മലയും ജലവും പേടിപ്പെടുത്തുമ്പോൾ!

ഇബ്‌നു അലി

2024 ആഗസ്റ്റ് 10, 1446 സ്വഫർ 06

വെള്ളത്തിന് പ്രൗഢഗംഭീരമായ സൗന്ദര്യമുണ്ട്. മിക്കവാറും എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വെള്ളത്തിന്റെ സാന്നിധ്യവും അതിന്റെ ബുദ്ധിപൂർവവും മനോഹരമായ ഉപഭോഗവും ദർശിക്കാം. വാട്ടർ തീം പാർക്കുകൾ നൽകുന്ന ആവേശം സത്യത്തിൽ വെള്ളം നൽകുന്നതാണല്ലോ. ആയതിനാൽ അരുവിയെയും പുഴയെയും കായലിനെയും കടലിനെയും മുഖം നോക്കി നിൽക്കുന്ന വീടുകൾക്കും റിസോർട്ടുകൾക്കും വശ്യത കൂടുതലാണ്; ആവശ്യക്കാരും.

ആകാശത്തേക്ക് നോക്കി നിൽക്കുന്ന മലകളും കുന്നുകളും താഴെ പച്ചപുതച്ച മേടുകളും നൽകുന്ന കുളിരും ആശ്വാസവും വിവരണാതീതം. ഒഴിവുവേളകൾ ആസ്വാദ്യകരമാക്കാൻ അത്രമേൽ സമ്പന്നരല്ലാത്തവർ പോലും അത്തരമിടങ്ങൾ തേടി പോകുന്നു, അവിടെ പാർക്കുന്നു. ഉയർന്ന മലകളും താഴ്ന്ന് പരന്നൊഴുകുന്ന പുഴകളും അവയുടെ ചാരത്തുള്ള താമസ സ്ഥലങ്ങളും ആലോചനയിൽപോലും മനസ്സിന് സുഖം നൽകുന്നതാണ്.

എന്നാൽ ഈയിടെയായി കുന്നും മലയും വെള്ളവും പേടിപ്പെടുത്തുക കൂടി ചെയ്തുകൊണ്ടിരിക്കുന്നു. ജലാശയങ്ങൾക്കരികിലെ വീടുകൾക്കും മറ്റും ഡിമാന്റ് കുറയുന്നു. മലമുകളിൽനിന്ന് പലരും വിറ്റൊഴിഞ്ഞ് പോകുന്നു. വന്യമൃഗശല്യം കൂടി ഇതിനു പിന്നിലുണ്ട്.

വയനാട്ടിൽ മലയും മലവെള്ളപ്പാച്ചിലും ശതക്കണക്കിനാളുകളുടെ ജീവനെടുത്തിരിക്കുന്നു. അനേകം കുടുംബങ്ങളെ ഭവനരഹിതരാക്കിയിരിക്കുന്നു. അവരുടെ സ്വത്തും ഭൂമിയും കീഴ്‌മേൽ മറിക്കപ്പെട്ടിരിക്കുന്നു. തുടർ ജീവിതം ചോദ്യചിഹ്നമാകുന്നു...!

ഊണു കഴിച്ച് ഉറങ്ങിക്കിടന്നവരെയാണ് നേരം പുലരുന്നതിനു മുമ്പേ മരണം പുൽകിയത്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ഒട്ടേറെയാളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ വിങ്ങിപ്പൊട്ടി കഴിയുന്നു. സ്വന്തമായുള്ള വീടും സൗകര്യങ്ങളും നഷ്ടപ്പെട്ടവരും സ്‌കൂളിലെ ബെഞ്ചും ഡസ്‌കും കൂട്ടിയിട്ട് അതിൽ രാവുറങ്ങുന്നു.

മുമ്പ് ചെറിയ തോതിൽ ഉരുൾപൊട്ടിയേടത്തുനിന്നാണ് ആളുകളെ മാറ്റിപ്പാർപിച്ചിരിക്കുന്നത്. സ്‌ഫോടക വസ്തുക്കൾകൊണ്ട് മലതുരന്ന് പാറ പൊട്ടിച്ചപ്പോൾ വിറച്ച മണ്ണും വിണ്ടുകീറിയ ചുമരും പല കുടുംബങ്ങളെയും പേടിപ്പെടുത്തിയിരിക്കുന്നു. സമീപ ജില്ലയിലെ ദുരന്തവാർത്തകൾ അവരെ ചകിതരാക്കിയിരിക്കുന്നു. പേടി അസ്ഥാനത്തല്ല താനും.

കണക്ക് കൂട്ടിയതിനെക്കാൾ ഇരട്ടിയിരട്ടി മഴ പെയ്ത് പാറയിടുക്കിൽ ഒരുക്കൂടിയ ജലം അമിത സമ്മർദത്താൽ ‘നിവൃത്തികെട്ട്’ പൊട്ടിത്തെറിച്ചതാണ് ഉരുൾപൊട്ടലിൽ കലാശിച്ചതെന്ന് ബന്ധപ്പെട്ട വകുപ്പ് പറയുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത മനുഷ്യന്റെ ദുരക്ക് നേരെ വിരൽചൂണ്ടിയ ഗാഡ്ഗിൽ റിപ്പോർട്ട് വീണ്ടും ചർച്ചക്ക് വരുന്നു. ശാസ്ത്രം അത്രമേൽ വളർന്നു എന്ന് അഹങ്കരിക്കുമ്പോഴും ഭീഷണമായ ദ്രുത കാലാവസ്ഥാ വ്യതിയാനങ്ങൾ മുൻകൂട്ടിക്കണ്ട് ആൾനാശം ഒഴിവാക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയുന്നില്ല. മനുഷ്യന്റെ നിസ്സാരത! ആക്രാന്തം മൂത്ത ചില മനുഷ്യരുടെ, കരയിലും കടലിലും മലയിലുമുള്ള വിവേകരഹിതമായ ഇടപെടലുകളുടെ അനന്തരഫലമെന്ന് വിവരമുള്ളവർ ദുരന്തത്തെ വിലയിരുത്തുന്നു. നമുക്ക് കൈകോർക്കാം; സഹായ ഹസ്തങ്ങൾ നീട്ടാം, പ്രാർഥിക്കാം.