ദീക്ഷാകാലവും ദുഃഖാചരണവും
അബ്ദുൽ ജബ്ബാർ മദീനി
2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

ഇദ്ദ(ദീക്ഷാകാലം)യുടെ നിർവചനം: ‘അദ്ദ’ എന്ന ക്രിയയുടെ ക്രിയാധാതുവാകുന്നു ‘ഇദ്ദ.’ അതാകട്ടെ അദദ്, ഇഹ്‌സ്വാഅ് (എണ്ണം, ക്ലിപ്തിനിർണയം) എന്നതിൽനിന്ന് എടുക്കപ്പെട്ടതാണ്; എണ്ണുന്നതിൽ ശുദ്ധിഘട്ടവും മാസങ്ങളും ഇദ്ദ ഉൾക്കൊണ്ടതിനാൽ.
വിവാഹമുക്തയായ സ്ത്രീ അല്ലാഹുവിനുള്ള ഇബാദത്തെന്നോണമോ ഭർത്താവിന്റെ വിയോഗത്തിൽ നൊമ്പരപ്പെട്ടോ ഗർഭമുക്തയാണെന്ന് ഉുറപ്പുവരുത്തുവാനോ കാത്തിരിക്കുന്നതിനുള്ള നിർണിത കാലത്തിനാണ് ‘ഇദ്ദ’ എന്നു മതപരമായി പറയുക. ത്വലാക്വിന്റെയോ നിര്യാണത്തിന്റെയോ അനന്തരഫലമാണ് ഇദ്ദ.
ഇദ്ദ മതപരമാണെന്നതിന്റെ തെളിവ്
ഇദ്ദ മതപരമെന്നതിന്റെയും നിർബന്ധമെന്നതിന്റെയും തെളിവ് ക്വുർആനും തിരുസുന്നത്തും ഇജ്മാഉമാകുന്നു. വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞു:
“വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ മൂന്നു മാസമുറകൾ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്’’
(ക്വുർആൻ 2:228).
“നിങ്ങളുടെ സ്ത്രീകളിൽനിന്നും ആർത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധി ച്ചിടത്തോളം നിങ്ങൾ അവരുടെ ഇദ്ദയുടെ കാര്യത്തിൽ സംശയത്തിലാണെങ്കിൽ അത് മൂന്ന് മാസമാകുന്നു. ആർത്തവമുണ്ടായിട്ടില്ലാത്തവരുടെതും അങ്ങനെ തന്നെ. ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു’’ (ക്വുർആൻ 65:4).
“നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കിൽ അവർ (ഭാര്യമാർ) തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്’’ (ക്വുർആൻ 2: 234).
മിസ്‌വർ ഇബ്‌നുമഖ്‌റമ(റ) പറഞ്ഞു: “സുബയ്അത്തുൽ അസ്‌ലമിയ്യ(റ) അവരുടെ ഭർത്താവ് മരിച്ച് ഏതാനും രാത്രികൾക്കുശേഷം പ്രസവിച്ചു. പ്രസവാനന്തരം അവർ തിരുനബിﷺയുടെ അടുക്കൽ ചെന്ന് തനിക്കു വിവാഹം കഴിക്കുവാൻ അനുവാദം തരണമെന്ന് അപേക്ഷിക്കുകയും അതനുസരിച്ച് തിരുമേനി അവർക്ക് അനുവാദം നൽകുകയും ചെയ്തു. അങ്ങനെ അവർ വിവാഹിതയായി.’’ ഈ വിഷയത്തിൽ വേറെയും ഹദീസുണ്ട്.
ഇദ്ദ മതപരമാക്കിയതിലെ യുക്തി
വംശങ്ങൾ പരസ്പരം കലരാതിരിക്കുവാൻവേണ്ടി ഭാര്യ ഗർഭമുക്തയാണെന്നറിയുകയാണ് ഇദ്ദ മതപരമാക്കിയതിലെ പൊരുൾ. മടക്കിയെടുക്കുവാനുതകും വിധമുള്ള റജ്ഇയ്യായ ത്വലാക്വ് നടത്തിയ ഭർത്താവ് ഖേദിക്കുന്ന പക്ഷം അവന് പുനർവിചാരണക്ക് അവസരമേകലും ഗർഭിണിയായിരിക്കെയാണ് വേർപിരിയലെങ്കിൽ ഗർഭത്തിലെ കുഞ്ഞിനുള്ള അവകാശം സംരക്ഷിക്കപ്പെടലും ഇദ്ദയുടെ പൊരുളുക ളിൽ പെട്ടതാണ്.
