കച്ചവടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

2025 ഫെബ്രുവരി 01, 1446 ശഅ്ബാൻ 03

വിരോധിക്കപ്പെട്ട കച്ചവടങ്ങൾ

യുക്തിജ്ഞനും നിയാമകനുമായ അല്ലാഹു ചില കച്ചവടങ്ങളെ വിരോധിച്ചു. നിർബന്ധമായ ഒരു ആരാധന നിർവഹിക്കുന്നതിനെ തൊട്ട് വ്യാപൃതമാക്കുന്നതുപോലെ, കച്ചവടത്തെ തുടർന്ന് പരമപ്രധാനമായത് പാഴാക്കലും അല്ലെങ്കിൽ കച്ചവടത്തെ തുടർന്ന് മറ്റുള്ളവർക്ക് ഉപദ്രവങ്ങൾ ഏൽപിക്കലും ഉണ്ടായാലാണത്. വിരോധിക്കപ്പെട്ട അത്തരം കച്ചവടങ്ങളിൽ പെട്ടതാണ് താഴെ പറയുന്നവ:

1. വെള്ളിയാഴ്ച ജുമുഅ തുടങ്ങാനുള്ള ബാങ്കിനു ശേഷമുള്ള ക്രയവിക്രയങ്ങൾ.

ജുമുഅ നമസ്‌കാരം നിർബന്ധമായവരിൽനിന്ന് ബാങ്കിനു ശേഷമുള്ള ക്രയവിക്രയങ്ങൾ സാധുവാകുകയില്ല. അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്‌കാരത്തിന് വിളിക്കപ്പെട്ടാൽ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങൾ വേഗത്തിൽ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക’’ (ക്വുർആൻ 62:9).

ഈ സമയത്ത് കച്ചവടം നടത്തുന്നത് അല്ലാഹു വിരോധിച്ചു. ഇടപാട് നിഷിദ്ധമെന്നും സാധുവല്ലെന്നു മാണ് ഈ വിരോധം തേടുന്നത്.

2. അല്ലാഹുവിനു ധിക്കാരം പ്രവർത്തിക്കുവാൻ ഉപയോഗിക്കുന്നവർക്ക്, അല്ലെങ്കിൽ നിഷിദ്ധങ്ങളിൽ ഉപയോഗിക്കുന്നവർക്ക് അതിനുള്ള വസ്തുക്കളെ വിൽക്കൽ.

പഴച്ചാറുകൊണ്ട് മദ്യം ഉണ്ടാക്കുന്നവന് പഴങ്ങൾ വിൽക്കലും പാത്രങ്ങൾകൊണ്ടു മദ്യം സേവിക്കു ന്നവന് പാത്രം വിൽക്കലും ഫിത്‌നയുടെ സമയത്ത് മുസ്‌ലിംകൾക്കിടയിൽ ആയുധങ്ങൾ വിൽക്കലും സാധുവല്ല. അല്ലാഹു പറഞ്ഞു: “പുണ്യത്തിലും ധർമനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്’’ (ക്വുർആൻ 5:2).

3. സഹോദരനു വിറ്റത് ദുർബലപ്പെടുത്തിക്കൊണ്ട് വിൽപന നടത്തൽ.

ഒരു വസ്തു പത്തു രൂപക്ക് വാങ്ങിയവനോട് ഇതുപോലെയുള്ളത് ഇതിനെക്കാൾ കുറഞ്ഞനിരക്കിൽ ഞാൻ തരാം, അല്ലെങ്കിൽ ഈ വിലയ്ക്ക് ഇതിനെക്കാൾ മുന്തിയ സാധനം ഞാൻ തരാം എന്നു പറയുന്നതുപോലെ. തിരുദൂതർﷺ പറഞ്ഞു: “നിങ്ങളിൽ ചിലർ ചിലർക്കു വിറ്റത് ദുർബലപ്പെടുത്തി ക്കൊണ്ട് തന്റെ ചരക്ക് വിൽക്കരുത്.’’

4. അശ്ശിറാഅ് അലശ്ശിറാഅ്

വാങ്ങുന്നവനും വിൽക്കുന്നവനും ഒരു വില പറഞ്ഞ് ഉറപ്പിച്ച ശേഷം വസ്തു വിറ്റവനോട്, നീ കച്ചവടം അസാധുവാക്കുക; ഞാൻ കൂടുതൽ വിലയ്ക്ക് നിന്നോടത് വാങ്ങാം എന്നു പറയുന്നതുപോലെ. മുകളിൽ ഉദ്ധരിച്ച ഹദീസിൽ വന്ന നിരോധത്തിൽ ഈ രൂപവും ഉൾപെടുന്നു.

5. ബയ്ഉൽ ഈനഃ

അതിന്റെ രൂപം: ഒരു വ്യക്തി നിർണിത വിലയ്ക്ക് ഒരു വസ്തു അവധി വെച്ച് മറ്റൊരു വ്യക്തിക്ക് വിൽക്കുകയും ശേഷം അതു വിറ്റവൻ വാങ്ങിയവനിൽനിന്ന് കുറഞ്ഞ വിലയ്ക്ക് റൊക്കം പണം കൊടുത്ത് വാങ്ങുകയും അവധിയെത്തിയാൽ വാങ്ങിയവൻ ആദ്യം നിശ്ചയിച്ച വില നൽകുകയും ചെയ്യുക. ഉദാഹരണമായി, അയാൾ ഒരു വർഷ ശേഷം അമ്പതിനായിരം നൽകണമെന്ന നിലയ്ക്ക് ഒരു ഭൂമി വിൽക്കുന്നു. ശേഷം അയാൾ നാൽപതിനായിരം റൊക്കം പണം നൽകി വാങ്ങിയവനിൽനിന്ന് ഭൂമി തിരികെ വാങ്ങുന്നു. വർഷം തികയുമ്പോൾ നൽകേണ്ടവിധം വാങ്ങിയവന്റെ ഉത്തരവാദിത്തത്തിൽ അമ്പതിനായിരം ശേഷിക്കുന്നു. വാങ്ങുന്നവൻ ചരക്കിന്റെ സ്ഥാനത്ത് റൊക്കം പണം സ്വീകരിക്കുന്നു എന്നതിനാലാണ് ഈ ഇടപാടിന് ഈനഃ എന്നു പേരുവെക്കപ്പെട്ടത്. പലിശയിലേക്ക് എത്തിച്ചേരുവാനുള്ള തന്ത്രമാണെന്നതിനാൽ ഈ കച്ചവടം ഹറാമാക്കപ്പെട്ടിരിക്കുന്നു.

ഇബ്‌നു ഉമറി(റ)ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ തിരുദൂതർﷺ പറഞ്ഞു: “നിങ്ങൾ ഈനഃ കച്ചവടത്തിൽ ഏർപ്പെടുകയും പശുക്കളുടെ വാലിൽ പിടിച്ചു തൂങ്ങുകയും കൃഷികൊണ്ടു(മാത്രം) സംതൃപ്തരാവുകയും ജിഹാദ് ഉപേക്ഷിക്കുകയുമായാൽ അല്ലാഹു നിങ്ങളിൽ നിന്ദ്യത അടിച്ചേൽപിക്കു ന്നതാണ്; നിങ്ങൾ മതത്തിലേക്ക് മടങ്ങുന്നതുവരെ അവൻ അതിനെ ഉയർത്തുകയില്ല.’’

6. ചരക്ക് കൈകൊള്ളുന്നതിനു മുമ്പ് വിൽപന നടത്തൽ.

ഉദാഹരണം: ഒരാൾ മറ്റൊരാളിൽനിന്ന് ഒരു ചരക്ക് വാങ്ങി, അത് കൈപ്പറ്റുകയും ഉടമസ്ഥതയിലാക്കുകയും ചെയ്യുന്നതിനുമുമ്പ് അതിനെ വിൽപന നടത്തുക.

അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം. തിരുനബിﷺ പറഞ്ഞു: “വല്ലവനും ഭക്ഷണം വാങ്ങിയാൽ അത് കൈപ്പറ്റുന്നതുവരെ അത് വിൽക്കരുത്.’’

സെയ്ദ് ഇബ്‌നു സാബിതി(റ)ൽനിന്ന് നിവേദനം: “കച്ചവടക്കാർ ചരക്കുകൾ അവരുടെ സ്ഥലങ്ങളിലേക്കു കൊണ്ടുപോകാതെ വാങ്ങിയേടത്തു വെച്ചുതന്നെ വിൽക്കുന്നതു തിരുദൂതർ നിരോധിച്ചിരി ക്കുന്നു.’’ അതിനാൽ വല്ലവനും വല്ലതും വാങ്ങിയാൽ അത് പൂർണമായി കൈപ്പറ്റുന്നതുവരെ വിൽക്കുവാൻ പാടുള്ളതല്ല.

7. വിളവ് ഉറപ്പാകുന്നതിനുമുമ്പ് ഫലങ്ങളുടെ വിൽപന.

ഫലങ്ങൾ കൈകൊള്ളുന്നതിനു മുമ്പ് അവയ്ക്കു നാശം ഭവിക്കുമെന്നും കേടുപാട് നേരിടുമെന്നുമുള്ള ഭയത്താൽ ഫലങ്ങളുടെ നിലനിൽപ് വ്യക്തമാകുന്നതിനുമുമ്പ് അവ വിൽക്കുന്നത് അനുവദനീയമല്ല. അനസി(റ)ൽനിന്നു നിവേദനം. തിരുദൂതർﷺ പറഞ്ഞു: “അല്ലാഹു ഫലം തടഞ്ഞാൽ തന്റെ സഹോദരന്റെ സമ്പത്ത് എങ്ങനെയാണ് നിങ്ങളിലൊരാൾ വസൂലാക്കുന്നത്?’’

ഇബ്‌നു ഉമറി(റ)ൽനിന്നു നിവേദനം: “ഫലങ്ങളുടെ നിലനിൽപ്പ് വ്യക്തമാകുന്നതുവരെ ഫലങ്ങൾ വിൽക്കുന്നത് അല്ലാഹുവിന്റെ തിരുദൂതർﷺ വിരോധിച്ചു. വിൽക്കുന്നതിനെയും വാങ്ങുന്നതിനെയും തിരുമേനി വിരോധിക്കുകയുണ്ടായി.’’

ഈത്തപ്പഴങ്ങൾക്ക് മഞ്ഞയും ചുവപ്പും വർണം വരിക, മുന്തിരി കറുക്കുകയും അതിൽ മധുരം പ്രകടമാവുകയും ചെയ്യുക, ധാന്യം ഉറക്കുകയും ഉണങ്ങുകയും ചെയ്യുക... ഇതുപോലെ ഇതര ഫലങ്ങളിലും അവയുടെ നിലനിൽപ്പ് വ്യക്തമാകുന്നത് അറിയപ്പെടും.

8. നജശ്.

വിൽപനയ്ക്ക് വെച്ച ചരക്ക് വാങ്ങുവാനുദ്ദേശമില്ലാതെ അതിന്റെ വില കൂട്ടിപ്പറയലാണ് നജശ്. ചരക്കിന്റെ വിഷയത്തിൽ ഇതരരെ (ഉപഭോക്താവിനെ) പറ്റിക്കുവാനും അതിൽ താൽപര്യം ജനിപ്പി ക്കുവാനും അതിന്റെ വില ഉയർത്തുവാനും മാത്രമാണ് അയാളത് ചെയ്യുന്നത്.

ഇബ്‌നു ഉമറി(റ)ൽനിന്നു നിവേദനം: “അല്ലാഹുവിന്റ തിരുദൂതർﷺ നജശിനെ വിരോധിച്ചു.’’

(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം).