രോഗിയും സാമ്പത്തിക വിനിമയവും

വിവ: അബ്ദുൽ ജബ്ബാർ മദീനി

2025 മെയ് 24, 1446 ദുൽഖഅദ് 22

മനുഷ്യൻ ആരോഗ്യവാനും സൗഖ്യമുള്ളവനുമാണെങ്കിൽ തന്റെ സ്വത്തിൽ എല്ലാവിധ സ്വാതന്ത്ര്യവുമുപയോഗിച്ച് അവന് വിനിമയമാകാം; പക്ഷേ, മതം കൊണ്ടുവന്ന പരിധിയിൽ നിന്നുകൊണ്ടു മാത്രം. എന്നാൽ അവൻ രോഗിയായാൽ, രോഗം ഗുരുതരമല്ലെങ്കിൽ-അഥവാ പല്ലുവേദന, വിരലുവേദന, തലവേദന, ഹാനികരമല്ലാത്ത ശരീരവേദനകൾ പോലെ-രോഗം കാരണത്താൽ മരണം ഭയക്കാതിരിക്കുകയും സുഖപ്പെടുവാനും ശമിക്കുവാനും സാധ്യതയുമുണ്ടെങ്കിൽ സാമ്പത്തിക കാര്യങ്ങളിലുള്ള അവന്റെ ക്രയവിക്രയം ആരോഗ്യമുള്ളവന്റെ ക്രയവിക്രയം പോലെയായിരിക്കും. അവന്റെ മുഴുവൻ സ്വത്തിൽനിന്നും അവന്റെ സംഭാവനയും സമ്മാനവും സാധുവാകും. രോഗം ഭീതിജനകമാം വിധം മൂർച്ഛിക്കുകയും അതു കാരണത്താൽ അവൻ മരിക്കുകയും ചെയ്താൽ സംഭാവനയുടെയും സമ്മാനത്തിന്റെയും അവസരത്തിൽ അവന്റെ അവസ്ഥയാണ് പരിഗണിക്കേണ്ടത്. ഈ അവസ്ഥയിൽ അവൻ ആരോഗ്യവാന്റെ വിധിയിലാണ്.

എന്നാൽ അപകടകരവും ഗുരുതരവുമായ രോഗങ്ങൾപോലെ, മരണം പ്രതീക്ഷിക്കുമാറ് രോഗം ഭീതിജനകമാണെങ്കിൽ ഇത്തരം അവസ്ഥകളിലുള്ള അവന്റെ ദാനവായ്പുകൾ സ്വത്തിന്റെ മൂന്നിലൊന്നിൽ നിന്നാണ് നടപ്പിലാക്കുക; മൊത്തം സ്വത്തിൽനിന്നല്ല. ദാനങ്ങൾ സ്വത്തിൽ മൂന്നിലൊന്നിന്റെ പരിധിക്കു താഴെയാണെങ്കിലാണിത്. മൂന്നിലൊന്നിൽ കൂടുതലാണ് ദാനങ്ങളെങ്കിൽ മരണാനന്തരം അന ന്തരാവകാശികളുടെ അനുമതിയോടെയല്ലാതെ അതു നടപ്പിലാക്കപ്പെടുകയില്ല.

തിരുനബിﷺ പറഞ്ഞു: “നിങ്ങളുടെ മരണവേളയിൽ നിങ്ങളുടെ സൽകർമങ്ങൾ വർധിപ്പിക്കുന്നതിനുവേണ്ടിയും നിങ്ങളുടെ കർമങ്ങൾക്ക് സംസ്‌കരണമായി നിശ്ചയിച്ചുകൊണ്ടും നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്ന് (വസ്വിയ്യത്തിലൂടെ) വിനിയോഗിക്കുവാനുള്ള അവകാശം അല്ലാഹു നിങ്ങൾക്ക് ദാനം ചെയ്തിരിക്കുന്നു.’’

മരണാസന്നനായ രോഗിക്ക് തന്റെ സ്വത്തിൽ മൂന്നിലൊന്ന് കൈകാര്യം ചെയ്യാമെന്ന് ഈ ഹദീസും ഇതേ ആശയത്തിൽ വന്നവയും അറിയിക്കുന്നു. കാരണം ആകെ സ്വത്തിൽനിന്നുള്ള അവന്റെ സംഭാവന അനന്തരാവകാശികൾക്ക് ഉപദ്രവകരമാകും. അതിനാലാണ് അത് വസ്വിയ്യത്ത് മൂന്നിലൊന്നിലേക്ക് ചുരുക്കിയത്.

എന്നാൽ ഷുഗർരോഗം പോലുള്ള ഭീതിജനകമല്ലാത്തതോ രോഗിയെ ശയ്യാവലംബിയാക്കാത്തതോ ആയ കാലപ്പഴക്കമുള്ള രോഗമാണെങ്കിൽ, ഇത്തരം അവസ്ഥകളിൽ അവന്റെ സംഭാവനകൾ ആരോഗ്യവാന്റെ സംഭാവനകളെപോലെ അവന്റെ മുഴുവൻ സ്വത്തിൽ നിന്നുമായിരിക്കും. കാരണം അവന്റെ വിഷയത്തിൽ വൃദ്ധനെപോലെ പെട്ടെന്നുള്ള മരണം ഭയക്കുന്നില്ല.

എന്നാൽ രോഗം അവനെ ശയ്യാവലംബിയാക്കിയാൽ അവന്റെ സ്വത്തിൽ മൂന്നിലൊന്നിന്റെ പരിധിയിലല്ലാതെ സംഭാവനകളും വസ്വിയ്യത്തുകളും സാധുവാകുകയില്ല; അതും അനന്തരാവകാശിയല്ലാത്തവന്ന്. കാരണം അവൻ മരണം ഭയക്കപ്പെടുന്ന, ശയ്യാവലംബിയായ രോഗിയാണ്. അതിനാൽ മരണാസന്നനായ രോഗിയെ പോലെത്തന്നെ ഈ അവസ്ഥയിൽ അവന്റെ സാമ്പത്തിക വിനിമയങ്ങളോ സംഭാവനകളോ പരിഗണിക്കപ്പെടുകയില്ല.

(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം)