കുഞ്ഞുമനസ്സിന്റെ നൊമ്പരം
സീനത്ത് അലി, എടത്തനാട്ടുകര
2024 ഏപ്രിൽ 27, 1445 ശവ്വാൽ 18

കുറച്ചു വർഷങ്ങൾക്ക് മുമ്പാണ്; സ്‌കൂൾ തുറന്ന് ഏതാനും ദിവസമെ ആയിട്ടുള്ളു. ഞാൻ എൽപി ക്‌ളാസുകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ക്ലാസ് തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. പുതുതായി വന്ന കുട്ടികളെ പരിചയപ്പെട്ടുവരുന്നതേയുള്ളൂ. ക്ലാസിൽ ഒരാളെക്കുറിച്ച് ദിവസവും പരാതി കിട്ടുന്നുണ്ട്. പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ആ കുഞ്ഞു പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചു. പഠനേതര വിഷയങ്ങളിൽ മിടുമിടുക്കി. പഠനത്തിലും മോശമല്ല.
പരാതികളുടെ അടിസ്ഥാനത്തിൽ പ്രശ്‌നങ്ങളെ ഞാനൊന്ന് പഠിച്ചുനോക്കി. അവൾ ക്ലാസിൽ എല്ലാ കുട്ടികളുമായും അടിയുണ്ടാക്കും. മുഖത്തടിക്കുക, തുപ്പുക എന്നീ കയ്യാങ്കളികളുണ്ട്. കുട്ടികളെ പഠന പ്രവർത്തനങ്ങൾക്കായി ഗ്രൂപ്പുകളാക്കി തിരിക്കുമ്പോൾ എല്ലാ ഗ്രൂപ്പുകാരും ഒരേസ്വരത്തിൽ പറയും, അവളെ വേണ്ടെന്ന്.
ഞാനവളെ ഉപദേശം, ഗുണദോഷം എന്നീ മേഖലകളിലുടെ വഴിനടത്താൻ നോക്കി. ഒരു മാറ്റവുമില്ല. അവളുടെ കുടുംബ പശ്ചാത്തലം സഹാധ്യാപകരോട് അന്വേഷിച്ചു. അത് വല്ലാതെ മാനസികമായി വിഷമിപ്പിച്ച ഒരു അറിവായിരുന്നു.
കഴിഞ്ഞ വെക്കേഷൻ സമയത്ത് അവളുടെ അമ്മ അവളെയും എൽ.കെ.ജി.യിൽ പഠിക്കുന്ന കൊച്ചനിയനെയും ഉപേക്ഷിച്ച് മറ്റൊരു ജീവിതം തേടിപ്പോയി. അമ്മ തങ്ങളെ ഒഴിവാക്കി എന്നത് ആ കുഞ്ഞുമനസ്സിൽ വല്ലാത്ത ആഘാതം ഉണ്ടാക്കിയിട്ടുണ്ടാവും. ആരോടൊക്കെയോ ഉള്ള വെറുപ്പും വിദ്വേഷവും അവളുടെ മുഖത്ത് കല്ലിച്ചുകിടക്കുന്നുണ്ട്. അവൾ ചിരിക്കുന്നതോ കരയുന്നതോ ഞാൻ കണ്ടിട്ടില്ല. ഇനി എന്റെ അമ്മ എന്നെ കാണാൻ വന്നാൽ ചവിട്ടിപ്പുറത്താക്കും എന്നവൾ പറയാറുണ്ടെന്ന് മറ്റു കുട്ടികൾ പറഞ്ഞ് അറിയാൻ കഴിഞ്ഞു.
അടുത്ത ദിവസം ക്ലാസിൽ ചെന്നപ്പോഴെക്കും അവളെക്കുറിച്ചുള്ള പരാതിയെത്തി. കഴിഞ്ഞദിവസം അവളുടെ അടുത്ത കൂട്ടുകാരികളായിരുന്ന ഒന്നു രണ്ടു പേരെ വിളിച്ച് അവളെ കൂടെ കൂട്ടാൻ പറഞ്ഞിരുന്നു. അവൾ ആരു വിളിച്ചാലും വരാറില്ലെന്ന് പറഞ്ഞ് അവർ ഒഴിവായി.
എന്തായാലും ഞാനവളെ അടുത്തു വിളിച്ച് അവളെ ചേർത്തു പിടിച്ചുകൊണ്ട് ചോദിച്ചു:
‘മോളെന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്? മോൾക്ക് പഠിക്കണ്ടേ? നന്നായി പഠിച്ച് ഒരു ജോലിയൊക്കെ നേടണ്ടേ? അനിയനെയും പഠിക്കാൻ സഹായിക്കണം. നല്ല കുട്ടിയായി മറ്റു കുട്ടികളുമായി കൂട്ടുകൂടണം.’
പെട്ടന്നവൾ തേങ്ങിക്കരഞ്ഞു. ഞാനവളെ ഒന്നുകൂടി ചേർത്തുപിടിച്ചു. അവൾ എന്നോട് ചേർന്നു നിന്നു. ഒന്നും പറയാതെ അവൾ കുറെ കരഞ്ഞു. അവളുടെ കല്ലിച്ച മുഖഭാവം പെയ്‌തൊലിച്ചപോലെ എനിക്ക് തോന്നി.
പിന്നീടവൾ എന്റെ ക്ലാസിൽ വലിയ പ്രശ്‌നമൊന്നും ഉണ്ടാക്കിയില്ല. എന്നാൽ എനിക്കത് വലിയൊരു തിരിച്ചറിവായിരുന്നു. എന്നെ ആ കുഞ്ഞ് വലിയൊരു പാഠമാണ് പഠിപ്പിച്ചത്. എല്ലാം തകർന്നു നിൽക്കുന്നൊരാൾക്ക് ഉപദേശത്തെക്കാൾ, ഗുണദോഷത്തെക്കാൾ ആവശ്യം ഒരു ചേർത്തുപിടിക്കലാണെന്ന സത്യം.

