ലഹരിയുടെ പിടിയിലമരുന്ന കൗമാരങ്ങൾ
റോഷൻ പുനലൂർ
2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

ലഹരിവസ്തുക്കൾ ഇന്ന് ആർക്കും എപ്പോഴും എല്ലായിടത്തും ലഭിക്കത്തക്കവിധം വ്യാപകമായിരിക്കുകയാണ്. മദ്യം പുരാതന കാലം മുതൽക്കേ നിലവിലുള്ള ഒന്നാണ്. പ്രവാചകൻﷺ നിയോഗിതനാകുന്ന കാലഘട്ടത്തിൽ അവിടെയുള്ളവർ മദ്യത്തിന്റെ അടിമകളായിരുന്നു. താൻ മരണപ്പെട്ടാൽ തന്റെ മൃതശരീരം മുന്തിരി വള്ളികൾക്കു ചുവട്ടിൽ മറമാടണമെന്ന് വസ്വിയ്യത്ത് ചെയ്യുന്ന കവിത രചിച്ച കവികൾപോലും അവിടെയുണ്ടായിരുന്നു. മരിച്ചുകഴിഞ്ഞാലും മുന്തിരിവള്ളിയുടെ വേരിലൂടെ മുന്തിരിക്കള്ള് ആസ്വദിക്കാമെന്ന മോഹമായിരുന്നു അതിനു പിന്നിൽ.
മനുഷ്യനെ ലഹരിയിലേക്ക് എത്തിക്കുന്നത് പല കാരണങ്ങളാണ്. ജീവിതചുറ്റുപാടുകളും അവിശുദ്ധ കൂട്ടുകെട്ടുകളും ജീവിതത്തിന് ലക്ഷ്യബോധമില്ലായ്മയുമൊക്കെ അതിൽ പെടുന്നു. സിനിമകളും സീരിയലുകളും സാമൂഹ്യമാധ്യമങ്ങളുമൊക്കെ ലഹരിയെ മഹത്ത്വവത്കരിക്കുക വഴി യുവസമൂഹത്തെ അതിലേക്ക് വലിയ തോതിൽ ആകർഷിക്കുന്നുവെന്നത് അനിഷേധ്യമായ യാഥാർഥ്യമാണ്.
സമൂഹത്തോടുള്ള കൂറും കുടുംബത്തോടുള്ള ബാധ്യതയും തിരിച്ചറിയുമ്പോൾ മനുഷ്യന് ഇതിൽ നിന്നും വിട്ടുനിൽക്കാനുള്ള മനസ്സ് സ്വമേധയാ ഉണ്ടാകും എന്നാണ് പഠനങ്ങൾ പറയുന്നത്. മാതാപിതാക്കൾ ഇതിന്റെ അപകടത്തെപ്പറ്റി ബോധവാന്മാരല്ല എന്നത് വലിയ ദുരന്തമാണ്. തന്റെ മകന്റെ അല്ലെങ്കിൽ മകളുടെ പെരുമാറ്റത്തിലും ജീവിതചര്യയിലും വന്ന മാറ്റത്തിന്റെ കാരണമന്വേഷിക്കാതെ കേവലം പ്രായത്തിന്റെതാണെുവച്ച് അവഗണിക്കുന്നവരാണ് പല മാതാപിതാക്കളും. നൈമിഷിക സുഖത്തിനും സന്തോഷത്തിനും വേണ്ടി ലഹരി നുണയുന്നതിലൂടെ താൻ തന്റെ ജീവൻതന്നെ നശിപ്പിക്കുകയാണെന്ന് അത് ഉപയോഗിക്കുന്ന വ്യക്തി തിരിച്ചറിയുന്നില്ല.
മദ്യം അടക്കമുള്ള ലഹരി പദാർഥങ്ങൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും സമൂഹത്തിനും രാജ്യത്തിനും വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾ ചെറുതല്ല. അത് മനുഷ്യന്റെ ചിന്താശേഷിയെ നശിപ്പിക്കുന്നു, വകതിരിവ് ഇല്ലാതാക്കുന്നു. ഓർമക്കുറവിനും ശ്രദ്ധയില്ലായ്മക്കും കാരണമാകുന്നു. സർവോപരി എല്ലാ തിന്മകളിലേക്കും നയിക്കുന്നു. ഇസ്‌ലാം എല്ലാവിധ ലഹരിവസ്തുക്കളും നിഷിദ്ധമാക്കിയത് ഇതുകൊണ്ടൊക്കെത്തന്നെയാണ്.
അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓർമിക്കുന്നതിൽനിന്നും നമസ്‌കാരത്തിൽനിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാൽ നിങ്ങൾ വിരമിക്കുവാനൊരുക്കമുണ്ടോ? നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും സൂക്ഷിക്കുകയും ചെയ്യുക...’’ (ക്വുർആൻ 5:90-92).
‘മദ്യം തിന്മകളുടെ മാതാവാണ്,’ ‘ലഹരിയുണ്ടാക്കുന്നതെല്ലാം നിഷിദ്ധമാണ്’ തുടങ്ങിയ പ്രവാചകവചനങ്ങൾ ശ്രദ്ധേയമാണ്. ലഹരിക്ക് അടിമയായ വ്യക്തി അത് ലഭിക്കാതിരുന്നാൽ ഭ്രാന്തനായി മാറുന്നു. സ്വന്തം പിതാവിന്റെയോ മാതാവിന്റെയോ കഴുത്തിലേക്ക് കത്തി കുത്തിയിറക്കാൻ അവൻ തയ്യാറാകുന്നു. അതെ, ലഹരി സർവ തിന്മകളുടെയും മാതാവാണ്. നമ്മുടെ മക്കളെ കാത്ത് അവ കലാലയങ്ങളുടെ പരിസരങ്ങളിൽ മിഠായിയായും പൊടിയായും ക്രിസ്റ്റലായുമൊക്കെ പതിയിരിക്കുന്നുണ്ടെന്ന് നാം തിരിച്ചറിയുക, ജാഗ്രത പുലർത്തുക.

