നോമ്പ്; പട്ടിണിയും ധൂർത്തും
ഇബ്‌നു അലി എടത്തനാട്ടുകര
2024 മാർച്ച് 23, 1445 റമദാൻ 13

ഒരു കാരക്ക കഷ്ണങ്ങളാക്കി അതുകൊണ്ട് രണ്ടോ മൂന്നോ പേർ നോമ്പു തുറന്നിരുന്ന കാലം ഓർമയുണ്ട്. കുട്ടിക്കാലത്ത്, വല്ലപ്പോഴും കിട്ടുന്ന ഈത്തപ്പഴം തിന്നതിന്റെ കുരു, വളപ്പൊട്ടുപോലെ സൂക്ഷിച്ച് വെച്ചിരുന്നത് മറന്നിട്ടില്ല.
നോമ്പുതുറ ഇന്ന് ഒരു മത്സരവേളയായി മാറിയിരിക്കുന്നുവോ? സംഘടനകളും പള്ളികളും നടത്തുന്ന ഇഫ്ത്വാറുകളിൽ സാധാരണക്കാർക്ക് ഇടം ലഭിക്കുമെങ്കിലും സമൂഹത്തിന്റെ ഉന്നത ശ്രേണിയിലുളളവർ നോമ്പുതുറ സംഘടിപ്പിക്കുമ്പോൾ അത്തരക്കാരുടെ സാന്നിധ്യം തുലോം കുറവാണ്.
വിഭവ സമൃദ്ധിയാണ് ഇഫ്ത്വാറുകളുടെ കാഴ്ച. പലയിനം ഈത്ത പ്പഴങ്ങളാണ് നോമ്പുതുറ മേശയിൽ ലഭ്യമാകുന്നത്. നാരങ്ങവെള്ളമോ വല്ലപ്പോഴും ഉണ്ടാക്കുന്ന തരിക്കഞ്ഞിയോ ആയിരുന്നു പണ്ടത്തെ സ്‌പെഷ്യൽ. ഇന്ന് ഏതെല്ലാം തരത്തിലുള്ള ജ്യൂസുകളാണ് ലഭിക്കുന്നത്! അതിനുപുറമെ ഓറഞ്ചും മുന്തിരിയും ആപ്പിളും പൈനാപ്പിളും പിന്നെ പേരറിയാത്ത നിരവധി പഴങ്ങളും പ്ലേറ്റുകളിൽ നിരത്തി യിട്ടുണ്ടാകും.
എണ്ണപ്പലഹാരങ്ങളുടെ എണ്ണം പറയാനുമില്ല! സമൂസ ഇല്ലെങ്കിൽ നോമ്പുതുറയില്ല എന്ന അവ സ്ഥയിലേക്ക് മാറിയിരിക്കുന്നു! പോരാത്തതിന് മധുര പലഹാരങ്ങളും. നോമ്പ് മുറിക്കുന്ന അവസരത്തിലുള്ളതാണ് ഇവയെല്ലാം. പിന്നെയാണ് വിഭവങ്ങളുടെ വരവ്! പത്തിരി, പൊറോട്ട, അപ്പം, ചപ്പാത്തി, നൂൽപുട്ട് തുടങ്ങിയ പലഹാരങ്ങൾ ഒരുഭാഗത്ത്. നെയ്‌ച്ചോർ, ബിരിയാണി, കബ്‌സ, മന്തി തുടങ്ങി റൈസ് ഇനങ്ങൾ മറുഭാഗത്ത്. കറിവെച്ചതും പൊരിച്ചതുമായി മീൻ, ബീഫ്, കോഴി, ആട്, പച്ചക്കറി വിഭവങ്ങൾ വേറെയും...
പട്ടിണി നേരിട്ടനുഭവിച്ചനുഷ്ഠിക്കുന്ന നോമ്പിൽ പോലും പ്രത്യക്ഷമായി ആർഭാടവും പൊങ്ങച്ചവും കേറിക്കൂടിയിട്ടുണ്ട് എന്നർഥം!
ഭക്ഷണം കഴിക്കാനുള്ളതാണ്. വിഭവങ്ങൾ കൂടുതൽ ഉണ്ടെങ്കിലും മുഴുവനും ക്ഷണിതാക്കൾ കഴിച്ചു തീർത്താൽ ആശ്വസിക്കാം. പക്ഷേ, ഓരോ ചടങ്ങും ബാക്കിയാക്കുകയും പാഴാക്കുകയും ചെയ്യുന്ന അന്നത്തിന്റെ അളവ് പേടിപ്പെടുത്തുന്നതാണ്. താളും തവരയും ചക്കക്കുരുവും ചേർത്ത് പടുകൂട്ടാൻ വെച്ചു കഴിച്ച് നോമ്പ് നോറ്റിരുന്ന പഴയതലമുറയുടെ ഇല്ലായ്മയുടെ കാലം ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട്. കട്ടൻചായ ശർക്കരപ്പൊട്ട് കടിച്ചുകൂട്ടി കുടിച്ചിരുന്ന കാലവും കഴിഞ്ഞുപോയിട്ടുണ്ട്. ജീവൻ നിലനിർത്താനായി റൊട്ടിക്കഷ്ണത്തിനുവേണ്ടി കാത്തിരിക്കുന്ന, പച്ചിലകൊണ്ട് നോമ്പു തുറക്കുന്ന ഫലസ്തീൻ ജനതയും വർത്തമാനകാലത്ത് നമ്മുടെ മനസ്സിൽ വരേണ്ടതുണ്ട്.
നോമ്പ് തുറക്കുമ്പോഴുള്ള സന്തോഷം മറ്റൊരാളെ നോമ്പ് തുറപ്പിക്കുമ്പോഴും ഉണ്ടാകണം. അത് സമ്പന്നർക്ക് മാത്രമെ സാധിക്കൂ എന്നില്ല. ചെറിയ തുകക്ക് നോമ്പ് തുറപ്പിക്കാൻ അവസരം നൽകുന്ന സംവിധാനങ്ങൾ സംഘടനകൾ ഒരുക്കുന്നുണ്ട്. വീട്ടിലും അതാകാം.
പട്ടിണിയും ദാരിദ്ര്യവും ഓർമപ്പെടുത്തുക കൂടി ചെയ്യേണ്ട വ്രതം ആർഭാടത്തിന്റെയും ധൂർത്തിന്റെയും പാഴാക്കലിന്റെയും കാലം കൂടി ആവാതിരിക്കട്ടെ...

