ഇസ്‌ലാമിലെ വിവാഹം - 02
അബ്ദുൽ ജബ്ബാർ മദീനി
2025 ജൂൺ 21, 1446 ദുൽഹിജ്ജ 24

നികാഹിന്റെ നിബന്ധനകൾ
1. വരനെയും വധുവിനെയും നിർണയിക്കൽ: ഒരാളെ നിർണയിക്കാതെ അവരുമായുള്ള വിവാഹ ഉടമ്പടി സാധുവാകുകയില്ല. ഒരാൾക്ക് ഒന്നിലധികം പെൺമക്കളുണ്ടെങ്കിൽ ‘എന്റെ മകളെ ഞാൻ നിനക്ക് വിവാഹം കഴിച്ചു തന്നിരിക്കുന്നു’ എന്നു പറയുന്നതുപോലെ. അല്ലെങ്കിൽ ഒരാൾക്ക് ഒന്നിലധികം ആൺമക്കളുണ്ടെങ്കിൽ ‘നിന്റെ മകന് ഞാൻ അവളെ വവാഹം കഴിച്ചു നൽകിയിരിക്കുന്നു’ എന്നു പറയുന്നതുപോലെ. ഫാത്വിമ, മുഹമ്മദ് എന്നിങ്ങനെ പേരു നിജപ്പെടുത്തലും അല്ലെങ്കിൽ മൂത്തവൾ, ഇളയവൾ എന്നിങ്ങനെ വിശേഷണം നിർണയിക്കലും അനിവാര്യമാണ്.
2. വധൂവരന്മാരുടെ പരസ്പര തൃപ്തി: ബലാൽകാരമായുള്ള നികാഹ് സാധുവാകുകയില്ല. അബൂഹുറയ്‌റ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “അനുവാദം ചോദിക്കപ്പെടുന്നതുവരെ ഥയ്യിബ് (കന്യകയല്ലാത്തവൾ) വിവാഹം ചെയ്തു കൊടുക്കപ്പെടുകയില്ല. അനുവാദം ചോദിക്കപ്പെടുന്നതുവരെ കന്യകയും വിവാഹം ചെയ്തുകൊടുക്കപ്പെടുകയില്ല.’’
3. നികാഹിൽ വിലായത്ത്: ഒരു സ്ത്രീയുടെ വിവാഹ ഉടമ്പടി വലിയ്യല്ലാതെ നടത്തുകയില്ല. തിരുനബിﷺ പറഞ്ഞു: “വലിയ്യില്ലാതെ (രക്ഷാധികാരി) നികാഹില്ല.’’
പുരുഷനും പ്രായപൂർത്തിയായവനും ബുദ്ധിയുള്ളവനും സ്വതന്ത്രനും ഉപരിപ്ലവമായെങ്കിലും ദീനുള്ളവനുമായിരിക്കണമെന്നത് വലിയ്യിൽ ശർത്ത്വാക്കപ്പെടും.
4.വിവാഹത്തിന് സാക്ഷ്യം: മുസ്‌ലിംകളും പ്രായപൂർത്തിയായവരും ഉപരിപ്ലവമായെങ്കിലും ദീനീനിഷ്ഠയുമുള്ള രണ്ടു സാക്ഷികളെ കൊണ്ടല്ലാതെ നികാഹ് സാധുവാകുകയില്ല. തിരുനബിﷺ പറഞ്ഞു: “വലിയ്യും (രക്ഷാധികാരിയും) ദീനീനിഷ്ഠയുള്ള രണ്ട് സാക്ഷികളുമില്ലാതെ നികാഹില്ല. അതെല്ലാതെയുള്ളത് ബാത്വിലാകുന്നു.’’
ഇമാം തുർമുദി പറഞ്ഞു: “സ്വഹാബികളിലും ശേഷക്കാരായ താബിഉകളിലും മറ്റുമുള്ള പണ്ഡിതന്മാരുടെ അടുക്കൽ ഇതനുസരിച്ചാകുന്നു വൈവാഹിക കർമം. അവർ പറഞ്ഞു: സാക്ഷികൾ കൊണ്ടല്ലാതെ നികാഹില്ല. ബന്ധത്തെ നിരാകരിച്ചേക്കുമോ എന്ന ഭീതിയാൽ കുടുംബബന്ധത്തിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നികാഹിൽ സാക്ഷ്യം ശർത്ത്വാകുന്നത്.’’
5. വിവാഹത്തിനു തടസ്സമാകുന്ന കാര്യങ്ങളിൽനിന്ന് വധൂവരന്മാർ മുക്തമാകുക: കുടുംബബന്ധത്താലോ മുലകുടി ബന്ധം, വൈവാഹികബന്ധം, വധൂവരന്മാരുടെ മതം വ്യത്യാസപ്പെടുക, വധൂവരന്മാരിലൊരാൾ ഹജ്ജിനോ ഉംറക്കോ ഇഹ്‌റാമിൽ പ്രവേശിച്ചവരാവുക തുടങ്ങിയ കാരണങ്ങളാലോഉള്ള തടസ്സങ്ങൾ.
നികാഹിന്റെ റുക്‌നുകൾ
നികാഹിന്റെ അസ്തിത്വവും നിലനിൽപുമായുള്ള അടിസ്ഥാന സ്തംഭങ്ങൾ:
1. വരനും വധുവും: മുമ്പ് സൂചിപ്പിച്ചതുപോലുള്ള വൈവാഹിക തടസ്സങ്ങളിൽനിന്ന് മുക്തമായ വരനും വധുമാകുന്നു ഉദ്ദേശ്യം. വിവാഹം നിഷിദ്ധമായവരെ കുറിച്ചുള്ള ചർച്ചയിൽ അതിനെ കുറിച്ചുള്ള പരാമർശം വരുന്നുമുണ്ട്.
2. ഈജാബ്: വലിയ്യിൽനിന്നോ വലിയ്യിന്റെ സ്ഥാനമലങ്കരിക്കുന്ന വകീലിൽനിന്നോ ഉത്ഭവിക്കുന്ന ‘വിവാഹം കഴിച്ചു തന്നിരിക്കുന്നു’ എന്ന പദപ്രയോഗമാണത്.
3. ക്വബൂൽ: വരനിൽനിന്നോ അവന്റെ സ്ഥാനമലങ്കരിക്കുന്നവനിൽനിന്നോ ഉത്ഭവിക്കുന്ന ‘ഈ വിവാഹം ഞാൻ തൃപ്തപെട്ടിരിക്കുന്നു’ അല്ലെങ്കിൽ ‘ഞാൻ സ്വീകരിച്ചിരിക്കുന്നു’ എന്ന പദപ്രയോഗമാണത്.
ഈജാബ് ക്വബൂലിനെ മുൻകടക്കൽ നിർബന്ധമാകുന്നു.
നികാഹ് നിഷിദ്ധമായ സ്തീകൾ
നികാഹ് നിഷിദ്ധമായ സ്തീകൾ രണ്ടുവിധമാകുന്നു. എന്നെന്നേക്കുമായി വിവാഹം നിഷിദ്ധമാകുന്നവരും താൽക്കാലികമായി വിവാഹം നിഷിദ്ധമാകുന്നവരും.
ഒന്ന്: നിത്യമായി വിവാഹം നിഷിദ്ധമാകുന്നവർ
പതിനാലു വിഭാഗം സ്ത്രീകൾ എന്നെന്നേക്കുമായി വിവാഹം നിഷിദ്ധമാകുന്നവരാണ്. ഏഴുപേർ നസബിനാലും ഏഴുപേർ സബബിനാലും. ഏതൊരു അവസ്ഥയിലും ഏതു കാലത്തും അവരെ വിവാഹം കഴിക്കൽ അനുവദനീയമല്ല എന്നതാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ഇങ്ങനെ നിഷിദ്ധമാകുന്നതിന് മൂന്നു കാരണങ്ങളുണ്ട്: കുടുംബബന്ധം, വൈാവാഹികബന്ധം, മുലകുടിബന്ധം.
കുടുംബ ബന്ധത്താൽ നിഷിദ്ധമാകുന്ന സ്ത്രീകൾ:
1. മാതാവ്, മാതൃമഹതികൾ (മാതാവിന്റെയും പിതാവിന്റെയും മാതാക്കൾ): ഇവർക്ക് മനുഷ്യന്റെ ഉസ്വൂലുകൾ എന്നു പറയപ്പെടുന്നു.
2. മകൾ, മക്കളുടെ പെൺമക്കൾ: ഇവർക്ക് മനുഷ്യന്റെ ഫുറൂഅ് എന്നു പറയപ്പെടുന്നു.
3. മാതാപിതാക്കളിലൊത്ത(പൂർണ) സഹോദരി, പിതാവിലൊത്ത സഹോദരി, മാതാവിലൊത്ത സഹോദരി: ഇവർക്ക് മാതാപിതാക്കളുടെ ഫുറൂഅ് എന്ന് പറയപ്പെടുന്നു.
4.പൂർണ സഹോദരന്റെ മകൾ, പിതാവിലൊത്ത സഹോദരന്റെ മകൾ, മാതാവി ലൊത്ത സഹോദരന്റെ മകൾ.
5. പൂർണ സഹോദരിയുടെ മകൾ, പിതാവിലൊത്ത സഹോദരിയുടെ മകൾ, മാതാവിലൊത്ത സഹോദരിയുടെ മകൾ.
6. പിതാവിന്റെ സഹോദരി(അമ്മായി): ഇവരെ പോലെയാണ് പിതാവിന്റെ അമ്മായിയും മാതാവിന്റെ അമ്മായിയും. പിതാവിന്റെ സഹോദരിമാർക്ക് പിതാവിന്റെ മാർഗേണയുള്ള പിതാമഹന്റെയും പിതാമഹിയുടെയും ഫുറൂഅ് എന്ന് പറയപ്പെടുന്നു.
7. മാതാവിന്റെ സഹോദരി(മുത്തമ്മയും കുഞ്ഞാമയും). ഇവരെ പോലെയാണ് മാതാവിന്റെ മാതൃസഹോദരിയും പിതാവിന്റെ മാതൃസഹോദരിയും. മാതാവിന്റെ സഹോദരിമാർക്ക് മാതാവിന്റെ മാർഗേണയുള്ള പിതാമഹന്റെയും പിതാമഹിയുടെയും ഫുറൂഅ് എന്ന് പറയപ്പെടുന്നു.
ഈ സ്ത്രീകളിൽ ഒരാളെയും ഒരവസ്ഥയിലും വിവാഹം കഴിക്കൽ അനുവദനീയമല്ല. അല്ലാഹു പറഞ്ഞു: “നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, നിങ്ങളെ മുലകുടിപ്പിച്ച പോറ്റമ്മമാർ, മുലകുടി മുഖേനയുള്ള നിങ്ങളുടെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്കു നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’’ (ക്വുർആൻ 4:23).
വിവാഹ ബന്ധത്താൽ നിഷിദ്ധമാകുന്ന സ്ത്രീകൾ:
1. പിതാവിന്റെ ഭാര്യ: ഇവരെ പോലെയാണ് പിതാമഹാന്മാരുടെ ഭാര്യമാർ. ഇവർക്ക് ഉസ്വൂലിന്റെ ഭാര്യമാർ എന്ന് പറയപ്പെടുന്നു. അല്ലാഹു പറഞ്ഞു: “നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്ത സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കരുത്; മുമ്പ് ചെയ്തുപോയതൊഴികെ. തീർച്ചയായും അത് ഒരു നീചവൃത്തി യും വെറുക്കപ്പെട്ട കാര്യവും ദുഷിച്ച മാർഗവുമാകുന്നു’’ (ക്വുർആൻ 4:22).
2. മകന്റെ ഭാര്യ, മകന്റെ മകന്റെ ഭാര്യ, മകളുടെ മകന്റെ ഭാര്യ. ഇപ്രകാരം ഫുറൂഇന്റെ ഭാര്യമാരെല്ലാം: അല്ലാഹു പറഞ്ഞു: “നിങ്ങളുടെ മുതുകിൽനിന്ന് പിറന്ന പുത്രന്മാരുടെ ഭാര്യമാരും (നിങ്ങൾക്ക് നി ഷിദ്ധമാക്കപ്പെട്ടിരിക്കുന്നു)’’ (ക്വുർആൻ 4:23).
3. ഭാര്യയുടെ മാതാവ്: ഇവരെ പോലെ തന്നെയാണ് ഭാര്യാമതാവിന്റ മാതാവിനെ പോലുള്ള അവരുടെ ഉസ്വൂലിലുള്ള സ്ത്രീകളെല്ലാം. അല്ലാഹു പറഞ്ഞു: “...നിങ്ങളുടെ ഭാര്യാമാതാക്കൾ എന്നിവർ (അവരെ വിവാഹം ചെയ്യൽ) നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു’’ (ക്വുർആൻ 4:23)
ഈ പറയപെട്ട മൂന്നു കൂട്ടർ കേവല ഉടമ്പടിയോടുകൂടി തന്നെ നിഷിദ്ധമായിത്തീരും. അവർ നിഷിദ്ധമാകുവാൻ കാരണമായ ഭാര്യയുമായി വൈവാഹികജീവിതം നയിച്ചാലും ഇല്ലെങ്കിലും ശരി.
4. ഭാര്യയുടെ മകൾ: ഇവൾക്കാണ് ‘റബീബ’ എന്നു പറയപ്പെടുന്നത്. ഇവൾ അവളുടെ മാതാവിന്റെ ഭർത്താവിനു നിഷിദ്ധമാണ്. അല്ലാഹു പറഞ്ഞു: “...നിങ്ങൾ ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടിട്ടുള്ള നിങ്ങളുടെ ഭാര്യമാരുടെ സന്താനങ്ങളായി നിങ്ങളുടെ സംരക്ഷണത്തിലുള്ള വളർത്തുപുത്രിമാരും (അവരെ വിവാഹം ചെയ്യുന്നതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു)’’ (ക്വുർആൻ 4:23).
അവൾ നിഷിദ്ധമാകുന്നതിന് അവളുടെ മാതാവിന്റെ ഭർത്താവിന്റെ സംരക്ഷണത്തിൽ വളർന്നാലാണെന്നു നിബന്ധന വെക്കുവാൻ പാടുള്ളതല്ല. ആയത്തിൽ ‘നിങ്ങളുടെ സംരക്ഷണത്തിൽ വളർന്നാലാണെ’ന്നു പറഞ്ഞത് അവരുടെ സംരക്ഷണം മിക്കപ്പോഴും അങ്ങനെയാണെന്നതു വ്യക്തമാക്കുവാനാണ്. ഈ പെൺകുട്ടി അയാൾക്ക് നിഷിദ്ധമാകുന്നത് അയാൾ കുട്ടിയുടെ ഉമ്മയുമായി ദാമ്പത്യം നയിച്ചാലാണ്. അയാൾ വീടുകൂടുന്നതിനുമുമ്പ് മാതാവ് മരണപ്പെടുകയോ അല്ലെങ്കിൽ മാതാവിനെ വിവാഹമോചനം നടത്തുകയോ ചെയ്താൽ അവരുടെ മകളെ അയാൾക്ക് വിവാഹം കഴിക്കാവുന്നതാണ്. അല്ലാഹു പറഞ്ഞു: “ഇനി നിങ്ങൾ അവരുമായി ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടിട്ടില്ലെങ്കിൽ (അവരുടെ മക്കളെ വേൾക്കുന്നതിൽ) നിങ്ങൾക്കു കുറ്റമില്ല’’ (ക്വുർആൻ 4:23).
5. ഉമ്മയുടെ ഭർത്താവിനെയും മകളുടെ ഭർത്താവിനെയും ഭർത്താവിന്റെ മകനെയും ഭർത്താവിന്റെ പിതാവിനെയും വിവാഹം കഴിക്കൽ ഒരു സ്ത്രീക്ക് നിഷിദ്ധമാകുന്നു.
മുലകുടി ബന്ധത്താൽ നിഷിദ്ധമാകുന്ന സ്ത്രീകൾ:
മുലകുടി ബന്ധത്താൽ ഏഴു സ്ത്രീകൾ നിഷിദ്ധമാക്കപ്പെടും. അവരിൽ രണ്ടുപേരെ വിശുദ്ധക്വുർആൻ അനുസ്മരിച്ചു. വിശുദ്ധ സുന്നത്ത് അഞ്ചുപേരെ ഈ രണ്ടുപേരോടു ചേർക്കുകയും ചെയ്തു. (അവസാനിച്ചില്ല)
(അവലംബം: ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്‌ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥം)

