ദീക്ഷാകാലവും ദുഃഖാചരണവും 2
അബ്ദുൽ ജബ്ബാർ മദീനി
2025 സെപ്തംബർ 27, 1447 റബീഉൽ ആഖിർ 05

ഇദ്ദയുടെ തേട്ടങ്ങളും അനുബന്ധ കാര്യങ്ങളും
1) ത്വലാക്വിനാലുള്ള ഇദ്ദ.
വിവാഹമുക്ത ഭർത്താവിന്റെ ത്വലാക്വിനാൽ ഇദ്ദ അനുഷ്ഠിക്കുന്നവളാണെങ്കിൽ രണ്ടാലൊരവസ്ഥയിൽ നിന്ന് അത് മുക്തമല്ല:
എ) അവളുടെ ത്വലാക്വ് റജ്ഇയ്യ് (ഭർത്താവിനു ബന്ധം പുനഃസ്ഥാപിക്കുവാൻ അവസരമുള്ള തലാക്വ്) ആവുക.
ബി) അവളുടെ ത്വലാക്വ് ബാഇൻ (ഭർത്താവിനു ബന്ധം പുനഃസ്ഥാപിക്കുവാനാകാത്ത വിധമുള്ള എന്നെന്നേക്കുമായുള്ള തലാക്വ്) ആവുക.
റജ്ഇയ്യായ ത്വലാക്വിനാൽ ഇദ്ദ അനുഷ്ഠിക്കുന്നവൾ
റജ്ഇയ്യായ ത്വലാക്വിനാൽ ഇദ്ദഃ അനുഷ്ഠിക്കുന്നവൾക്ക് താഴെ വരുന്ന കാര്യങ്ങൾ അതിനെ തുടർന്നു വരും:
എ) മതപരമായ തടസ്സങ്ങളില്ലെങ്കിൽ ഭർത്താവിനോടൊപ്പം താമസിക്കൽ അവൾക്ക് നിർബന്ധമാണ്.
ബി) ഭക്ഷണം, വസ്ത്രം തുടങ്ങിയുള്ള ജീവിതച്ചെലവുകൾ.
സി) താമസ്ഥലത്ത് ഒതുങ്ങിക്കൂടൽ അവൾക്ക് നിർബന്ധമാണ്. നിർബന്ധിതാവസ്ഥയിലല്ലാതെ അവൾ വീടുവിട്ടു പോകരുത്. അല്ലാഹു പറഞ്ഞു: “നിങ്ങളുടെ കഴിവിൽ പെട്ട, നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിങ്ങൾ അവരെ താമസിപ്പിക്കണം’’ (ക്വുർആൻ 65:6).
“അവരുടെ വീടുകളിൽനിന്ന് അവരെ നിങ്ങൾ പുറത്താക്കരുത്. അവർ പുറത്തു പോകുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവർ ചെയ്യുകയാണെങ്കിലല്ലാതെ’’ (ക്വുർആൻ 65:1).
മറ്റു പുരുഷന്മാരുടെ വിവാഹാഭ്യാർഥനക്ക് അവൾ വിധേയയാകുന്നത് നിഷിദ്ധമാകുന്നു. അവൾ ഭർത്താവിന് പരിമിതവും ഭാര്യയുടെ വിധിയിലുമാണ്. അല്ലാഹു പറഞ്ഞു:
“അതിനകം (പ്രസ്തുത അവധിക്കകം) അവരെ തിരിച്ചെടുക്കാൻ അവരുടെ ഭർത്താക്കൻമാർ ഏറ്റവും അർഹതയുള്ളവരാകുന്നു; അവർ (ഭർത്താക്കൻമാർ) നിലപാട് നന്നാക്കിത്തീർക്കാൻ ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ’’ (ക്വുർആൻ 2:229).
ബാഇനായ ത്വലാക്വിനാൽ ഇദ്ദ അനുഷ്ഠിക്കുന്നവൾ
അവളുടെ അവസ്ഥയും രണ്ടാലൊന്നിൽനിന്ന് ഇത് മുക്തമല്ല:
1) അവൾ ഗർഭിണിയാകുന്നു.
2) അവൾ ഗർഭിണിയല്ല.
