ശേഷം പ്രളയമുണ്ടാകില്ല

ഇബ്‌നു അലി എ‌ടത്തനാട്ടുകര

2024 ജനുവരി 20, 1445 റജബ് 8

ഞാൻ ഇല്ലെങ്കിൽ, ഞാൻ അന്നവിടെ ഉണ്ടായിരുന്നില്ലെങ്കിൽ... എല്ലാം തകിടം മറിഞ്ഞേനെ എന്ന്, സ്വയം പെരുമ നടിക്കുന്ന ചിലർ ഇടയ്ക്കിടെ പറയാറുണ്ട്.

സംഘടനയിൽ/പാർട്ടിയിൽ ഞാനാണ് എല്ലാം, താനില്ലെങ്കിൽ ഒന്നും നേരെ ചൊവ്വെ നടക്കില്ല, ഞാനാണ് മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുന്നത്, അതെല്ലാം എന്റെ മിടുക്കാണ്, ഞാനില്ലെങ്കിൽ സംഘടനയേയില്ല, ഞാനാണ് സംഘടന/പാർട്ടി എന്നൊക്കെ കരുതുന്ന ചിലരുണ്ട്. ഈ ‘ഞാൻ’ ഈഗോ കാരണം നിസ്സാരകാര്യത്തിന് പിണങ്ങി ചിലർ രാജിഭീഷണി മുഴക്കാറുണ്ട്. ചിലരാകട്ടെ രാജിവെക്കാറുമുണ്ട്. ആ സാധുക്കൾ ധരിച്ചുവച്ചിരിക്കുന്നത്, മറ്റുള്ളവർ ഖേദം പ്രകടിപ്പിച്ച് അവരെ തിരികെ വിളിച്ച് സ്ഥാനമാനങ്ങൾ തിരികെ നൽകി ആദരിച്ച് സ്വീകരിക്കുമെന്നാണ്. എന്നാൽ, അഹങ്കാരത്തിന് കൈകാലുകൾ മുളച്ച അത്തരക്കാർ പോയിക്കിട്ടിയത് ഭാഗ്യമായി കണക്കാക്കി അവരുടെ അസാന്നിധ്യം ഒട്ടും ഗൗനിക്കാത്തവരുണ്ട്. രാജിവച്ചവന് സ്ഥാനം പോയി, അഹമ്മതിക്ക് തിരിച്ചടിയും കിട്ടി. ദിവസങ്ങൾ കൊണ്ടയാൾ ചിത്രത്തിൽനിന്ന് മായുകയും ചെയ്യും. ഇങ്ങനെ മൂപ്പിളമത്തർക്കം കാരണം രാജിവച്ച് ഒടുവിൽ തിരികെയെത്താൻ കുറ്റസമ്മതവും ഖേദവും എഴുതിക്കൊടുത്ത് പരിഹാസ കഥാപാത്രമായി നിൽക്കുന്ന ഒരാളെ വർഷങ്ങളായി പരിചയമുണ്ട്.

എന്റെ പഴയ ഓഫീസിൽ ഒരു ബോസുണ്ടായിരുന്നു. താഴെ തസ്തികയിൽ ജോലിക്ക് ചേർന്ന് പിന്നീട് സ്ഥാനക്കയറ്റങ്ങൾ കിട്ടി ഓഫീസറായ അദ്ദേഹം കൂടുതൽ കാലവും ഒരേ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഓഫീസിലേക്കെത്തുന്ന കക്ഷികളോട് നല്ല ബന്ധം ഉണ്ടായിരുന്നു. അവരുടെയും ഫയലുകളുടെയും പൂർവ ചരിത്രവും പ്രശ്‌നങ്ങളും കൃത്യമായി അറിയാമായിരുന്നു. പണിയെടുക്കാനും മടിയുണ്ടായിരുന്നില്ല. പക്ഷേ, താനാണ് ജോലിയെല്ലാം ചെയ്യുന്നതെന്ന് ഇടയ്ക്കിടക്ക് വിളിച്ചുപറയുമെന്ന് മാത്രം. സഹപ്രവർത്തകർക്കോ ജൂനിയേഴ്‌സിനോ ഒരിക്കലും പ്രധാനപ്പെട്ട ഓഫീസ് കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കില്ല. എല്ലാം തന്നിലൂടെ നടക്കണം എന്ന സ്വാർഥത തന്നെ കാരണം. അയാൾ അവധിയിലാണെങ്കിൽ ചില കാര്യങ്ങൾ മുടങ്ങുകയും ചെയ്തിരുന്നു. താൻ ഇല്ലെങ്കിൽ കാണാം, ആപ്പീസ് പൂട്ടേണ്ടിവരും, താനാണ് ആപ്പീസ് എന്ന മട്ടിൽ അഹങ്കരിച്ച് സ്വയം ആശ്വസിക്കാറുമുണ്ടായിരുന്നു.

