കിടന്നുറങ്ങുമിടങ്ങൾ

ഇബ്‌നു അലി

2024 ജൂലായ് 13, 1446 മുഹർറം 07

നേരം വെളുത്തിട്ടേയുള്ളൂ. ഞങ്ങൾ നാലുപേർ യാത്രയിലാണ്. പ്രഭാതഭക്ഷണം വഴിയിൽനിന്ന് കഴിക്കാമെന്നാണ് പ്ലാൻ. ഒരാൾ പതിവു ഗുളിക എടുക്കാൻ മറന്നു. തുറന്ന മെഡിക്കൽ ഷോപ്പ് ഉണ്ടോയെന്ന് നോക്കിയാണ് കാർ സഞ്ചാരം. ഒടുവിൽ തുറന്ന ഒന്ന് കണ്ടു. മരുന്ന് വാങ്ങാൻ കൂട്ടുകാരൻ കാറിൽനിന്ന് ഇറങ്ങി. കടയുടെ വരാന്തയിൽ ഒരാൾ കാൽതൊട്ട് തലവരെ പുതച്ച് ഉറങ്ങുന്നു. പാവം!

ഞങ്ങളുടെ യാത്ര കേന്ദ്രഭരണ പ്രദേശത്തേക്കായിരുന്നു. ഫ്രഞ്ച് അധിനിവേശത്തിന്റെ അടയാളങ്ങളും സംസ്‌കാരവും വിട്ടുപോകാൻ മടിക്കുന്ന ഇടം. ഒരു ഫ്രഞ്ചുകാരിയുടെ എസി ഹോം സ്റ്റെയിൽ രാപാർത്തു. മൂളിപ്പാട്ടു പാടിയും കുത്തിയും ഒന്നോ രണ്ടോ കൊതുകുകൾ ഇടയ്ക്ക് ഉറക്കം കളഞ്ഞു. കൂട്ടുകാരനും ആ പരാതി പറഞ്ഞു.

പിറ്റേന്ന് കാഴ്ചകൾ കണ്ടു യാത്ര ചെയ്തു. രാത്രി ക്രൈസ്തവ ദേവാലയത്തിന്റെ പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് ലോഡ്ജിന്റെ രണ്ടാം നിലയിൽ നാലുപേർക്ക് കൊതുകിനെ പേടിക്കാതെ കിടക്കാവുന്ന എസി റൂംതന്നെ തരപ്പെടുത്തി. അണ്ടർ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കാറിൽനിന്ന് കുടിവെള്ളക്കുപ്പിയെടുക്കാൻ രാത്രി വൈകി താഴെയിറങ്ങി.

താഴെ നിലയിൽ വരാന്തയിൽ വാഹനങ്ങൾ പോകുന്ന വഴിയിൽ ഒരു വശത്തിട്ട ബെഞ്ചിൽ മൂന്നു പേർ ഉറങ്ങുന്നു; ഒരു വനിതയടക്കം. വാഹനം പാർക്ക് ചെയ്ത കെട്ടിടത്തിന്റെ വശത്ത്, മേൽക്കൂര യില്ലാത്ത പറമ്പിൽ നാലഞ്ചു പേർ ഉറങ്ങിക്കിടക്കുന്നു. മണ്ണിൽ പേരിനൊരു ഷീറ്റ് വിരിച്ചിട്ടുണ്ട്. തലയണയും ദേഹം മുഴുവൻ മൂടാത്ത പുതപ്പുമുണ്ട്. കാറ്റത്ത് കൊതുകുകടി കൊണ്ട് ആ സാധുക്കൾ എങ്ങനെ ഉറങ്ങും എന്ന് ആലോചിച്ചു.

രാവിലെ ചായ കുടിക്കാൻ പുറത്തിറങ്ങി. മുറ്റത്തിന്റെ അരികിലും തൊട്ടടുത്ത വഴിയിലും പുറത്ത് മണൽപ്പറമ്പിലും ഷീറ്റു വിരിച്ച് ഒറ്റക്കും കുടുബമൊന്നിച്ചുമുള്ള ഉറക്കരംഗങ്ങൾ...

സന്ദർശനം കഴിഞ്ഞ് നാട്ടിലേക്കുള്ള നീണ്ടയാത്രയിൽ കിടന്നുറക്കങ്ങൾ വീണ്ടും മനസ്സിലേക്ക് കേറി. സാധാനത്തോടെ ഉറങ്ങാൻ ഇടം കിട്ടാത്തതിനാൽ കടവക്കിലും ബെഞ്ചിലും മുറ്റത്തും പറമ്പിലും ഉറങ്ങുന്നവർ. മോശമല്ലാത്ത വാടക കൊടുത്ത ശീതീകരിച്ച മുറിയിലും ഒന്നോ രണ്ടോ കൊതുകൾ കാരണം ഉറക്കം ശരിയായില്ല എന്ന് പരാതി പറയുന്ന ഞങ്ങൾ!

എല്ലാവർക്കും അഭിമുഖീകരിക്കാനുള്ള കിടത്തം ഉള്ളിലേക്ക് തള്ളിക്കേറി. ആലോചിക്കുന്തോറും മനസ്സ് ഇടുങ്ങി. ശ്വാസം മുട്ടി. പേടി ജനിപ്പിക്കുന്ന ക്വബ്ർ...!

കുഴിച്ചുവച്ച ക്വബ്‌റിൽ മഴയിൽ നിറഞ്ഞ വെള്ളത്തിൽ പ്രതിഫലിക്കുന്ന ഇത്തിരി ആകാശപ്പൊട്ട് കണ്ടിട്ടുണ്ട്. ക്വബ്‌റിലെ ചരിച്ചുകിടത്താൻ മാത്രം വീതിയുള്ള കീഴ്‌ക്കുഴിയിൽ കിടക്കേണ്ടിവരുന്ന രംഗം ഓർമ വരും. കുഴിയിൽനിന്ന് മുകളിലേക്ക് നോക്കുമ്പോൾ കാണുന്ന മാനത്തിന്റെ ഇത്തിരി വെളുത്ത പൊട്ട് ക്വബ്‌റിലെ ഇരുട്ട് കൂട്ടുന്നു. ഒറ്റക്കാക്കി ഉറ്റവർ മടങ്ങിയശേഷം നടക്കുന്ന ചോദ്യം ചെയ്യലുകൾ. വാരിയെല്ല് കുത്തിക്കോർക്കുന്ന, വീതി കുറയുന്ന കുഴിവക്കുകൾ... വിധി കാത്ത് എത്രകാലം എന്നറിയാത്ത കൊല്ലങ്ങൾ. നാഥാ നീ മാത്രം തുണ...!