സമയമായില്ല പോലും!
ഇബ്‌നു അലി
2024 ജൂൺ 22, 1445 ദുൽഹിജ്ജ 15

ഹജ്ജിന് എന്തേ പോകാത്തത്?’’
“കുറച്ചുകൂടി കഴിയട്ടെ; സമയമായിട്ടില്ല.’’
“കാശില്ലാഞ്ഞിട്ടല്ല, ആരോഗ്യം ഇല്ലാഞ്ഞിട്ടുമല്ല. പിന്നെന്തേ...?’’
“കുറച്ചു കാര്യങ്ങൾ കൂടി ചെയ്യാനുണ്ട്.’’
എന്താവാം തിരക്കുകൾ? മക്കളുടെ പഠനമാണ്. മക്കളുടെ ജോലിയാണ്. അവരുടെ കല്യാണമാണ്. അവർക്ക് വീട് വച്ചുകൊടുക്കണം. കച്ചവടത്തിന്റെ പ്രശ്‌നമുണ്ട്. ജോലിത്തിരക്കുമുണ്ട്. വേറെയും ചിലതുണ്ട്. തിരക്കെല്ലാം കഴിഞ്ഞിട്ട് എന്നാണ് ഹജ്ജിനു പോകാൻ കഴിയുക? റബ്ബിന്റെ വിളിക്ക് ഉത്തരം നൽകാൻ, അവന്റെ അതിഥിയാകാൻ എന്നാണ് സമയം കിട്ടുക?
കൊല്ലങ്ങൾക്കു മുമ്പ് കരിപ്പൂർ ഹജ്ജ് ക്യാമ്പിൽ ഹാജിമാർക്ക് സേവനം നൽകുന്ന വളണ്ടിയറായി വർത്തിക്കുകയായിരുന്നു. ഹജ്ജിന് പോകുന്നവരൊക്കെ പ്രായമുള്ളവർ. പലർക്കും നടക്കാൻ പ്രയാസം. പലർക്കും കോണി കയറാൻ, ഹാൻഡ് ബാഗ് തൂക്കാൻ... എല്ലാം പരസഹായം ആവശ്യം. ചിലർ ഭാര്യ കൂടെയില്ലാത്തതിനാൽ മരുന്ന് കഴിക്കാൻ പോലും മറക്കുന്നു.
ഇതിനിടയിലാണ് രണ്ട് ചെറുപ്പക്കാർ ചറപറ വർത്തമാനം പറഞ്ഞുകൊണ്ട് വന്നത്. അവർ ഹജ്ജിനാണ് എന്നറിഞ്ഞപ്പോൾ അത്ഭുതം. എങ്ങനെയാണ് ഇത്ര ചെറുപ്പത്തിൽ ഹജിന് അവസരം കിട്ടിയതെന്ന ചോദ്യത്തിന്, അവർ തുടർച്ചയായി അഞ്ചുകൊല്ലം അപേക്ഷിച്ചുകൊണ്ടിരുന്നു എന്നായിരുന്നു മറുപടി. മുമ്പ് അത്തരക്കാർ ഹജ്ജിന് നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുക്കപ്പെടുമായിരുന്നു. എനിക്ക് അതിശയവും ആവേശവും തോന്നി. ആരോഗ്യമുള്ള നല്ലകാലത്ത് ഹജ്ജ് ചെയ്യണം. മിന, അറഫ, മുസ്ദലിഫ യാത്രയും ജംറകളിലെ കല്ലേറുമൊക്കെ കുറച്ച് സാഹസം തന്നെയാണ്.
തുടർന്ന് ഞാനും ഭാര്യയും അനിയനും തുടർച്ചയായി ഹജ്ജിന് അപേക്ഷിക്കാൻ തുടങ്ങി. അഞ്ചാം കൊല്ലം പോകാം, കാശ് റെഡിയാക്കം എന്ന പ്രതീക്ഷയിൽ. പക്ഷേ, നാലാം കൊല്ലം നറുക്കെടുപ്പിൽ കിട്ടി. കാശ് റെഡിയായിരുന്നില്ല. പോകാതിരുന്നാലോ എന്നാണ് ആദ്യം തോന്നിയത്. ഒടുക്കം പോകാം എന്നുതന്നെ ഉറപ്പിച്ചു. കാശൊക്കെ സംഘടിപ്പിച്ചു. അടുത്തകൊല്ലം ജീവിച്ചിരിക്കും എന്ന് എന്താണ് ഉറപ്പ്? അങ്ങനെ 50 വയസ്സിനു മുമ്പ് ഹജ്ജ് ചെയ്തു. മഹാഭാഗ്യം! അടുത്തകൊല്ലംതൊട്ട് അഞ്ചു കൊല്ലം തുടർച്ചയായി അപേക്ഷിക്കുന്നവർക്കുള്ള മുൻഗണന എടുത്ത് കളയുകയും ചെയ്തു.
ഹജ്ജിന് ശേഷം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഹജ്ജ് ഫീൽഡ് ട്രെയിനറായി സേവനം അനുഷ്ഠിക്കാനും ഭാഗ്യം ലഭിച്ചുകൊണ്ടിരിക്കുന്നു. അപേക്ഷിച്ചിട്ട് കിട്ടാത്ത സങ്കടം പലരും പങ്കു വെക്കാറുണ്ട്. അപേക്ഷിച്ചിട്ടും കിട്ടാത്തത് അവരുടെ കുഴപ്പമല്ല. എന്നാൽ ‘തടിയാലും മുതലാലും ആവത്’ ഉണ്ടായിട്ടും ഹജ്ജിന് ഒരുങ്ങാത്ത ചിലരുണ്ട്. കുടംബപരമായും തടസ്സമൊന്നുമില്ല. കൃഷി, തൊഴിൽ, കച്ചവടം തുടങ്ങിയവയൊക്കെ തൽക്കാലം ഏൽപിക്കാൻ ആളുമുണ്ട്. പിന്നെന്താണ് തടസ്സം? ഇനി ആരെയാണ് കാത്തുനിൽക്കുന്നത്?
ആളും അർഥവുമുണ്ടെങ്കിലും പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയാത്ത നാൾ വരും. അതിനിടയ്‌ക്കെപ്പോഴോ മരണം വന്ന് വിളിക്കും. സമ്പത്ത് ബന്ധുക്കൾ വീതം വെക്കും. ഹജ്ജ് കടമായി ബാക്കിയാകും. നാളെ നാളെയെന്ന് നീട്ടിവെക്കാൻ നമ്മുടെ ആയുസ്സിന്റെ അവസാനം എന്നാണെന്ന് നമുക്കറിയില്ലല്ലോ.

