കച്ചവടത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിവ. അബ്ദുൽ ജബ്ബാർ മദീനി

2025 ജനുവരി 25, 1446 റജബ് 25

വിൽക്കുന്നവനും വാങ്ങുന്നവനുമെല്ലാം കച്ചവടം നടത്തുവാനും റദ്ദാക്കുവാനും അവകാശമുണ്ടാകലാണ് ‘ഖിയാർ’ എന്ന് നാം മനസ്സിലാക്കി. ഖിയാറിനു ചില വിഭജനങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ മനസ്സിലാക്കാം.

ഖിയാറിന്റെ വിഭജനങ്ങൾ

ഒന്ന്) ഖിയാറുൽമജ്‌ലിസ്: അന്യോന്യം ഇടപാട് നടക്കുന്ന സ്ഥലമാണത്. വിറ്റയാളും വാങ്ങിയയാളും ഇടപാടു നടന്ന സ്ഥലത്തുനിന്ന് പിരിഞ്ഞുപോകാത്ത കാലത്തോളം അവരോരുത്തർക്കും കച്ചവടം ഉറപ്പിക്കുവാനും ദുർബലമാക്കുവാനുമുള്ള അവകാശമുണ്ടായിരിക്കും. ഇബ്‌നുഉമറി(റ)ൽനിന്നു നിവേദനം. നബി ﷺ പറഞ്ഞു: “വിറ്റവനും വാങ്ങിയവനും പരസ്പരം പിരിഞ്ഞുപോകുന്നതുവരെ ഇരുവർക്കും ഖിയാർ (കച്ചവടം ഉറപ്പിക്കുവാനും റദ്ദാക്കുവാനുമുള്ള അവകാശം) ഉണ്ട്.’’

രണ്ട്) ഖിയാറുശ്ശർത്വ്: വിൽക്കുന്നവനും വാങ്ങുന്നവനും, അല്ലെങ്കിൽ അവരിലൊരാൾ കച്ചവടം ഉറപ്പിക്കുവാനോ അല്ലെങ്കിൽ റദ്ദാക്കുവാനോവേണ്ടി ഖിയാറിന് ഒരു നിർണിത കാലം നിബന്ധന വെക്കലാണത്. ഇടപാടു നടന്നതു മുതൽ അവർക്കിടയിൽ നിർണയിക്കപ്പെട്ട കാലപരിധി അവസാനിച്ചാൽ ഇടപാട് റദ്ദാക്കപ്പെടുകയില്ല. അത് ഉറപ്പിക്കൽ നിർബന്ധമായിത്തീരും.

അതിന്റെ ഉദാഹരണം: ഒരാൾ മറ്റൊരാളിൽനിന്ന് ഒരു കാറ് വാങ്ങുകയും ഒരു മാസക്കാലം എനിക്ക് ഖിയാറു വേണമെന്ന് പറയുകയും ചെയ്യുക. അയാൾ കച്ചവടത്തിൽനിന്ന് ഒരു മാസത്തിനുള്ളിൽ മടങ്ങിയാൽ അയാൾക്കത് ആകാവുന്നതാണ്. അവൻ മടങ്ങിയില്ലെങ്കിൽ മാസം അവസാനിക്കുന്നതോടെ കാറ് വാങ്ങൽ അവന് അനിവാര്യമായി.

മൂന്ന്) ഖിയാറുൽ അയ്ബ്: കച്ചവടച്ചരക്കിൽ ന്യൂനത കാണപ്പെടുകയും വ്യാപാരി അതിനെക്കുറിച്ച് പറയാതിരിക്കുകയോ അല്ലെങ്കിൽ അതിനെക്കുറിച്ച് അറിയാതിരിക്കുകയോ ചെയ്യുകയും ഈ ന്യൂനത കാരണത്താൽ ചരക്കിന്റെ വില ഇടിയുകയും ചെയ്താൽ വാങ്ങിയവനുള്ള ഖിയാറാണത്. വ്യാപാരികളായി ഗണിക്കപ്പെടുന്നവരിൽ പരിചയ സമ്പന്നരെയാണ് ന്യൂനത മനസ്സിലാക്കുവാൻ അവലംബിക്കേണ്ടത്. അവർ ന്യൂനതയായി എണ്ണിയതുകൊണ്ട് ഖിയാർ സ്ഥിരപ്പെടും. ഇല്ലെങ്കിൽ ഖിയാറുണ്ടാവില്ല.

ഈ ഖിയാർ വാങ്ങുന്നവനുള്ളതാണ്. അവനുദ്ദേശിച്ചാൽ കച്ചവടം ഉറപ്പിക്കുകയും ന്യൂനതക്ക് പകരം സ്വീകരിക്കുകയും ചെയ്യാം. ന്യൂനതയില്ലാത്ത ചരക്കിനുള്ള തുകയും ന്യൂനതയുണ്ടായിരിക്കെ ചരക്കിനുള്ള തുകയും തമ്മിലുള്ള വ്യത്യാസമാണ് പകരം പറ്റേണ്ടത്. അവനുദ്ദേശിക്കുന്നുവെങ്കിൽ ചരക്കു മടക്കിക്കൊടു ത്ത് കച്ചവടക്കാരനു താൻ കൊടുത്ത സംഖ്യ തിരിച്ചു വാങ്ങാവുന്നതുമാണ്.

നാല്) ഖിയാറുത്തദ്‌ലീസ്: വാങ്ങുന്നവൻ വില വർധിപ്പിക്കുവാൻ വേണ്ടി ചരക്കിന്റെ ദൂഷ്യവശങ്ങൾ വ്യാപാരി മറച്ചുവെക്കലാണത്. ഇങ്ങനെ ചെയ്യുന്നത് നിഷിദ്ധമാകുന്നു. തിരുനബിﷺ പറഞ്ഞു: “വല്ലവനും നമ്മെ വഞ്ചിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല.’’

ഉദാഹരണം: കച്ചവടക്കാരന്റെയടുത്ത് ഉൾഭാഗത്ത് ധാരാളം ന്യൂനതകളുള്ള ഒരു കാറുണ്ട്. കുറവുകളില്ലാത്ത കാറാണെന്ന നിലയ്ക്ക് വാങ്ങുന്നവനെ പറ്റിക്കുവാൻവേണ്ടി അതിന്റെ പുറംഭാഗം തിളക്കമുള്ളതാക്കി നിറഭംഗിയിൽ അയാൾ അത് പ്രദർശിപ്പിക്കുവാൻ തുനിയുന്നു. അതിനാൽ ഒരാളത് വാങ്ങുന്നു. ഈ അവസ്ഥയിൽ ചരക്കു തിരിച്ചേൽപിക്കുവാനും പണം മടക്കിവാങ്ങുവാനും വാങ്ങിയവന് അവകാശമു ണ്ടായിരിക്കും.

കച്ചവടത്തിന്റെ നിബന്ധനകൾ

കച്ചവടം സാധുവാകുന്നതിന് താഴെ വരുന്ന നിബന്ധനകളുണ്ട്:

ഒന്ന്) വാങ്ങുന്നവനും വിൽക്കുന്നവനുമിടയിൽ പരസ്പര സംതൃപ്തി.

അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങൾ പരസ്പരം സംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവട ഇടപാടു മുഖേനയല്ലാതെ നിങ്ങളുടെ സ്വത്തുക്കൾ അന്യായമായി നിങ്ങൾ അന്യോന്യം എടുത്ത് തിന്നരുത്. നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു’’ (ക്വുർആൻ 4:29).

അബൂസഈദിൽഖുദ്‌രി(റ)യ്യിൽനിന്ന് നിവേദനം. തിരുനബിﷺ പറഞ്ഞു: “നിശ്ചയം, വ്യാപാരം പരസ്പര തൃപ്തിയിലാകുന്നു.’’

ആയതിനാൽ ഇടപാടുകാരിൽ ഒരാൾ അന്യായമായി നിർബന്ധിക്കപ്പെട്ടാൽ കച്ചവടം സാധുവാകില്ല. ന്യായമായ നിലയ്ക്കാണ് നിർബന്ധിപ്പിക്കലെങ്കിൽ ഇടപാടു ശരിയാകുന്നതായിരിക്കും; തന്റെ കടംവീട്ടുവാൻ വല്ലതും വിൽക്കുവാൻ ഒരു വ്യക്തിയെ ഭരണാധികാരി നിർബന്ധിപ്പിക്കുന്നതുപോലെ.

രണ്ട്) പ്രായപൂർത്തിയാവുക, ബുദ്ധിയുണ്ടാവുക, സ്വതന്ത്രനാവുക, തന്റേടമുള്ളവനാവുക എന്നിവകൊണ്ട് ഇടപാടുകാരൻ സമ്പത്തു കൈകാര്യം ചെയ്യൽ അനുവദനീയമായവനാവുക.

മൂന്ന്) വിൽപനക്കാരൻ ചരക്ക് ഉടമപ്പെടുത്തിയവനാവുകയോ അല്ലെങ്കിൽ വകീല്, വസ്വിയ്യ്, വലിയ്യ്, മേൽനോട്ടക്കാരൻ പോലെ ചരക്ക് ഉടമപ്പെടുത്തിയവന്റെ സ്ഥാനത്ത് നിൽക്കുന്നവനോ ആവുക. ഒരു വ്യക്തിയും താനുടമപ്പെടുത്താത്തത് യാതൊന്നും വിൽക്കുന്നത് ശരിയാവുകയില്ല. ഹകീം ഇബ്‌നു ഹിസാമി(റ)നോടു തിരുനബിﷺ പറഞ്ഞു: “താങ്കളുടെ പക്കലില്ലാത്തത് താങ്കൾ വിൽക്കരുത്.’’

നാല്) വിൽക്കപ്പെടുന്ന ചരക്ക്, ഭക്ഷണം, പാനീയം, വസ്ത്രം, വാഹനം, വീട്ടുസാധനങ്ങൾ പോലുള്ള ഉപകയോഗിക്കൽ അനുവദനീയമായവ ആയിരിക്കണം. അതിനാൽ തന്നെ മദ്യം, പന്നി, ശവം, സംഗീത- വാദ്യോപകരണങ്ങൾ പോലുള്ള ഉപയോഗിക്കൽ നിഷിദ്ധമായവ വിൽപന നടത്തൽ സാധുവാകുകയില്ല.

ജാബിറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്. തിരുദൂതർﷺ പറഞ്ഞു: “മദ്യം, ശവം, പന്നി, വിഗ്രഹങ്ങൾ എന്നിവ വിൽക്കുന്നത് നിശ്ചയം അല്ലാഹു ഹറാമാക്കിയിരിക്കുന്നു.’’

ഇബ്‌നുഅബ്ബാസി(റ)ൽനിന്ന് നിവേദനം, തിരുനബിﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹു ഒരു വസ്തു ഭക്ഷിക്കുന്നത് ഒരു വിഭാഗത്തിനു ഹറാമാക്കിയാൽ അതു വിറ്റു കിട്ടുന്ന വിലയും അവൻ ഹറാമാക്കും.’’

നായയെ വിൽക്കലും അനുവദനീയമാകില്ല. അബൂമസ്ഊദി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “നായയെ വിറ്റുകിട്ടുന്ന വില അല്ലാഹുവിന്റെ തിരുദൂതർ വിരോധിച്ചിരിക്കുന്നു.’’

അഞ്ച്) വ്യപാരച്ചരക്ക് കൈപ്പറ്റുവാൻ കഴിയുന്നതായിരിക്കണം. കാരണം കൈപ്പറ്റുവാനാകാത്തത് നിലവിലില്ലാത്തതു പോലെയാണ്. ഇത് ‘ബയ്ഉൽഗററി’ൽ (വഞ്ചനയിലധിഷ്ഠിതമായ കച്ചവടം) ഉൾപെട്ടതായിരിക്കെ ആ വിൽപന സാധുവാകുകയില്ല. കാരണം വാങ്ങുന്നവൻ വില നൽകുകയും ചരക്ക് കൈപ്പറ്റാതിരിക്കുകയും ചെയ്‌തേക്കും. അതുകൊണ്ടുതന്നെ വെള്ളത്തിലുള്ള മത്സ്യത്തെ പിടിക്കുന്നതിനുമുമ്പു വിൽക്കുന്നതും കാരക്കയിലുള്ള കുരു, അന്തരീക്ഷത്തിലുള്ള പക്ഷി, അകിട്ടിലുള്ള പാൽ, കാലിയുടെ വയറ്റിലുള്ള കുട്ടി, ഓടിപ്പോയ മൃഗം എന്നിവ വിൽക്കുന്നതും അനുവദനീയമല്ല.

അബൂഹുറയ്‌റഃയിൽ നിന്നുള്ള ഹദീഥിൽ ഇപ്രകാരമുണ്ട്: “തിരൂദൂതർﷺ വഞ്ചനയിലധിഷ്ഠിതമായ കച്ചവടം വിരോധിച്ചിരിക്കുന്നു.’’

ആറ്) വിൽപനച്ചരക്ക് അറിയപ്പെട്ടതാകണം. കാഴ്ചയിലൂടെയോ സാക്ഷ്യത്തിലൂടെയോ അല്ലെങ്കിൽ മറ്റുള്ള ചരക്കുകളിൽനിന്ന് കച്ചവടം ഉറപ്പിക്കപ്പെടുന്ന ചരക്കിനെ വ്യതിരിക്തമാക്കുന്ന വിവരണം കൊണ്ടോ വാങ്ങുന്നവനും വിൽക്കുന്നവനും കച്ചവടം ഉറപ്പിക്കുമ്പോൾ ചരക്ക് നിജപ്പെട്ടതാകണം. കാരണം അറിയായ്മ വഞ്ചനയിലധിഷ്ഠിതമാകുന്നു. അതാകട്ടെ വിരോധിക്കപ്പെട്ടതുമാകുന്നു. അതിനാൽ തന്നെ താൻ കണ്ടിട്ടില്ലാത്ത, അല്ലെങ്കിൽ കാണുകയും ഓർമ നഷ്ടപ്പെടുകയും ചെയ്ത യാതൊന്നും അതു മജ്‌ലിസുൽഅക്വ്‌്ദ് (കച്ചവടമുറപ്പിക്കുന്ന വേദി) മറഞ്ഞതായിരിക്കെ വാങ്ങൽ സാധുവാകുകയില്ല.

ഏഴ്) വിൽക്കപ്പെടുന്ന ചരക്കിന്റെ വില നിർണയിച്ചുകൊണ്ടും വില മനസ്സിലാക്കിക്കൊണ്ടും അതിന്റെ തുക അറിയപ്പെട്ടതാകണം.

(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം).