ഉൽപന്നങ്ങളുടെ സകാത്ത്
വിവ: അബ്ദുൽ ജബ്ബാർ മദീനി
2025 മാർച്ച് 22, 1446 റമദാൻ 21

ഭൂമിയിലെ കാർഷികോൽപന്നങ്ങൾക്ക് സകാത്ത് നിർബന്ധമാണെന്നതിനു താഴെ കൊടുക്കുന്ന വിശുദ്ധ വചനമാണ് അടിസ്ഥാനം. അല്ലാഹു പറഞ്ഞു:
“സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും ഭൂമിയിൽനിന്ന് നിങ്ങൾക്കു നാം ഉൽപാദിപ്പിച്ചു തന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ’’ (ക്വുർആൻ 2:267).
പാലുറക്കുകയും മൂക്കുകയും ചെയ്താൽ ധാന്യങ്ങൾക്കു സകാത്ത് നിർബന്ധമായി. ഭക്ഷ്യയോഗ്യമാം വിധം നല്ലനിലയിൽ ഫലങ്ങളായിത്തീരുന്നതിലൂടെ നിലനിൽപ് വെളിപ്പെട്ടാൽ ഫലങ്ങളിലും സകാത്ത് നിർബന്ധമായി. വർഷം തികയൽ അതിൽ നിബന്ധനയാക്കപ്പെടുകയില്ല. കാരണം, അല്ലാഹു പറഞ്ഞു:
“അതിന്റെ വിളവെടുപ്പ് ദിവസം അതിലുള്ള ബാധ്യത നിങ്ങൾ കൊടുത്തുവീട്ടുകയും ചെയ്യുക’’ (ക്വുർആൻ 6:141).
ഗോതമ്പ്, ബാർലി, കമ്പം, നെല്ല്, കാരക്ക, ഉണക്കമുന്തിരി പോലുള്ള ഫലങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും മുദ്ദഖറും (സൂക്ഷിച്ചുവെക്കപ്പെടുന്നത്) മകീലു(അളക്കപ്പെടുന്നത്)മായതിലെല്ലാം സകാത്ത് നിർബന്ധമാകുന്നു. പഴങ്ങളിലും പച്ചക്കറികളിലും സകാത്തു നിർബന്ധമാവുകയില്ല. ധാന്യങ്ങളും ഫലങ്ങളും മകീലും മുദ്ദഖറുമല്ലാത്ത കാലത്തോളം അവയിൽ സകാത്തില്ല.
കാർഷിക വിളകളിൽ സകാത്തിന്റെ ശർത്ത്വുകൾ
ധാന്യങ്ങളിലും ഫലങ്ങളിലും സകാത്തു നിർബന്ധമാകുവാൻ രണ്ടു നിബന്ധനകളുണ്ട്:
1) നിസ്വാബ് എത്തൽ: അഞ്ചു വസ്‌ക്വുകളാകുന്നു അത്. നബിﷺ പറഞ്ഞു: “അഞ്ചു വസ്‌ക്വിനു താഴെയുള്ള കാർഷികോൽപന്നങ്ങൾക്കു സകാത്തില്ല.’’
ഒരു വസ്‌ക്വ് ഒരു ഒട്ടകം വഹിക്കുന്ന ഭാരമാകുന്നു. നബിﷺ ഉപയോഗിച്ചിരുന്ന സ്വാഉകൊണ്ട് അറുപതു സ്വാആകുന്നു അത്. അഞ്ചു വസ്‌ക്വുകൾ മുന്നൂറു സ്വാആകുന്നു. അപ്പോൾ ഒരു സ്വാഇന്റെ തൂക്കം രണ്ടു കിലോ നാനൂറു ഗ്രാം എന്ന പരിഗണനയിൽ മുന്തിയതരം ഗോതമ്പിന്റെ നിസ്വാബിനുള്ള തൂക്കം ഏകദേശം അറുന്നൂറ്റി പന്ത്രണ്ട് കിലോ ആകുന്നു.
2) സകാത്ത് നിർബന്ധമാകുന്ന സമയത്ത് നിസ്വാബ് എത്തിയിരിക്കണം.
നിർബന്ധമായി നൽകേണ്ട വിഹിതം
നനയില്ലാതെ തന്നെ വേരുകൾ വലിച്ചെടുത്തോ നദിയിലെ വെള്ളം ഉപജീവിച്ചോ ചെലവു കൂടാതെ വെള്ളം ലഭിച്ചുണ്ടായ ധാന്യങ്ങളിലും കായ്കനികളിലും പത്തിലൊന്നും ബക്കറ്റുകളോ ആധുനിക യന്ത്രങ്ങളോ മൃഗങ്ങളുപയോഗിച്ചു തേവിയോ മറ്റോ ചെലവോടുകൂടി വെള്ളം നനച്ചുണ്ടാക്കിയതിൽ ഇരുപതിലൊന്നുമാണ് നിർബന്ധമായ സകാത്ത്. തിരുനബിﷺ പറഞ്ഞു:
“മഴവെള്ളമോ നദികളിലെയും അരുവികളിലെയും വെള്ളമോ ഉപജീവിച്ചുണ്ടായ കൃഷി യുൽപന്നങ്ങൾക്കും നനയില്ലാതെതന്നെ വേരുകൾ വലിച്ചെടുത്തുണ്ടാകുന്ന കൃഷിയുൽപന്നങ്ങൾക്കും പത്തിലൊന്നാകുന്നു(പത്തുശതമാനം) സകാത്ത്. തേവി നനച്ചുണ്ടാക്കിയ കൃഷിയുൽപന്നങ്ങൾക്ക് പത്തിലൊന്നിന്റെ പകുതിയും (അഞ്ചു ശതമാനവും).’’
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം).

