വാടകക്ക് കൊടുക്കൽ
വിവ. അബ്ദുൽ ജബ്ബാർ മദീനി
2025 മാർച്ച് 08, 1446 റമദാൻ 07

ഇജാറത്ത്; അർഥവും തെളിവുകളും
1. ഇജാറത്തിന്റെ അർഥവും നിർവചനവും: ‘അജ്ർ’ എന്ന പദത്തിൽ നിന്ന് വ്യുൽപന്നമായതാണ് ‘ഇജാറത്ത്.’ ‘പകരം’ എന്നാണ് അതിന്റെ അർഥം. അതിനാലാണ് പ്രതിഫലത്തിന് അജ്ർ എന്നു പറയുന്നത്.
നിർണയിക്കപ്പെട്ടതോ ഉത്തരവാദിത്തത്തിലുള്ളതോ ആയ ഒരു സാധനത്തിന്റെ അനുവദനീയമായതും അറിയപ്പെട്ടതുമായ പ്രയോജനത്തെ ഒരു നിർണിത കാലപരിധിയിൽ അൽപാൽപമായി സ്വീകരിക്കപ്പെടുമാറുള്ള ഇടപാടാണ് ഇജാറത്ത്. അല്ലെങ്കിൽ, ഒരു നിർണിത വേതനത്തിനു പകരം ഒരു നിർണിത ജോലിക്കായുള്ള ഇടപാടാണ് ഇജാറത്ത്. ഇതാണ് അതിന്റെ സാങ്കേതികമായ ഭാഷ്യം.
2. തെളിവുകൾ: ഇത് മതപരമാണെന്നതിന്റെ തെളിവ് വിശുദ്ധ ക്വുർആനാണ്:
“ഇനി അവർ നിങ്ങൾക്കു വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്നപക്ഷം അവർക്കു നിങ്ങൾ അവരുടെ പ്രതിഫലം കൊടുക്കുക’’ (ക്വുർആൻ 65: 6).
“ആ രണ്ടു സ്ത്രീകളിലൊരാൾ പറഞ്ഞു: എന്റെ പിതാവേ, ഇദ്ദേഹത്തെ താങ്കൾ കൂലിക്കാരനായിനിർത്തുക. തീർച്ചയായും താങ്കൾ കൂലിക്കാരായി എടുക്കുന്നവരിൽ ഏറ്റവും ഉത്തമൻ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ’’ (ക്വുർആൻ 28: 26).
തിരുനബിﷺയും അബൂബക്‌റും(റ) ബനുദ്ദയ്ൽ ഗോത്രത്തിൽനിന്ന് വഴികാട്ടിയും മരുഭൂമാർഗങ്ങൾ നന്നായറിയുന്നവനുമായ ഒരാളെ കൂലിക്ക് സ്വീകരിച്ചു.
തൊഴിലാളിക്ക് വേതനം പൂർണമായി നൽകാത്തവനു താക്കീത് വന്നിരിക്കുന്നു. അബൂഹുറയ്‌റ(റ)യിൽ നിന്നു നിവേദനം. തിരുദൂതർﷺ പറഞ്ഞു: “അന്ത്യനാളിൽ മൂന്നു കൂട്ടർക്കു ഞാൻ പ്രതിയോഗിയായിരിക്കും... തൊഴിലാളിയെ കൂലിക്കു വിളിച്ച് പൂർണമായി പണിയെടുപ്പിച്ചശേഷം അവനു അവന്റെ കൂലി നൽകാത്ത ഒരു വ്യക്തി.’’
ഇബ്‌നുഉമറി(റ)ൽനിന്നു നിവേദനം. അല്ലാഹുവിന്റെ തിരു ദൂതർ പറഞ്ഞു: “തൊഴിലാളിക്ക് അവന്റെ വിയർപ്പ് വറ്റുന്നതിനു മുമ്പുതന്നെ നിങ്ങൾ അവന്റെ വേതനം നൽകുക.’’
ഇജാറത്തിന്റെ ശർത്വുകൾ
1. ബുദ്ധിയുള്ളവനും പ്രായപൂർത്തിയായവനും സ്വതന്ത്രനും തന്റേടിയുമായ, സാമ്പത്തിക കൈകാര്യ കർതൃത്വം അനുവദനീയമായ വ്യക്തിയിൽനിന്നല്ലാതെ ഇജാറത്ത് സാധുവാകുകയില്ല.
2. പ്രയോജനം അറിയപ്പെട്ടതായിരിക്കണം. കാരണം അതിനാണ് ഉടമ്പടി നടക്കുന്നത്. അതിനാൽ കച്ചവടത്തിലെന്നപോലെ അത് അറിയൽ ശർത്വാക്കപ്പെടും.
3. വേതനവും അറിയപ്പെട്ടതാകണം. കാരണം അത് അക്വ‌്‌ദുമുആവദക്ക് (ഒരു വസ്തു സ്വീകരിച്ച് ഒരു വസ്തു നൽകൽ) പകരമാണ്. അതിനാൽ വിലപോലെ അത് അറിയലും നിർബന്ധമാണ്.
4. പ്രയോജനം അനുവദനീയമാകണം. അതിനാൽ വ്യഭിചാരം, സംഗീതം, സംഗീതോപകരണങ്ങൾ എന്നിവയിൽ ഇജാറത്ത് സാധുവാകുകയില്ല.
5. പ്രയോജനം പൂർണമായി ലഭിക്കുവാനുതകുന്നതാകണം. അതിനാൽ പ്രയോജനം ലഭിക്കുവാൻ തടസ്സമാകുന്ന യാതൊന്നിലും ഇജാറത്ത് സാധുവാകുകയില്ല; നോക്കിയിരിക്കൽ ആവശ്യമായ ഒരു വസ്തു സൂക്ഷിക്കുവാൻ ഒരു അന്ധനെ വാടകക്കു കൊടുക്കുന്നതുപോലെ.
6. വാടകക്കു കൊടുക്കുന്നവൻ പ്രയോജനം ഉടമപ്പെടുത്തിയതോ അല്ലെങ്കിൽ അതിൽ അവൻ അനുവാദം നൽകപ്പെട്ടവനോ ആയിരിക്കണം. കാരണം ഇജാറത്ത് ഉപകാരങ്ങളുടെ വിൽപനയാണ്. അതിനാൽ കച്ചവടത്തെ പോലെ ഉടമപ്പെടുത്തലോ അനുവാദം ലഭിക്കലോ അതിൽ ശർത്വാക്കപ്പെടും.
7. കാലാവധി അറിയപ്പെട്ടതായിരിക്കണം. അറിയപ്പെടാത്ത കാലാവധിയിൽ ഇജാറത്ത് അനുവദനീയമാവുകയില്ല. കാരണം അത് പരസ്പര തർക്കത്തിലേക്ക് കൊണ്ടെത്തിക്കും.
ഇജാറത്തുമായി ബന്ധപ്പെട്ട വിധികൾ
ഇജാറത്തുമായി താഴെ വരുന്ന വിധികൾ ബന്ധപ്പെടുന്നു:
1. പുണ്യപ്രവൃത്തികളിലും ആരാധനകളിലും കൂലിക്കെടുക്കൽ അനുവദനീയമല്ല. ബാങ്ക്, ഹജ്ജ്, ഫത്‌വ നൽകൽ, ക്വദ്വാഅ്(വിധിന്യായം), ഇമാമത്ത്, ക്വുർആൻ പഠിപ്പിക്കൽ പോലുള്ളത് ഉദാഹരണം. ഇവ നിർവഹിക്കുന്നവർക്ക് ബയ്‌തുൽമാലിൽനിന്ന് ഉപജീവനം സ്വീകരിക്കാവുന്നതാണ്.
2. വാടകക്ക് എടുക്കുന്നവന് വാടകവസ്തു നൽകലും അതിൽനിന്ന് ഉപകാരമെടുക്കുവാൻ അവന് അധികാരം നൽകലും വാടകക്കു കൊടുക്കുന്നവനു ബാധ്യതയാണ്. വാടകവസ്തു കാത്തുസൂക്ഷിക്കലും അവധിയെത്തിയാൽ വാടക നൽകലും വാടകക്കെടുക്കുന്നവനും ബാധ്യതയാണ്.
3. അപരന്റെ തൃപ്തി കൂടാതെ രണ്ടിലൊരാൾക്ക് ഇജാറത്ത് ഉടമ്പടി ഫസ്ഖുചെയ്യുവാൻ അനുവാദമില്ല. വാടക വസ്തു ശേഷിക്കവെ രണ്ടിലൊരാൾ മരണപ്പെട്ടാൽ ഇടപാട് ബാത്വിലാവുകയില്ല. അനന്തരവകാശി അവന്റെ സ്ഥാനത്ത് നിലക്കൊള്ളും.
4. മൃഗം ചാവുക, വീട് തകരുക എന്നിങ്ങനെ വാടകവസ്തു നശിക്കുകയോ അതിന്റെ ഉപകാരം നിലക്കുകയോ ചെയ്താൽ ഇജാറത്ത് അവസാനിക്കുന്നതാണ്.
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം).

