ശഹാദത്ത് അഥവാ സാക്ഷ്യം 3

അബ്ദുൽ ജബ്ബാർ മദീനി

2025 നവംബർ 01, 1447 ജമാദുൽ അവ്വൽ 10

സാക്ഷ്യവുമായി ബന്ധപ്പെട്ട വിധികൾ

1) താൻ സാക്ഷ്യം വഹിക്കുന്നതിനെ കുറിച്ച് അറിവുണ്ടാവൽ സാക്ഷിക്കു നിർബന്ധമാണ്. അറിവില്ലാത്തതിൽ സാക്ഷ്യം വഹിക്കുന്നത് അവന് അനുവദനീയമല്ല. അല്ലാഹു പറഞ്ഞു: “നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്’’ (ക്വുർആൻ 65: 2).

“അറിഞ്ഞുകൊണ്ടുതന്നെ സത്യത്തിന് സാക്ഷ്യം വഹിച്ചവരൊഴികെ’’ (ക്വുർആൻ 5:2).

അഥവാ ഉൾക്കാഴ്ചയോടും അറിവോടു കൂടിയുമായിരിക്കണം സാക്ഷ്യം വഹിക്കേണ്ടത്. കേൾക്കുക, കാണുക, പ്രചാരം നേടുക, കുടുംബന്ധം, മരണം പോലെ ജനസംസാരത്തിലൂടെയല്ലാതെ മിക്കവാറും അറിവു ലഭിക്കാത്ത വിഷയങ്ങളിൽ വാർത്ത പരക്കുക എന്നിവയിലൂടെയെല്ലാം അറിവു ലഭിക്കും.

2) പുത്രന് അനുകൂലമായി പിതാവിന്റെയോ പിതാവിന് അനുകൂലമായി പുത്രന്റെയോ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല; തെറ്റുധാരണയുണ്ടാകുമെന്നതിനാലാണത്. ഇപ്രകാരമാണ് ഭാര്യഭർത്താക്കന്മാരുടെ അന്യോന്യമുള്ള അനുകൂല സാക്ഷ്യങ്ങളും. എന്നാൽ പ്രതികൂല സാക്ഷ്യങ്ങൾ സ്വീകരിക്കപ്പെടും. ഒരാൾ തന്റെ പിതാവിനോ പുത്രനോ ഭാര്യക്കോ അല്ലെങ്കിൽ ഭാര്യ ഭർത്താവിനോ എതിരിൽ സാക്ഷി പറഞ്ഞാൽ അതു സ്വീകരിക്കപ്പെടും. ആ വിഷയത്തിൽ തെറ്റുധാരണ ഇല്ലാത്തതിനാലാണത്. അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത് നിങ്ങൾക്കു തന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി’’ (ക്വുർആൻ 4: 135).

3) ശത്രുവിന്നെതിരിൽ ശത്രുവിന്റെ സാക്ഷ്യവും സാക്ഷ്യത്തിലൂടെ സ്വന്തത്തിന് ഉപകാരം കൊണ്ടുവരുന്നവന്റെ സാക്ഷ്യവും സാക്ഷ്യത്തിലൂടെ തന്നിൽനിന്ന് ഒരു ദ്രോഹം ചെറുക്കപ്പെടുന്നവന്റെ സാക്ഷ്യവും സ്വീകരിക്കപ്പെടുകയില്ല. എന്നാൽ ആദർശത്തിലുള്ള ശത്രുത സാക്ഷ്യം സ്വീകരിക്കുന്നതിനെ തടയുകയില്ല. അതിനാൽ കാഫിറിന്നെതിരിലുള്ള മുസ്‌ലിമിന്റെ സാക്ഷ്യവും ബിദ്അത്തുകാരന്നെതിരിലുള്ള സുന്നത്ത് പിൻപറ്റുന്നവന്റെ സാക്ഷ്യവും സ്വീകരിക്കപ്പെടും.

4) ജനങ്ങളിൽ തന്നിലേക്ക് ഏറ്റവും അടുത്തവനാണെങ്കിലും ശരി സത്യപൂർവം സാക്ഷി പറയൽ സാക്ഷ്യം വഹിച്ചവന് നിർബന്ധമാണ്. പക്ഷപാതം കാണിക്കൽ അനുവദനീയമല്ല. അല്ലാഹു പറഞ്ഞു:

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത് നിങ്ങൾക്കു തന്നെയോ നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി’’(4:135).

സാക്ഷ്യം മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കെതിരാണെങ്കിലും ശരി; സാക്ഷ്യത്തിൽ അവർക്കു പ്രത്യേക പരിഗണന നൽകാവതല്ല. സത്യപൂർവം സാക്ഷ്യം നിർവഹിക്കുക; അതിനാലുള്ള വിനകൾ അവരിലേക്കു മടങ്ങിയാലും ശരി.

