വിശപ്പകറ്റാൻ വെന്തുരുകുന്നവർ

നബീൽ പയ്യോളി

2024 സെപ്തംബർ 14, 1446 റ. അവ്വൽ 11

റോട്ടിലെ ആൾക്കൂട്ടത്തെയും പൊലീസുകാരെയും ആംബുലൻസും കണ്ടാണ് നോക്കിയത്. റോട്ടിൽ കിടക്കുന്നു തകർന്ന ബൈക്കും കാറും. ബൈക്കിന് പിന്നിലെ ഫുഡ് ബോക്‌സ് കണ്ടപ്പോൾ ‘ഡെലിവറി ബോയ് ബൈക്ക്’ ആണെന്ന് മനസ്സിലായി.

ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിൽ ഇരുചക്രവാഹനങ്ങളിൽ കുതിക്കുന്ന ‘ഡെലിവറി ബോയ് ബൈക്ക്’ എന്നത് മനസ്സിൽ ഒരു നൊമ്പരമായി നിൽക്കുന്നു.

ഗൾഫിലെ വീഥികളിൽ മുൻപൊന്നും ഇരുചക്ര വാഹനങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നിപ്പോൾ വിരൽത്തുമ്പിൽ വിശപ്പടക്കാൻ ആപ്പുകൾ ഉള്ളപ്പോൾ ഡെലിവറി ബോയ് എന്നത് അനിവാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആയിരങ്ങൾ അന്നത്തിനു കണ്ടെത്തിയ തൊഴിൽ.

അപകടങ്ങളിൽ പലപ്പോഴും തകർന്ന് കിടക്കുന്ന ബൈക്കും പിന്നിലെ ഫുഡ് ബോക്‌സും കാണാറുണ്ട്. ഇപ്പൊൾ വരുമെന്ന് കരുതി വിശന്നിരിക്കുന്ന ആർക്കോ വേണ്ടിയാണവർ കുതിക്കുന്നത്. സ്വന്തം വിശപ്പകറ്റാനും കുടുംബത്തിന്റെ വയറു നിറക്കാൻ വേണ്ടിയുമാണ് അവർ പാടുപെടുന്നത്.

വെന്തുരുകുന്ന വെയിൽ, കത്തിനിൽക്കുന്ന പാതകൾ, ശരവേഗത്തിൽ കുതിക്കുന്ന വാഹനങ്ങൾ. ഇതിനിടയിലൂടെയാണ് ജീവനും കൊണ്ട് അവർ ഓടുന്നത്. തീരാത്ത ഗതാഗതക്കുരുക്കും കാത്തിരുന്നു വിളിക്കുന്ന കസ്റ്റമറും തട്ടാതെ മുട്ടാതെ അവിടെ എത്തണമെന്നുള്ള ചിന്തയും. പാവങ്ങൾ റോഡിലൂടെ വെപ്രാളത്തിൽ പോകുന്നതിനിടയിൽ വല്ല അബദ്ധവും വന്നുപോയാൽ കേൾക്കണം മറ്റുള്ളവരുടെ ശകാരം. വൈകിയെത്തിയാൽ കസ്റ്റമർ, കമ്പനി എല്ലാവരും എടുത്ത് അലക്കും.

ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ സ്വയം മറന്ന് ഉരുകിത്തീരുന്ന ഒരുകൂട്ടം ആളുകൾ; ഡെലിവറി ബോയ്കൾ. പലരുടെയും ശകാരങ്ങൾക്ക് പലപ്പോഴും പാത്രീഭൂതരായവർ.

പലർക്കും സഹായവും സ്‌നേഹവും കൈത്താങ്ങുമായി ഡെലിവറി ബോയ് വരുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത് കണ്ടിട്ടുണ്ട് നാം. ഭക്ഷണവുമായി എത്താൻ വൈകിയതിൽ ദേഷ്യപ്പെട്ട് കസ്റ്റമറുടെ അടിയേറ്റ് കരവാളിച്ച മുഖവുമായി നിൽക്കുന്ന ഡെലിവറി ബോയിയെയും നാം കണ്ടിട്ടുണ്ട്.

നല്ല മനസ്സോടെ അവരെ കാണാനും ഉപദ്രവിക്കാതിരിക്കാനും സഹാനുഭൂതിയും സഹജീവി സ്‌നേഹവും പ്രകടിപ്പിക്കാനും നമുക്കൊക്കെ മനസ്സുണ്ടാകണം. അതിന് തിരിച്ചറിവും പക്വതയും വിവേകവും ഹേതുവാകട്ടെ.