ഒന്ന്: അവൾ ഗർഭിണിയായാൽ താഴെ വരുന്ന കാര്യങ്ങൾ അവൾക്ക് ത്വലാക്വിനെ തുടർന്നുണ്ടാകും:
1) താമസ സൗകര്യം നൽകൽ ഭർത്താവിന് നിർബന്ധമാണ്. അല്ലാഹു പറഞ്ഞു: “നബിയേ, നിങ്ങൾ (വിശ്വാസികൾ) സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അവരെ നിങ്ങൾ അവരുടെ ഇദ്ദ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദ കാലം നിങ്ങൾ എണ്ണിക്കണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളിൽനിന്ന് അവരെ നിങ്ങൾ പുറത്താക്കരുത്. അവർ പുറത്തു പോകുകയും ചെയ്യരുത്; പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവർ ചെയ്യുകയാണെങ്കിലല്ലാതെ’’(ക്വുർആൻ 65: 1)
2) ജീവിതച്ചെലവുകൾ.
അല്ലാഹു പറഞ്ഞു: “അവർ ഗർഭിണികളാണെങ്കിൽ അവർ പ്രസവിക്കുന്നതുവരെ നിങ്ങൾ അവർക്കു ചെലവുകൊടുക്കുകയും ചെയ്യുക’’ (ക്വുർആൻ 65:1).
3) അവൾ ഇദ്ദയിരിക്കുന്ന ഭവനത്തിൽ ഒതുങ്ങിക്കൂടൽ അവൾക്കു നിർബന്ധമാണ്. ആവശ്യത്തിനല്ലാതെ അവൾ പുറത്തുപോകരുത്. അല്ലാഹു പറഞ്ഞു:
“അവരുടെ വീടുകളിൽനിന്ന് അവരെ നിങ്ങൾ പുറത്താക്കരുത്. അവർ പുറത്തു പോകുകയും ചെയ്യരുത്’’ (ക്വുർആൻ 65: 1).
ആവശ്യത്തിനു പുറത്തുപോകാമെന്നതിന്റെ തെളിവ് ജാബിറി(റ)ൽനിന്നുള്ള ഹദീസാകുന്നു. അദ്ദേഹം പറഞ്ഞു:
“എന്റെ മാതൃസേഹോദരി വിവാഹമോചിതയായി. അവർ ഒരു ഈത്തപ്പന മുറിക്കുവാൻ (പുറത്തിറങ്ങുവാൻ) ഉദ്ദേശിച്ചു. അപ്പോൾ അവർ പുറത്തിറങ്ങുന്നത് ഒരു വ്യക്തി തടഞ്ഞു. അവർ തിരുദൂതരുടെ അടുക്കൽ ചെന്ന് (വിഷയം ആരാഞ്ഞു). തിരുനബി പറഞ്ഞു: നിങ്ങൾ നിങ്ങളുടെ ഈത്തപ്പന മുറിച്ചുകൊള്ളൂ. ഒരുവേള നിങ്ങൾ അതു ദാനം ചെയ്യുമായിരിക്കും അല്ലെങ്കിൽ വല്ല നല്ല കാര്യവും ചെയ്യുമായിരിക്കും.’’
രണ്ട്: അവൾ ഗർഭിണിയല്ലെങ്കിൽ ഗർഭിണിക്ക് സ്ഥിരപ്പെട്ടതെല്ലാം അവൾക്കും സ്ഥിരപ്പെടും. എന്നാൽ ജീവിതച്ചെലവും അതിനെ തുടർന്നുള്ള വസ്ത്രവും മറ്റും അവൾക്കുണ്ടാവില്ല. ഫാത്വിമ ബിൻത് ക്വയ്‌സിന്റെ ഹദീസാണ് അതിനു തെളിവ്. അവരെ അവരുടെ ഭർത്താവ് അവർക്ക് ശേഷിച്ചിരുന്ന ഒരു ത്വലാക്വും ചൊല്ലിയപ്പോൾ തിരുനബിﷺ അവരോട് പറഞ്ഞു: “നിങ്ങൾക്ക് ജീവിതച്ചെലവ് ഒന്നുമില്ല; നിങ്ങൾ ഗർഭിണിയാണെങ്കിലല്ലാതെ.’’
