ഇവരെ നാം പരിഗണിക്കാറുണ്ടോ?
മജീദ് ബസ്താക്ക്, കണ്ണൂർ
2024 നവംബർ 02, 1446 റ. ആഖിർ 30

യാത്രയ്ക്കിടയിൽ ‘ഹോട്ടൽ’ എന്ന ബോർഡ് ഉയർത്തിപ്പിടിച്ച് ആളുകളെ ഹോട്ടലിലേക്ക് ക്ഷണിക്കുന്ന ജോലിക്കാരെ നാം കാണാറുണ്ട്. മഴയായാലും കൊടും വെയിലായാലും അതെല്ലാം സഹിച്ചുകൊണ്ട് അവർ തങ്ങളുടെ ജോലി ചെയ്യും. അവരിൽ പലരും കഠിനമായ ജോലി ചെയ്യാനുള്ള ആരോഗ്യമില്ലാ ത്തവരോ വൃദ്ധരോ ആയിരിക്കും. അല്ലെങ്കിൽ ശാരീരികമായ വല്ല വൈകല്യവുമുള്ളവരായിരിക്കും.
സമ്പന്നരോ വേറെ ഉദ്യോഗമുള്ളവരോ ആ പണി ചെയ്യില്ലല്ലോ. സ്വന്തം കുടുംബത്തെ പോറ്റാൻ അവർ കണ്ടെത്തിയ ജോലിയാണത്. മാതാപിതാക്കൾ, ഭാര്യ, കുട്ടികൾ അങ്ങനെയങ്ങനെ തന്റെ കീഴിൽ കഴിയുന്നവരുടെ എല്ലാ ചെലവും വഹിക്കാനുള്ള ജോലി. അതിനു കിട്ടുന്ന വരുമാനം എത്രയോ നിസ്സാരമായിരിക്കാനാണ് സാധ്യത. അവരിലേക്ക് കാരുണ്യത്തിന്റെ ഒരു നോട്ടം നമ്മിൽനിന്ന് ഉണ്ടാകാറുണ്ടോ? അനാവശ്യമായി നാം എത്ര പണം വെറുതെ കളയുന്നു.
ഹോട്ടലിലെ സപ്ലയർക്ക് നാം പത്തോ ഇരുപതോ രൂപ ടിപ്‌സ് കൊടുക്കാറുണ്ട്. അതിലധികം കൊടുക്കുന്നവരുമുണ്ടാകും. ചിലപ്പോൾ ബാക്കി കിട്ടാനുള്ള തുകക്ക് മിഠായിയോ മറ്റോ വാങ്ങിത്തീർക്കും. എസി മുറിയിൽ ഭക്ഷണം മുമ്പിൽ കൊണ്ടുവന്നു വയ്ക്കുന്നവർക്ക് ടിപ് കൊടുക്കുന്നതുപോലെ ചെറിയൊരു ചെറിയ സംഖ്യ പുറത്ത് വെയിലും മഴയും കൊള്ളുന്ന ആ സാധുക്കൾക്ക് കൊടുത്തുകൂടേ? നാം നൽകുന്ന ചെറിയ സംഖ്യ അവരെ എത്രമാത്രം സന്തോഷിപ്പിക്കുമെന്ന് അറിയണമെങ്കിൽ അത് വാങ്ങുമ്പോൾ അവരുടെ കണ്ണുകൾക്കുണ്ടാകുന്ന തിളക്കവും മുഖത്തുണ്ടാകുന്ന പ്രസന്നതയും കാണണം. അയാൾ ചിലപ്പോൾ മിസ്‌കീനായിരിക്കും.
ആരാണ് മിസ്‌കീൻ എന്ന ചോദ്യത്തിന് മറുപടിയായി നബിﷺ പറഞ്ഞു: ‘ഉപജീവനത്തിന് പണമില്ല, എന്നാൽ മറ്റുള്ളവരിലേക്ക് അവന്റെ കൈ നീട്ടുകയില്ല (ആരോടും സഹായം ചോദിക്കുകയില്ല), അങ്ങനെയുള്ളവനാണ് മിസ്‌കീൻ.’
ക്വുർആൻ പറയുന്നു: “മതത്തെ വ്യാജമാക്കുന്നവൻ ആരെന്ന് നീ കണ്ടുവോ? അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്. പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവൻ’’ (ക്വുർആൻ 107:1-3).
ആരോഗ്യമുള്ള സമയത്ത് ദാനം നൽകലാണ് ഉത്തമം. ഏതു ദാനമാണ് ഏറ്റവും നല്ലതെന്ന് ചോദിച്ചപ്പോൾ നബിﷺ പറഞ്ഞു:
“നീ ആരോഗ്യവാനായിരിക്കെ, സമ്പത്തിന് അത്യാവശ്യക്കാരനായിരിക്കെ, സമ്പന്നത പ്രതീക്ഷിച്ച്, ദാരിദ്ര്യം ഭയക്കുന്ന വേളയിലുള്ള ദാനമാണ് നല്ലത്. മരണം തൊണ്ടക്കുഴിയിലെത്തുന്നതുവരെ നീ നീട്ടിക്കൊണ്ടുപോകരുത്. ആ സമയം നീ പറയും: ‘ഇന്നയാൾക്ക് ഇന്ന സ്വത്ത് നൽകണം, ഇന്ന വ്യക്തിക്ക് ഇന്ന സ്വത്ത് നൽകുക’’ (ബുഖാരി, മുസ്‌ലിം, അബൂദാവൂദ്, നസാഈ).

