ദാമ്പത്യ ജീവിതം ഊഷ്മളമാകുവാൻ
മജീദ് ബസ്താക്ക്, കണ്ണൂർ
2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20

വീട്ടിലെ പല നിത്യോപയോഗ വസ്തുക്കളും കേട് വന്നു എന്ന് ഭാര്യ പറയാൻ തുടങ്ങിയിട്ട് കുറെ കാലമായി. ഒന്നും പരിഹരിച്ച് കൊടുക്കാനും പറ്റിയില്ല. പോകാൻ ഉദ്ദേശിക്കുന്ന ദിവസം എന്തെങ്കിലും കാരണത്താൽ അത് മുടങ്ങും. പിന്നെ ഭാര്യയുടെ കൈവശം പണം കൊടുത്തു ‘പോയി വാങ്ങിക്കോളൂ’ എന്നോ ‘ഫോൺ വിളിച്ചാൽ സാധനം വീട്ടിലെത്തും’ എന്നോ പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഭർത്താവാണോ താങ്കൾ?
വീട്ടിലെ എല്ലാ കാര്യങ്ങളും ഗൃഹനാഥനായ ഭർത്താവ് അറിയേണ്ടതുണ്ട്; അത് ഭക്ഷണ സാധനങ്ങളായാലും മറ്റു അവശ്യ വസ്തുക്കളായാലും. ഇതിനൊരു പരിഹാരമുണ്ട്. സാധനം വാങ്ങാനുദ്ദേശിക്കുന്ന ഷോപ്പിലേക്ക് വല്ലപ്പോഴുമൊക്കെ ഭാര്യയെയും കൂട്ടി പോയി സാധനങ്ങൾ വാങ്ങുക. അത് ഭാര്യമാർക്ക് സന്തോഷം പകരുന്ന കാര്യമാണ്. ഭർത്താവ് വീട്ടുകാരുങ്ങളിൽ ശ്രദ്ധിക്കുക എന്നത് ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന കാര്യമാണ്. നമുക്ക് സാധനങ്ങളുടെ വിലയറിയാനും അതുവഴി സാധിക്കും.
വേറെ ചിലരുണ്ട്, പുതിയൊരു ഡ്രസ്സ് വേണമെന്ന് ഭാര്യ പറയുമ്പോൾ എനിക്ക് നിങ്ങളുടെ സെലക്ഷൻ’ ഒന്നും അറിയില്ലെന്നും വീട്ടിലുള്ള മറ്റാരുടെയെങ്കിലും കൂടെയോ തനിച്ചോ പോയി വാങ്ങാൻ പറയുന്നവർ. ഇത് മാറ്റേണ്ടതായ ഒരു ശീലമാണ്. ഭർത്താവിന്റെ സെലക്ഷൻ ഭാര്യയും ഭാര്യയുടെ സെലക്ഷൻ ഭർത്താവും അറിഞ്ഞിരിക്കണം. അതുവഴി ഭർത്താവിന് ഭാര്യയുമായും മക്കളുമായും നല്ല ബന്ധം സ്ഥാപിക്കുവാൻ കഴിയും. കൂടാതെ കുടുംബത്തിൽ ഇസ്‌ലാമിക വസ്ത്രധാരണ ശീലം വളർത്തിയെടുക്കാനും ഇതുവഴി സാധിക്കും. അല്ലെങ്കിൽ ‘കടയിൽ ഇത് മാത്രമേയുള്ളൂ, അതുകൊണ്ടാണ് ഇത് വാങ്ങിയത് ‘ എന്ന ന്യായീകരണം കേൾക്കേണ്ടി വരും.
ഭക്ഷണ സാധനങ്ങൾ വാങ്ങി വന്നാൽ അത് പാചകം ചെയ്യാനും വീട് വൃത്തിയാക്കാനും വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിടാനും ഭാര്യയെ സഹായിക്കുന്നതിൽ ഭർത്താക്കൻമാർ ഒരു മടിയും കാട്ടേണ്ടതില്ല. അത് ഭാര്യാഭർതൃ ബന്ധത്തെ ഊഷ്മളമാക്കാൻ സഹായിക്കുന്ന കാര്യമാണ്. കസേരയിൽ ചാരിയിരുന്ന്, വിശ്രമമില്ലാതെ ജോലികൾ ചെയ്യുന്ന ഭാര്യയോട് ഏതു സമയവും കൽപന നടത്തുന്ന ഭർത്താവ് നല്ല മാതൃകയല്ല.
റസൂൽﷺ മാവ് കുഴച്ച് കൊടുക്കുകയും ആടിനെ കറക്കുകയും ചെയ്യുമായിരുന്നു. റസൂലിൽ ഉത്തമ ഗൃഹനാഥന്റെ മാതൃകയുണ്ട്. വീടകങ്ങൾ അറിയാത്തവരായി ഭർത്താക്കൻമാർ മാറരുത്.