ഭർത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദ
തന്റെ ഭർത്താവ് മരിച്ചതിനെ തൊട്ട് ഇദ്ദയനുഷ്ഠിക്കുന്നവൾക്ക് താഴെ വരുന്ന വിധികൾ ബാധകമാകന്നു:
1) അവൾ ഏതൊരു വീട്ടിലായിരിക്കെയാണോ ഭർത്താവ് മരണപ്പെട്ടത് അതേ വീട്ടിൽ ഇദ്ദയനുഷ്ഠിക്കൽ അവൾക്കു നിർബന്ധമാകുന്നു. പ്രസ്തുത വീട് വാടകക്കെടുത്തതാണെങ്കിലും വായ്പ വാങ്ങിയതാണെങ്കിലും ശരി. തിരുനബിﷺ ഫുറയ്അ ബിൻത് മാലികി(റ)നോടു പറഞ്ഞു: “നിശ്ചിത അവധി എത്തുന്നതുവരെ നീ നിന്റെ (ഭർത്താവിനോടൊപ്പം താമസിച്ചിരുന്ന) വീട്ടിൽ താമസിക്കുക.’’ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്:
“ഭർത്താവിന്റെ മരണവാർത്ത നിനക്കെത്തിയ നിന്റെ വീട്ടിൽ താമസിക്കുക.’’
ഒഴിവുകഴിവുണ്ടെങ്കിലല്ലാതെ മറ്റൊരു വീട്ടിലേക്ക് മാറിപ്പാർക്കൽ അവൾക്കു അനുവദനീയമല്ല. ആ വീട്ടിൽ താമസിക്കുന്നതിനാൽ സ്വന്തത്തിൽ ഉപദ്രവമേൽക്കുമെന്ന് പേടിയുണ്ടാവുക, ബലാൽക്കാരമായി അവിടെനിന്നും മാറ്റുക തുടങ്ങിയതുപോലുള്ള ഒഴിവുകഴിവുകളുണ്ടായാൽ നിർബന്ധ സാഹചര്യത്താൽ അവളുദ്ദേശിക്കുന്നേടത്തേക്ക് മാറിത്താമസിക്കൽ അവൾക്ക് അനുവദനീയമാണ്.
2) അവൾ ഇദ്ദയിരിക്കുന്ന ഭവനത്തിൽ ഒതുങ്ങിക്കൂടൽ അവൾക്കു നിർബന്ധമാണ്. ആവശ്യത്തിനല്ലാതെ അവൾ പുറത്തുപോകരുത്. തന്റെ ആവശ്യങ്ങൾക്ക് പകലിൽ പുറത്തുപോകൽ അവൾക്കനുവദനീയമാ കുന്നു. രാത്രിയിൽ പുറത്തു പോകുവാൻ അനുവാദമില്ല. കാരണം രാത്രി കുഴപ്പത്തിന്റെ വേദിയാണ്. അതിനാൽ അനിവാര്യതയുണ്ടായാലല്ലാതെ രാത്രിയിൽ പുറത്തുപോകരുത്. പകൽ ഇതിനു വിപരീതമാണ്. കാരണമത് ആവശ്യനിർവഹണങ്ങളുടെ വേദിയാണ്.
3) ഇദ്ദയുടെ കാലത്ത് ഭർത്താവിന്റെ പേരിൽ ദുഃഖാചരണം അവൾക്കു നിർബന്ധമാണ്.
4) മരണത്തോടെ ദാമ്പത്യജീവിതം അവസാനിക്കുന്നതിനാൽ അവൾക്ക് ജീവിതച്ചെലവില്ല.
ഇഹ്ദാദ്
‘നിരസിക്കുക’ എന്നതാണ് ഭാഷയിൽ ‘ഇഹ്ദാദ്’ അർഥമാക്കുന്നത്. ഒരു സ്ത്രീ സൗന്ദര്യവർധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും ഉപേക്ഷിച്ചാൽ ‘ഹാദ്ദുൻ,’ ‘മുഹിദ്ദുൻ’ എന്നൊക്കെ പറയപ്പെടും.
