).
അപ്പോൾ ഈ കൽപന കൊള്ളക്കൊടു ക്കകൾ രേഖാമൂലമാക്കുന്നതിനും ഗുണപ്രദമാകുന്നതിനുമുള്ള നിർദേശ കൽപന മാത്രമാണെന്ന് അറിയിക്കുന്നു.
സ്വഹാബിയായ തന്റെ പിതൃവ്യൻ പറഞ്ഞതായി ഉമാറ ഇബ്‌നുഖുസയ്മ(റ)യിൽനിന്നു നിവേദനം: “തിരുനബിﷺ ഒരു അഅ്‌റാബിയിൽനിന്ന് ഒരു കുതിരയെ വിലയ്ക്കു വാങ്ങി. തന്റെ കുതിരയുടെ വില സ്വീകരിക്കുവാൻ കൂടെ വരുവാൻ തിരുമേനി അഅ്‌റാബിയോട് ആവശ്യപ്പെട്ടു. അങ്ങനെ തിരുനബി ധൃതിയിലും അഅ്‌റാബി സാവകാശത്തിലും നടന്നു. തിരുമേനിﷺ കുതിരയെ വിലയ്ക്കു വാങ്ങിയത് അറിയാതെ ആളുകൾ അഅ്‌റാബിയോട് കുതിരക്കു വിലപേശുവാൻ തുടങ്ങി.’’
തങ്ങൾക്കിടയിൽ യാതൊരു തെളിവുമില്ലാതെയാണ് തിരുനബിﷺ അഅ്‌റാബിയിൽനിന്ന് കുതിരയെ വാങ്ങിയത്. കച്ചവടത്തിൽ അതു നിർബന്ധമായിരുന്നുവെങ്കിൽ സാക്ഷിനിറുത്തിയിട്ടല്ലാതെ തിരുമേനി കുതിരയെ വാങ്ങുമായിരുന്നില്ല.
തിരുനബിﷺ ജീവിച്ചനാളിൽ സ്വഹാബിമാർ അങ്ങാടികളിൽ അന്യോന്യം ഇടപാടു നടത്തുമാ യിരുന്നു. തിരുനബി അവരോടു സാക്ഷിനിറുത്തുവാൻ ആ ജ്ഞാപിച്ചതായോ അവർ സാക്ഷിനിറുത്തിയ തായോ ഉദ്ധരിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, ദൈനംദിന ജീവിതത്തിൽ അങ്ങാടികളിൽ കച്ചവടങ്ങൾ ജനങ്ങൾക്കിടയിൽ കൂടുതലായി നടക്കുന്ന കാര്യമാണ്. ഓരോ കാര്യത്തിനും അവർ സാക്ഷി നിറുത്തുകയാണെങ്കിൽ അതു പ്രയാസത്തിലേക്കും ഞെരുക്കത്തിലേക്കുമെത്തിക്കും.
എന്നാൽ തുകക്ക് അവധി പറഞ്ഞുകൊണ്ട്, രേഖാമൂലമാക്കൽ ആവശ്യമായ വലിയ ഇടപാടുകളാ ണെങ്കിൽ എഴുതിവെക്കലും അതിനു സാക്ഷിയെ നിറുത്തലും അനിവാര്യമാണ്; ഇടപാടുകാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ രേഖാമൂലത്തെ അവലംബിക്കുന്നതിനുവണ്ടി.
വ്യാപാരത്തിൽ ഖിയാർ
കൊള്ളക്കൊടുക്കകളിൽ വിൽക്കുന്നവനും വാങ്ങുന്നവനുമെല്ലാം കച്ചവടം നടത്തുവാനും റദ്ദാക്കുവാനും അവകാശമുണ്ടാകലാണ് ‘ഖിയാർ.’
റുക്‌നുകളും ശർത്ത്വുകളും പൂർത്തിയായിക്കൊണ്ട് എപ്പോഴാണോ ഇടപാടു നടക്കുന്നത് അതോടെ കച്ചവടമുറച്ചു എന്നതാണ് വ്യാപാര കരാറിന്റെ അടിസ്ഥാനം. ഇടപാടുകാരിലൊരാൾക്കും അത് ലംഘിക്കുവാൻ അർഹതയില്ല.
എന്നാൽ വിട്ടുവീഴ്ചയുടെയും എളുപ്പത്തിന്റെയും മതമായ ഇസ്‌ലാം അതിലെ മുഴുവൻ വ്യക്തികളുടെയും നന്മകളും സാഹചര്യങ്ങളും പരിഗണിച്ചു. ഒരു മുസ്‌ലിം ഏതെങ്കിലും കാരണത്തിന് ഒരു ചരക്ക് കൊള്ളുകയോ അല്ലെങ്കിൽ കൊടുക്കുകയോ ചെയ്യുകയും പിന്നീട് അതിൽ ഖേദിക്കുകയും ചെയ്താൽ അവന് ഖിയാർ (കച്ചവടം നടത്തുവാനും റദ്ദാക്കുവാനുമുള്ള അവകാശം) ഇസ്‌ലാം അനുവദിച്ചു; അവന്റെ വിഷയത്തിൽ ചിന്തിക്കുവാനും അവനു ഗുണപ്രദമായ കാര്യം നോക്കുവാനുമാണത്. അതിൽപിന്നെ തനിക്ക് അനുചിതമായി തോന്നുന്നതനുസരിച്ച് അവനു കച്ചവടത്തിലേക്കുവരാം അല്ലെങ്കിൽ അതിൽനിന്നു മടങ്ങാം. (അവസാനിച്ചില്ല)
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം).

