ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുക
സലാം സുറുമ എടത്തനാട്ടുകര
2024 ആഗസ്റ്റ് 24, 1446 സ്വഫർ 20

“എന്റെ പേരമക്കളെക്കൊണ്ട് തോറ്റു’’-പാത്രങ്ങൾ വിൽക്കുന്ന കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ അധ്യാപകനായ എന്റെ സഹപ്രവർത്തകൻ, വീട്ടിൽ വിരുന്നെത്തിയ പേരമക്കളുടെ കുസൃതികളെക്കുറിച്ച് കടക്കാരനോട് തമാശരൂപത്തിൽ പരാതി പറഞ്ഞു. ചായയും ജ്യൂസുമൊക്കെ വിളമ്പുന്ന ഒരു ഡസൺ ചില്ല് ഗ്ലാസുകൾ അദ്ദേഹം ആവശ്യപ്പെട്ടു. പേരമക്കളുടെ ഓരോ വിരുന്നുവരവിലും വീട്ടിൽ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ആഗതൻ വീണ്ടും വാചാലനായി. മറുത്തൊന്നും പറയാതെ കടക്കാരൻ എല്ലാം മൂളിക്കേട്ടു.
“താങ്കൾ തിരക്കിലല്ലെങ്കിൽ എന്റെ കൂടെ ഒന്ന് വരാമോ?’’
കടക്കാരൻ ആവശ്യപ്പെട്ടതനുസരിച്ച് സുഹൃത്ത് അദ്ദേഹത്തെ അനുഗമിച്ചു. കടയോട് ചേർന്നുള്ള അയാളുടെ വീട്ടിൽ അവർ എത്തി. ഭാര്യ വാതിൽ തുറന്നു. കടക്കാരൻ തന്റെ അതിഥിയെ ഓഫീസ് മുറിയോട് ചേർന്നുള്ള ഒരു മുറിയിലേക്ക് ആനയിച്ചു.
ആ മുറിയിലെ കാഴ്ച ആഗതനെ ശരിക്കും അമ്പരപ്പിച്ചു. രണ്ട് കട്ടിലുകളിലായി പത്തും പതിമൂന്നും വയസ്സ് തോന്നിക്കുന്ന, ജന്മനാ അംഗവൈകല്യമുള്ള രണ്ടു കുട്ടികൾ മലർന്നുകിടക്കുന്നു. പിതാവിനെ കണ്ട സന്തോഷത്തിൽ അവർ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷേ, വാക്കുകൾ വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചില്ല. ആരാണു വന്നത് എന്നാണ് മക്കൾ ചോദിക്കുന്നത് എന്ന് പിതാവ് സുഹൃത്തിന് പരിഭാഷപ്പെടുത്തി കൊടുത്തു.
ഓഫീസ് മുറിയിലിരുന്ന,് ഭാര്യ കൊണ്ടുവന്നുകൊടുത്ത ചായ കുടിക്കുമ്പോൾ ഗൃഹനാഥൻ മനസ്സ് തുറന്നു: “കല്യാണം കഴിഞ്ഞ് കുറെ വർഷങ്ങൾക്കുശേഷം ഏറെ ചികിൽസകൾക്കൊടുവിലാണ് ആദ്യത്തെ മകൻ ജനിച്ചത്. അവൻ ജനിച്ചപ്പോൾതന്നെ കൈകാലുകൾക്ക് വൈകല്യം പ്രകടമായിരുന്നു. ഒരു വയാസ്സായിട്ടും സംസാരിക്കാൻ ശ്രമിക്കാത്തപ്പോഴാണ് കൂടുതൽ പരിശോധിച്ചത്. തലച്ചോറിന്റെ വളർച്ചയിലും കാര്യമായ തകരാറുണ്ട് എന്ന് പരിശോധനയിൽനിന്നും മനസ്സിലായി. മൂന്നു വർഷം കഴിഞ്ഞ് ജനിച്ച രണ്ടാമത്തെ കുട്ടിക്കും ഏതാണ്ട് ഇതേ അവസ്ഥതന്നെയാണ്. രണ്ടു പേർക്കും എഴുന്നേറ്റ് നടക്കാൻ കഴിയില്ല. കിടന്ന കിടപ്പിൽതന്നെയാണ് പ്രാഥമിക കർമങ്ങളടക്കം എല്ലാം നടത്തുന്നത്.
മക്കളുടെ ഈ അവസ്ഥ കാരണം എന്റെ ഭാര്യ വിരുന്ന് പോവാറില്ല. കല്യാണവും സൽക്കാരവും യാത്രയും ടൂറുമൊക്കെ അവൾക്ക് സ്വപ്‌നങ്ങൾ മാത്രമാണ്. ഇത് എന്റെ വീട്ടിലെ കാര്യം മാത്രമല്ല. അംഗപരിമിതരുള്ള എല്ലാ വീട്ടുകാരുടെയും അവസ്ഥ ഏതാണ്ട് ഇങ്ങനെയൊക്കെതന്നെയാണ്.
എങ്കിലും ഞങ്ങൾ വളരെ സന്തോഷത്തിലാണ്. കല്യാണം കഴിഞ്ഞിട്ടും മക്കളില്ലാത്ത സങ്കടവും പേറി ജീവിക്കുന്ന ആയിരക്കണക്കിന് ദമ്പതികൾ നമ്മുടെ നാട്ടിലുണ്ട്. ഞങ്ങൾക്ക് സ്‌നേഹിക്കാനും ഞങ്ങളെ സ്‌നേഹിക്കാനും രണ്ട് പൊന്നോമനകളെ തന്ന പടച്ചവനെ ഞങ്ങൾ സ്തുതിക്കുന്നു. വൈകല്യമുണ്ടെങ്കിലും ഞങ്ങളുടെ രക്തത്തിൽ പിറന്ന മക്കളെ ഞങ്ങൾക്ക് കിട്ടിയല്ലോ.
പേരമക്കളെക്കൊണ്ട് പൊറുതിമുട്ടിയെന്ന് നിങ്ങൾ പറഞ്ഞത് കേട്ടപ്പോൾ അത്തരം മക്കൾക്കായി ഞാൻ കൊതിച്ചുപോയി. കളിപ്പാട്ടങ്ങളും വീട്ടുസാധനങ്ങളും പൊട്ടിക്കുന്ന കുസൃതിക്കുടുക്കകളായ മക്കളെയും പേരമക്കളെയും ആരും ഇഷ്ടപ്പെട്ടുപോകും. എന്റെ ഈ രണ്ട് മക്കളും ഒന്ന് എഴുന്നേറ്റ് നടക്കുന്നത് കാണാൻ ഏറെ ആഗഹിക്കുന്നു. അവരുടെ കളിചിരികളും കുസൃതികളും ഞാൻ സ്വപ്‌നം കാണാറുണ്ട്. അവർ ഈ വീടാകെ അടിച്ചുനിരത്തിയാൽ പോലും ഞങ്ങൾ വളരെ സന്തോഷിക്കും. അവരൊന്ന് സാധാരണ നിലയിലായെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചുപോകുന്നു...’’
കടയുടമസ്ഥന്റെ കണ്ണിൽനിന്നും കണ്ണീർ ഉതിർന്നു വീഴുന്നത് കണ്ടപ്പോൾ അയാൾ വല്ലാതായി. എന്തു പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയാതെ വല്ലാത്തൊരവസ്ഥയിൽ ഇരിക്കുമ്പോൾ അദ്ദേഹം തന്നെ പറഞ്ഞു:
“എല്ലാം പടച്ചവന്റെ പരീക്ഷണമാണ്. നമ്മൾ ക്ഷമിക്കുക, അതിനും പ്രതിഫലമുണ്ടല്ലോ.’’
ഭിന്നശേഷിക്കാരോട് സഹതാപമല്ല, സഹാനുഭൂതിയാണ് പൊതുസമൂഹത്തിന് ഉണ്ടാവേണ്ടത്. പല കാരണങ്ങാളാൽ സമൂഹത്തോട് അകലം പാലിക്കുന്ന ഇവരെ സഹായിക്കൽ നമ്മുടെ ബാധ്യതയാണ്. അവർക്കായി സർക്കാരും സന്നദ്ധ സംഘടനകളും ആവിഷ്‌കരിച്ച വിവിധ പെൻഷൻ, സഹായധന പദ്ധതികളെക്കുറിച്ചും സ്‌കോളർഷിപ്പുകളെക്കുറിച്ചും അവരെ ബോധവൽക്കരിക്കണം. അവർക്ക് ഇത്തരം സഹായങ്ങളും സംവിധാനങ്ങളും ലഭ്യമാക്കിക്കൊടുക്കാൻ എല്ലാവരും ശ്രദ്ധ പുലർത്തണം. ഇത്തരം ആളുകളുടെ കൂട്ടായ്മകളിൽ അവരെ പങ്കാളികളാക്കണം. അവർക്കായി സംഘടിപ്പിക്കുന്ന കലാ-കായിക മൽസരങ്ങളിലും യാത്രകളിലും പങ്കെടുക്കാൻ അവരെ പ്രോൽസാഹിപ്പിക്കണം.
മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാഹനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും പൊതു ഇടങ്ങളിലും, അവർക്ക് മറ്റുള്ളവരെ പൂർണമായും ആശ്രയിക്കാതെ തന്നെ, സ്വതന്ത്രമായി സഞ്ചരിക്കാനും ഇടപഴകാനുമുള്ള ഭൗതിക, സാമൂഹിക സാഹചര്യങ്ങൾ ഒരുക്കണം. അവരെ ചേർത്തുപിടിച്ച്, സമൂഹത്തിന്റെ ഭാഗമാക്കി മാറ്റണം. അവരും സമൂഹത്തിൽ ഉൾച്ചേർന്ന് വളരട്ടെ.