അന്യപുരുഷന്മാരെ തന്നിലേക്ക് ആകർഷിക്കുന്നതിലേക്കും തെറ്റിലേക്കും നയിക്കുന്ന സൗന്ദര്യവർധക വസ്തുക്കളും സുഗന്ധദ്രവ്യങ്ങളും ഒരു സ്ത്രീ ഉപേക്ഷിക്കുന്നതിനാണ് മതപരമായി ‘ഇഹ്ദാദ്’ എന്നു പറയുക.
ഇഹ്ദാദ് മതപരമെന്നതിന്റെ തെളിവുകൾ
ഭർത്താവ് മരിച്ച സ്ത്രീയുടെമേൽ ഇഹ്ദാദ് നിർബന്ധമാകുന്നു. ഉമ്മുഹബീബ(റ)യിൽനിന്നുള്ള ഒരു ഹദീസിൽ ഇപ്രകാരമുണ്ട്; തിരുനബിﷺ പറഞ്ഞു:
“ഏതൊരു മയ്യിത്തിന്റെ പേരിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരു സ്ത്രീ മൂന്നു ദിവസത്തിൽ കൂടുതൽ ദുഃഖമാചരിക്കരുത്; ഭർത്താവിന്റെ പേരിലല്ലാതെ. ഭർത്താവ് മരിച്ചാൽ അവൾ നാലു മാസവും പത്തു ദിവസവും ദുഃഖമാചരിക്കണം.’’
ഉമ്മു അത്വിയ്യതുൽ അൻസ്വാരിയിൽനിന്നു നിവേദനം: “ഒരു മയ്യിത്തിന്റെ പേരിൽ മൂന്നു ദിവസത്തെക്കാൾ കൂടുതൽ ദുഃഖമാചരിക്കുന്നത് ഞങ്ങൾക്ക് വിരോധിക്കപ്പെട്ടിരുന്നു; ഭർത്താവിന്റെ പേരിലല്ലാതെ. ഭർത്താവ് മരിച്ചാൽ നാലു മാസവും പത്തു ദിവസവും ദുഃഖമാചരിക്കണം. ഞങ്ങൾ സുറുമ എഴുതുമായിരുന്നില്ല. സുഗന്ധം പൂശുമായിരുന്നില്ല. ചായം മുക്കിയ വസ്ത്രം ഞങ്ങൾ ധരിച്ചിരുന്നില്ല; ചായം മുക്കിയ നൂലുകൊണ്ട് നെയ്ത വസ്ത്രമല്ലാതെ.’’
ദുഃഖമാചരിക്കുന്ന സ്ത്രീക്ക് താഴെ വരുന്ന കാര്യങ്ങൾ നിർബന്ധമാകുന്നു:
1) സൗന്ദര്യപ്രകടനങ്ങളും സുഗന്ധദ്രവ്യങ്ങളും ഉപേക്ഷിക്കൽ: വർണാങ്കിതമായ വസ്ത്രങ്ങൾ ധരിക്കുന്നതിൽനിന്ന് അവൾ വിട്ടുനിൽക്കണം. അവൾ സുറുമ എഴുതുകയോ സ്വർണത്തിന്റെയോ വെള്ളിയുടെയോ മറ്റൊ ആഭരണങ്ങൾ ധരിക്കുകയോ ചെയ്യരുത്.
ഉമ്മുസലമ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “ഭർത്താവ് മരണപ്പെട്ട് (ഇദ്ദയനുഷ്ഠിക്കുന്ന സ്ത്രീ) കുങ്കുമം മുക്കിയതും ചെഞ്ചായം മുക്കിയതുമായ വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കരുത്. അവൾ ചായം പൂശുകയോ സുറുമ എഴുതുകയോ ചെയ്യരുത്.’’
2) അവൾ ഇദ്ദയിരിക്കുന്ന ഭവനത്തിൽ ഒതുങ്ങിക്കൂടൽ അവൾക്കു നിർബന്ധമാണ്. ആവശ്യത്തിനല്ലാതെ അവൾ പുറത്തുപോകരുത്. മുമ്പ് നൽകിയ ഫുറയ്അ ബിൻത് മാലികിന്റെ ഹദീസ് അതാണറിയിക്കുന്നത്.
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം)

