മക്കൾക്കിതെന്തു പറ്റി?
ഇബ്‌നു അലി എടത്തനാട്ടുകര
2024 ഫെബ്രുവരി 03, 1445 റജബ് 22

നമ്മുടെ മക്കൾക്കിതെന്തു പ റ്റി? കൊച്ചുകുട്ടികളെ പോലും നിയന്ത്രിക്കാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയുന്നില്ലല്ലോ!’’ ഒരു അധ്യാപക സുഹൃത്തിന്റെ വാക്കുകളാണിത്. അയാൾ താമസിക്കുന്ന ഫ്‌ളാറ്റിനു താഴെ എന്തോ കശപിശ. മുഖ്യകഥാപാത്രം താഴെയുള്ളള കുടുംബത്തിലെ ആറു വയസ്സുകാരനാണ്. അവൻ ഉണ്ടാക്കുന്ന ചില്ലറ പ്രശ്‌നങ്ങൾ മാഷ് ഇടപെട്ടാൽ അടങ്ങാറുണ്ട്. മാതാവ് സഹായം അഭ്യർഥിച്ചു.
മാഷ് എത്തിയതും ഒരു ഫോ ൺ കൈയിൽ കൊടുത്തിട്ട്, അവനെങ്ങാനും ചൈൽഡ് ഹെൽപ് ലൈനിലേക്ക് വിളിച്ച് പരാതി പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാൻ മാതാവ് പറഞ്ഞു. ഭാഗ്യം, വിളിച്ചി ട്ടില്ലായിരുന്നു! പക്ഷേ, ദിവസങ്ങൾക്കു മുമ്പ് കുട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറഞ്ഞിരുന്നുവത്രെ!
മറ്റൊരു അധ്യാപകൻ പറഞ്ഞത് ഓർമവരുന്നു. കഥാപാത്രം രണ്ടാം ക്ലാസ്സുകാരനാണ്. മാഷുടെ പേരക്കിടാവ്. എന്തോ കാര്യത്തിന് വീട്ടുകാരുമായി തർക്കമുണ്ടായപ്പോൾ അവൻ വീടുവിട്ടിറങ്ങി പോകുകയാണെന്നങ്ങ് പ്രഖ്യാപിച്ചു. അധ്യാപികയായ ഭാര്യ ഇടപെട്ടു. വീടുവിട്ടിറങ്ങിപ്പോയാൽ എവിടെ താമസിക്കും, ആര് ഭക്ഷണം തരും, ആര് പരിപാലിക്കും എന്നിങ്ങനെയെല്ലാം ചോദിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഉപ്പയോ ഉമ്മയോ വല്യുപ്പയോ വല്യുമ്മയോ സഹായിക്കാൻ ഉണ്ടാവില്ലല്ലോ എന്ന് ഓർമിപ്പിച്ചു. അവൻ വളരെ കൂളായി മറുപടി പറഞ്ഞു; വൃദ്ധസദനത്തിലേക്ക് പോകുമെന്ന്. ജീവിത സായാഹ്നത്തിലെ പ്രയാസങ്ങളും മറ്റും നേരിട്ട് ബോധ്യപ്പെടുത്താൻ, അകലെയല്ലാത്ത വൃദ്ധസദനത്തിലേക്ക് അവനെ കൊണ്ടുപോയിരുന്നു, മുമ്പ്. എന്നാൽ ജീവിതത്തിന്റെ ദൈന്യതയും പ്രയാസവും മറ്റുമല്ല ആ കുട്ടിയുടെ മനസ്സിൽ പതിഞ്ഞത്, ഒരു പണിയുമില്ലാതെ, വർത്തമാനം പറഞ്ഞ്, ടിവിയും കണ്ട് സമയാ സമയം നല്ല ഭക്ഷണവും കഴിച്ച് ബെഡ്ഡിൽ വിശ്രമിക്കുന്ന സുഖകരമായ അവസ്ഥയാണ് അവൻ ശ്രദ്ധിച്ചത്.
തൊട്ടടുത്തുള്ള സ്‌കൂളിൽ, ക്ലാസ്സിൽ വില്ലത്തരം കാട്ടിയ ഒരു കുട്ടിയെ മാഷ് വഴക്കുപറഞ്ഞു. ആ കുട്ടി ഫോൺ വിളിച്ചു പൊലീസിൽ പരാതി പറഞ്ഞു. ക്ലാസ്സ് കഴിഞ്ഞ് മാഷ് സ്റ്റാഫ് റൂമിലേക്ക് എത്തിയപ്പോഴേക്കും പോലീസ് സ്റ്റേഷനിൽ നിന്ന് വിളി വന്നു! ക്ലാസ്സിൽ അരുതാത്തത് ചെയ്ത ഒരു കുട്ടിയെ ചെറുതായി തല്ലിയതറിഞ്ഞ്, എഴുതിത്തയ്യാറാക്കിയ പരാതിയുമായി വന്ന് മാഷെ ഭീഷണിപ്പെടുത്തി ഒരു രക്ഷിതാവ്! പരാതി പിൻവലിപ്പിക്കാൻ ഒടുക്കം കുട്ടിയോട് മാപ്പ് പറയേണ്ടിവന്നു ആ അധ്യാപകന്!
വിദ്യാർഥിയെ അടിച്ചതിന് കേസിൽ പെട്ട് ജയിലിൽ കിടക്കേണ്ടിവന്ന അധ്യാപകന്റെ സങ്കടക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു കുറെ കാലം. എന്താണെന്നുവച്ചാൽ ആയിക്കോട്ടെ. ഞാനായിട്ട് ഒന്നിലും ഇടപെടില്ല എന്ന നിർവികാരതയിലേക്ക് അധ്യാപകർ മാറിപ്പോയിരിക്കുന്നു. സ്‌കൂൾ ടൂറിന് പറഞ്ഞയക്കാത്തത്തിനുകൂടിയാണെന്ന് പറയുന്നു, ഈയിടെ ഒരു അഞ്ചാം ക്ലാസ്സുകാരൻ നഷ്ടപ്പെടുത്തിയത് സ്വന്തം ജീവനാണ്. എങ്ങോട്ടാണ് മക്കളുടെ പോക്ക്? ആരാണ് മാറേണ്ടത്? അധ്യാപകരോ, മാതാപിതാക്കളോ, സമൂഹമോ?
ആർക്കും ഒരു നിയന്ത്രണവുമില്ലാത്ത ഭീഷണമായ അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അധ്യാപകർക്ക് വിദ്യാർഥികളെ ഗുണദോ ഷിക്കാനും ശകാരിക്കാനും പേടിയാണ്. അടിക്കാൻ ആലോചിക്കാൻ പോലും അവർക്ക് ധൈര്യമില്ല. മാതാപിതാക്കൾക്കുപോലും മക്കളോട് എന്തെങ്കിലും എതിർത്ത് പറയാൻ ധൈര്യമില്ലാതായിരിക്കുന്നു. കുട്ടികൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അത് ഉടനെ കിട്ടണം. വാശിപിടിച്ചു ചോദിച്ചത് അവർ നേടിയിരിക്കും. തുടർന്ന് ഇതവർ ശീലമാ ക്കും. എത്ര കഷ്ടപ്പെട്ടാണ് മാതാപിതാക്കൾ ജീവിക്കുന്നത് എന്നവർക്കറിയില്ല. സാമ്പത്തികമായും മറ്റുമുള്ള പ്രയാസങ്ങൾ കുട്ടികൾ അറിയുന്നില്ല. മാതാപിതാക്കൾ അവരെ അതറിയിക്കുന്നുമില്ല. ഗൗരവപരമായ ആലോചനകളും ഇടപെടലുകളും ഇക്കാര്യത്തിൽ അനിവാര്യമാണ്. അല്ലെങ്കിൽ ഗുണദോഷിക്കപ്പെടാൻ പോലും അവസരം കിട്ടാതെ ഒരു തലമുറ നശിച്ചുപോകും.

