അനന്തരാവകാശ നിയമങ്ങൾ - 02

വിവ: അബ്ദുൽ ജബ്ബാർ മദീനി

2025 ജൂൺ 07, 1446 ദുൽഹിജ്ജ 10

അനന്തരാവകാശികളുടെ തരങ്ങൾ

അനന്തരമെടുക്കുന്നതു പരിഗണിച്ചാൽ അവകാശികളുടെ വിഭാഗങ്ങൾ ഇപ്രകാരമാകുന്നു:

ഒന്ന്: നിർണിത ഓഹരി മാത്രം അനന്തരമെടുക്കുന്നവർ (അംശാവകാശികൾ). അവർ ഏഴുപേരാണ്. ഭാര്യയും ഭർത്താവും, പിതാമഹിയും മാതാമഹിയും, മാതാവ്, മാതാവിന്റെ ആൺ-പെൺ മക്കൾ(മാതാവൊത്ത സഹോദരൻ, മാതാവൊത്ത സഹോദരി).

രണ്ട്: തഅ്‌സ്വീബു(ശേഷാവകാശം)കൊണ്ടുമാത്രം അനന്തരമെടുക്കുന്നവർ(ശിഷ്ടാവകാശികൾ). അവർ പന്ത്രണ്ടു പേരാണ്. മകൻ, മകന്റെ മകൻ, മാതാപിതാക്കളിലൊത്ത(പൂർണ) സഹോദരൻ, പൂർണ സഹോദരന്റെ മകൻ, പിതാവിലൊത്ത സഹോദരൻ, പിതാവിലൊത്ത സഹോദരന്റെ മകൻ, മാതാപിതാക്കളിലൊത്ത (ഉറ്റ) പിതൃവ്യൻ, ഉറ്റ പിതൃവ്യപുത്രൻ, പിതാവിലൊത്ത പിതൃവ്യൻ, പിതാവിലൊത്ത പിതൃവ്യപുത്രൻ, മോചിപ്പിച്ച യജമാനൻ, മോചിപ്പിച്ച യജമാനത്തി.

മൂന്ന്: ചിലപ്പോൾ തഅ്‌സ്വീബായും(ശിഷ്ടാവകാശമായും) മറ്റു ചിലപ്പോൾ ഫർദായും (അംശാവകാശമായും) അവ (അംശാവകാശവും ശിഷ്ടാവകാശവും) ഒന്നിച്ചെടുക്കുകയും ചെയ്തുകൊണ്ട് അനന്തരമെടുക്കുന്നവർ; പിതാവും പിതാമഹനുമാണവർ.

നാല്: ചിലപ്പോൾ തഅ്‌സ്വീബായും(ശിഷ്ടാവകാശമായും) മറ്റു ചിലപ്പോൾ ഫർദായും (അംശാവകാശമായും) അവ (ഫർദും തഅ്‌സ്വീബും) ഒന്നിച്ചെടുക്കാതെ അനന്തരമെടുക്കുന്നവർ. ഭർത്താവൊഴിച്ചുള്ള പകുതി സ്വത്തോഹരിയുടെ ആളുകളും മൂന്നിൽ രണ്ട് സ്വത്തോഹരിയുടെ ആളുകളുമാണവർ. മൊത്തത്തിൽ അംശാവകാശികൾ ഇരുപത്തിയൊന്നാകുന്നു.

അംശാവകാശികൾക്ക് നിർണയിക്കപ്പെട്ട അംശങ്ങൾ ആറാകുന്നു. പാതി, നാലിലൊന്ന്, എട്ടിലൊന്ന്, മൂന്നിൽ രണ്ട്, മൂന്നിലൊന്ന്, ആറിലൊന്ന്.

ഒന്ന്: പാതി സ്വത്തിന്റെ അവകാശികൾ; അവർ അഞ്ചാകുന്നു:

1. ഭർത്താവ്: പരേതക്ക് സ്വത്ത് അനന്തരമെടുക്കുന്ന മക്കൾ (ആണായാലും പെണ്ണായാലും) ഈ ഭർത്താവിൽനിന്നോ മറ്റു ഭർത്താക്കന്മാരിൽനിന്നോ ഇല്ലാതിരിക്കുമ്പോൾ.

2. മകൾ: അവളോടൊപ്പം അംശാവകാശത്തിൽ പങ്കാളിയാകുന്ന സഹോദരിയില്ലാതെ അവൾ തനിച്ചാകുമ്പോഴും അവളോടൊപ്പം ശിഷ്ടാവകാശം പങ്കിട്ടെടുക്കുന്ന സഹോദരങ്ങളില്ലാതെ അവൾ തനിച്ചാകുമ്പോഴും.

3.മകന്റെ മകൾ: അവളോടൊപ്പം അംശാവകാശത്തിൽ പങ്കാളിയാകുന്ന സഹോദരിയില്ലാതെ അവൾ തനിച്ചാകുമ്പോഴും അവളോടൊപ്പം ശിഷ്ടാവകാശം പങ്കിട്ടെടുക്കുന്ന സഹോദരങ്ങളില്ലാതെ അവൾ തനിച്ചാകുമ്പോഴും പരേതനെ അനന്തരമെടുക്കുന്ന മക്കൾ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

4. പൂർണ സഹോദരൻ: മുഅസ്സ്വിബും(ശിഷ്ടാവകാശി) മുശാരികും(അംശാവകാശത്തിൽ പങ്കാളി) ഫർഉൽവാരിസും (സ്വത്ത് അനന്തരമെടുക്കുന്ന മക്കൾ) അസ്വ്‌ലുൽ വാരിസും (സ്വത്ത് അനന്തരമെടുക്കുന്ന പിതാക്കൾ) ഇല്ലാതിരിക്കുമ്പോൾ.

5. പിതാവിലൊത്ത സഹോദരൻ: മുഅസ്സ്വിബും മുശാരികും ഫർഉൽവാരിസും അസ്വ്‌ലുൽവാരിസും പൂർണസഹോദരനും പൂർണസഹോദരിയും ഇല്ലാതിരിക്കുമ്പോൾ.

രണ്ട്: നാലിലൊന്നിന്റെ അവകാശികൾ; അവർ രണ്ടുപേരാകുന്നു:

1. ഭർത്താവ്: പരേതക്ക് സ്വത്ത് അനന്തരമെടുക്കുന്ന മക്കൾ (ആണായാലും പെണ്ണായാലും) ഈ ഭർത്താവിൽനിന്നോ മറ്റു ഭർത്താക്കന്മാരിൽനിന്നോ ഉണ്ടാകുമ്പോൾ.

2. ഭാര്യ: സ്വത്ത് അനന്തരമെടുക്കുന്ന മക്കൾ (ആണായാലും പെണ്ണായാലും) പരേതന് ഈ ഭാര്യയിൽനിന്നോ മറ്റു ഭാര്യമാരിൽനിന്നോ ഇല്ലാതിരിക്കമ്പോൾ.

മൂന്ന്: എട്ടിലൊന്നിന്റെ അവകാശികൾ:

ഒന്നോ ഒന്നിലധികമോ ഭാര്യമാർ. സ്വത്ത് അനന്തരമെടുക്കുന്ന മക്കൾ(ആണായാലും പെണ്ണായാലും) പരേതന് ഈ ഭാര്യയിൽനിന്നോ മറ്റു ഭാര്യമാരിൽനിന്നോ ഉണ്ടായാൽ.

നാല്: മൂന്നിൽ രണ്ടിന്റെ അവകാശികൾ; അവർ നാലു പേരാകുന്നു:

1. പെൺമക്കൾ: അവർ ഒന്നിലധികം പേരുണ്ടാവുകയും അവരുടെകൂടെ മുഅസ്സ്വിബ്(പരേതന്റെ മകൻ) ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

2. മകന്റെ പെൺമക്കൾ: അവർ ഒന്നിലധികം പേരുണ്ടാവുകയും അവരുടെ കൂടെ മുഅസ്സ്വിബും (പരേതന്റെ മകന്റെ മകൻ) ഫർഉൽവാരിസും (പരേതന്റെ മകൻ) ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

3. പൂർണ സഹോദരിമാർ: അവർ ഒന്നിലധികം പേരുണ്ടാവുകയും അവർക്ക് മുഅസ്സ്വിബും (ഒന്നോ അതിലധികമോ പൂർണസഹോദരങ്ങൾ) ഫർഉൽവാരിസും (പരേതന്റെ മക്കളും ആൺമക്കളുടെ മക്കളും) ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

4. പിതാവിലൊത്ത സഹോദരിമാർ: അവർ ഒന്നിലധികം പേരുണ്ടാവുകയും മുഅസ്സ്വിബും ഫർഉൽവാരിസും പൂർണ സഹോദരന്മാരും പൂർണ സഹോദരിമാരും ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

അഞ്ച്: മൂന്നിലൊന്നിന്റെ അവകാശികൾ; അവർ രണ്ടുപേരാകുന്നു:

1.മാതാവ്: പരേതന് ഫർഉൽവാരിസും (പരേതന്റെ അനന്തരമെടുക്കുന്ന മക്കൾ) സഹോദര സഹോദരിമാരിൽ ഒന്നിലധികം പേരും ഇല്ലാതിരുന്നാൽ.

2. മാതാവിലൊത്ത സഹോദരങ്ങൾ: അവർ ഒന്നിലധികം പേരുണ്ടാവുകയും ഫർഉൽവാരിസും (പരേതന്റെ മക്കളും ആൺമക്കളുടെ മക്കളും) അസ്വ്‌ലുൽവാരിസും (പിതാവും പിതാമഹനും) ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ.

ആറ്്: ആറിലൊന്നിന്റെ അവകാശികൾ; അവർ ഏഴു പേരാകുന്നു:

1. പിതാവ്: ഫർഉൽവാരിസ് (പരേതന്റെ മക്കളും ആൺമക്കളുടെ മക്കളും) ഉണ്ടാകുമ്പോൾ.

2. പിതാമഹൻ: ഫർഉൽവാരിസ് (പരേതന്റെ മക്കളും ആൺമക്കളുടെ മക്കളും) ഉണ്ടാകുമ്പോൾ.

3. മാതാവ്: ഫർഉൽവാരിസ് (പരേതന്റെ അനന്തരമെടുക്കുന്ന മക്കൾ) ഉണ്ടാവുകയോ സഹോദര- സഹോദരിമാരിൽ ഒന്നിലധികം പേർ ഉണ്ടാവുകയോ ചെയ്താൽ.

4. മാതൃമഹതി: മാതാവ് ഇല്ലാതിരിക്കുമ്പോൾ.

5. മകന്റെ മകൾ: മുഅസ്സ്വിബ് (മകന്റെ മകൻ) ഇല്ലാതിരിക്കുകയും അവളുടെ മീതെ ഫർഉൽവാരിസ് ഇല്ലാതിരിക്കുകയും ചെയ്താൽ; പകുതി സ്വത്ത് അനന്തരമെടുക്കുന്നവൾ (മകൾ) ഒഴികെ. കാരണം മകന്റെ മകൾ അവളോടൊപ്പമല്ലാതെ ആറിലൊന്ന് സ്വത്ത് അനന്തരമെടുക്കുകയില്ല.

6. പിതാവിലൊത്ത സഹോദരി: മുഅസ്സ്വിബ് (അവളുടെ സഹോദരൻ) ഇല്ലാതിരിക്കുകയും അംശാവകാശമായി പാതി സ്വത്ത് അനന്തരമെടുക്കുന്ന പൂർണ സഹോദരിയോടൊപ്പം അവൾ ആയിരിക്കുകയും ചെയ്യുക.

7. ഉമ്മയിലൊത്ത സഹോദരൻ അല്ലെങ്കിൽ സഹോദരി: ഫർഉൽവാരിസും അസ്വ്‌ലുൽവാരിസും ഇല്ലാതിരിക്കുകയും തനിച്ചാവുകയും ചെയ്താൽ.

തഅ്‌സ്വീബ് (ശിഷ്ടാവകാശം)

നിർണിതമായ ഓഹരികളില്ലാതെ അനന്തരമെടുക്കുന്നവരാകുന്നു അസ്വബ (ശേഷാവകാശികൾ). കാരണം അസ്വബക്കാരൻ തനിച്ചായാൽ മുഴുവൻ സ്വത്തും അവനു സിദ്ധിക്കും. അവനോടൊപ്പം അംശാവകാശിയുണ്ടെങ്കിൽ അവകാശിയുടെത് കഴിച്ച് ബാക്കിയുള്ളത് അവനെടുക്കും. തിരുനബിﷺ പറഞ്ഞു:

“ഫരീദത്തുകൾ (നിശ്ചിത വിഹിതങ്ങൾ) അവയുടെ അവകാശികൾക്കു നൽകുക. അതിൽപിന്നെ ശേഷിക്കുന്നത് പരേതന്റെ ഏറ്റവും അടുത്ത പുരുഷബന്ധുവിനും നൽകുക.’’

അസ്വബ മൂന്നു വിഭാഗമാകുന്നു: അസ്വബ ബിന്നഫ്‌സ്, അസ്വബ ബിൽഗയ്ർ, അസ്വബ മഅൽ ഗയ്ർ.

1. അസ്വബ ബിന്നഫ്‌സ് (സ്വയം അവകാശികളായിത്തീരുന്നവർ).

മകനും മകന്റെ മകനും; അവരുടെ തലമുറ എത്ര കീഴ്‌പോട്ടാണെങ്കിലും ശരി, പിതാവും പിതാമഹനും; പിതൃതലമുറ എത്ര മേൽപോട്ടാണെങ്കിലും ശരി, പൂർണസഹോദരൻ, പൂർണസഹോദരന്റെ മകൻ; അവർ എത്ര താഴെ തലമുറയിലാണെങ്കിലും ശരി, പിതാവിലൊത്ത സഹോദരൻ, പിതാവിലൊത്ത സഹോദരന്റെ മകൻ; അവർ എത്ര താഴെ തലമുറയിലാണെങ്കിലും ശരി, പൂർണ പിതൃവ്യൻ, പൂർണ പിതൃവ്യപുത്രൻ; അവർ എത്ര താഴെ തലമുറയിലാണെങ്കിലും ശരി, പിതാവിലൊത്ത പിതൃവ്യൻ, പിതാവിലൊത്ത പിതൃവ്യപുത്രൻ; അവർ എത്ര താഴെ തലമുറയിലാണെങ്കിലും ശരി, അടിമയെ മോചിപ്പിച്ച യജമാനൻ, അടിമയെ മോചിപ്പിച്ച യജമാനത്തി എന്നിവരാകുന്നു അസ്വബ ബിന്നഫ്‌സ്. ഇവരിൽ വല്ലവരും തനിച്ചായാൽ അവന് മുഴുവൻ സ്വത്തും സിദ്ധിക്കും. അവർ അംശാവകാശികളോടൊപ്പമായാൽ നിശ്ചിത ഓഹരി കഴിച്ച് ശേഷിക്കുന്നത് അവരെടുക്കും. ഒന്നും ശേഷിച്ചില്ലെങ്കിൽ അവർ ഒഴിവാക്കപ്പെടും.

2. അസ്വബ ബിൽഗയ്ർ: (മറ്റൊരു ബന്ധുവിന്റെ അവകാശത്താൽ മാത്രം ശിഷ്ടാവകാശിയായിത്തീരു ന്നവർ).

മകൾ, മകന്റെ മകൾ, പൂർണ സഹോദരി, പിതാവിലൊത്ത സഹോദരി എന്നിവരിൽ ഓരോരുത്തരും തന്റെ സഹോദരനോടൊപ്പം അസ്വബയാണ്. മകന്റെ മകളെ അവളുടെ പദവിയിലുള്ള മകന്റെ മകൻ അസ്വബയാക്കും. അവളുടെ നേരിട്ടുള്ള സഹോദരനും അവളുടെ പിതൃവ്യപുത്രനും അവൾക്ക് ആവശ്യമായാൽ അവളുടെ താഴെ പരമ്പരയിലുള്ള മകന്റെ മകനും ഒരുപോലെ അവളെ അസ്വബയാക്കും. എന്നാൽ സഹോദരന്റെ പുത്രന്മാർ, പിതൃവ്യന്മാർ, പിതൃവ്യപുത്രന്മാർ തുടങ്ങിയുള്ള ആണുങ്ങളോടൊപ്പം അവരുടെ സഹോദരിമാർ യാതൊന്നും അനന്തരമെടുക്കുകയില്ല.

3. അസ്വബ മഅൽഗയ്ർ (മറ്റു ബന്ധുവിന്റെ കൂടെ മാത്രം ശിഷ്ടാവകാശികളാകുന്നവർ).

മാതാപിതാക്കളിലൊത്ത സഹോദരിമാർ പെൺമക്കളോടൊപ്പവും മകന്റെ പെൺമക്കളോടൊപ്പവും രണ്ടോ രണ്ടിൽ കൂടുതലോ അസ്വബക്കാർ ഒന്നിച്ചാലുമാണ് ഇത്. ജിഹത്തിലും (പരേതനുമായുള്ള ബന്ധത്തിലെ താവഴി) ക്വുവ്വത്തിലും(പരേതനുമായുള്ള ബന്ധത്തിലെ ശക്തി) ദറജയിലും (പരേതനുമായുള്ള ബന്ധത്തിലെ പദവി) അസ്വബക്കാർ തുല്യരായാൽ അനന്തരാവകാശത്തിൽ അവർ പങ്കാളികളാകും. ആൺമക്കൾ, സഹോദരങ്ങൾ എന്നിവർ ഉദാഹരണം. ജിഹത്തിൽ (പരേതനുമായുള്ള ബന്ധത്തിലെ താവഴി) അവർ വ്യത്യാസപ്പെട്ടാൽ ശക്തനായവൻ ദുർബലനെക്കാൾ മുന്തിപ്പിക്കപ്പെടും. പുത്രൻ, പിതാവ് എന്നിവർ ഉദാഹരണം. ജിഹത്തിൽ തുല്യരാവുകയും ദറജയിൽ (പരേതനുമായുള്ള ബന്ധത്തിലെ പദവി) വ്യത്യാസപ്പെടുകയും ചെയ്താൽ ദറജയിൽ അടുത്തവർ മുന്തിപ്പിക്കപ്പെടും. മകൻ, മകന്റെ മകൻ എന്നിവർ ഉദാഹരണം. ജിഹത്തിലും ദറജയിലും ഒന്നിക്കുകയും ക്വുവ്വത്തിൽ (പരേത നുമായുള്ള ബന്ധത്തിലെ ശക്തി) വ്യത്യാസപ്പെടുകയും ചെയ്താൽ ഏറ്റവും ശക്തൻ ദുർബലനെക്കാൾ മുന്തിപ്പിക്കപ്പെടും. പൂർണസഹോദരനൊപ്പം പിതാവിലൊത്ത സഹോദരൻ ഉദാഹരണം.

(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം)