ഇസ്‌ലാമിലെ വിവാഹം - 03
അബ്ദുൽ ജബ്ബാർ മദീനി
2025 ജൂൺ 28, 1447 മുഹറം 02

വിവാഹം നിഷിദ്ധമാക്കപ്പെടുന്നവർ ക്വുർആനിൽ
1. മുലകുടി ബന്ധത്തിലുള്ള മാതാവ്: മുലയൂട്ടിയ സ്ത്രീയാകുന്നു അത്. അവരുടെ മാതാവും അവരുടെ മാതൃമഹിയും പിതൃമഹിയും അവരോട് ചേർക്കും.
2. മുലകുടി ബന്ധത്തിലുള്ള സഹോദരിമാർ: നിന്റെ മാതാവ് മുലയൂട്ടിയ സ്ത്രീ, ഏതൊരു സ്ത്രീയുടെ ഉമ്മയിൽനിന്നാണോ നീ മുലകടിച്ചത് ആ സ്ത്രീ, നിന്നോടൊപ്പം ഒരു സ്ത്രീയിൽനിന്ന് മുലകുടിച്ച സ്ത്രീ, ഒരു സ്ത്രീയുടെ പിതാവിന്റെ ഭാര്യയിൽനിന്ന് നീ മുല കുടിച്ചിട്ടുണ്ടെങ്കിൽ ആ സ്ത്രീ, നിന്റെ പിതാവിന്റെ ഭാര്യയിൽനിന്ന് മുലകുടിച്ച സ്ത്രീ ഇവരെല്ലാമാണ് പ്രസ്തുത സഹോദരിമാർ. അല്ലാഹു പറഞ്ഞു:
“നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’’ (ക്വുർആൻ 4:23).
വിവാഹബന്ധം നിഷിദ്ധമാക്കപ്പെടുന്നവർ സുന്നത്തിൽ
1. മുലകുടിബന്ധത്തിലെ സഹോദരപുത്രി.
2. മുലകുടിബന്ധത്തിലെ സഹോദരിപുത്രി.
3. മുലകുടിബന്ധത്തിലെ അമ്മായി. (നിന്റെ പിതാവിനോടൊപ്പം മുലകുടിച്ച സ്ത്രീ).
4. മുലകുടി ബന്ധത്തിലെ മാതൃസഹോദരി. (നിന്റെ മാതാവിനോടൊപ്പം മുലകുടിച്ച സ്ത്രീ).
5. മുലകുടിബന്ധത്തിലെ മകൾ. (നിന്റെ ഭാര്യയിൽനിന്ന് മുലകുടിച്ച സ്ത്രീ. അപ്പോൾ അവൾക്ക് മുലയൂട്ടിയ സ്ത്രീയുടെ ഭർത്താവ് പിതാവായിരിക്കും).
ഈ സ്ത്രീകൾ നിഷിദ്ധമാകുന്നതിന് സുന്നത്തിൽനിന്നുള്ള തെളിവ് ആഇശ(റ)യിൽനിന്നുള്ള ഹദീസാകുന്നു. അല്ലാഹുവിന്റെ തിരുദൂതൻﷺ പറഞ്ഞു: “പ്രസവം നിമിത്തം വിവാഹം നിഷിദ്ധമാക്കുന്നത് മുലകുടിബന്ധവും നിഷിദ്ധമാക്കും.’’
ഇബ്‌നുഅബ്ബാസി(റ)ൽനിന്ന് നിവേദനം. ഹംസ(റ)യുടെ മകളുടെ വിഷയത്തിൽ തിരുദൂതർﷺ പറഞ്ഞു: “മുലകുടി ബന്ധത്തിലുള്ള എന്റെ സഹോദരന്റെ മകളാണവർ. അതുകൊണ്ട് അവരെ വിവാഹം ചെയ്യുന്നത് എനിക്ക് അനുവദനീയമല്ല. രക്തബന്ധം നിമിത്തം വിവാഹം നിഷിദ്ധമായിത്തീരുന്നതു പോലെ തന്നെ മുലകുടിബന്ധം നിമിത്തവും വിവാഹം നിഷിദ്ധമായിത്തീരുന്നു.’’
നീങ്ങിപ്പോകുന്ന ഒരു കാരണത്താൽ നിർണിത കാലത്തേക്ക് വിവാഹം നിഷിദ്ധമാകുന്നവർ:
ഒരു നിർണിത കാലത്തേക്ക് വിവാഹം നിഷിദ്ധമാകുന്ന സ്ത്രീകളെ രണ്ടായി വിഭജിക്കാം:
1) ഒരുമിച്ചു ഭാര്യമാരാക്കുന്നതിനാൽ നിഷിദ്ധമാകുന്നവർ 2) ഒരു പ്രതിസന്ധി കാരണത്താൽ നിഷിദ്ധമാകുന്നവർ
ഒന്ന്: ഒരുമിച്ചു ഭാര്യമാരാക്കുന്നതിനാൽ നിഷിദ്ധമാകുന്നവർ.
1.രണ്ടു സഹോദരിമാരെ ഒരേസമയം ഭാര്യമാരാക്കൽ. പ്രസ്തുത സഹോദരിമാർ കുടുംബബന്ധത്തിലുള്ളവരാണെങ്കിലും മുലകുടിബന്ധത്തിലുള്ളവരാണെങ്കിലും, ഒരേ സമയം അവരുമായി വിവാഹ ഉടമ്പടി നടത്തിയതാണെങ്കിലും വ്യത്യസ്ത അവസരങ്ങളിൽ വിവാഹം നടത്തിയതാണെങ്കിലും ശരി. അല്ലാഹു പറഞ്ഞു: “രണ്ടുസഹോദരിമാരെ ഒന്നിച്ച് ഭാര്യമാരാക്കുന്നതും (നിഷിദ്ധമാകുന്നു)’’ (ക്വുർആൻ 4:23).
2. ഒരു സ്ത്രീയോടൊപ്പം ഒരേസമയം അവളുടെ മാതൃസഹോദരി, പിതൃസഹോദരി, സഹോദരിപുത്രി, സഹോദരപുത്രി, മകന്റെ പുത്രി, മകളുടെ പുത്രി എന്നിവരെയും ഒന്നിച്ചു വിവാഹം കഴിക്കൽ.
അബൂഹുറയ്‌റ(റ)യിൽ നിന്നു നിവേദനം, നബിﷺ പറഞ്ഞു: “ഒരു സ്ത്രീയെയും അവളുടെ അമ്മായിയെയും ഒരു സ്ത്രീയെയും അവളുടെ മാതൃസഹോദരിയെയും ഒന്നിച്ച് ഭാര്യമാരായി സ്വീകരിക്കാവതല്ല.’’
അബൂഹുറയ്‌റ(റ)യിൽനിന്നുള്ള മറ്റൊരു ഹദീസിൽ ഇപ്രകാരമുണ്ട്: “ഒരു സ്ത്രീയുടെ പിതൃസഹോദരി ഭാര്യയായി നിലവിലിരിക്കെ അവളെയും സഹോദരപുത്രി ഭാര്യയായിരിക്കെ അവളുടെ പിതൃസഹോദരിയെയും ഒരു സ്ത്രീയുടെ മാതൃസഹോദരി ഭാര്യയായി നിലവിലിരിക്കെ അവളെയും സഹോദരിപുത്രി ഭാര്യയായിരിക്കെ അവളുടെ മാതൃസഹോദരിയെയും വിവാഹം കഴിക്കുന്നത് അല്ലാഹുവിന്റെ റസൂൽﷺ വിരോധിച്ചിരിക്കുന്നു. പിതൃസഹോദരിയും മാതൃസഹോദരിയും അവരുടെ സഹോദരപുത്രിയും സഹോദരിപുത്രിയും ഭാര്യമാരായിരിക്കെ വിവാഹം കഴിക്കപ്പെടാവതല്ല. സഹോദരപുത്രിയും സഹോദരിപുത്രിയും അവരുടെ പിതൃസഹോദരിയും മാതൃസഹോദരിയും ഭാര്യമാരായിരിക്കെ വിവാഹം കഴിക്കപ്പെടാവതല്ല.’’ ഇപ്രകാരം പണ്ഡിതന്മാൽ ഈ വിവാഹം നിഷി ദ്ധമെന്നതിൽ ഏകോപിച്ചിരിക്കുന്നു.
രണ്ട്: ഒരു പ്രതിസന്ധി കാരണത്താൽ നിഷിദ്ധമാകുന്നവർ:
1. ഇദ്ദയിലിരിക്കുന്ന(ദീക്ഷാകാലം കഴിച്ചുകൂട്ടുന്ന) സ്ത്രീയെ വിവാഹം കഴിക്കുന്നത് ഹറാമാകുന്നു. അല്ലാഹു പറഞ്ഞു: “നിയമപ്രകാരമുള്ള അവധി (ഇദ്ദ) പൂർത്തിയാകുന്നതുവരെ (വിവാഹമുക്തയുമായി) വിവാഹബന്ധം സ്ഥാപിക്കാൻ നിങ്ങൾ തീരുമാനമെടുക്കരുത്’’ (ക്വുർആൻ 2:235).
2. ഭാര്യയെ മൂന്നു തവണ ത്വലാക്വു ചൊല്ലിയ വ്യക്തിക്ക് അവളെ മറ്റൊരാൾ സാധുവായ നികാഹിലൂടെ വേൾക്കുകയായാലല്ലാതെ പുനർവിവാഹം ഹറാമാകുന്നു. അല്ലാഹു പറഞ്ഞു: “ഇനിയും(മൂന്നാമതും) അവൻ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിന് ശേഷം അവളുമായി ബന്ധപ്പെടൽ അവന് അനുവദനീയമാവില്ല; അവൾ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നതുവരേക്കും’’ (ക്വുർആൻ 2:230).
3. ഇഹ്‌റാമിൽ പ്രവേശിച്ച സ്ത്രീയെ അതിൽനിന്നു വിരമിക്കുന്നതുവരെ വിവാഹം കഴിക്കുന്നത് ഹറാമാകുന്നു. ഉഥ്മാനിൽനിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്:
(ഇഹ്‌റാമിൽ പ്രവേശിച്ചവർ വിവാഹം കഴിക്കുകയോ കഴിച്ചുകൊടുക്കുകയോ വിവാഹാന്വേഷണം നടത്തുകയോ ചെയ്യരുത്.)
4. കാഫിർ മുസ്‌ലിം സ്ത്രീയെ വിവാഹം കഴിക്കുന്നത് ഹറാമാകുന്നു.
അല്ലാഹു പറഞ്ഞു: “ബഹുദൈവവിശ്വാസികൾക്ക് അവർ വിശ്വസിക്കുന്നതുവരെ നിങ്ങൾ വിവാഹം കഴിപ്പിച്ച് കൊടുക്കുകയും ചെയ്യരുത്’’ (ക്വുർആൻ 2:221).
5. വേദക്കാരിയല്ലാത്ത കാഫിറായ സ്ത്രീയെ മുസ്‌ലിമായ പുരുഷൻ വിവാഹം കഴിക്കുന്നത് ഹറാമാകുന്നു. വേദക്കാരിയെ വിവാഹം കഴിക്കൽ അനുവദനീയമാണ്. അല്ലാഹു പറഞ്ഞു:
“ബഹുദൈവവിശ്വാസിനികളേ, അവർ വിശ്വസിക്കുന്നതുവരെ നിങ്ങൾ വിവാഹം കഴിക്കരുത്’’ (ക്വുർആൻ 2: 221). “നിങ്ങൾക്കു മുമ്പ് വേദം നൽകപ്പെട്ടവരിൽനിന്നുള്ള പതിവ്രതകളായ സ്ത്രീകളും (നിങ്ങൾക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു)’’ (ക്വുർആൻ 5:5).
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം)

