മലയാളികൾ ഇങ്ങനെയാണ്
സലാം സുറുമ എടത്തനാട്ടുകര
2024 ഏപ്രിൽ 06, 1445 റമദാൻ 27

മൗലവീ, റമദാൻകാലത്ത് നോമ്പുകള്ളന്മാരായ ഇസ്‌ലാം മത വിശ്വാസികൾക്ക് ഭക്ഷണം നൽകിയാൽ എനിക്ക് കുറ്റം കിട്ടുമോ?’’ റമദാനിലെ പകൽ സമയത്ത് തന്റെ ചെറിയ ഹോട്ടലിൽ ഒളിച്ചും പാത്തും ഭക്ഷണം കഴിക്കാൻ വരുന്ന ചില മുസ്‌ലിം നാമധാരികൾക്ക് ഭക്ഷണം നൽകിയാൽ, തനിക്ക് ദൈവത്തിൽ നിന്നും കുറ്റം കിട്ടുമോ എന്ന ഇതരമതസ്ഥനായ ഹോട്ടലുടമയുടെ ഫോണിലൂടെയുള്ള സംശയ പ്രകടനമാണ് മുകളിൽ സൂചിപ്പിച്ചത്. മൗലവി ജുമുഅ ഖുത്വുബയിൽ ഈ വിഷയം സമഗ്രമായിത്തന്നെ അവതരിപ്പിക്കുകയും നോമ്പുകാലത്ത് വിശ്വാസികൾ പുലർത്തേണ്ട മര്യാദകളെക്കുറിച്ച് കൃത്യമായി ബോധവൽക്കരിക്കുകയും ചെയ്തു.
ഇസ്‌ലാം മത വിശ്വാസികളെപ്പോലെ തന്നെ ഇതര മതവിശ്വാസികളായ മിക്കവരും നോമ്പിനെ ഏറെ പവിത്രമായാണ് കാണുന്നത്. വ്രതമാസക്കാലത്ത് സ്റ്റാഫ് റൂമുകളിലും ഓഫീസുകളിലും മറ്റും ഭക്ഷണം കഴിക്കുമ്പോൾ പോലും നോമ്പെടുക്കുന്നവർക്ക് പ്രയാസമില്ലാതിരിക്കാൻ അവർ ഏറെ ശ്രദ്ധിക്കാറുണ്ട്.
കല്യാണം, സൽക്കാരം, ഓഫീസുകളിലെ പാർട്ടികൾ, വിനോദ യാത്രകൾ തുടങ്ങിയവ നോമ്പുകാലത്ത് വെക്കാതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. ഇനി അഥവാ, നോമ്പുകാലത്തെങ്ങാനും കല്യാണമോ സൽക്കാരമോ വെച്ചാൽ, വിശ്വാസികൾക്ക് നോമ്പ് തുറക്കാനുള്ള സൗകര്യം അവർ ഒരുക്കും.
നോമ്പിന്റെ നാളുകളിൽ ഓഫീസിൽ വെച്ച് മറ്റുള്ളവരുടെ കൂടെയിരുന്ന് പരസ്യമായി ഭക്ഷണം കഴിച്ചിരുന്ന, മുസ്‌ലിം പേരുകാരനും നിരീശ്വരവാദിയുമായ സഹപ്രവർത്തകനെ, മറ്റു മതസ്ഥരായ സഹപ്രവർത്തകർ പരസ്യമായി ശാസിച്ചിരുന്നത് ഓർത്ത് പോകുന്നു. നോമ്പിന്റെ പവിത്രത കളയരുതെന്ന് അവർ അദ്ദേഹത്തെ ഉപദേശിക്കുന്നത് എത്രയോ തവണ കേട്ടിട്ടുണ്ട്.
റമദാൻ ദിനങ്ങളിൽ ഓഫീസ് സംബന്ധമായ ദീർഘ യാത്രകളും ഭാരിച്ച ഉത്തരവാദിത്തങ്ങളും വിശ്വാസികൾക്ക് നൽകാതിരിക്കാൻ മറ്റു മതസ്ഥരായ മേലുദ്യോഗസ്ഥർ പലപ്പോഴും ശ്രദ്ധിക്കാറുണ്ട്. നോമ്പ് തുറക്കുന്ന, തറാവീഹിന് പള്ളിയിൽ പോകുന്ന സമയങ്ങളിൽ ഫോൺ വിളി ഒഴിവാക്കാൻ വരെ മനസ്സ് കാണിക്കുന്ന ഇതര മതസ്ഥരുണ്ട്.
അത്താഴത്തിന് കഴിക്കാൻ എന്നു പറഞ്ഞ് രുചികരമായ നാടൻ പൂവൻ പഴത്തിന്റെ രണ്ട് പടല വീട്ടിൽ എത്തിച്ചുതന്ന അയൽവാസിയായ സുഷ ചേച്ചിയും സർവീസിൽനിന്ന് വിരമിക്കുന്ന ദിനത്തിൽ, തന്നെ വീട്ടിൽ കൊണ്ടുവിടാൻ ചെന്ന, നോമ്പുള്ള എല്ലാ സഹപ്രവർത്തകർക്കും നോമ്പ് മുറിക്കുന്ന സമയത്ത് കഴിക്കാനായി ഒരു വലിയ തൂക്കുപാത്രം നിറയെ ചൂടുള്ള പായസം വീട്ടിലേക്ക് തന്നു വിട്ട ജാനകി ടീച്ചറും വർഗീയതയില്ലാത്ത മലയാളികളുടെ പ്രതീകം തന്നെയാണ്.
വ്രതം അല്ലാഹുവിന് ഏറെ ഇഷ്ടപ്പെട്ട ആരാധനയാണ്. അവനോടുള്ള പ്രതിബദ്ധതയും സമർപ്പണവും അവന്റെ പ്രീതി നേടലും അപ്രീതി ഒഴിവാക്കലും നോമ്പിന്റെ ഭാഗമാണ്. നിശ്ചിത സമയത്തേക്ക് ഭക്ഷണം ഒഴിവാക്കൽ മാത്രമല്ല നോമ്പ്, മറിച്ച് എല്ലാവിധ ദുഷ്ചിന്തകളിൽനിന്നും മനസ്സിനെയും ദുഷ്‌കർമങ്ങളിൽനിന്ന് ശരീരത്തെയും മോചിപ്പിക്കുന്നതുകൂടിയാണ്. നോമ്പ് സമൂഹത്തിൽ ഐക്യവും സമത്വവും കൊണ്ടുവരുന്നു. സമ്പന്നർക്ക് പാവങ്ങളെ സഹായിക്കാൻ താൽപര്യമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ റമദാൻ കരുണയുടെയും ദാനത്തിന്റെയും മാസമായി മാറുന്നു. വ്രതം എടുക്കുന്നതുകൊണ്ട് ശരീരത്തിന് ആരോഗ്യപരമായ ധാരാളം ഗുണങ്ങൾ ലഭിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുകൊണ്ട് കൂടിയായിരിക്കാം വിശ്വാസികളല്ലാത്ത പലരും വ്രതാനുഷ്ഠാനത്തിന് ഇക്കാലത്ത് മുന്നോട്ട് വരുന്നത്.

