സുന്നത്തു നമസ്‌കാരങ്ങൾ
അബ്ദുൽ ജബ്ബാർ മദീനി
2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

നിർബന്ധമല്ലാത്ത എല്ലാ പുണ്യകർമങ്ങളും പൊതുവിൽ ‘തത്വവ്വുഅ്’ എന്ന് അറിയപ്പെടുന്നു.
മഹത്ത്വവും നിയമമാക്കിയതിലെ പൊരുളും
1. സുന്നത്തു നമസ്‌കാരത്തിന്റെ മഹത്ത്വം: അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ്, വിജ്ഞാനം തേടൽ എന്നിവയ്ക്കുശേഷം ഏറ്റവും ശ്രേഷ്ഠമായ പുണ്യകർമമാണ് സുന്നത്തു നമസ്‌കാരങ്ങൾ. കാരണം അവ നിർവഹിച്ചുകൊണ്ട് അല്ലാഹുവിന്റെ സാമീപ്യം തേടുന്നത് തിരുനബി ﷺ പതിവാക്കിയിരുന്നു. അബൂഹുറയ്‌റ(റ)യിൽനിന്നു നിവേദനം, തിരുദൂതർﷺ പറഞ്ഞു: “നിശ്ചയം, അല്ലാഹു പറഞ്ഞു: ‘വല്ലവനും എന്റെ വലിയ്യിനോട് ശത്രുത പുലർത്തിയാൽ ഞാൻ അവനോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഞാൻ എന്റെ ദാസന്റെ മേൽ നിർബന്ധമാക്കിയതിനെക്കാൾ എനിക്ക് ഇഷ്ടകരമായ യാതൊന്നുകൊണ്ടും എന്റെ ദാസൻ എന്നിലേക്ക് അടുത്തിട്ടില്ല. എന്റെ ദാസൻ സുന്നത്തുകൾകൊണ്ട് എന്നിലേക്ക് അടുത്തുകൊണ്ടിരിക്കും; അങ്ങനെ ഞാൻ അവനെ ഇഷ്ടപ്പെടുന്നതാണ്...’’
2. സുന്നത്തു നമസ്‌കാരങ്ങളെ മതപരമായ കർമമാക്കിയതിലെ ഹിക്മത്ത്: അടിയാറുകളോടുള്ള കാരുണ്യത്താലാണ് അല്ലാഹു ഐച്ഛിക കർമങ്ങളെ നിയമമാക്കിയത്. ഓരോ നിർബന്ധകർമത്തിനും അതേ വർഗത്തിൽപെട്ട ഐച്ഛിക കർമങ്ങളെ അവൻ നിശ്ചയിച്ചു; പ്രസ്തുത കർമങ്ങളിലൂടെ വിശ്വാസിയുടെ ഈമാൻ വർധിക്കുന്നതിനും പദവികളുയരുന്നതിനും നിർബന്ധകർമങ്ങൾ പൂർത്തീകരിക്കപ്പെടുന്നതിനും വേണ്ടിയാണത്. അന്ത്യനാളിൽ ഐച്ഛികകർമങ്ങൾകൊണ്ടു നിർബന്ധകർമങ്ങളിലെ പോരായ്മകൾ പരിഹരിക്കപ്പെടുന്നതാണ്. കാരണം നിർബന്ധ കർമങ്ങളിൽ കുറവുകൾ സംഭവിച്ചേക്കും. അബൂഹുറയ്‌റ(റ)യിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:
“നിശ്ചയം, അന്ത്യനാളിൽ; മുസ്‌ലിമായ ദാസൻ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്‌കാരത്തിന്റെ വിഷയത്തിലായിരിക്കും. അവൻ അതു പൂർത്തീകരിച്ചു നിർവഹിച്ചിട്ടുണ്ടെങ്കിൽ (അതു പൂർണമായി രേഖപ്പെടുത്തപ്പെടും). അവൻ അതു പൂർത്തീകരിച്ചു നിർവഹിച്ചിട്ടില്ലെങ്കിൽ പറയപ്പെടും: ‘അവനു വല്ല ഐച്ഛിക കർമങ്ങളുമുണ്ടോ എന്ന് നിങ്ങൾ നോക്കുക.’ അവന് വല്ല ഐച്ഛിക കർമങ്ങളുമുണ്ടെങ്കിൽ നിർബന്ധകർമം അതിനാൽ പൂർത്തീകരിക്കപ്പെടും. ശേഷം മറ്റു നിർബന്ധകർമങ്ങൾ കൊണ്ടും അപ്രകാരം ചെയ്യപ്പെടും.’’
സുന്നത്ത് രണ്ടുതരമുണ്ട്
ഒന്ന്) നിർണിത സമയങ്ങളുള്ള സമയബന്ധിതമായ നമസ്‌കാരങ്ങൾ: ഇവയ്ക്ക് മുക്വയ്യദത്തായ നാഫിലത്തുകൾ എന്നു പറയുന്നു. ഇവയിൽ റവാതിബ് നമസ്‌കാരങ്ങൾ പോലെ ഫർദ് നമസ്‌കാരങ്ങളോട് അനുബന്ധമായവയുണ്ട്. വിത്ർ നമസ്‌കാരം, ദുഹാ നമസ്‌കാരം, ഗ്രഹണ നമസ്‌കാരം പോലുള്ള, അവയല്ലാത്ത നമസ്‌കാരങ്ങളും ഈ വകുപ്പിലുണ്ട്.
രണ്ട്) നിർണിത സമയങ്ങളാൽ ബന്ധിതമല്ലാത്ത നമസ്‌കാരങ്ങൾ: സുന്നത്തു നമസ്‌കാരങ്ങളിൽ ഒന്നാമത്തെ ഇനം വിവിധങ്ങളാണ്. അവയിൽ ചിലതു ചിലതിനെക്കാൾ പ്രബലമാണ്. അവയിൽ ഏറ്റവും പ്രബലമായത് ഗ്രഹണ നമസ്‌കാരവും പിന്നീട് വിത്‌റും ശേഷം മഴ തേടിയുള്ള നമസ്‌കാരവും അതിൽ പിന്നെ തറാവീഹു നമസ്‌കാരവുമാണ്.
എന്നാൽ രണ്ടാമത്തെ ഇനം രാത്രി മുഴുവനും, പകലിൽ നിരോധിക്കപ്പെട്ട സമയങ്ങളൊഴിച്ചുള്ള സമയം മുഴുവനും നിർവഹിക്കൽ മതപരമാകുന്നു. പകലിലെ നമസ്‌കാരത്തെക്കാൾ രാത്രി നമസ്‌കാരത്തിനാണ് കൂടുതൽ ശ്രേഷ്ഠത.
മൂന്ന്) ജമാഅത്ത് സുന്നത്താക്കപ്പെടുന്നവ: തറാവീഹ് നമസ്‌കാരത്തിനും മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തിനും ഗ്രഹണ നമസ്‌കാരത്തിനും ജമാഅത്ത് (സംഘടിതമായി നമസ്‌കരിക്കൽ) സുന്നത്താ ക്കപ്പെടും.
റവാതിബു നമസ്‌കാരങ്ങളുടെ എണ്ണം
‘റവാതിബ്’ എന്നത് ‘റാതിബത്തി’ന്റെ ബഹുവചനമാണ്. നിത്യമായതും തുടർച്ചയായതുമാണ് അത്. നിർബന്ധ നമസ്‌കാരങ്ങളോട് അനുബന്ധിച്ചുള്ളവയാണ് റവാതിബുകൾ. നിർബന്ധനമസ്‌കാരങ്ങളിൽ സംഭവിക്കുന്ന ന്യൂനതകളും പിഴവുകളും പരിഹരിക്കുന്നു എന്നതാണ് റവാതിബ് സുന്നത്തുകളുടെ ഗുണം.
റവാതിബ് നമസ്‌കാരങ്ങളുടെ എണ്ണം പത്താകുന്നു. ഇബ്‌നു ഉമറി(റ)ന്റെ ഹദീസിൽ പരാമർശിക്കപ്പെട്ടവയാകുന്നു അത്.
“ദ്വുഹ്‌റിന്റെ മുമ്പു രണ്ടു റക്അത്തുകൾ, ശേഷം രണ്ടു റക്അത്തുകൾ, മഗ്‌രിബിനു ശേഷം രണ്ടു റക്അത്തുകൾ, ഇശാഇനു ശേഷം രണ്ടു റക്അത്തുകൾ, ഫജ്‌റിനുമുമ്പ് രണ്ടു റക്അത്തുകൾ എന്നിവ തിരുദൂതരിൽനിന്ന് ഞാൻ പഠിച്ചു. ഫജ്‌റിന്റെ സമയം തിരുനബിക്കടുക്കലേക്കു ഞാൻ കടന്നുചെല്ലാറില്ലാത്ത സമയമായിരുന്നു. അതിനാൽ ഹഫ്‌സ്വ(റ) എന്നോട് പറഞ്ഞു: ‘ഫജ്ർ ഉദിക്കുകയും മുഅദ്ദിൻ ബാങ്കു വിളിക്കുകയും ചെയ്താൽ തിരുനബിﷺ രണ്ടു റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു.’’
പന്ത്രണ്ടു റക്അത്തുകൾ കാത്തുസൂക്ഷിക്കൽ ഒരു മുസ്‌ലിമിന് ബലപ്പെട്ട സുന്നത്താണ്. തിരുനബിﷺ പറഞ്ഞു: “അല്ലാഹുവിന് ഓരോ ദിവസവും പന്ത്രണ്ട് റക്അത്ത് നമസ്‌കരിക്കുന്ന ഒരു മുസ്‌ലിമുമില്ല; അല്ലാഹു അയാൾക്ക് സ്വർഗത്തിൽ ഒരു വീടുപണിയാതെ...’’
ദ്വുഹ്‌റിന്റെ മുമ്പ് നാലു റക്അത്ത് നമസ്‌കരിക്കാവുന്നതാണ്. ഉമ്മുഹബീബ(റ)യിൽനിന്നുള്ള ഇമാം തിർമുദിയുടെ നിവേദനത്തിൽ ഇപ്രകാരം കൂടുതലായുണ്ട്: “ദ്വുഹ്‌റിനു മുമ്പ് നാല് റക്അത്തുകൾ, അതിനു ശേഷം രണ്ടു റക്അത്തുകൾ, മഗ്‌രിബിനുശേഷം രണ്ട് റക്അത്തുകൾ, ഇശാഇനുശേഷം റണ്ടു റക്അത്തുകൾ, ഫജ്ർ നമസ്‌കാരത്തിനു മുമ്പ് രണ്ട് റക്അത്തുകൾ.’’
ആഇശ(റ)യിൽനിന്ന് സ്വഹീഹിൽ ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്: “നബിﷺ ദ്വുഹ്‌റിനു മുമ്പ് നാലു റക്അത്തുകൾ ഉപേക്ഷിക്കാറുണ്ടായിരുന്നില്ല.’’
റവാതിബ് സുന്നത്തുകളിൽ ഏറ്റവും പ്രബലമായത് ഫജ്ർ നമസ്‌കാരത്തിനു മുമ്പുള്ള രണ്ട് റക്അത്തുകളാകുന്നു. തരുനബിﷺ പറഞ്ഞു: “ഫജ്‌റിനു മുമ്പുള്ള രണ്ടു റക്അത്തുകൾ ദുനിയാവിനെക്കാളും അതിലുള്ളതിനെക്കാളും ഉത്തമമാകുന്നു.’’
“ഈ രണ്ടു റക്അത്തുകൾ തിരുനബിﷺ ഒരിക്കലും ഉപേക്ഷിക്കുമായിരുന്നില്ല.’’
വിത്‌റിന്റെ വിധി, മഹത്ത്വം, സമയം
വിത്ർ നമസ്‌കാരത്തിന്റെ വിധി: വിത്ർ നമസ്‌കാരം പ്രബലമായ സുന്നത്താകുന്നു. അല്ലാഹുവിന്റെ റസൂൽﷺ അതിനു പ്രേരിപ്പിക്കുകയും അതിൽ ആഗ്രഹം ജനിപ്പിക്കുകയുമുണ്ടായി. തിരുനബിﷺ പറഞ്ഞു:
“നിശ്ചയം, അല്ലാഹു ഒറ്റയാകുന്നു; അവൻ ഒറ്റയാക്കുന്നതിനെ ഇഷ്ടപ്പെടുന്നു.’’
“ക്വുർആനിന്റെ വക്താക്കളേ, നിങ്ങൾ വിത്‌റാക്കുക (വിത്ർ നമസ്‌കരിക്കുക). കാരണം, അല്ലാഹു വിത്‌റാകുന്നു; അവൻ വിത്‌റിനെ ഇഷ്ടപ്പെടുന്നു.’’
വിത്‌റിന്റെ സമയം: പണ്ഡിതന്മാരുടെ ഏകോപിതമായ അഭിപ്രായ പ്രകാരം ഇശാഅ് നമസ്‌കാരത്തിന്റെയും ഫജ്‌റിന്റെയും ഇടയിലുള്ള സമയമാണ് വിത്‌റിന്റെ സമയം. തിരുനബിയുടെ പ്രവൃത്തിയും തിരുമൊഴിയുമാണ് അതിനുള്ള തെളിവ്. തിരുനബിﷺ പറഞ്ഞു:
“നിശ്ചയം, ഒരു നമസ്‌കാരംകൊണ്ട് അല്ലാഹു നിങ്ങളെ തുണച്ചിരിക്കുന്നു. ചുവന്ന ഒട്ടകങ്ങളെക്കാൾ നിങ്ങൾക്ക് ഉത്തമം അതാകുന്നു. അതത്രെ വിത്ർ നമസ്‌കാരം. അത് ഇശാഅ് നമസ്‌കാരത്തിന്റെയും ഫജ്ർ ഉദിക്കുന്നതിന്റെയും ഇടയിലാകുന്നു.’’
ഫജ്ർ ഉദിച്ചാൽ വിത്ർ ഇല്ല: തിരുനബിﷺ പറഞ്ഞു: രാത്രി നമസ്‌കാരം ഈരണ്ട് റക്അത്തുക ളാകുന്നു. നിങ്ങളിലൊരാൾ സ്വബ്ഹ് (ഉദിക്കുമെന്ന്) ഭയന്നാൽ ഒരു റക്അത്ത് നമസ്‌കരിക്കട്ടെ. അത് അവനു വിത്‌റാകും.’’ ഫജ്‌റിന്റെ ഉദയത്തോടെ വിത്‌റിന്റെ സമയം കടന്നുപോയി എന്നതിന് ഇതു തെളിവാണ്.
ഇമാം ഇബ്‌നുഹജർ(റഹി) പറഞ്ഞു: “ഇമാം അബൂദാവൂദും ഇമാം നസാഇയും നിവേദനം ചെയ്യുന്ന, അബൂഉവാനയും മറ്റും സ്വഹീഹെന്നു വിശേഷിപ്പിച്ച ഹദീസ് ഇക്കാര്യമറിയിക്കുന്നതിൽ ഒന്നുകൂടി സ്പഷ്ടമാണ്. ഇബ്‌നുഉമർ(റ) പറയുമായിരുന്നു:
“വല്ലവനും രാത്രിയിൽ നമസ്‌കരിച്ചാൽ അവൻ തന്റെ നമസ്‌കാരത്തിന്റെ അവസാനം വിത്‌റാക്കട്ടെ. കാരണം അല്ലാഹുവിന്റെ റസൂൽﷺ അതുകൊണ്ടു കൽപിക്കുമായിരുന്നു. ഫജ്‌റായാൽ രാത്രി നമസ്‌കാരവും വിത്‌റും കഴിഞ്ഞുപോയി.’’
രാത്രിയുടെ തുടക്കത്തിൽ വിത്ർ നമസ്‌കരിക്കുന്നതിനെക്കാൾ ശ്രേഷ്ഠം അവസാനത്തിൽ നമസ്‌കരിക്കുന്നതാണ്. എന്നാൽ രാത്രിയുടെ അവസാനത്തിൽ എഴുന്നേൽക്കുകയില്ലെന്ന് വിചാരിക്കുന്നവൻ രാത്രിയുടെ തുടക്കത്തിലേക്കു വിത്‌റിനെ മുന്തിപ്പിക്കലും രാത്രിയുടെ അവസാനത്തിൽ എഴുന്നേൽക്കുമെന്നു വിചാരിക്കുന്നവൻ അതു പിന്തിപ്പിക്കലും സുന്നത്താണ്. ജാബിറി(റ)ൽനിന്നും നിവേദനം, അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “വല്ലവനും രാത്രിയുടെ അവസാനത്തിൽ എഴുന്നേൽക്കുകയില്ലെന്ന് ഭയന്നാൽ അവൻ തുടക്കത്തിൽ വിത്‌റാക്കട്ടെ. രാത്രിയുടെ അവസാനത്തിൽ എഴുന്നേൽക്കുവാൻ വല്ലവനും തൽപരനാണെങ്കിൽ അവൻ രാത്രിയുടെ അവസാനം വിത്‌റാക്കട്ടെ. കാരണം രാത്രിയുടെ അവസാനത്തിലുള്ള നമസ്‌കാരം സാക്ഷ്യം വഹിക്കപ്പെടുന്നതാണ്; അത് അതിശ്രേഷ്ഠവുമാണ്.’’
വിത്‌റിന്റെ രീതിയും എണ്ണവും
വിത്‌റിന്റെ ഏറ്റവും ചുരുങ്ങിയ എണ്ണം ഒരു റക്അത്താകുന്നു. ഇബ്‌നു ഉമറി(റ)ൽനിന്നും ഇബ്‌നുഅബ്ബാ സി(റ)ൽനിന്നും നിവേദനം: “വിത്ർ രാത്രിയുടെ അവസാനത്തിൽ ഒരു റക്അത്താകുന്നു.’’
തൊട്ടുമുമ്പ് ഉദ്ധരിച്ച, ഇബ്‌നുഉമറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: നബിﷺ പറഞ്ഞു: “...നിങ്ങളിലൊരാൾ സ്വബ്ഹ്(ഉദിക്കുമെന്ന്) ഭയന്നാൽ ഒരു റക്അത്ത് നമസ്‌കരിക്കട്ടെ. അത് അവനു വിത്‌റാകും.’’
മൂന്നു റക്അത്തുകൾ കൊണ്ടും വിത്‌റാക്കൽ അനുവദനീയമാണ്. ആഇശ(റ)യിൽനിന്നു നിവേദനം: “നബിﷺ നാലു റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു. അവയുടെ ഭംഗിയെക്കുറിച്ചും ദൈർഘ്യത്തെക്കുറിച്ചും താങ്കൾ ചോദിച്ചുപോകരുത്. പിന്നീടു നാലു റക്അത്തുകൾ നമസ്‌കരിക്കും. അവയുടെ ഭംഗിയെക്കുറിച്ചും ദൈർഘ്യത്തെക്കുറിച്ചും താങ്കൾ ചോദിച്ചുപോകരുത്. ശേഷം തിരുനബി മൂന്നു റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു.’’
ഈ മൂന്നു റക്അത്തുകൾ രണ്ടു സലാം കൊണ്ട് നിർവഹിക്കൽ അനുവദനീയമാണ്. ഒരു തശഹ്ഹുദും ഒരു സലാമും കൊണ്ട് ഒന്നിച്ചു നമസ്‌കരിക്കലും അനുവദനീയമാണ്. ആഇശ(റ)യിൽനിന്നു നിവേദനം: “നബിﷺ മൂന്നു റക്അത്തുകൾകൊണ്ട് വിത്‌റാക്കുമായിരുന്നു. അവയിൽ അവസാനത്തിലല്ലാതെ തിരുമേനി ഇരിക്കുമായിരുന്നില്ല.’’
രണ്ടു തശഹ്ഹുദുകൾ കൊണ്ടും ഒരു സലാം കൊണ്ടും വിത്ർ നമസ്‌കരിക്കാവതല്ല. മഗ്‌രിബ് നമസ്‌കാരത്തോടു സാദൃശ്യമാകാതിരിക്കുവാൻ വേണ്ടിയാണത്. തിരുനബിﷺ അത് വിരോധിച്ചിട്ടുണ്ട്.
ഏഴു റക്അത്തുകൾ കൊണ്ടും അഞ്ചു റക്അത്തുകൾകൊണ്ടും വിത്‌റാക്കൽ അനുവദനീയമാകുന്നു. അപ്പോൾ അവയുടെ അവസാനത്തിലേ ഇരിക്കാവൂ. ആഇശ(റ)യിൽനിന്ന് നിവേദനം: “അല്ലാഹുവിന്റെ റസൂൽﷺ രാത്രിയിൽ പതിമൂന്ന് റക്അത്തുകൾ നമസ്‌കരിക്കുമായിരുന്നു. അതിൽ അഞ്ചു റക്അത്തുകൾകൊണ്ട് വിത്‌റാക്കുമായിരുന്നു. അതിൽ അവസാനത്തിലല്ലാതെ ഒരു റക്അത്തിലും തിരുമേനി ഇരിക്കുമായിരുന്നില്ല.’’