ഇദ്ദഃയുടെ ഇനങ്ങൾ
സ്ത്രീയുടെ ദീക്ഷാകാലം രണ്ടായി വിഭജിക്കപ്പെടും:
1. മരണം കാരണത്താലുള്ള ഇദ്ദ.
2. വിവാഹമോചനത്താലുള്ള ഇദ്ദ.
ഒന്ന്: മരണം കാരണത്താലുള്ള ഇദ്ദ: ഭർത്താവ് മരണപ്പെട്ടതിനാൽ വിധവയായിത്തീരുന്ന സ്ത്രീക്കു നിർബന്ധമായ ഇദ്ദഃയാകുന്നു ഇത്. വിധവ ഗർഭിണിയായിരിക്കുക, ഗർഭിണിയല്ലാതിരിക്കുക എന്നീ രണ്ട് അവസ്ഥയിൽനിന്നും ഇത് മുക്തമല്ല.
അവൾ ഗർഭിണിയാണെങ്കിൽ പ്രസവിക്കുന്നതോടെ അവളുടെ ഇദ്ദ അവസാനിക്കും. ഭർതൃ വിയോഗത്തിന്റെ ഒരു മണിക്കൂറിനുശേഷമാണ് പ്രസവമെങ്കിലും ശരി. അല്ലാഹു പറഞ്ഞു:
“ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു’’ (ക്വുർആൻ 65:4).
നേരത്തെ ഉദ്ധരിച്ച, മിസ്‌വർ ഇബ്‌നു മഖ്‌റമ(റ)യുടെ ഹദീസും ഇത് വ്യക്തമാക്കുന്നു.
വിധവ ഗർഭിണിയല്ലെങ്കിൽ അവരുടെ ഇദ്ദ നാലുമാസവും പത്തു ദിവസവുമാകുന്നു. ഭർത്താവോടൊന്നിച്ചു ദാമ്പത്യജീവിതം നയിച്ചാലും ഇല്ലെങ്കിലും വിധവ ഇത്രയും കാലം ഇദ്ദ ആചരിക്കണം. വിശുദ്ധ വചനത്തിന്റെ പൊതു തേട്ടം അറിയിക്കുന്നത് അതാണ്. അല്ലാഹു പറഞ്ഞു:
“നിങ്ങളിൽ ആരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കിൽ അവർ (ഭാര്യമാർ) തങ്ങളുടെ കാര്യത്തിൽ നാലുമാസവും പത്തു ദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാൽ തങ്ങളുടെ കാര്യത്തിലവർ മര്യാദയനുസരിച്ച് പ്രവർത്തിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമൊ ന്നുമില്ല. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നുണ്ട്’’ (ക്വുർആൻ 2: 234).
ഈ ആയത്തിന്റെ പൊതുവിധിയെ പ്രത്യേകമാക്കുന്ന പ്രമാണം വന്നിട്ടുമില്ല.
വിവാഹമോചനത്താലുള്ള ഇദ്ദ
സംഭോഗാനന്തരമുള്ള ഫസ്ഖിനാലോ ത്വലാക്വിനാലോ ഖുൽഇനാലോ ഭർത്താവിൽനിന്നു വിവാഹമോചിതയായ സ്ത്രീയുടെമേൽ നിർബന്ധമായ ഇദ്ദയാകുന്നു ഇത്. ചില അവസ്ഥകളിൽനിന്ന് ഇത് മുക്തമല്ല:
1. വിവാഹമുക്ത ഗർഭിണിയാവുക.
2. വിവാഹമുക്ത ഗർഭിണിയല്ലാതിരിക്കുക.
3. ചെറുപ്രായക്കാരിയായതിനാൽ ഋതുമതിയാകാത്തവൾ.
4. പ്രയാധിക്യം കാരണത്താൽ ഋതുരക്തം നിലച്ചവൾ.
വിവാഹമുക്ത ഗർഭിണിയാണെങ്കിൽ അവൾ പ്രസവിക്കുന്നതോടെ അവളുടെ ഇദ്ദ അവസാനിക്കും. വിശുദ്ധ വചനത്തിന്റെ പൊതു തേട്ടം അറിയിക്കുന്നത് അതാണ്. അല്ലാഹു പറഞ്ഞു:
“ഗർഭവതികളായ സ്ത്രീകളാകട്ടെ അവരുടെ അവധി അവർ തങ്ങളുടെ ഗർഭം പ്രസവിക്കലാകുന്നു’’ (ക്വുർആൻ 65:4).
വിവാഹമുക്ത ഗർഭിണിയല്ലെങ്കിൽ അവൾ ഋതുരക്തമുള്ളവരിൽ പെട്ടവരായിരിക്കെ അവളുടെ ഇദ്ദ വിവാഹമോചനശേഷം മൂന്ന് ക്വുർഉകൾ(ശുദ്ധികാലങ്ങൾ) കടന്നുപോകലാണ്. അല്ലാഹു പറഞ്ഞു:
“വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ തങ്ങളുടെ സ്വന്തം കാര്യത്തിൽ മൂന്നു മാസമുറകൾ (കഴിയും വരെ) കാത്തിരിക്കേണ്ടതാണ്. അവർ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ തങ്ങളുടെ ഗർഭാശയങ്ങളിൽ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവർ ഒളിച്ചുവെക്കുവാൻ പാടുള്ളതല്ല’’ (ക്വുർആൻ 2: 228).
വിവാഹമുക്ത ചെറുപ്രായക്കാരിയായതിനാൽ ഋതുമതിയാകാത്തവളോ പ്രയാധിക്യം കാരണത്താൽ ഋതുരക്തം നിലച്ചവളോ ആണെങ്കിൽ അവളുടെ ഇദ്ദ മോചനശേഷം മൂന്നു മാസങ്ങൾ കടന്നുപോകലോടെ അവസാനിക്കും. അല്ലാഹു പറഞ്ഞു:
“നിങ്ങളുടെ സ്ത്രീകളിൽനിന്നും ആർത്തവത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുള്ളവരെ സംബന്ധിച്ചിടത്തോളം നിങ്ങൾ അവരുടെ ഇദ്ദയുടെകാര്യത്തിൽ സംശയത്തിലാണെങ്കിൽ അത് മൂന്ന് മാസമാകുന്നു. ആർത്തവമുണ്ടായിട്ടില്ലാത്തവരുടെതും അങ്ങനെ തന്നെ’’ (ക്വുർആൻ 65:4).
ലൈംഗികബന്ധത്തിനു മുമ്പ് വിവാഹമോചിതയായവളുടെ വിധി
ലൈംഗികബന്ധം പുലർത്തുന്നതിനുമുമ്പ് ഭർത്താവ് തന്റെ ഭാര്യയെ ഫസ്ഖിലൂടെയോ ത്വലാക്വിലൂടെയോ വിവാഹമോചനം നടത്തിയാൽ അവൾക്ക് ഇദ്ദ ആചരിക്കേണ്ട ബാധ്യതയില്ല. അല്ലാഹു പറഞ്ഞു:
“സത്യവിശ്വാസികളേ, നിങ്ങൾ സത്യവിശ്വാസിനികളെ വിവാഹം കഴിക്കുകയും എന്നിട്ട് നിങ്ങളവരെ സ്പർശിക്കുന്നതിന് മുമ്പായി അവരെ വിവാഹമോചനം നടത്തുകയും ചെയ്താൽ നിങ്ങൾ എണ്ണിക്കണക്കാക്കുന്ന ഇദ്ദ ആചരിക്കേണ്ട ബാധ്യത അവർക്കു നിങ്ങളോടില്ല. എന്നാൽ നിങ്ങൾ അവർക്ക് മതാഅ് നൽകുകയും അവരെ ഭംഗിയായി പിരിച്ചയക്കുകയും ചെയ്യുക’’ (ക്വുർആൻ 33: 49).
പണ്ഡിതന്മാരുടെ ഏകാഭിപ്രായ പ്രകാരം വിശ്വാസിനികളായ ഭാര്യമാരും വേദക്കാരായ ഭാര്യമാരും തമ്മിൽ ഈ വിധിയിൽ വ്യത്യാസമില്ല. വിശ്വാസിനികളെ ഇവിടെ അനുസ്മരിച്ചത് മിക്ക ഭാര്യമാരും അവരാണെന്നതിനാലാണ്.
(അവസാനിച്ചില്ല)
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം)

