കച്ചവടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 4
വിവ. അബ്ദുൽ ജബ്ബാർ മദീനി
2025 ഫെബ്രുവരി 15, 1446 ശഅ്ബാൻ 17

കച്ചവടം ദുർബലപ്പെടുത്തൽ
രണ്ട് ഇടപാടുകാർക്കിടയിൽ ഉണ്ടായ കച്ചവട ഉടമ്പടി അവരുടെ തൃപ്തി പ്രകാരം അവസാനിപ്പിക്കലും അസാധുവാക്കലുമാണ് ‘ഇക്വാലത്ത്’ (കച്ചവടം ദുർബലപ്പെടുത്തൽ). ഇടപാടുകാരിലൊരാൾക്ക് ഇടപാടു നടത്തിയതിലുള്ള ഖേദത്താലോ താൻ ചരക്ക് ആവശ്യമുള്ളവനല്ലെന്ന് വാങ്ങിയവനു ബോധ്യമായതിനാലോ അവനു ചരക്കിന്റെ വില നൽകുവാൻ സാധിക്കാത്തതിനാലോ ഇക്വാലത്ത് സംഭവിക്കാം. അതിനാൽ തന്നെ വിറ്റവനും വാങ്ങിയവനും ഒട്ടും കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ തനിക്കുള്ളത് സ്വീകരിച്ചുകൊണ്ട് പിൻവാങ്ങുന്നു.
‘ഇക്വാലത്ത്’ മതപരമായി അനുവദനീയമാകുന്നു. അല്ലാഹുവിന്റെ തിരുദൂതൻﷺ പറഞ്ഞു: “ഒരു മുസ്‌ലിമിനെ (അയാൾ ഇഷ്ടപ്പെടാത്ത) ഒരു ഇടപാടിൽനിന്ന് ആരെങ്കിലും ഒഴിവാക്കിക്കൊടുത്താൽ അന്ത്യനാളിൽ അയാളുടെ അബദ്ധങ്ങൾ അല്ലാഹു അയാൾക്ക് ഒഴിവാക്കിക്കൊടുക്കുന്നതാണ്.’’
ബയ്ഉൽ മുറാബഹ
ഇടപാടുകാർക്കിടയിൽ അറിയപ്പെട്ട വിലയ്ക്കും അറിയപ്പെട്ട ലാഭത്തിനും ചരക്ക് വിൽക്കുന്നതിനാണ് ‘മുറാബഹ’ എന്നു പറയുന്നത്. അതിന്റെ ഉദാഹരണം: ചരക്കിന്റെ ഉടമ ഇപ്രകാരം പറയും: ‘ഇതിൽ എന്റെ മൂലധനം നൂറു റിയാലാകുന്നു. ഇത് നൂറു റിയാലിനും പത്തു റിയാൽ ലാഭത്തിനും ഞാൻ താങ്കൾക്ക് വിൽക്കുന്നു.’
വിൽക്കുന്നവനും വാങ്ങുന്നവനും വിലയുടെ തോതും ലാഭത്തിന്റെ തോതും മനസ്സിലാക്കിയാൽ ഈ രൂപത്തിലുള്ള കച്ചവടം സാധുവാകുന്നു. അല്ലാഹു പറഞ്ഞു: “...കച്ചവടം അല്ലാഹു അനുവദിച്ചിരിക്കുന്നു’’ (ക്വുർആൻ 2:275).
“സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി നിങ്ങൾ അന്യോന്യം എടുത്ത് തിന്നരുത്’’ (ക്വുർആൻ 4:29).
ഇടപാടുകാരുടെ സംതൃപ്തി സാക്ഷാൽകൃതമായ കച്ചവടമാകുന്നു മുറാബഹ. അത് അനുവദനീയമാണെന്നത് ആവശ്യകതയുടെ അനിവാര്യ തേട്ടമാകുന്നു. കാരണം, ജനങ്ങളിൽ ചിലർ ഇടപാടു നടത്തുവാൻ കഴിവുള്ളവരാകില്ല. അതിനാൽ അതിന്നായി അയാൾ മറ്റുള്ളവരെ ആശ്രയിക്കുകയും നിർണിതവും അവർക്കിടയിൽ അറിയപ്പെട്ടതുമായ ഒരു ലാഭം കൂട്ടി നൽകുകയും ചെയ്യുന്നു.
ബയ്ഉ ബിത്തക്വ്‌സീത്വ്
തുകക്ക് അവധിവെച്ചുള്ള കച്ചവടമാണ് ‘ബയ്ഉ ബിത്തക്വ്‌സീത്വ്.’ കച്ചവടക്കാരന് ഗഡുക്കൾ ആയിട്ടാണ് പ്രസ്തുത തുക നൽകപ്പെടുക. തുക ചരക്കിനു തുല്യമായാലും അല്ലെങ്കിൽ അവധിവെക്കപ്പെട്ടതിനാൽ ചരക്കിനെക്കാൾ കൂടുതലായാലും ശരി.
കൂടുതലാകുന്നതിന്റെ ഉദാഹരണം: റൊക്കം കാശ് നാൽപതിനായിരവും അവധിവെച്ച് അറുപതിനായിരവും വിലയുള്ള ഒരു കാറ് കച്ചവടക്കാരന്റെ കൈയിലുണ്ടാവുകയും ഒരോ മാസാവസാനത്തിലും അയ്യായിരം നൽകി പന്ത്രണ്ട് തവണകളായി സംഖ്യ അടച്ചു തീർക്കണമെന്ന് വാങ്ങുന്നവനുമായി അയാൾ കരാറാവുകയും ചെയ്യുക.
മതവിധി: ബയ്ഉ ബിത്തക്വ്‌സീത്വ് അനുവദനീയമാകുന്നു. അവധിവെച്ചുള്ള കച്ചവടം അനുവദനീയമെന്ന പെതുവിധിയിൽ അതുൾപെടുമെന്നതിനാലാണത്. ആഇശ(റ)യിൽനിന്നു നിവേദനം: “തിരുദൂതർﷺ ഒരു ജൂതനിൽനിന്ന് അവധിവെച്ചുകൊണ്ട് ഭക്ഷണം വാങ്ങി. ജൂതന് തന്റെ ഇരുമ്പിനാലുള്ള അങ്കി അതിനു പണയമായി നൽകുകയും ചെയ്തു.’’
ആഇശ(റ)യിൽനിന്നുള്ള, ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസാണ് ഘടുക്കളായി വില നൽകാമെന്നത് അറിയിക്കുന്നത്:
“ബരീറ(റ) പറഞ്ഞു: പ്രതിവർഷം ഓരോ ഊക്വിയ എന്ന നിലയിൽ ഒമ്പത് ഊക്വിയ നൽകിക്കൊള്ളാം എന്ന വ്യവസ്ഥയിൽ ഉടമസ്ഥരുമായി വിമോചനക്കരാറിലേർപ്പെട്ടിരിക്കുന്നു.’’
അബ്ദുല്ലാഹ് ഇബ്‌നു അംറി(റ)ൽനിന്നുള്ള ഹദീസാണ് അവധിക്കു പകരമായി വില കൂട്ടാമെന്നത് അറിയിക്കുന്നത്. അദ്ദേഹം രണ്ടോ മൂന്നോ ഒട്ടകങ്ങൾ തന്നുകൊള്ളാമെന്ന വ്യവസ്ഥയിൽ ഒരു ഒട്ടകത്തെ സ്വീകരിക്കുമായിരുന്നു. അങ്ങനെ തിരുദൂതരുടെ കൽപന പ്രകാരം അദ്ദേഹം സകാത്തിന്റെ ഒട്ടകങ്ങളിൽ നിന്ന് അത് വീട്ടുകയുണ്ടായി. ബയ്ഹക്വിയും ദാറക്വുത്വ്‌നിയും ഇതു നിവേദനം ചെയ്തിട്ടുണ്ട്. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്.
ഈ രീതിയിലുള്ള കച്ചവടത്തിൽ വിൽക്കുന്നവനും വാങ്ങുന്നവനും നേട്ടമുണ്ട്. കച്ചവടക്കാരന് തന്റെ വിൽപനച്ചരക്ക് വർധിപ്പിക്കുവാനും വ്യത്യസ്ത ശൈലിയിൽ അത് വിൽപന നടത്തുവാനും സാധിക്കുന്നു. അയാൾ റൊക്കം കാശിനും ഘടുക്കളായും വിൽപന നടത്തും. ഘടുക്കളാക്കുന്ന വേളയിൽ അവധിവെ ക്കുന്നതിനു പകരമായി വിലയിലുള്ള മെച്ചം അയാൾക്ക് ഉപകരിക്കും. ഇപ്രകാരമാണ് വാങ്ങുന്നവനും; കൈയിൽ ചരക്കിന്റെ തുകയില്ലെങ്കിലും അവൻ ചരക്ക് കരസ്ഥമാക്കുന്നു. ശേഷം അതിന്റെ വില അവൻ ഘടുക്കളായി അടക്കുകയും ചെയ്യുന്നു.
ബയ്ഉ ബിത്തക്വ്‌സീത്വ് സാധുവാകുവാനുള്ള നിബന്ധനകൾ:
കച്ചവടത്തിന്റെ മേൽപറഞ്ഞ നിബന്ധനകളോടൊപ്പം ബയ്ഉ ത്തക്വ്‌സീത്വ് സാധുവാകുവാൻ താഴെ വരുന്നവ കൂടി നിബന്ധനയാക്കപ്പെടും:
1. കച്ചവട ഉടമ്പടിയുടെ വേളയിൽ ചരക്ക് കച്ചവടക്കാരന്റെ ഉടമസ്ഥതിയിലും കൈകാര്യകർതൃത്വത്തിലുമായിരിക്കണം. ചരക്കിന്റെ വിലയിൽ യോജിപ്പിലെത്തുകയും തുകയുടെയും തവണകളുടെയും അളവും സമയവും നിശ്ചയിച്ചതിനുശേഷം കച്ചവടക്കാരൻ ചരക്കു വാങ്ങി വാങ്ങുന്നവനെ ഏൽപിക്കലും അനുവദനീയമാകില്ല. കാരണം അത് ഹറാമാകുന്നു. തിരുനബിﷺ പറഞ്ഞു: “നിന്റെ അടുക്കലില്ലാത്തത് നീ വിൽക്കരുത്.’’
2. ഇടപാടിന്റെ സമയത്ത് ഒത്തുതീർപ്പിലായ സംഖ്യയെക്കാൾ കൂടുതൽ സംഖ്യ ഗഡുക്കളടക്കുന്നത് വൈകുന്ന അവസരത്തിൽ നൽകുവാൻ വാങ്ങുന്നവനെ നിർബന്ധിക്കൽ ഉടമ്പടിയുടെ സമയത്തോ അതിനു ശേഷമോ അനുവദനീയമല്ല. കാരണം അത് നിഷിദ്ധമായ പലിശയാകുന്നു.
3. ഘടുക്കളിൽ അവധിയെത്തിയത് അടച്ചുതീർക്കുന്നതിൽ അനാസ്ഥ കാണിക്കൽ സമ്പന്നന് ഹറാമാകുന്നു.
4. കച്ചവടത്തിനു ശേഷം ചരക്കിന്റെ ഉടമസ്ഥത പറഞ്ഞ് അത് കൈവശം സൂക്ഷിക്കുവാൻ കച്ചവടക്കാരന് യാതൊരു അവകാശവുമില്ല. എന്നാൽ, അവധി വെക്കപ്പെട്ട ഘടുക്കൾ വീട്ടുന്നതിൽ തന്റെ അവകാശം സംരക്ഷിക്കപ്പെടുവാൻ ചരക്കിനെ ഒരു പണയമാക്കുവാൻ വാങ്ങുന്നവനോട് നിബന്ധനവെക്കൽ അയാൾക്ക് അനുവദനീയമാണ്.
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം).