അയാൾ സേവനത്തിൽനിന്ന് പിരിഞ്ഞശേഷം വേറെ ഒരു കക്ഷിയുടെ കാര്യത്തിനു വേണ്ടി ഓഫീസിൽ എത്തുകയും ഓഫീസിൽ കാര്യങ്ങൾ വേഗത്തിൽ നടക്കുന്നില്ല എന്നു പറഞ്ഞ് ജീവനക്കാരെ ശാസിക്കുകയും ചെയ്തു. ഇതുകേട്ട ജൂനിയറായ ഒരു പെൺകുട്ടി, ഓഫീസ് കാര്യം നോക്കാനും ശകാരിക്കാനും അയാൾക്കെന്താണ് അധികാരം എന്ന് നേരിട്ടങ്ങ് ചോദിക്കുകയും അവിടുത്തെ കാര്യങ്ങൾ ഭംഗിയായി നടക്കുന്നുണ്ടെന്നും അത് പരിശോധിക്കാൻ മേലധികാരികളുണ്ട് എന്നും മേലാൽ അമ്മാതിരി കാര്യം പറഞ്ഞുകൊണ്ട് ഓഫീസിലേക്ക് വരരുത് എന്നും പറഞ്ഞ് അയാളുടെ അഹങ്കാരത്തിന് തടയിട്ടു. അപ്രതീക്ഷിതമായി വടി കൊടുത്ത് വാങ്ങിയ അടി അയാൾക്ക് വലിയ ആഘാതമായി. പിന്നീട് ഒരിക്കലും അയാൾ ആ ഓഫീസിലേക്ക് ചെന്നിട്ടില്ല എന്നാണ് കേട്ടത്.

തനിക്കുശേഷം പ്രളയം എന്ന മട്ടിൽ മസിൽപിടിച്ച് നടക്കുന്ന ചിലരുണ്ട്. താനില്ലെങ്കിൽ വീട്ടുകാര്യങ്ങളോ നാട്ടുകാര്യങ്ങളോ കച്ചവടമോ ഓഫീസോ ഒന്നും വേണ്ടപോലെ നടക്കില്ല എന്ന അല്പത്തരത്തിൽ അഭിരമിച്ച് വിഡ്ഢികളുടെ സ്വർഗത്തിൽ ജീവിക്കുകയാണ് അവർ. അവരില്ലെങ്കിലും സൂര്യനുദിക്കും, അസ്തമിക്കും, രാവ് പകലിനും പകൽ രാത്രിക്കും വഴിമാറും. മഴ പെയ്യുകയും പുഴ നിറയുകയും ഒഴുകിയത് ആഴക്കടലിൽ എത്തപ്പെടുകയും ചെയ്യും. ഒരു പക്ഷേ, വീടും കച്ചവടവും ഓഫീസും സംഘടനയും കൂടുതൽ ഭംഗിയായി നടന്നേക്കും. തന്നെക്കാൾ കഴിവും ശേഷിയുമുളളവർ പുറത്ത് അവസരം കാത്തിരിക്കുന്നുണ്ട് എന്നോർക്കുക. കരുതിയിരിക്കുക, വിനയാന്വിതരാവുക...!