വിവാഹം
വിവ: അബ്ദുൽ ജബ്ബാർ മദീനി
2025 ജൂൺ 14, 1446 ദുൽഹിജ്ജ 17

ചേർക്കുക, ഒരുമിച്ചുകൂട്ടുക, കൂടിക്കലരുക എന്നൊക്കെയാണ് ഭാഷയിൽ ‘നികാഹി’ന്റെ അർഥം. വൃക്ഷങ്ങൾ ഒന്നൊന്നിനോടു ചേർന്നാൽ ‘തനാകഹത്തിൽ അശ്ജാറു’ എന്നു പറയും. മഴവെള്ളം മണ്ണിൽ കലർന്നാൽ ‘നകഹൽ മത്വറു അൽഅർദ്വ്’ എന്നു പറയും.
മതപരമായ രീതിയിൽ ഭാര്യാഭർത്താക്കന്മാർ അന്യോന്യം സുഖമെടുക്കുന്നതിനെ അനുവദിക്കലുൾ കൊള്ളുന്ന ഉടമ്പടിയാകുന്നു സാങ്കേതികമായി ‘നികാഹ്.’
നികാഹ് മതപരമെന്നതിന്റെ തെളിവുകൾ ക്വുർആനും സുന്നത്തും ഇജ്മാഉമാകുന്നു. വിശുദ്ധ ക്വുർആനിൽ ധാരാളം ആയത്തുകൾ ഈ വിഷയത്തിലുണ്ട്:
“സ്ത്രീകളിൽനിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാൽ (അവർക്കിടയിൽ) നീതിപുലർത്താനാവില്ലെന്ന് നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ ഒരുവളെ മാത്രം (വിവാഹം കഴിക്കുക). അല്ലെങ്കിൽ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക)’’ (ക്വുർആൻ 4:3).
“നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളിൽ നിന്നും അടിമസ്ത്രീകളിൽനിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങൾ വിവാഹബന്ധത്തിൽ ഏർപെടുത്തുക’’ (ക്വുർആൻ 24:32).
ധാരാളം തിരുമൊഴികളും ഈ വിഷയത്തിലുണ്ട്: ഇബ്‌നു മസ്ഊദി(റ)ൽനിന്നു നിവേദനം, തിരുനബിﷺ പറഞ്ഞു: “യുവാക്കളുടെ സമൂഹമേ, നിങ്ങളിൽ വിവാഹം കഴിക്കുവാൻ കഴിവുള്ളവർ വിവാഹം കഴിക്കട്ടെ. കാരണം വിവാഹം (പരസ്ത്രീകളെ നോക്കുന്നതിൽനിന്ന്) കണ്ണിനെ തടയുകയും ഗുഹ്യാവയവങ്ങളെ (നിഷിദ്ധങ്ങളിൽനിന്ന്) സംരക്ഷിക്കുകയും ചെയ്യും. വിവാഹം ചെയ്യുവാൻ സാധിക്കാത്തവർ നോമ്പനുഷ്ഠിക്കട്ടെ. കാരണം അത് അവരുടെ ലൈംഗികാസക്തിയെ കീഴടക്കും.’’
മഅ്ക്വിൽ ഇബ്‌നു യസാറി(റ)ൽനിന്നു നിവേദനം. തിരുനബിﷺ പറഞ്ഞു: “കൂടുതൽ സ്‌നേഹം പകരുന്ന, പ്രജനനശേഷിയുള്ള സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കുക. എങ്കിൽ മറ്റു സമുദായങ്ങളുടെ മുമ്പിൽ നിങ്ങളുടെ എണ്ണപ്പെരുപ്പത്തിൽ ഞാൻ അഭിമാനിക്കുന്നതാണ്.’’
നികാഹ് മതപരമാക്കിയതിലെ യുക്തി
ഉന്നതമായ പൊരുളുകൾ ഉള്ളതിനാലാണ് അല്ലാഹു നികാഹിനെ മതപരമാക്കിയത്. താഴെ വരുന്നതിൽ അവയെ ചുരുക്കാം:
1. ലൈംഗികാവയവങ്ങളുടെ പരിപാവനത്വം. അല്ലാഹു മനുഷ്യനെ സൃഷ്ടിക്കുകയും അവനിൽ ലൈംഗികവികാരം ഊട്ടുകയും ചെയ്തിരിക്കുന്നു. ഈ വികാരത്തെ പൂർത്തീകരിക്കുവാനും അതിൽ അനർഥങ്ങൾ ഇല്ലാതാക്കുവാനും വിവാഹത്തെ അല്ലാഹു മതപരമാക്കി.
2. ദമ്പതികൾക്ക് സമാധാനവും ഇണക്കവും സിദ്ധിക്കുക, വിശ്രമവും സുസ്ഥിരതയും കൈവരുക.
അല്ലാഹു പറഞ്ഞു: “നിങ്ങൾക്ക് സമാധാനപൂർവം ഒത്തുചേരേണ്ടതിനായി നിങ്ങളിൽനിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങൾക്കിടയിൽ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (ക്വുർആൻ 30:21).
3. വംശാവലി സംരക്ഷിച്ചു നിലനിർത്തുക, കുടുംബബന്ധങ്ങളും രക്തബന്ധങ്ങളും പരസ്പരം ബന്ധം ചാർത്തുക.
4. മനുഷ്യകുലത്തിന്റെ നിലനിൽപിനും അല്ലാഹുവിന്റെ ദീൻ പ്രചരിപ്പിക്കുവാനും.
5. ജാരസംസർഗങ്ങളുടെയും അവിശുദ്ധ ബന്ധങ്ങളുടെയും ഗർത്തങ്ങളിൽ ആപതിക്കുന്നതിൽനിന്നും അങ്ങനെ നാശമടയുന്നതിൽനിന്നും സ്വഭാവങ്ങളെ കാത്തുസംരക്ഷിക്കുക.
മതവിധിയും ഇണയെ തെരഞ്ഞെടുക്കലും
1. നികാഹിന്റെ മതവിധി
വ്യക്തികളെ അപേക്ഷിച്ച് നികാഹിന്റെ മതവിധി വ്യത്യാസപ്പെടും.
ഒന്ന്) വ്യഭിചാരത്തിൽ അകപ്പെടുമെന്ന് സ്വയം ഭയക്കുകയും വൈവാഹിക ബാധ്യതകളും സാമ്പത്തിക ചെലവുകളും വഹിക്കുവാൻ കഴിവുമുള്ള വ്യക്തിക്ക് നികാഹ് വാജിബാകും. കാരണം വിവാഹം അവനു പവിത്രതക്കുള്ള മാർഗവും നിഷിദ്ധത്തിൽ നിപതിക്കുന്നതിൽനിന്ന് സുരക്ഷയുമാകുന്നു. വിവാഹം കഴിക്കുവാൻ അവന്ന് സാധിച്ചില്ലയെങ്കിൽ അവൻ വ്രതമനുഷ്ഠിക്കട്ടെ. അല്ലാഹുവിന്റെ ഓദാര്യത്താൽ അവനെ ധന്യനാക്കുന്നതുവരെ അവൻ തെറ്റിൽനിന്ന് അകന്നു കഴിയട്ടെ.
രണ്ട്) ഒരു വ്യക്തി വികാരമുള്ളവനാവുകയും വിവാഹച്ചെലവ് ഉടമപ്പെടുത്തുകയും എന്നാൽ അവൻ വ്യഭിചാരം തന്നിൽ ഭയക്കാതിരിക്കുകയുമായാൽ അവനു വിവാഹം സുന്നത്താണ്. വിവാഹത്തിനു പ്രേരണയേകുകയും അതിൽ ആഗ്രഹം ജനിപ്പിക്കുകയും ചെയ്യുന്ന വിഷയത്തിലുള്ള ആയത്തുകളുടെയും ഹദീസുകളുടെയും പൊതുതാൽപര്യം ഇതാണറിയിക്കുന്നത്.
മൂന്ന്) ലൈംഗിക ശേഷിയില്ലാത്തതിനാലോ വാർധക്യം കാരണമോ രോഗം മൂലമോ വികാരമില്ലാത്തതിനാലോ ഒരു വ്യക്തി വിവാഹം ആവശ്യമില്ലത്തവനാണെങ്കിൽ വിവാഹം അയാൾക്ക് മക്‌റൂഹാണ്.
2. ഇണയെ തെരയലും ഇണയുടെ ഗുണങ്ങളും
മതനിഷ്ഠയും പവിത്രതയും നല്ല കുടുംബവും കുലീനതയും ഭംഗിയുമുള്ള സ്ത്രീകളെ വിവാഹം കഴിക്കൽ സുന്നത്താണ്. അബൂഹുറയ്‌റ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്; തിരുനബിﷺ പറഞ്ഞു: “സ്വത്ത്, കുലീനത, സൗന്ദര്യം, മതനിഷ്ഠ എന്നീ നാലുകാര്യങ്ങൾക്ക് ഒരു സ്ത്രീ വിവാഹം കഴിക്കപ്പെടും. അതിനാൽ നീ മതനിഷ്ഠയുള്ള പെണ്ണിനെ നേടിയെടുക്കുക. നിന്റെ കരങ്ങൾ മണ്ണിൽ ചേരട്ടെ.’’
മതനിഷ്ഠയുള്ള പെണ്ണിനെയാണ് അവൻ പ്രഥമമായി അഭിലഷിക്കേണ്ടത്. അവൻ തെരഞ്ഞെടുക്കുമ്പോൾ മറ്റു ഗുണങ്ങളെക്കാൾ അടിസ്ഥാനമാക്കേണ്ടതും മതനിഷ്ഠയാണ്. പ്രജനന ശേഷിയുള്ള ഇണയെ തെരഞ്ഞെടുക്കലും സുന്നത്താക്കപ്പെടും. അനസി(റ)ൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്; തിരുനബിﷺ പറഞ്ഞു:
“കൂടുതൽ സ്‌നേഹം പകരുന്ന, പ്രജനനശേഷിയുള്ള സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കുക. അന്ത്യനാളിൽ നബിമാരുടെ മുമ്പിൽ നിങ്ങളുടെ എണ്ണപ്പെരുപ്പത്തിൽ ഞാൻ അഭിമാനിക്കുന്നതാണ്.’’
കന്യകയെ തെരഞ്ഞെടുക്കലും സുന്നത്താണ്. ജാബിറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “താങ്കൾക്ക് ഒരു കന്യകയെ വിവാഹം കഴിക്കാമായിരുന്നില്ലേ; താങ്കൾക്ക് അവളോടും അവൾക്കു താങ്കളോടും വിനോദിക്കുവാൻ.’’ എന്നാൽ കന്യകയല്ലാത്തവളെ വിവാഹം കഴിക്കുന്നതിനെ പ്രബലമാക്കുന്ന വല്ല മേന്മയുമുണ്ടെങ്കിൽ കന്യകയെക്കാൾ വിധവയെയാണു മുന്തിപ്പിക്കേണ്ടത്. ഭംഗിയുള്ളവളെ തെരഞ്ഞെടുക്കൽ മനസ്സ് സമാധാനമടയുവാനും ദൃഷ്ടി നിയന്ത്രണ വിധേയമാകുവാനും സ്‌നേഹം ക്ഷണിച്ചുവരുത്തുവാനും കരണീയമായതാണ്.
ഖിത്വ‌്ബത്തിന്റെ വിധികളും മര്യാദകളും
‘ഖിത്വ‌്ബത്ത്’ എന്നാൽ നിർണിതമായ ഒരു സ്ത്രീയെ വിവാഹം കഴിക്കുവാനുള്ള അഭിലാഷം പ്രകടിപ്പിക്കലും അത് അവളുടെ വലിയ്യിനെ അറിയിക്കലുമാണ്.
ഖിത്വ‌്ബത്തിന്റെ വിധികളും മര്യാദകളും:
1. ഒരു മുസ്‌ലിം തന്റെ സഹോദരന്റെ വിവാഹാന്വേഷണത്തെ മറികടന്ന് അന്വേഷണം നടത്തുന്നത് ഹറാമാകുന്നു. ആദ്യം അന്വേഷിച്ചവന് അനുകൂല ഉത്തരം ലഭിക്കുകയും രണ്ടാമത് അന്വേഷിക്കുന്നവൻ അത് അറിയുകയും ചെയ്തിട്ടുണ്ടെങ്കിലാണിത്. തിരുനബിﷺ പറഞ്ഞു: “ഒരാൾ തന്റെ സഹോദരൻ വിവാഹാലോചന നടത്തിയ സ്ത്രീയെ വിവാഹാന്വേഷണം നടത്തരുത്; ആദ്യം അന്വേഷിച്ചവൻ വിവാഹം കഴിക്കുകയോ ഉദ്യമം ഉപേക്ഷിക്കുകയോ ചെയ്താലല്ലാതെ.’’
ആദ്യം അന്വേഷിച്ചവനെ തകർക്കലും ശത്രുത ജനിപ്പിക്കലുമാണ് അന്വേഷണത്തിന് ഇങ്ങനെ മുന്നിടുന്നതിലുള്ളത്.
2. ബാഇനായ (ബന്ധം പുനഃസ്ഥാപിക്കാനാകാത്ത വിധം എന്നന്നേക്കുമായുള്ള) ത്വലാക്വു ചൊല്ലപ്പെട്ട് ഇദ്ദയിലിരിക്കുന്ന സ്ത്രീകളോടുള്ള വിവാഹാന്വേഷണം വ്യക്തമാക്കൽ നിഷിദ്ധമാകുന്നു. അല്ലാഹു പറഞ്ഞു: “(ഇദ്ദയുടെ ഘട്ടത്തിൽ) ആ സ്ത്രീകളുമായുള്ള വിവാഹാലോചന നിങ്ങൾ വ്യംഗ്യമായി സൂചിപ്പിക്കുന്നതിൽ നിങ്ങൾക്ക് കുറ്റമില്ല’’ (ക്വുർആൻ 2:235).
‘ഒരു സദ്‌വൃത്തയായ സ്ത്രീയെ അല്ലാഹു എളുപ്പമാക്കിത്തരുവാൻ ഞാൻ ആഗ്രഹിക്കുന്നു,’ ‘ഞാൻ വിവാഹം ഉദ്ദേശിക്കുന്നു’ എന്നിങ്ങനെ വ്യംഗ്യമായ സൂചനയാകാവുന്നതാണ്. വിവാഹാഭിലാഷം വ്യംഗ്യമാക്കുന്നതിൽ കുറ്റമില്ലെന്നത് അത് വ്യക്തമാക്കൽ അനുവദനീയമല്ലെന്ന് അറിയിക്കുന്നു. ഇദ്ദാകാലം തീരുന്നതിനുമുമ്പു തന്നെ അത് അവസാനിച്ചു എന്നു പറയുവാൻ വിവാഹത്തോടുള്ള ആഗ്രഹം അ വളെ പ്രേരിപ്പിച്ചേക്കും. എന്നാൽ ഭർത്താവിനുതന്നെ ബന്ധം പുനഃസ്ഥാപിക്കുവാൻ അവസരമുള്ള ത്വലാക്വിനു വിധേയയായി ഇദ്ദയിരിക്കുന്നവളോട് വ്യംഗ്യമായും വിവാഹാന്വേഷണം നടത്തുവാൻ പാടുള്ളതല്ല. കാരണം അവൾ ഭാര്യമാരുടെ വിധിയിലാണ്.
3. വിവാഹാന്വേഷകന്റെയും അന്വേഷിക്കപ്പെടുന്നവളുടെയും വിഷയത്തിൽ വല്ലവരോടും ആലോചന നടത്തിയാൽ അവരിലുള്ള നന്മകളും തിന്മകളും പറയൽ നിർബന്ധമാണ്. അത് പരദൂഷണം പറയലാവുകയില്ല. മതത്തിൽ പ്രശംസനീയമായ ഗുണകാംക്ഷയിലാണ് അതുൾപ്പെടുക.
4. ഖിത്വ‌്ബത്ത് കേവലം വിവാഹ വാഗ്ദാനവും അതിൽ അഭിലാഷം പ്രകടിപ്പിക്കലുമാണ്. അതു വിവാഹമല്ല. അതിനാൽ വിവാഹാന്വേഷകനും അന്വേഷിക്കപ്പെടുന്നവളും അന്യരായിത്തന്നെ ശേഷിക്കും.
പെണ്ണു കാണൽ
വിവാഹമന്വേഷിക്കുന്നവന് ഒരു സ്ത്രീയിൽ, അവളുടെ മുഖം, മുൻകൈകൾ, കാൽപാദങ്ങൾ പോലുള്ള സാധാരണ പ്രകടമാകുന്ന അവയവങ്ങളിലേക്ക് നോക്കൽ മതപരവും സുന്നത്തുമാകുന്നു. സഹ്ൽ ഇബ്‌നുസഅ്ദി(റ)ൽനിന്നു നിവേദനം:
“ഒരു സ്ത്രീ തിരുനബിﷺയുടെ അടുക്കലേക്കു വന്നു. അവർ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ താങ്കളുടെ അടുക്കൽ വന്നിരിക്കുന്നത് എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുവാനാണ്.’ അതുകേട്ടപ്പോൾ തിരുമേനി ﷺഅവരെ ആപാദചൂഢം ഉറ്റുനോക്കി. പിന്നീട് അവിടുന്ന് തലതാഴ്ത്തി.’’
അബൂഹുറയ്‌റ(റ)യിൽ നിന്നു നിവേദനം: “ഞാൻ തിരുനബി ﷺയുടെ അടുക്കലായിരുന്നു. അപ്പോൾ തിരുമേനിയുടെ അടുക്കൽ ഒരാൾ വരികയും അൻസ്വാരികളിൽപെട്ട ഒരു സ്ത്രീയെ അദ്ദേഹം വിവാഹം കഴിക്കുവാനുദ്ദേശിക്കുന്നു എന്നുണർത്തുകയും ചെയ്തു. അപ്പോൾ തിരുനബിﷺ അദ്ദേഹത്തോടു ചോദിച്ചു: ‘താങ്കൾ ആ സ്ത്രീയെ കണ്ടുവോ?’ അദ്ദേഹം പറഞ്ഞു: ‘ഇല്ല.’ നബിﷺ പ്രതിവചിച്ചു: ‘എങ്കിൽ താങ്കൾ പോയി അവരെ കാണുക. കാരണം അൻസ്വാരികളുടെ കണ്ണിന് അൽപം ചെറുപ്പമുണ്ട്.’’
ജാബിറി(റ)ൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “നിങ്ങളിലാരെങ്കിലും ഒരു സ്ത്രീയെപ്പറ്റി വിവാഹാന്വേഷണം നടത്തുമ്പോൾ ആ സ്ത്രീയുടെ ശരീരത്തിൽനിന്ന് വിവാഹത്തിനു പ്രേരകമായി ഭവിക്കുന്ന ഭാഗങ്ങൾ നോക്കിക്കാണുവാൻ സാധിച്ചാൽ അവൻ അപ്രകാരം ചെയ്യേണ്ടതാണ്.’’
പെണ്ണുകാണലിലടങ്ങിയ യുക്തി: സ്ത്രീക്ക് പുരുഷന്റെ മനസ്സിൽ ഇടംനേടുവാൻ പെണ്ണുകാണൽ അത്യന്താപേക്ഷിതമാണ്. അതിൽപിന്നെ അവർക്കിടയിലുള്ള ഇണക്കത്തിനും സ്‌നേഹത്തിനും നിത്യമായുള്ള പ്രേമത്തിനും അത് അനിവാര്യമാണ്. ഒരു സ്ത്രീയെ വിവാഹമന്വേഷിച്ച മുഗീറ(റ)യോടുള്ള തിരുനബിﷺയുടെ സംസാരത്തിൽ ഇപ്രകാരമുണ്ട്: “താങ്കൾ അവളെ കാണുക. കാരണം അതാണ് നിങ്ങൾക്കിടയിൽ സ്‌നേഹവും ഇണക്കവും നിലനിൽക്കുവാൻ ഏറ്റവും അർഹമായത്.’’
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം)

