കാറിത്തുപ്പുന്നവർ
ഇബ്‌നു അലി
2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

'കാർക്കിച്ചു തുപ്പുക’ എന്ന വാക്ക് വായിക്കുമ്പോൾ തന്നെ ഉള്ളിൽ അറപ്പും വെറുപ്പും വരുന്നില്ലേ? എന്നാൽ നിങ്ങൾ രുചിയോടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അടുത്തു നിന്ന് ഒരാൾ ഇങ്ങനെയൊരു വികൃതശബ്ദം ഉണ്ടാക്കിയാലോ? അത് വീട്ടിലാകട്ടെ, ഹോട്ടലിലാകട്ടെ നമ്മെ വല്ലാതെ അലോസരപ്പെടുത്തും. ഗൾഫ് രാജ്യങ്ങളിൽ ഇതുപോലെ ചെയ്താൽ തല്ലാൻ ചെല്ലുന്നവർ വരെയുണ്ട് എന്ന് ഒരു സുഹൃ ത്ത് പറഞ്ഞത് ഓർമ വരുന്നു. എന്നാൽ ഇങ്ങനെ വികൃത ശബ്ദകോലാഹലം ഉണ്ടാക്കുന്ന പലരും മറ്റുള്ളവർക്കത് അരോചകമാകുന്നു എന്നത് ശ്രദ്ധിക്കാറില്ല.
ഒരു ചെറുപട്ടണത്തിലെ ‘ഹോട്ടലിൽ കാർക്കിച്ച് തുപ്പരുത്’ എന്ന ബോർഡ് വെച്ചത് കണ്ടത് ഓർമ വരുന്നു. നല്ല മാതൃക.
ഇടയ്ക്കിടക്ക് ഉണ്ടാകുന്ന ജലദോഷവും മറ്റുമാവാം ചിലരെ അങ്ങനെ ചെയ്യിക്കുന്നത്. മറ്റു ചിലർക്കാകട്ടെ, ചൂടുള്ള വല്ല പാനീയമോ ഭക്ഷണമോ കഴിച്ചാൽ ഉടനെ കഫം കാരണം ശക്തിയായി കാറി അത് തുപ്പിക്കളഞ്ഞാലേ സമാധാനമാകൂ. അത്തരക്കാർ അതൊരു അസുഖമാണെന്നും മറ്റുള്ളവർക്കത് ശല്യം ഉണ്ടാക്കുന്നു എന്നും തിരിച്ചറിയുകയും ദൂരെയെവിടെയെങ്കിലും പോയി അത് നിർവഹിക്കുകയും വേണം. കൂട്ടുകാർക്കോ കുടുംബക്കാർക്കോ ഇത്തരം സ്വഭാവമുണ്ടെങ്കിൽ സ്വകാര്യമായി അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്യണം.
വൃത്തി വേണ്ടത്ര ഇല്ലെന്ന് തോന്നുമെങ്കിലും പഴകാത്ത ഭക്ഷണവും സമയലാഭവും കിട്ടും എന്ന ചിന്തയാൽ തട്ടുകടയിൽനിന്ന് ഭക്ഷണം കഴിക്കുന്ന നിരവധി പേരുണ്ട്. പുരുഷന്മാർക്കിത് ഇഷ്ടമാണെങ്കിലും സ്ത്രീകൾക്ക് അത്ര പഥ്യമല്ല എന്ന് തോന്നുന്നു. ചില സ്ത്രീകളെങ്കിലും ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ഹോട്ടലിലെ വാഷ് മുറിയിലോ ശുചി മുറിയിലോ കേറാറില്ല. എന്തെന്നാൽ അവിടങ്ങളിലെ വൃത്തി കേട് കണ്ടാൽ മനംപിരട്ടലുണ്ടാകും. പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ ആസ്വാദ്യത ഇല്ലാതാവുകയും ഓക്കാനം വരിക പോലും ചെയ്യുന്നു എന്നാണ് പറയാറ്. അവരെ കുറ്റം പറയാൻ പറ്റില്ല താനും.
രുചിയോടെ ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നിടത്ത് ഒരാൾ വികൃത ശബ്ദത്തിൽ കാറിത്തുപ്പി അലമ്പാക്കുന്നത് കണ്ടാൽ പിന്നെ എന്ത് തീറ്റ! അതിനാൽ ഭക്ഷണത്തിന് മുമ്പോ ശേഷമോ കൈ കഴുകുമ്പോഴോ കൊപ്‌ളിക്കുമ്പോഴോ നമ്മെക്കൊണ്ട് അപരന് ഒരു തരത്തിലുള്ള അരോചകവും ഉണ്ടാകാതിരിക്കാൻ നാം ബോധപൂർവം ശ്രമിക്കുകതന്നെ വേണം.
ആർക്കും ഒരു നിലയ്ക്കും ഉപദ്രവമുണ്ടാക്കാതിരിക്കാൻ കൽപിക്കപ്പെട്ടവരാണല്ലോ മുസ്‌ലിംകൾ. അസഹ്യമായ ഗന്ധമുള്ള പച്ച വെളുത്തുള്ളി കഴിച്ച് പള്ളിയിൽ വരരുതെന്ന് നബിﷺ കൽപിച്ചത് അടുത്തു നിൽക്കുന്നവർക്ക് അത് പ്രയാസമുണ്ടാക്കുമെന്നതിനാലാണ്. അതുകൊണ്ട് മറ്റുള്ളവർക്ക് വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ശല്യമുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക.

