അനന്തരാവകാശ നിയമങ്ങൾ

വിവ: അബ്ദുൽ ജബ്ബാർ മദീനി

2025 മെയ് 31, 1446 ദുൽഖഅദ് 29

ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനങ്ങളിലൊന്നാകുന്നു അനന്തരാവകാശ നിയമ വിജ്ഞാനം. അതിനാൽ അതിനെ ശ്രദ്ധാപൂർവം അറിയലും അഭ്യസിക്കലും മുസ്‌ലിംകളുടെമേൽ നിർബന്ധമാകുന്നു. കാരണം ആവശ്യകത അത് തേടുന്നുണ്ട്.

ഈ വിജ്ഞാനത്തിന് ‘ഫറാഇദ്’(ِفَرَائِض) എന്നു പേരുവെക്കപ്പെട്ടിരിക്കുന്നു. ഫരീദത്തിന്റെ(فَرِيضِة) ബഹുവചനമാണ് ഫറാഇദ്. അത് ‘ഫറ്ദി’ൽ(فَرْض)നിന്ന് എടുക്കപ്പെട്ടതാണ്. ‘നിശ്ചയിക്കുക’ എന്നാണ് അതിന്റെ അർഥം. അല്ലാഹു പറഞ്ഞതുപോലെ:

“നിങ്ങൾ നിശ്ചയിച്ചതിന്റെ പകുതി (നിങ്ങൾ നൽകേണ്ടതാണ്)’’ (ക്വുർആൻ 2: 237). അഥവാ നിങ്ങൾ ക്വദ്‌റാക്കിയത് (നിശ്ചയിച്ചത്). അവകാശിക്കു മതപരമായി നിശ്ചയിക്കപ്പെട്ട വിഹിതമാകുന്ന മതത്തിന്റെ ഭാഷയിൽ ഫറ്ദ്.

‘ഇൽമുൽഫറാഇദ്’(عِلْمُ الْفَرَائِض) എന്നാൽ അനന്തരാവകാശത്തിന്റെ മതവിധികൾ അറിയുക, അനന്തരസ്വത്ത് വീതിക്കുന്നതിനുള്ള കണക്കറിയുക തുടങ്ങിയുള്ള വിജ്ഞാനമാകുന്നു. മീറാസിന്റെ ബഹുവചനമാകുന്നു മവാരീസ്. മയ്യിത്തിൽനിന്ന് അനന്തരമാക്കപ്പെടുന്നതും അനന്തരാവകാശിക്ക് നൽകപ്പെടുന്നതുമായ അവകാശമാണ് ‘മീറാസ്’ (مِيرَاث).

അനന്തര സ്വത്തുകളുടെ വിഷയം ശ്രദ്ധിക്കൽ മുസ്‌ലിമിനു നിർബന്ധമാണ്. മതപരമായ അതിന്റെ നിലപാടിനു മാറ്റം വരുത്തുന്ന കൈക്രിയകൾ അവനതിൽ ചെയ്യുവാൻ പാടുള്ളതല്ല. അങ്ങനെയായാൽ അനന്തരാവകാശിയല്ലാത്തവൻ അനന്തരമെടുക്കുകയും അനന്തരാവകാശി തന്റെ അവകാശത്തിൽനിന്ന് മൊത്തമായോ അല്ലെങ്കിൽ ഭാഗികമായോ തടയപ്പെടുകയും ചെയ്യും. അതിനാൽ അയാൾ അല്ലാഹുവിന്റെ കോപത്തിനും ശിക്ഷക്കും സ്വന്തത്തെ വിധേയമാക്കുകയാണ് ചെയ്യുന്നത്.

അവകാശങ്ങൾ

അനന്തരസ്വത്തുമായി ബന്ധപ്പെട്ട അവകാശങ്ങൾ: മയ്യിത്ത് വിട്ടേച്ചുപോകുന്ന സമ്പത്തുകൾ, വസ്തുവകകൾ, അവകാശങ്ങൾ എന്നിവയാണ് ‘തരികത്ത്’ (تَرِكَة) അഥവാ (അനന്തരസ്വത്ത്). മയ്യിത്തിന്റെ അനന്തരസ്വത്തുമായി നാല് അവകാശങ്ങൾ ബന്ധപ്പെടുന്നു.

ഒന്ന്) ജനാസ സംസ്‌കരണ ചെലവുകൾ: കഫൻതുണി, സുഗന്ധദ്രവ്യം എന്നിവയുടെ വില, മറവ് ചെയ്യുവാനും കുളിപ്പിക്കുവാനുമുള്ള കൂലി തുടങ്ങിയവ.

രണ്ട്) കടബാധ്യതകൾ: സകാത്ത്, ഫിത്വ‌്‌ർ സകാത്ത്, കഫ്ഫാറത്ത്, നേർച്ച തുടങ്ങിയ, അല്ലാഹുവിനോടുള്ള ബാധ്യതകൾ മുന്തിപ്പിക്കപ്പെടും. ശേഷം മനുഷ്യരുടെ കടങ്ങൾ.

മൂന്ന്) വസ്വിയ്യത്തുകൾ നടപ്പിലാക്കുക: ആകെ സ്വത്തിന്റെ മൂന്നിലൊന്നിന്റെ പരിധിയിലോ അതിൽ താഴെയോ ആയിരിക്കണമെന്ന നിബന്ധനയോടെയാണിത് നടപ്പിലാക്കുക.

നാല്) ഇർസ്: ശേഷിക്കുന്ന സ്വത്ത് പരേതന്റെ അനന്തരാവകാശികൾക്കിടയിൽ മതചിട്ടയനുസരിച്ച് വീതിക്കപ്പെടും.

മരണപ്പെട്ടവന്റെ സ്വത്ത് അവന്റെ കാലശേഷം ജീവിച്ചിരിക്കുന്നവനിലേക്ക്, വിശുദ്ധക്വുർആനിലും തിരുസുന്നത്തിലും വന്നതിനനുസരിച്ച് നീങ്ങുന്നതിനാണ് ഇർസ് എന്നു പറയുന്നത്.

തരികത്തുമായി ചിലപ്പോൾ പരേതന്റെ ജീവിതാവസ്ഥയിൽതന്നെ മറ്റുള്ളവർക്കുള്ള അവകാശങ്ങൾ ബന്ധപ്പെട്ടെന്നിരിക്കും. വസ്തുവകയായുള്ള അവകാശങ്ങളത്രെ അത്. ചരക്ക് സ്വീകരിച്ചതിൽ വ്യാപാരിക്കുള്ള അവകാശവും പണയ വസ്തുവിൽ പണയക്കാരനുള്ള അവകാശവും പോലെ. മയ്യിത്തിന്റെ ജനാസ സംസ്‌കരണ ചെലവുകളെക്കാൾ ഈ അവകാശം മുന്തിപ്പിക്കേണ്ടതാണ്. തരികത്താകുന്നതിനു മുമ്പുതന്നെ ഈ അവകാശങ്ങൾ മയ്യിത്തിന്റെ സ്വത്തുമായി ബന്ധപ്പെടുന്നതിനാലാണത്.

അനന്തരാവകാശ കാരണങ്ങൾ

അനന്തരാവകാശിയാകുന്ന തിന്റെ കാരണങ്ങൾ മൂന്നാകുന്നു:

ഒന്ന്: വിവാഹബന്ധം. വലിയ്യിന്റെയും രണ്ടു സാക്ഷികളുടെയും സാന്നിധ്യത്തിലുള്ള സാധുവായ വൈവാഹിക ഉടമ്പടിയാണത്. ദമ്പതികൾക്കിടയിൽ ലൈംഗിക ബന്ധവും ഒഴിഞ്ഞിരിക്കലും സംഭവിച്ചില്ലെങ്കിലും ശരി. വിശുദ്ധ ക്വുർആൻ വചനത്തിന്റെ പൊതുതാൽപര്യമറിയിക്കുന്നത് അതാണ്: “നിങ്ങളുടെ ഭാര്യമാർ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങൾക്കാകുന്നു’’ (ക്വുർആൻ 4:12).

രണ്ട്: നസബ് അഥവാ മയ്യിത്തിന്റെ കുടുംബബന്ധം. ഉസ്വൂലും ഫുറൂഉം ഹവാശിയും അത് ഉൾകൊള്ളുന്നു.

ഉസ്വൂൽ: അവർ പിതാക്കളും യഥാർഥ പിതാമഹന്മാരുമാണ്. അവർ ആൺശൃഖലയായി എത്ര മേൽപ്പോട്ടായാലും ശരി.

ഫുറൂഅ്: അവർ മക്കളും ആൺമക്കളുടെ മക്കളുമാണ്. അവർ എത്ര കീഴ്‌പോട്ടായാലും ശരി.

ഹവാശീ: അവർ സഹോദരങ്ങളും അവരുടെ മക്കളുമാണ്; അവർ എത്ര കീഴ്‌പോട്ടായാലും ശരി. പിതൃസഹോദരന്മാരുമാണ്; അവർ എത്ര മേൽപ്പോട്ടായാലും ശരി. പിതൃസഹോദരങ്ങളുടെ മക്കളുമാണ്; അവർ എത്ര കീഴ്‌പോട്ടായാലും ശരി.

മൂന്ന്: വലാഅ്. വിമോചിതനായ അടിമയോട് യജമാനനുള്ള ബന്ധമാണത്. അടിമക്ക് മോചനമേകിക്കൊണ്ട് യജമാനൻ ചെയ്ത അനുഗ്രഹമാണതിന്റെ കാരണം. അടിമ യജമാനനെ അനന്തരമെടുക്കുകയില്ല എന്നതിൽ ഏകാഭിപ്രായമുണ്ട്. ആയതിനാൽ അനന്തരമെടുക്കുന്നതിന്റെ കാരണങ്ങൾ മൂന്നിൽ പരിമിതപ്പെടുന്നു. നസബ്, സ്വഹീഹായ നികാഹ്, വലാഅ് എന്നിവയാണത്.

3. അനന്തരാവകാശത്തെ തടയുന്ന കാര്യങ്ങൾ

അനന്തരമെടുക്കുന്നതിനെ നിഷേധിക്കുന്ന കാര്യങ്ങൾ മൂന്നാകുന്നു. അവ താഴെ കൊടുക്കുന്നു:

1. വധം: നിഷിദ്ധവും ബോധപൂർവവുമായ കൊലപാതകം അനന്തരസ്വത്ത് നിഷേധിക്കുന്ന കാര്യങ്ങളിൽ പെട്ടതാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട്. അനന്തരാവകാശി അനന്തരമെടുക്കപ്പെടുന്നവനെ അന്യായമായി കൊന്നാൽ ഘാതകൻ അനന്തരമെടുക്കുകയില്ല. തിരുനബിﷺ പറഞ്ഞു: “കൊന്നവന് (കൊല്ലപ്പെട്ടവന്റെ) അനന്തരസ്വത്തിൽ യാതൊരു അവകാശവുമില്ല.’’

2.അനന്തരമെടുക്കപ്പെടുന്നവന്റെയും അനന്തരാവകാശിയുടെയും മതപരമായ ഭിന്നത. അത് അനന്തരസ്വത്തിൽനിന്ന് തടയും. തിരുനബിﷺ പറഞ്ഞു: “കാഫിർ മുസ്‌ലിമിനെയോ മുസ്‌ലിം കാഫിറിനെയോ സ്വത്തിൽ അനന്തരമെടുക്കുകയില്ല.’’

അനന്തരാവകാശികൾ

അവകാശികൾ രണ്ടു തരക്കാരാകുന്നു; പുരുഷവർഗവും സ്ത്രീവർഗവും. പുരുഷന്മാരിൽ അവകാശികൾ പത്തുപേരാകുന്നു:

1,2. മകൻ, മകന്റെ മകൻ: ഈ ക്രമത്തിൽ എത്രയും കീഴ്‌പോട്ട്.

അല്ലാഹു പറഞ്ഞു: “നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് നിർദേശം നൽകു ന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്’’ (ക്വുർആൻ 4:11).

3,4. പിതാവ്, പിതാവിന്റെ പിതാവ്: ഈ ക്രമത്തിൽ എത്രയും മേൽപോട്ട്. പ്രപിതാവ്, പിതാമഹന്റെ പിതാവ് തുടങ്ങി യഥാർഥ പിതാമഹന്മാർ. അല്ലാഹു പറഞ്ഞു: “മരിച്ചയാൾക്കു സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കളിൽ ഓരോരുത്തർക്കും അയാൾ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്’’ (ക്വുർആൻ 4:11).

5.സഹോദരങ്ങൾ: അവർ ഏതു നിലയ്ക്കായാലും ശരി. മാതാപിതാക്കളിലൊത്ത സഹോദരനായാലും (പൂർണ സഹോദരൻ) പിതാവിലൊത്ത സഹോദരനായാലും മാതാവിലൊത്ത സഹോദരനായാലും ശരി. അല്ലാഹു പറഞ്ഞു:

“അതായത് ഒരാൾ മരിച്ചു; അയാൾക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കിൽ അയാൾ വിട്ടേച്ചു പോയതിന്റെ പകുതി അവൾക്കുള്ളതാണ്. ഇനി (സഹോദരി മരിക്കുകയും) അവൾക്ക് സന്താനമില്ലാതിരി ക്കുകയുമാണെങ്കിൽ സഹോദരൻ അവളുടെ (പൂർണ) അവകാശിയായിരിക്കും’’ (ക്വുർആൻ 4:176).

അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും അയാൾക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയുംചെയ്താൽ അവരിൽ (ആ സഹോദരസഹോദരിമാരിൽ) ഓരോരുത്തർക്കും ആറിൽ ഒരംശം ലഭിക്കുന്നതാണ്’’ (ക്വുർആൻ 4:12).

6. പൂർണ സഹോദര പുത്രൻ, പിതാവിലൊത്ത സഹോദരപുത്രൻ: എന്നാൽ മാതാവിലൊത്ത സഹോദരപുത്രൻ അനന്തരമെടുക്കുകയില്ല. കാരണം അവൻ ദവുൽഅർഹാമാണ് (ഓഹരി നിശ്ചയിക്കാത്തവരും അസ്വബക്കാരല്ലാത്തവരുമായ ബന്ധുക്കൾ).

7, 8. ഉറ്റ പിതൃവ്യൻ, പിതാവിലൊത്ത പിതൃവ്യൻ, ഉറ്റ പിതൃവ്യപുത്രൻ, പിതാവിലൊത്ത പിതൃവ്യപുത്രൻ: എന്നാൽ മാതാവിലൊത്ത പിതൃവ്യപുത്രൻ ദവുൽഅർഹാമിൽ പെട്ടതാകയാൽ അവൻ അനന്തരമെടുക്കുകയില്ല.

9. ഭർത്താവ്: അല്ലാഹു പറഞ്ഞു: “നിങ്ങളുടെ ഭാര്യമാർ വിട്ടേച്ചുപോയ ധനത്തിന്റെ പകുതി നിങ്ങൾക്കാകുന്നു’’ (ക്വുർആൻ 4:12).

സ്ത്രീകളിൽ അനന്തരാവകാശികൾ ഏഴുപേരാകുന്നു:

1,2. മകൾ, മകന്റെ മകൾ: ഈ ക്രമത്തിൽ അവളുടെ പിതാവ് എത്ര കീഴ്‌പോട്ടായാലും ശരി. അല്ലാഹു പറഞ്ഞു: “നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തിൽ അല്ലാഹു നിങ്ങൾക്ക് നിർദേശം നൽകുന്നു; ആണിന് രണ്ട് പെണ്ണിന്റെതിന് തുല്യമായ ഓഹരിയാണുള്ളത്. ഇനി രണ്ടിലധികം പെൺമക്കളാണുള്ളതെങ്കിൽ (മരിച്ച ആൾ) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗമാണ് അവർക്കുള്ളത്. ഒരു മകൾ മാത്രമാണെങ്കിൽ അവൾക്ക് പകുതിയാണുള്ളത്’’ (ക്വുർആൻ 4:11).

3. മാതാവ്: അല്ലാഹു പറഞ്ഞു: “മരിച്ച ആൾക്കു സന്താനമുണ്ടെങ്കിൽ അയാളുടെ മാതാപിതാക്കളിൽ ഓരോരുത്തർക്കും അയാൾ വിട്ടേച്ചുപോയ സ്വത്തിന്റെ ആറിലൊന്നുവീതം ഉണ്ടായിരിക്കുന്നതാണ്. ഇനി അയാൾക്ക് സന്താനമില്ലാതിരിക്കുകയും മാതാപിതാക്കൾ അയാളുടെ അനന്തരാവകാശികളായിരിക്കുകയു

മാണെങ്കിൽ അയാളുടെ മാതാവിന് മൂന്നിലൊരു ഭാഗം ഉണ്ടായിരിക്കും. ഇനി അയാൾക്ക് സഹോദരങ്ങളു ണ്ടായിരുന്നാൽ അയാളുടെ മാതാവിന് ആറിലൊന്നുണ്ടായിരിക്കും’’ (ക്വുർആൻ 4:11).

4. ജദ്ദഃ (പിതാമഹി, മാതാമഹി): അവർക്ക് തിരുനബിﷺ ആറിലൊന്ന് സ്വത്തുവിഹിതം നിശ്ചയിച്ചു. ബുറയ്ദ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

“തിരുനബിﷺ (പരേതന്) മാതാവ് ജീവിച്ചിരിക്കുന്നില്ലെങ്കിൽ ജദ്ദഃക്ക്(മാതാവിന്റെ മാതാവിന്) ആറിലൊന്ന് സ്വത്ത് നിശ്ചയിച്ചു.’’ അപ്പോൾ പിതാമഹിയും മാതാമഹിയും അനന്തരമെടുക്കും; മാതാവ് ഉണ്ടാകുവാൻ പാടില്ലെന്ന നിബന്ധനയോടെ.

5. സഹോദരി.: പൂർണസഹോദരി, പിതാവിലൊത്ത സഹോദരി, മാതാവിലൊത്ത സഹോദരി എന്നിങ്ങനെ ഏതു നിലയ്ക്കാണെങ്കിലും ശരി. അല്ലാഹു പറഞ്ഞു: “അനന്തരമെടുക്കുന്ന പുരുഷനോ സ്ത്രീയോ പിതാവും മക്കളുമില്ലാത്ത ആളായിരിക്കുകയും അയാൾക്ക് (മാതാവൊത്ത) ഒരു സഹോദരനോ സഹോദരിയോ ഉണ്ടായിരിക്കുകയും ചെയ്താൽ അവരിൽ (ആ സഹോദരസഹോദരിമാരിൽ) ഓരോ രുത്തർക്കും ആറിൽ ഒരംശം ലഭിക്കുന്നതാണ്’’ (ക്വുർആൻ 4:12).

“അതായത് ഒരാൾ മരിച്ചു; അയാൾക്ക് സന്താനമില്ല; ഒരു സഹോദരിയുണ്ട്. എങ്കിൽ അയാൾ വിട്ടേച്ചു പോയതിന്റെ പകുതി അവൾക്കുള്ളതാണ്’’ (ക്വുർആൻ 4:176).

“ഇനി രണ്ട് സഹോദരികളാണുള്ളതെങ്കിൽ, അവൻ (സഹോദരൻ) വിട്ടേച്ചുപോയ സ്വത്തിന്റെ മൂന്നിൽ രണ്ടു ഭാഗം അവർക്കുള്ളതാണ്’’ (ക്വുർആൻ 4:176).

6. ഭാര്യ: അല്ലാഹു പറഞ്ഞു: “നിങ്ങൾ വിട്ടേച്ചുപോയ ധനത്തിൽനിന്ന് നാലിലൊന്നാണ് അവർക്ക് (ഭാര്യമാർക്ക്) ഉള്ളത്’’ (ക്വുർആൻ 4:12).

(അവസാനിച്ചില്ല)

(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം)