മുൻകൂർ കച്ചവടവും ഹവാലയും
അബ്ദുൽ ജബ്ബാർ മദീനി
2025 ഏപ്രിൽ 26, 1446 ശവ്വാൽ 26

മുൻകൂർ കച്ചവടം
നിർണിത ഗുണവിശേഷണങ്ങളുള്ള ഒരു ചരക്ക് നിർണിത അവധിയിൽ തരാമെന്ന് ഉത്തരവാദിത്തമേറ്റു മുൻകൂട്ടി വില സ്വീകരിച്ച് നടത്തുന്ന കച്ചവടമാണ് സലം അഥവാ മുൻകൂർ കച്ചവടം. ഇത് മതപരമാണെന്നതിന്റെ തെളിവ് താഴെ കൊടുക്കുന്നതാണ്:
ഇബ്‌നു അബ്ബാസി(റ)ൽനിന്ന് നിവേദനം: “തിരുദൂതർ ﷺ മദീനയിലേക്ക് ചെന്നു. മദീനക്കാർ പഴങ്ങൾക്ക് ഒന്നോ രണ്ടോ വർഷം മുമ്പുതന്നെ മുൻകൂറായി പണം കൊടുക്കുമായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു: ‘വല്ലവരും മുൻകൂറായി പണം നൽകുകയാണെങ്കിൽ അളവും തൂക്കവും അവധിയും മുൻകൂട്ടി നിശ്ചയിച്ച് അവൻ മുൻകൂർ പണം നൽകട്ടെ.’’
‘സലം’ മതപരമാക്കിയതിലെ യുക്തി: ഇസ്‌ലാമിക ശരീഅത്ത് അതിലെ അംഗങ്ങൾക്ക് വിശാലത നൽകിയാണ് സലം അനുവദിച്ചത്. ഒരു കർഷകൻ തന്റെ ഭൂമി കൃഷിയോഗ്യമാക്കുവാനും അതിൽ കൃഷിയിറക്കുവാനും ചെലവുചെയ്യാനുള്ള പണം ഉടമപ്പെടുത്തിക്കൊള്ളണമെന്നില്ല. തനിക്കു കടം തരുന്നവരെയും അയാൾ കണ്ടെത്തിക്കൊള്ളണമെന്നില്ല. തന്റെ ഭൂമിയെ ഫലഭൂയിഷ്ഠമാക്കുകയെന്ന നന്മ അയാൾക്ക് നഷ്ടമാകാതിരിക്കുവാൻ അയാൾക്ക് സലം അനുവദിക്കപ്പെട്ടു.
സലമിന്റെ നിബന്ധനകൾ
കച്ചവടത്തിന്റെ ഇനങ്ങളിലൊന്നാകുന്നു സലം. അതിനാൽ വ്യാപാര ഉടമ്പടിക്കുള്ളതായ, മുകളിൽ പറഞ്ഞ ശർത്ത്വുകൾ സലം സാധുവാകുവാനും ശർത്ത്വാക്കപ്പെടും. താഴെ വരുന്നവ അതോടൊപ്പം ചേർക്കപ്പെടുകയും ചെയ്യും:
1.പരസ്പര തർക്കത്തിലേക്ക് എത്താതിരിക്കുവാൻ അളവ്, തൂക്കം, നീളം എന്നിവകൊണ്ട് സലമിടപാടിലെ ചരക്കിന്റെ തരം നിർണയിക്കുവാൻ സാധിക്കണം.
2. മതപരമായ മാനദണ്ഡംകൊണ്ട് കച്ചവടച്ചരക്കിന്റെ തോത് മനസ്സിലാക്കണം. അതിനാൽ അളെന്നടുക്കുന്നതിൽ തൂക്കവും തൂക്കപ്പെടുന്നതിൽ അളവും ശരിയാവുകയില്ല.
3. അവധിക്കച്ചവടത്തിലെ വസ്തുവിനുള്ള പ്രത്യേകമായ തരംതിരിവുകൾകൊണ്ട് അവയുടെ വർഗവും ഇനവും വ്യക്തമാക്കപ്പെടണം.
4. അവധിക്കച്ചവടത്തിലെ വസ്തു ഉത്തരവാദിത്വത്തിൽ പറഞ്ഞ കടമായിരിക്കണം.
5. അത് അവധിവെക്കപ്പെട്ടതായിരിക്കണം.
6. ഇരുകക്ഷികളാലും നിർണയിക്കപ്പെട്ടതും അറിയപ്പെട്ടതുമായിരിക്കണം അവധി.
7. ഉടമ്പടിയുടെ സദസ്സിൽവെച്ച് ഇടപാടുകാർ പിരിയുന്നതിനു മുമ്പ് നിശ്ചിത തുക പൂർണമായും കൈപ്പറ്റിയിരിക്കണം.
8. ഇടപാടുകാരന് സമയത്തുതന്നെ ഏൽപിച്ചുകൊടുക്കുവാൻ വേണ്ടി സലം നടത്തപ്പെടുന്ന സാധനം അവധിയെത്തുന്ന സമയത്ത് മിക്കവാറും ഉണ്ടാകുന്നതായിരിക്കണം. അവധിയെത്തുമ്പോൾ ഉണ്ടാകുവാൻ ഹിതമില്ലാത്ത വസ്തുവിൽ ശൈത്യകാലത്ത് റുത്വബ് കാരക്കയെന്നപോലെ സലം സാധുവാകുകയില്ല. കാരണം അത് വഞ്ചനാപരമാകുന്നു.
ഹവാല അഥവാ കടം ഏൽപിച്ചുകൊടുക്കൽ
കടബാധ്യത ഏൽപിക്കുന്നവന്റെ ഉത്തരവാദിത്തത്തിൽനിന്ന് ഏതൊരു വ്യക്തിയുടെ കാര്യത്തിലാണോ ഏൽപിക്കുന്നത് ആ വ്യക്തിയുടെ ഉത്തരവാദിത്തത്തിലേക്ക് ഏൽപിക്കലാണ് ഹവാല.
ഉപകാരമേകൽ, സമുദായത്തിലെ അംഗങ്ങൾക്കിടയിൽ ഉപകാരങ്ങളുടെ കൈമാറ്റം, പരസ്പരം വിട്ടുവീഴ്ച, ഇടപാടുകൾ എളുപ്പമാക്കൽ തുടങ്ങിയവ ഹവാലയിലുള്ളതു കാരണത്താൽ അതു മതത്തിൽ അനുവദനീയമാകുന്നു. അബൂഹുറയ്‌റ(റ)യിൽനിന്നു നിവേദനം. തിരുദൂതർﷺ പറഞ്ഞു: “നിങ്ങളുടെ പക്കൽനിന്ന് കടം വാങ്ങിയവൻ ഏതെങ്കിലും ധനികനെ പിന്തുടരാനാണ് നിങ്ങളോട് നിർദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾ അപ്രകാരം ചെയ്യേണ്ടതാണ്.’’
തനിക്കുള്ള കടത്തെ കഴിവുള്ളവനിലേക്കാണ് ഏൽപിക്കുന്നതെങ്കിൽ അത് ഏൽക്കുകയും ഹവാല സ്വീകരിക്കുകയും ചെയ്യട്ടെ. എന്നാൽ കടക്കാരൻ തനിക്കു കടം തന്നവനെ പാപ്പരായവനിലേക്കാണ് എൽപിക്കുന്നതെങ്കിൽ ഏൽപിച്ചവനിലേക്ക് തന്റെ അവകാശത്തിന് അവനു മടങ്ങാവുന്നതാണ്. കാരണം പാപ്പരത്തം അയാൾ സ്വീകരിക്കാത്ത ന്യൂനതയാണ്. അതിനാൽ അയാൾക്ക് തന്റെ അവകാശം ചോദിച്ചു മടങ്ങാനുള്ള അർഹതയുണ്ട്.
ഹവാല സാധുവാകുവാനുള്ള നിബന്ധനകൾ
ഹവാല സാധുവാകുവാൻ താഴെ വരുന്ന കാര്യങ്ങൾ നിബന്ധനയാക്കപ്പെടും:
1. മുഹീലിന്റെ (ഏൽപിക്കുന്നവന്റെ) തൃപ്തി. കാരണം, കടം വീട്ടുവാനുള്ള ഭാഗങ്ങളുടെ വിഷയത്തിൽ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യമുള്ളവനാണവൻ. ബലാ ൽക്കാരമായി ഒരു ഭാഗം തെരഞ്ഞെടുക്കൽ അവന്റെ ബാധ്യതയല്ല.
2. എൽപിക്കുന്നതും ഏൽപിക്കപ്പെടുന്നതുമായ സ്വത്തുകൾ അളവിലും വർഗത്തിലും വിശേഷണത്തിലും ഒത്തതായിരിക്കണം.
3. മുഹാൽ അലയ്ഹിയുടെ (ഏൽപിക്കപ്പെടുന്നവന്റെ) ഉത്തരവാദിത്തത്തിൽ സ്ഥിരപ്പെട്ട കടമായിരിക്കണം എൽപിക്കുന്ന സ്വത്ത്.
ഹവാലയുടെ ആധുനിക രൂപങ്ങൾ
ബാങ്കിംഗ് ഡ്രാഫ്റ്റ്: ഒരിടത്ത് നൽകുന്ന പണത്തിനു പകരമായി മറ്റൊരിടത്ത് അതിനു പകരമായ സംഖ്യ നൽകുന്നതിനുള്ള മാർഗമാണിത്.
ഇതിന്റെ രൂപം: ഒരു വ്യക്തി ബാങ്കിൽ പണം നൽകുകയും ഈ പണത്തിന്റെ തുക മറ്റൊരു നാട്ടിൽ ഒരു വ്യക്തിക്ക് നൽകുവാൻ ആവശ്യപ്പെടുകയും ചെയ്യുക. ബാങ്ക് ആവശ്യപ്പെടുന്ന കമ്മീഷനു പകരമായാണത്.
സുഫ്തജ: ഹവാലയിലേക്ക് ചേർക്കപ്പെടുന്ന ഒരുതരം ഇടപാടാണിത്. ഒരു തുണ്ടു കടലാസിന്, അല്ലെങ്കിൽ ഒരു രേഖക്കാണ് സുഫ്തജ എന്നു പറയപ്പെടുന്നത്. കടം സ്വീകരിക്കുന്നവൻ കടം നൽകുന്നവന്, അല്ലെങ്കിൽ കടം സ്വീകരിക്കുന്നവന്റെ പ്രതിനിധി കടം നൽകുന്നവന്റെ പ്രതിനിധിക്ക് മറ്റൊരു നാട്ടിൽവെച്ച് കടം നൽകിയവന് കടം വീട്ടുവാൻ വേണ്ടി അതിൽ രേഖപ്പെടുത്തി നൽകുന്നു. അല്ലെങ്കിൽ ഒരാൾ മറ്റൊരാൾക്ക് ഒരു നാട്ടിൽവെച്ച് കടം നൽകുന്നു; കടം സ്വീകരിച്ചവനോ അവന്റെ പ്രതിനിധിയോ കടം നൽകിയവന്നോ അവന്റെ പ്രതിനിധിക്കോ മറ്റൊരു നാട്ടിൽ കടം വീട്ടുന്നതിനു വേണ്ടിയാണത്. കടം വാങ്ങിയവൻ എഴുതുന്ന കടലാസിനാണ് സുഫ്തജ എന്നു പറയപ്പെടുന്നത്. അത് അറബീകരിക്കപ്പെട്ട പേർഷ്യൻ പദമാണ്. ചിലർ അത് പാടില്ലാത്ത ഇടപാടാണെന്ന പക്ഷക്കാരാണ്. ശരിയായ നിലപാട് ഇത് അനുവദനീയമെന്നതാണ്. കാരണം, മതപരമായ വിലക്കോ ഇടപാടുകാരിൽ ഒരാൾക്കും യാതൊരു ഉപദ്രവമോ ഇല്ലാതെതന്നെ ഇരു കൂട്ടർക്കും മസ്വ്‌ലഹത്താണ് ഇതിലുള്ളത്.
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം).

