അമിത സ്വാതന്ത്ര്യവും സ്‌ക്രീനോമാനിയയും

അൻവർ കണ്ണീരി അമ്മിനിക്കാട് (Counselling Psychologist)

2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

ഒരു സ്‌കൂളിൽനിന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ഒരു വാട്സാപ്പ് വോയ്സ് മെസ്സേജ് അയച്ചത് ഈയിടെ കേൾക്കാനിടയായി. ‘ഒരിക്കലും കുട്ടികളുടെ കൈയിൽ മൊബൈൽ കൊടുക്കരുത്. ഏറ്റവും ചെറിയ ക്ലാസ്സിലെ കുട്ടികൾ പോലും തർക്കുത്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. അനുസരണ കുറവാണ്. രക്ഷിതാക്കൾ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.’ മെസ്സേജിന്റെ ആകെത്തുക ഇതായിരുന്നു. യഥാർഥത്തിൽ സ്‌ക്രീനാണോ കുട്ടികളെ നാശത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത് അതോ അവരെ സ്‌ക്രീനിലേക്ക് മാത്രം ഒതുക്കുന്ന രക്ഷിതാക്കളോ?

‘സ്‌ക്രീനോമാനിയ’ ബാധിച്ച കുട്ടികളെ ധാരാളമായി ഇന്ന് കാണാൻ സാധിക്കുന്നതിന്റെ പിന്നിൽ രക്ഷിതാക്കൾ മക്കൾക്ക് നൽകുന്ന ചില സന്ദർഭങ്ങളിലും സമയങ്ങളിലും നൽകുന്ന അമിത സ്വാതന്ത്ര്യം മാത്രമാണ്. കുട്ടികൾ ഭക്ഷണം കഴിക്കണമെങ്കിൽ സ്‌ക്രീനിൽ പ്രകാശം തെളിയണം, കുട്ടികൾ വസ്ത്രം ധരിക്കണമെങ്കിൽ സ്‌ക്രീൻ തെളിയണം. രക്ഷിതാക്കൾക്ക് വീട്ടിലെ ജോലി ‘സ്വസ്ഥമായി’ ചെയ്യണമെങ്കിൽ, സീരിയൽ കാണണമെങ്കിൽ കുട്ടികൾ ഒരിടത്ത് അടങ്ങിയിരിക്കണം. അതിനായി എത്രസമയം വേണമെങ്കിലും മൊബൈൽ ഫോണിൽ നോക്കിയിരിക്കാനുള്ള അമിതസ്വാതന്ത്ര്യം അനുവദിക്കും. ഈ രക്ഷിതാക്കൾ തന്നെയാണ് യഥാർഥ വില്ലൻന്മാർ.

സമീപകാല നിരീക്ഷണത്തിൽ ബോധ്യമായ ഒരു യാഥാർഥ്യമുണ്ട്; സൈക്കോളജിക്കൽ കൗൺസിലിംഗിന് വരുന്നവരിലധികവും, അല്ലെങ്കിൽ വിളിച്ച് അന്വേഷിക്കുന്നവരിലധികവും മൊബൈൽ സ്‌ക്രീനോമാനിയയിൽ പെട്ട മക്കളെ മാറ്റിയെടുക്കാനുള്ള വഴിയാണ് ചോദിക്കുന്നത്.

മൊബൈൽ സ്‌ക്രീനിന്റെ ഉപയോഗം ഓരോ പ്രായക്കാരിലും വ്യത്യസ്തമായ അടിമത്തമാണ് സൃഷ്ടിക്കുന്നത്. മൊബൈൽ സ്‌ക്രീൻ കണ്ടാൽ തുറയുന്ന വായയിൽ, സ്‌ക്രീൻ തെളിഞ്ഞാൽ നിറയുന്ന എന്തോ ആയിട്ടുണ്ട് ഭക്ഷണം. ഭക്ഷണത്തിന്റെ രുചിയും മണവുമൊന്നും അവർ അറിയുന്നില്ല. നിർവികാരത, നിർജീവത എന്നിവ മക്കളിൽ രൂപപ്പെടുന്നു. അതിന്റെ അനന്തരഫലമായി വല്ലാത്ത മാനസിക സംഘർഷത്തിൽ അകപ്പെടുന്ന ഒരവസ്ഥ തുടർന്നങ്ങോട്ടുള്ള ജീവിതത്തിൽ ഉണ്ടാകുന്നു.

വളർച്ചയുടെ ഘട്ടങ്ങളിലെ സുപ്രധാനമായ കൗമാര ഘട്ടത്തിൽ കൈയിൽ ലഭിക്കുന്ന ഇന്റർനെറ്റ് കണക്ഷനുള്ള മൊബൈൽ ഫോൺ അത്ഭുതങ്ങളുടെ ലോകമാണ് കുട്ടികൾക്ക് സമ്മാനിക്കുന്നത്. വിരലൊന്നമർത്തിയാൽ ലഭിക്കുന്ന വിസ്മയങ്ങൾ അവരെ പലതിന്റെയും അടിമകളാക്കി മാറ്റുന്നു. കൗമാര കാലഘട്ടത്തിൽ രൂപപ്പെടുന്ന ചില സ്വാഭാവികമായ സ്വഭാവ വ്യതിയാനങ്ങളുണ്ട്. എന്നാൽ മൊബൈലിന്റെ അടികളായി മാറിയാൽ അക്രമോൽസുകതയും മാനസിക പിരിമുറുക്കങ്ങളും അധികരിക്കുന്നു. ക്ഷമ, സഹിഷ്ണുത തുടങ്ങിയ മാനുഷിക ഗുണങ്ങൾ നഷ്ടപ്പെടുന്നു. ഈ പ്രായത്തിൽ അകപ്പെടുന്ന അപകടങ്ങളുടെ ആഴി നമുക്ക് മുങ്ങിയാലൊന്നും കാണാനാവാത്തതിലുമപ്പുറമാണ്.

ഉറങ്ങാൻ കിടന്നാൽ മണിക്കൂറുകളോളം സ്‌ക്രീൻ റോൾ ചെയ്താലല്ലാതെ ഉറക്കം വരാത്ത സാഹചര്യമാണ് രക്ഷിതാക്കൾക്കുള്ളത്. യുവതലമുറയുടെ കാര്യം പറയാനുമില്ല! ചുരുക്കത്തിൽ ഒരു കാലഘട്ടത്തിലെ എല്ലാ പ്രായക്കാരും മൊബൈൽ സ്‌ക്രീനിന്റെ വല്ലാത്ത മായാവാലയത്തിൽ അകപ്പെട്ടിരിക്കുന്നു. യഥേഷ്ടം ഉപയോഗിക്കാവുന്ന വേഗതയേറിയ ഇന്റർനെറ്റ് ഡാറ്റയും സൗകര്യങ്ങളും നന്മയുടെ മാർഗത്തിലല്ല തിന്മയുടെ മാർഗത്തിലാണ് കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. ഫലമോ, വ്യക്തികളിൽ സ്വഭാവദൂഷ്യങ്ങൾ വർധിക്കുന്നു. ബന്ധങ്ങൾക്ക് വിള്ളൽ വീഴുന്നു. അകൽച്ച വർധിക്കുന്നു. സ്വന്തത്തിൽ ഒതുങ്ങിക്കൂടുന്ന അവസ്ഥയുണ്ടാകുന്നു. സമയവും സമ്പത്തും പരലോകത്ത് ചോദ്യം ചെയ്യപ്പെടുന്ന അനുഗ്രഹങ്ങളാണെന്ന തിരിച്ചറിവുണ്ടങ്കിൽ സ്വയം നിയന്ത്രിക്കാൻ സാധിക്കും.