5) സാക്ഷ്യത്തിന്മേൽ സാക്ഷ്യം സ്വീകരിക്കപ്പെടും. കാരണം ആവശ്യം അത് തേടുന്നു. രോഗമോ മരണമോ മറ്റോ അസ്വ്‌ലിന്റെ(യഥാർഥ സാക്ഷി) സാക്ഷ്യ നിർവഹണത്തിന് തടസ്സമുണ്ടാവുകയെന്ന നിബന്ധനയുള്ളതോടൊപ്പമാണത്. അസ്വ്‌ലിന്റെയും ഫർഇന്റെയും(അസ്വ‌്‌ൽ തന്റെ സാക്ഷ്യത്തിനു സാക്ഷിയാക്കുന്നവൻ) ദീനീനിഷ്ഠ സ്ഥിരപ്പെടുകയും വേണം.

6) കള്ളസാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. അതാകട്ടെ വൻപാപങ്ങളിൽ പെട്ടതുമാകുന്നു. അല്ലാഹു പറഞ്ഞു: “ആകയാൽ വിഗ്രഹങ്ങളാകുന്ന മാലിന്യത്തിൽനിന്നും നിങ്ങൾ അകന്നുനിൽക്കുക. വ്യാജവാക്കിൽനിന്നും നിങ്ങൾ അകന്ന് നിൽക്കുക’’ (22:30).

തിരുദൂതർﷺ പറഞ്ഞു: ‘ഞാൻ നിങ്ങൾക്ക് മഹാപാപങ്ങളെക്കുറിച്ച് അറിയിച്ചുതരട്ടെയോ?’ (മൂന്നുതവ ണ തിരുമേനി ഇത് ആവർത്തിച്ചു). അവർ പറഞ്ഞു: ‘അതെ, അല്ലാഹുവിന്റെ ദൂതരേ.’ തിരുമേനി പറഞ്ഞു: ‘അല്ലാഹുവിൽ പങ്കുചേർക്കൽ, മാതാപിതാക്കളെ ധിക്കരിക്കൽ.’ ചാരിയിരിക്കുകയായിരുന്ന തിരുമേനി നേരെയിരുന്നു. ശേഷം പറഞ്ഞു: ‘അറിയുക, കള്ളം പറയൽ. അറിയുക, കള്ളസാക്ഷ്യം നിർവഹിക്കൽ.’ തിരുദൂതർﷺ അത് ആവർത്തിച്ചുകൊണ്ടേയിരുന്നു. എത്രത്തോളമെന്നാൽ ഞങ്ങൾ പറഞ്ഞുപോയി: ‘തിരുമേനി മൗനം ദീക്ഷിച്ചുവെങ്കിൽ.’ കാരണം കള്ളസാക്ഷ്യത്തിൽ നീതിനിഷേധവും അക്രമവും അന്യായവും സാക്ഷാത്കരിക്കലുമാണുള്ളത്.

7) സാക്ഷ്യനിർവഹണത്തിന് പ്രതിഫലം സ്വീകരിക്കൽ സാക്ഷിക്ക് അനുവദനീയമല്ല. എന്നാൽ സാക്ഷ്യ നിർവഹണ സ്ഥലത്തേക്ക് നടന്നു പോകുവാൻ കഴിയാത്തവന് യാത്രാ കൂലി സ്വീകരിക്കാവുന്നതാണ്.

8) സാക്ഷ്യം നിർവഹിക്കേണ്ട വിഷയത്തിന്റെ വ്യത്യാസമനുസരിച്ച് സാക്ഷികളുടെ എണ്ണവും വ്യത്യാസപ്പെടും. വ്യഭിചാരത്തിലും സ്വവർഗരതിയിലും പുരുഷന്മാരായ നാലു സാക്ഷികളെക്കാൾ കുറച്ച് സ്വീകരിക്കപ്പെടുകയില്ല. അല്ലാഹു പറഞ്ഞു:

“അവർ എന്തുകൊണ്ട് അതിനു നാലു സാക്ഷികളെ കൊണ്ടുവന്നില്ല?’’ (24:13). എന്നാൽ മോഷണം, വ്യഭിചാരാരോപണം പോലുള്ള ഇതര കുറ്റങ്ങളിലും സാമ്പത്തികമോ സമ്പത്ത് ഉദ്ദേശിക്കപ്പെടാത്തതോ അല്ലാത്തതും നികാഹ്, ത്വലാക്വ്, റജ്അത്ത്, ദ്വിഹാർ, നസബ്, വകാലത്ത്, വസ്വിയ്യത്ത് പോലുള്ള സാധാരണയായി പുരുഷന്മാർ ദർശിക്കുന്നതുമായ വിഷയങ്ങളിൽ പുരുഷന്മാരിൽനിന്ന് രണ്ടുപേരുടെ സാക്ഷ്യം സ്വീകരിക്കപ്പെടും. അതിൽ സ്ത്രീകളുടെ സാക്ഷ്യം സ്വീകരിക്കപ്പെടുകയില്ല. റജ്അഃയുടെ വിഷയത്തിൽ അല്ലാഹു പറഞ്ഞു:

“നിങ്ങളിൽനിന്നുള്ള രണ്ടു നീതിമാന്മാരെ നിങ്ങൾ സാക്ഷി നിർത്തുകയും ചെയ്യുക’’ (65:2). അതിനാൽ ഉപരിയിൽ നൽകിയ മറ്റു വിഷയങ്ങൾ റജ്അയോടു താരതമ്യം ചെയ്യപ്പെടും. കാരണം അത് സാമ്പത്തി കമോ സമ്പത്ത് ഉദ്ദേശിക്കപ്പെടാത്തതോ അല്ല. അതിനാലതിന് ശിക്ഷകളോടാണ് സാദൃശ്യം.

എന്നാൽ കച്ചവടം, വാടക, അവധി, കടം, പണയം, വദീഅ പോലുള്ള സാമ്പത്തികമോ സമ്പത്ത് ഉദ്ദേശിക്കപ്പെടാത്തതോ ആയ ഇടപാടുകളിൽ രണ്ടു പുരുഷന്മാരുടെ സാക്ഷ്യവും അല്ലെങ്കിൽ ഒരു പുരുഷന്റെയും രണ്ട് സ്ത്രീകളുടെയും സാക്ഷ്യവും സ്വീകരിക്കപ്പെടും. അല്ലാഹു പറഞ്ഞു:

“നിങ്ങളിൽപെട്ട രണ്ടു പുരുഷന്മാരെ നിങ്ങൾ സാക്ഷി നിർത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്മാരായില്ലെങ്കിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന സാക്ഷികളിൽനിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി’’ (2:282).

സാമ്പത്തികമോ സമ്പത്ത് ഉദ്ദേശിക്കപ്പെടാത്തതോ ആയ വിഷയത്തിൽ ഒരു പുരുഷന്റെ സാക്ഷ്യവും വാദിയുടെ സത്യവും സ്വീകരിക്കപ്പെടും. തിരുനബിﷺ അപ്രകാരം വിധി നടത്തിയതിനാലാണത്.

എന്നാൽ സ്ത്രീകളുടെ മറക്കപ്പെട്ട നഗ്നതകൾ, വൈധവ്യം, കന്യകത്വം, പ്രസവം, മുലകുടി, പ്രസവിച്ച കുഞ്ഞിന്റെ കരച്ചിൽ പോലുള്ള, സാധാരണയായി പുരുഷന്മാർ സാക്ഷ്യം വഹിക്കാത്ത വിഷയങ്ങളിൽ സ്ത്രീകളുടെ തനിച്ചുള്ള സാക്ഷ്യം സ്വീകരിക്കപ്പെടും. ദീനീനിഷ്ഠയുള്ള ഒരു സ്ത്രീയുടെ സാക്ഷ്യം മതിയാകും.

ധനികനായതിനു ശേഷം താൻ ദരിദ്രനാണെന്നു വാദിച്ചാൽ അതു സ്ഥിരീകരിക്കുവാൻ മൂന്നു പുരുഷ സാക്ഷികൾ നിബന്ധനയാകുന്നു. യാചന അനുവദിച്ചവരുടെ വിഷയത്തിലുള്ള, ക്വബീസ്വ ഇബ്‌നുമുഖാരിക്വിൽനിന്നുള്ള ഹദീസിൽ തിരുനബിﷺ പറഞ്ഞതായി ഇപ്രകാരമുണ്ട്:

“ഒരാൾക്കു ദാരിദ്ര്യം നേരിട്ടു. അയാളുടെ ഗോത്രത്തിൽപെട്ട വിവേകമുള്ള മൂന്നുപേർ എഴുന്നേൽക്കുകയും ഇന്നയാൾക്കു ദാരിദ്ര്യം ബാധിച്ചിരിക്കുന്നു എന്ന് സാക്ഷ്യം വഹിക്കുകയും ചെയ്താൽ അയാൾക്കും യാചന അനുവദനീയമാണ്.’’

9) സാക്ഷ്യം നിർവഹിക്കുവാൻ അശ്ഹദു(ഞാൻ സാക്ഷ്യം വഹിക്കുന്നു), ശഹിദ്തു(ഞാൻ സാക്ഷ്യം വഹിച്ചു) എന്നീ പദങ്ങൾ ശർത്ത്വാക്കപ്പെടുകയില്ല. പ്രത്യുത ഞാൻ ഇന്നത് കണ്ടിരിക്കുന്നു, കേട്ടിരിക്കുന്നു പോലുള്ള വചനങ്ങളും അതിൽ മതിയാകുന്നതാണ്. അശ്ഹദു, ശഹിദ്ത്തു എന്നീ പദങ്ങളെ നിബന്ധനയാക്കുന്ന തെളിവ് വരാത്തതിനാലാണത്.

(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം)