എന്താണ് മഹ്ർ?
അബ്ദുൽ ജബ്ബാർ മദീനി
2025 ജൂലൈ 26, 1447 മുഹറം 30

5. നികാഹിൽ മഹ്ർ പറയൽ
വിവാഹ ഉടമ്പടിയിൽ മഹ്ർ നിർണയിക്കലും പറയലും സുന്നത്താകുന്നു. കാരണം തിരുനബിﷺ ഒരു നികാഹും മഹർ പറയാതെ ഒഴിവാക്കിയിട്ടില്ല. മാത്രവുമല്ല ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഉണ്ടായേക്കാവുന്ന തർക്കങ്ങളുടെയും പ്രശ്‌നങ്ങളുടെയും കവാടം കൊട്ടിയടക്കലുമാണ് മഹ്ർ പറയുന്നതിലുള്ളത്.
6. മഹ്‌റിന്റെ നിബന്ധനകകൾ
ഉടമപ്പെടുത്തലും വ്യാപരിക്കലും ഉപകാരമെടുക്കലും അനുവദനീയമായ മൂല്യമുള്ളതും അനുവദനീയവുമായ സ്വത്തായിരിക്കണം മഹ്ർ. അതിനാൽതന്നെ മദ്യം, പന്നി, അറിഞ്ഞുകൊണ്ടുള്ള കൊള്ളസ്വത്ത് എന്നിവ മഹ്‌റായി അനുവദനീയമല്ല. മഹ്ർ വഞ്ചനയിൽനിന്ന് സുരക്ഷിതമായിരിക്കണം. അതിനാൽ അത് അറിയപ്പെടുകയും നിർണയിക്കപ്പെടുകയും വേണം. നിർണിതമല്ലാത്ത വീട്, നിരുപാധികമായ വാഹനം, നിരുപാധികം വൃക്ഷം വിളയിക്കുന്ന ഫലം, ഈ വർഷത്തെ ഫലം തുടങ്ങി അജ്ഞമായത് മഹ്‌റായി സാധുവാകുകയില്ല. അറിയപ്പെട്ട ഒരു വസ്തു, കടം, പ്രയോജനം തുടങ്ങിയുള്ള കൂലിയാകുവാനും വിലയാകുവാനും പറ്റുന്ന എല്ലാം മഹ്‌റായി സാധുവാകുന്നതാണ്.
7. മഹ്ർ റൊക്കമാക്കലും അവധിവെക്കലും
നാട്ടുപതിവും സമ്പ്രദായങ്ങളുമനുസരിച്ച് മഹ്ർ മുഴുവനായോ അല്ലെങ്കിൽ ഭാഗികമായോ വേഗത്തിൽ നൽകലും അവധിവെച്ചു നൽകലും അനുവദനീയമാണ്. അവധി മോശമാംവിധം അജ്ഞമാകുകയും കാലപരിധി അതിവിദൂരമാവുകയുമരുത് എന്ന നിബന്ധനയുള്ളതോടൊപ്പമാണിത്. കാരണം വിദൂരമായ കാലപരിധി മഹ്ർ നഷ്ടപ്പെടാൻ അവസരം സൃഷ്ടിക്കലാണ്.
മഹ്ർ അമിതമാക്കുന്നതിന്റെ വിധി
താഴെ വരുന്ന തെളിവുകളുടെ വെളിച്ചത്തിൽ മഹ്ർ അമിതമാക്കാതിരിക്കൽ പ്രതിഫലാർഹമാകുന്നു:
1. ആഇശ(റ)യിൽനിന്നു നിവേദനം, തിരുനബിﷺ പറഞ്ഞു: “ഒരു സ്ത്രീയുമായുള്ള വിവാഹം എളുപ്പമാകുക എന്നതും മഹ്ർ കുറയുക എന്നതും അവളുടെ ബറകത്താണ്.’’
2. ഉമർ(റ) പറഞ്ഞതായി നിവേദനം: “സ്ത്രീകളുടെ മഹ്‌റിൽ നിങ്ങൾ അമിതമാക്കരുത്. കാരണം മഹ്ർ അമിതമാക്കൽ ദുൻയാവിൽ ആദരണീയവും അല്ലാഹുവിങ്കൽ തക്വ്‌വയുമായിരുന്നുവെങ്കിൽ അല്ലാഹുവിന്റെ തിരുദൂതനായിരുന്നു അമിതമായ മഹ്‌റിന് യോഗ്യൻ. പന്ത്രണ്ട് ഊക്വിയയെക്കാൾ തന്റെ പെൺമക്കളിൽ ഒരാൾക്കും മഹ്ർ നൽകപ്പെടുകയോ തിരുദൂതർﷺ തന്റെ ഭാര്യമാരിൽ ഒരാൾക്കും മഹ്ർ നൽകുകയോ ചെയ്തിട്ടില്ല. ഒരാൾ തന്റെ ഭാര്യയുടെ മഹ്ർ അമിതമാക്കുകയും അയാളുടെ മനസ്സിൽ അവൾക്കുനേരെ ശത്രുത ഉടലെടുക്കുകയും അയാൾ പറയുകയും ചെയ്യും: തോൽസഞ്ചി കെട്ടുന്ന കയറുവരെ നിനക്കുവേണ്ടി ഞാൻ ചെലവഴിച്ചുപോയി.’’
3. അബൂസലമ(റ)യിൽനിന്ന് നിവേദനം: “അല്ലാഹുവിന്റെ തിരുദൂതർﷺ പത്‌നിമാർക്ക് നൽകിയിരുന്ന മഹ്‌റിനെ കുറിച്ച് ഞാൻ ആഇശ(റ)യോടു ചോദിച്ചു. അവർ പറഞ്ഞു: ‘പന്ത്രണ്ട് ഊക്വിയയും ഒരു നശ്ശുമായിരുന്നു.’ അവർ ചോദിച്ചു: ‘നശ്ശ് എന്നാൽ എന്താണെന്നറിയുമോ?’ ഞാൻ പറഞ്ഞു: ‘ഇല്ല.’ അവർ പറഞ്ഞു: ‘അര ഊക്വിയയാണ്.’’
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം)

