വസ്വിയ്യത്ത്
വിവ: അബ്ദുൽ ജബ്ബാർ മദീനി
2025 മെയ് 17, 1446 ദുൽഖഅദ് 19

അർഥവും തെളിവുകളും
1.വസ്വിയ്യത്തിന്റെ നിർവചനം: മറ്റൊരാളിലേക്ക് അല്ലെങ്കിൽ ഒരു കാര്യത്തിലേക്ക് ചേർക്കുക എന്നതാണ് വസ്വിയ്യത്തിന്റെ ഭാഷാർഥം. ഒരാൾ മറ്റൊരാൾക്ക് ഒരു വസ്തുവോ കടമോ ഉപകാരമോ ദാനം ചെയ്യലാണ് മതപരമായി വസ്വിയ്യത്ത്. വസ്വിയ്യത്ത് ചെയ്തവന്റെ മരണാനന്തരം വസ്വിയ്യത്ത് ചെയ്യപ്പെട്ടവൻ പ്രസ്തുത ദാനം ഉടമപ്പെടുത്തുമെന്ന നിലക്കാണത്.
തെളിവുകൾ: വിശുദ്ധ ക്വുർആൻ, തിരുസുന്നത്ത്, ഇജ്മാഅ് എന്നിവകൊണ്ട് വസ്വിയ്യത്ത് മതപരമെന്നത് സ്ഥിരപ്പെട്ടിരിക്കുന്നു. അല്ലാഹു പറഞ്ഞു:
“നിങ്ങളിലാർക്കെങ്കിലും മരണം ആസന്നമാവുമ്പോൾ, അയാൾ ധനം വിട്ടുപോകുന്നുണ്ടെങ്കിൽ മാതാപിതാക്കൾക്കും, അടുത്ത ബന്ധുക്കൾക്കും വേണ്ടി ന്യായപ്രകാരം വസ്വിയ്യത്ത് ചെയ്യുവാൻ നിങ്ങൾ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മത പുലർത്തുന്നവർക്ക് ഒരു കടമയത്രെ അത്’’ (ക്വുർആൻ 2:180).
ഇബ്‌നു ഉമറി(റ)ൽനിന്നു നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു: “ഏതെങ്കിലും കാര്യത്തെപ്പറ്റി വസ്വിയ്യത്തു ചെയ്യുവാൻ ഉദ്ദേശ്യമുള്ള മുസ്‌ലിമായമ നുഷ്യൻ അത് രേഖപ്പെടുത്താതെ രണ്ടു രാത്രിപോലും കഴിച്ചുകൂട്ടുന്നത് ഉചിതമല്ല.’’
വസ്വിയ്യത്ത് അനുവദനീയമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.
വസ്വിയ്യത്തുമായി ബന്ധപ്പെട്ട വിധികൾ
താഴെ വരുന്ന വിധികൾ വസ്വിയ്യത്തുമായി ബന്ധപ്പെടുന്നു:
1. തനിക്കുള്ളതും തന്റെമേൽ ബാധ്യതയായതുമായ അവകാശങ്ങൾ ഒരു വസ്വിയ്യത്തിൽ വ്യക്തമാക്കി അത് രേഖാമൂലമാക്കൽ ഒരു മുസ്‌ലിമിനു നിർബന്ധമാണ്. ഇബ്‌നു ഉമറി(റ)ൽനിന്നുള്ള മുൻചൊന്ന ഹദീസ് അതാണ് വ്യക്തമാക്കുന്നത്.
2. നന്മയുടെയും പുണ്യത്തിന്റെയും മാർഗങ്ങളിൽ ചെലവഴിക്കപ്പെടുവാൻ കുറച്ച് സമ്പത്ത് വസ്വിയ്യത്തു ചെയ്യൽ സുന്നത്താക്കപ്പെടും; മരണാനന്തരം അതിന്റെ പ്രതിഫലം അവന്ന് എത്തുന്നതിനു വേണ്ടിയാ ണത്. അബുദ്ദർദാഇ(റ)ൽനിന്നു നിവേദനം. തിരുദൂതർﷺ പറഞ്ഞു:

“നിങ്ങളുടെ മരണവേളയിൽ നിങ്ങളുടെ സ്വത്തിന്റെ മൂന്നിലൊന്ന് (വസ്വിയ്യത്തി ലൂടെ) വിനിയോഗിക്കുവാനുള്ള അവകാശം അല്ലാഹു നിങ്ങൾക്ക് ദാനം ചെയ്തിരിക്കുന്നു.’’
3. മൂന്നിലൊന്നോ അതിൽകുറച്ചോ വസ്വിയ്യത്തു ചെയ്യുവാനാണ് അനുവാദമുള്ളത്. സഅ്ദ് ഇബ്‌നുഅബീവക്വാസി(റ)ൽനിന്നുള്ള ഹദീസിലാണ് മൂന്നിലൊന്ന് വസ്വിയ്യത്തുചെയ്യുവാനുള്ള അനുവാദമുള്ളത്. അദ്ദേഹം മരണ രോഗത്തിലായപ്പോൾ തിരുനബിﷺയോട് ചോദിച്ചു:
“എനിക്ക് എന്റെ സ്വത്തിന്റെ മൂന്നിൽ രണ്ടുഭാഗം ദാനം ചെയ്യാമോ?’’ തിരുമേനിﷺ പറഞ്ഞു: “പാടില്ല.’’ ഞാൻ ചോദിച്ചു: “സ്വത്തിന്റെ പകുതി ദാനം ചെയ്യാമോ?’’ തിരുമേനി പറഞ്ഞു: “പാടില്ല.’’ ഞാൻ ചോദിച്ചു: “സ്വത്തിന്റെ മൂന്നിലൊന്ന് ദാനം ചെയ്യാമോ?’’ തിരുമേനി പറഞ്ഞു: “അതെ, മൂന്നിലൊന്നു ദാനം ചെയ്യാം. മൂന്നിലൊന്നു തന്നെ ധാരാളമാണ്.’’
മൂന്നിലൊന്നിനു താഴെ വസ്വിയ്യത്ത് ചെയ്യുന്നത് പ്രതിഫലാർഹമായ കാര്യമാകുന്നത് ഇബ്‌നുഅബ്ബാസി(റ)ൽ നിന്നുള്ള ഹദീസിനാലാണ്. അദ്ദേഹം പറഞ്ഞു:
“ജനങ്ങൾ മൂന്നിലൊന്ന് വസ്വിയ്യത്തുചെയ്യുന്നത് നാലിലൊന്നാക്കി കുറച്ചിരുന്നുവെങ്കിൽ! കാരണം തിരുനബിﷺ പറഞ്ഞത് ‘മൂന്നിലൊന്നു ദാനം ചെയ്യാം. മൂന്നിലൊന്നുതന്നെ ധാരാളമാണ്’ എന്നാണ്.’’
4. അനന്തരാവകാശിയുള്ള ഒരാളിൽനിന്ന് താൻ ഉടമപ്പെടുത്തിയതിൽ മൂന്നിലൊന്നിനെക്കാൾ കൂടുതലായുള്ള വസ്വിയ്യത്ത് സാധുവാകുകയില്ല; മുകളിൽ നൽകിയ സഅ്ദ് ഇബ്‌നു അബീവക്വാസി(റ)ന്റെ ഹദീസ് കാരണത്താൽ. എന്നാൽ അനന്തരാവകാശികൾ അതിന് അനുവദിച്ചാൽ വസ്വിയ്യത്ത് സാധുവാകും. വസ്വിയ്യത്ത് ചെയ്യുന്നവന് അനന്തരാവകാശികളില്ലെങ്കിൽ സ്വത്തു മുഴുവനും വസ്വിയ്യത്ത് ചെയ്യാം.
5. സ്വത്ത് അനന്തരമെടുക്കുന്ന ഒരാൾക്കും വസ്വിയ്യത്ത് സാധുവാകുകയില്ല. അബൂഉമാമ(റ)യിൽനിന്ന് നിവേദനം, അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
“അല്ലാഹു ഓരോ അവകാശിക്കും അവരുടെ അവകാശം നൽകിയിരിക്കുന്നു. തന്നിമിത്തം അനന്തരാവകാശിക്കുവേണ്ടി വസ്വിയ്യത്തു ചെയ്യുവാൻ പാടില്ല.’’
6. തെറ്റായ കാര്യത്തിനു വസ്വിയ്യത്ത് പാടില്ല. കാരണം അബുദ്ദർദാഇൽനിന്നുള്ള ഹദീസിലുള്ളത് -മുൻകഴിഞ്ഞതുപോലെ-വസ്വിയ്യത്ത് മതപരമാക്കിയത് വസിയ്യത്ത് ചെയ്യുന്നവന്റെ നന്മകൾ വർധിക്കുവാനാണ്.
7. കടവും സകാത്ത്, ഹജ്ജ് പോലുള്ള മതപരമായ കർമങ്ങളും കഫ്ഫാറാത്തും വസ്വിയ്യത്തിനെക്കാൾ മുന്തിക്കപ്പെടും. അല്ലാഹു പറഞ്ഞു:
“(മരിച്ചയാൾ ചെയ്തിട്ടുള്ള) വസ്വിയ്യത്തിനും കടമുണ്ടെങ്കിൽ അതിനും ശേഷമാണ് ഇതെല്ലാം’’ (ക്വുർആൻ 4: 11).
അലിയ്യ്(റ) പറഞ്ഞു: “തിരുനബിﷺ വസ്വിയ്യത്തിനു മുമ്പ് കടം വീട്ടുവാൻ വിധിച്ചരിക്കുന്നു.’’
8. വസ്വിയ്യത്ത് ചെയ്യുന്നവൻ സ്വത്തിൽ ഇടപാടിന് അനുവാദമുള്ളവനായിരിക്കണം. അഥവാ അവൻ ബുദ്ധിയുള്ളവനും പ്രായപൂർത്തിയായവനും സ്വതന്ത്രനും സ്വേച്ഛപ്രകാരം ചെയ്യുന്നവനുമായിരിക്കണം.
9. തെറ്റായ വകുപ്പിലേക്ക് വസ്വിയ്യത്തു ചെയ്യൽ നിഷിദ്ധമാകുന്നു. അവിശ്വാസികളുടെ ആരാധനാലയങ്ങളിലേക്കും സംഗീതോപകരണങ്ങൾ പോലുള്ളവ വാങ്ങുവാനും മറ്റും വസ്വിയ്യത്തു ചെയ്യുന്നതുപോലെ. പ്രസ്തുത വസ്വിയ്യത്ത് ബാത്വിലാകുന്നു.
10. അനന്തരാവകാശി ആവശ്യക്കാരനല്ലാതിരിക്കുകയും ധാരാളം സമ്പത്ത് ഉള്ളവനുമായ ഒരു വ്യക്തിക്ക് വസ്വിയ്യത്തു ചെയ്യൽ പ്രതിഫലാർഹമായ പുണ്യമാകുന്നു. അല്ലാഹു പറഞ്ഞു:
“നിങ്ങളിലാർക്കെങ്കിലും മരണം ആസന്നമാവുമ്പോൾ, അയാൾ ധനം വിട്ടുപോകുന്നുണ്ടെങ്കിൽ വസ്വിയ്യത്ത് ചെയ്യുവാൻ നിങ്ങൾ നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു’’ (ക്വുർആൻ 2:180).
അനന്തരാവകാശി ആവശ്യക്കാരനാവുകയും കുറച്ചു സമ്പത്തുള്ളവനുമായ വ്യക്തിയുടെ വസ്വിയ്യത്ത് വെറുക്കപ്പെട്ടതാണ്. തിരുനബിﷺ പറഞ്ഞു:
“താങ്കളുടെ അനന്തരാവകാശികളെ ജനങ്ങളോട് കൈനീട്ടി യാചിക്കുവാൻ വിട്ടേക്കുന്നതിനെക്കാൾ അവരെ സ്വയം പര്യാപ്തരായി വിടുന്നതാണല്ലോ താങ്കൾക്ക് ഉത്തമമായത്.’’
11. വസ്വിയ്യത്ത് ചെയ്യുന്നവന്റെ ഉദ്ദേശ്യം അനന്തരാവകാശികൾക്ക് ക്ഷതമേൽപ്പിക്കലാണെങ്കിൽ വസ്വിയ്യത്ത് ഹറാമാകുന്നു. അല്ലാഹു പറഞ്ഞു: “ദ്രോഹകരമല്ലാത്ത വസ്വിയ്യത്ത്’’ (ക്വുർആൻ 4: 12).
12. വസ്വിയ്യത്ത് സ്വികരിക്കലും അത് ഉടമപ്പെടുത്തലും വസ്വിയ്യത്ത് ചെയ്തവന്റെ മരണശേഷമല്ലാതെ സാധുവാകുകയില്ല. കാരണം അതാണ് അവന്റെ അവകാശം സ്ഥിരപ്പെടുന്ന സമയം. ഇത് ഒരു നിർണിത വ്യക്തിക്കുള്ള വസ്വിയ്യത്താകുമ്പോഴാണ്. എന്നാൽ ഒരു നിർണിത വ്യക്തിക്കല്ല, അഗതികൾ, വിദ്യാർഥികൾ, പള്ളികൾ, അനാഥമന്ദിരങ്ങൾ പോലുള്ളവയ്ക്കാണ് വസ്വിയ്യത്തെങ്കിൽ അത് സ്വീക രിക്കേണ്ട ആവശ്യമില്ല. പ്രത്യുത; കേവല മരണത്തോടെ അത് അനിവാര്യമായി.’’
13. തന്റെ വസ്വിയ്യത്തോ അതിൽ ചിലതോ തിരിച്ചെടുക്കാനും അത് ഒഴിവാക്കാനും വസ്വിയ്യത്ത് ചെയ്തവന് അവകാശമുണ്ട്. ഉമർ(റ) പറഞ്ഞു: “ഒരു വ്യക്തിക്ക് തന്റെ വസ്വിയ്യത്തിൽ താനുദ്ദേശിച്ചത് ഭേദഗതി ചെയ്യാവുന്നതാണ്.’’
14. ഉടമപ്പെടുത്തൽ സാധുവാകുന്ന ഏതൊരു വ്യക്തിക്കുവേണ്ടിയും വസ്വിയ്യത്തു ചെയ്യൽ സ്വഹീഹാകുന്നതാണ്; അവൻ മുസ്‌ലിമായാലും കാഫിറായാലും ശരി. അല്ലാഹു പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ മിത്രങ്ങൾക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കിൽ അത് ഇതിൽനിന്ന് ഒഴിവാകുന്നു’’ (ക്വുർആൻ 33: 6).
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം).

