അധ്വാനത്തിലെ പഠനം
ഇബ്‌നു അലി
2024 ഒക്ടോബർ 19, 1446 റ. ആഖിർ 16

ചെറിയ ഒരു തുക അയച്ചു കൊടുക്കാൻ വേണ്ടി അവന്റെ ഗൂഗിൾ പേ അക്കൗണ്ട് ചോദിച്ചപ്പോഴാണ് അറിഞ്ഞത് അവന് 18 വയസ്സ് തികയാത്തതുകൊണ്ട് അക്കൗണ്ട് ഇല്ല എന്ന്. ഉള്ളിൽ എന്തോ സങ്കടം മുളപൊട്ടി. തലേന്ന് വീട്ടിൽ ചെറിയൊരു സൽക്കാരം നടന്നിരുന്നു. നൂറിനടുത്ത് ആളുകൾ പങ്കെടുക്കുന്ന പരിപാടിക്ക് വർഷങ്ങളായി പരിചയമുള്ള തട്ടുകടയിലെ ഭക്ഷണമാണ് തീരുമാനിച്ചത്. എല്ലാം കൊണ്ടുവന്ന് വിതരണം ചെയ്യണം എന്ന് കൂടി ഏൽപിച്ചിരുന്നു. മൂന്ന് പൊടിപ്പയ്യന്മാർ ഉച്ചക്ക് മുമ്പേ വന്നു. വാഹനത്തിൽ കൊണ്ടുവന്ന സാധങ്ങൾ ഇറക്കി വച്ചു. കസേരകളും മേശകളും വിരിയിട്ട് പുറമെ കവറിട്ട് ഭംഗിയിൽ ഒരുക്കി വച്ചു. കൊണ്ടുവന്ന ചെറുതും വലുതുമായ പാത്രങ്ങൾ സോപ്പിട്ട് കഴുകി വൃത്തിയാക്കിയതും അവർ തന്നെ. കുട്ടികൾ കുത്തിയിരുന്ന് പാത്രം കഴുകുന്നത് കണ്ടപ്പോൾ വിഷമം തോന്നി. പ്ലസ് ടു കഴിഞ്ഞവരും തുടർന്ന് പഠിക്കുന്നവരുമാണ് അവർ.
ചോദിച്ചപ്പോൾ, ഉച്ചയ്ക്ക് ഭക്ഷണം പുറത്ത് പോയി കഴിക്കാം എന്ന് അവർ പറഞ്ഞു. വീട്ടിൽ അവർക്ക് കഴിക്കാൻ മാത്രം ഭക്ഷണം തികയുമായിരുന്നില്ല. കഷ്ടിച്ച് രണ്ടുപേർക്ക് കഴിക്കാനുള്ള ഭക്ഷണം കഴിക്കാമോ എന്ന് ചോദിച്ചപ്പോൾ വലിയ മടി കൂടാതെ സമ്മതിച്ചു. ഉള്ളത് മൂന്നുപേരും സന്തോഷത്തോടെ പങ്കിട്ട് ഭക്ഷിച്ചു. പിന്നെ ബാക്കി പണിയിലേക്ക് തിരിഞ്ഞു. ഭക്ഷണസാധനങ്ങൾ വാഹനത്തിൽ കൊണ്ടുവന്ന് വലിയ പാത്രങ്ങൾ നിരത്തി അതിൽ റെഡിയാക്കി. പണിയെടുത്ത് വിയർത്തും മറ്റും അവർ ധരിച്ച വസ്ത്രങ്ങൾ മുഷിഞ്ഞിരുന്നു. എങ്ങാനും അതേ വസ്ത്രം ധരിച്ച് അവർ ഭക്ഷണ വിതരണം നടത്തിക്കളയുമോ എന്നെനിക്ക് ശങ്ക തോന്നിയെങ്കിലും അവരോട് ചോദിക്കാൻ തോന്നിയില്ല. എന്നാൽ വൈകുന്നേരം പരിപാടിക്ക് തൊട്ടു മുമ്പ് അവർ കറുത്ത പാന്റ്‌സും വെള്ള ഫുൾകൈ ഷർട്ടും അതിന് മുകളിൽ കോട്ടും ധരിച്ച് ചൊങ്കൻമാരായി.
ഒട്ടും പരാതിക്ക് ഇടം നൽകാതെ അവർ ഭംഗിയായി ചുമതല നിർവഹിച്ചു. ആരും ഒന്നും പറയാതെ തന്നെ ഗസ്റ്റുകൾക്ക് ജ്യൂസും ഭക്ഷണവും ചായയും മറ്റും എത്തിച്ചുകൊടുത്തു. യഥാസമയം വൃത്തിയാക്കുകയും ചെയ്തു. ഇടക്കൊരു ചാറ്റൽ മഴ എത്തിനോക്കിയപ്പോൾ ഇരിപ്പിടം പുന:ക്രമീകരിച്ചു.
നല്ല സേവനം. നല്ല പെരുമാറ്റം. രാത്രി പരിപാടി തീർന്നപ്പോൾ അവർ നന്നേ ക്ഷീണിച്ചിരുന്നു. എന്നാൽ അതൊട്ടും പ്രകടമാക്കാതെ ബാക്കി സാധനങ്ങൾ അടുക്കിയൊതുക്കി വെച്ചു. മികച്ച ഭക്ഷണം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. കുട്ടികളുടെ സേവനം രുചി കൂട്ടി. എല്ലാം മനസ്സ് നിറച്ചപ്പോൾ കുട്ടികൾക്ക് ചെറിയ തുക കൂടുതൽ കൊടുക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴാണ് തട്ടുകട സുഹൃത്തിൽ നിന്ന് അവരുടെ ഫോൺ നമ്പർ വാങ്ങിയതും ഒരാൾക്ക് ഗൂഗിൾ പേ അക്കൗണ്ട് ഇല്ലെന്ന് അറിഞ്ഞതും.
ചെറു പ്രായത്തിൽ അവർ അധ്വാനിച്ച് സമ്പാദിക്കുന്നത് കണ്ടപ്പോൾ സന്തോഷവും അഭിമാനവും തോന്നി. പഠനത്തിനും മറ്റുമായി അടുത്ത ചായക്കടയിലും സ്റ്റേഷനറി കടയിലും ഇടക്ക് സഹായിയായി കൂടിയിരുന്ന എന്റെ ദരിദ്ര്യബാല്യം ഓർമ വന്നത് സ്വാഭാവികം.
പഠന ചെലവിന് പുറമെ വിലകൂടിയ മൊബൈൽഫോണും ബൈക്കും സമ്മർദം ചെലുത്തി വാങ്ങിപ്പിച്ച് റീചാർജ് ചെയ്യാനും പെട്രോൾ അടിക്കാനും മാതാ പിതാക്കളെ കഷ്ടപ്പെടുത്തുന്ന, ഒന്നിനു മാത്രം വളർന്നവർ ഒരു തൊഴിലും ചെയ്യാതെ വീട്ടുകാരുടെ ഭാരം വർധിപ്പിക്കുന്ന ഇക്കാലത്ത് ഇക്കുട്ടികൾ എന്തു കൊണ്ടും അഭിനന്ദനമർഹിക്കുന്നു. അവരും അതേപോലെ കഷ്ടപ്പെടുന്ന മറ്റു കുട്ടികളും ഭാവിയിൽ ഉന്നത നിലയിൽ എത്തട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു.

