വൈകിയെത്തുന്ന ഭാഗ്യം
ഇബ്‌നു അലി
2024 നവംബർ 09, 1446 ജു. ഊലാ 07

പെൻഷൻ പറ്റിയതിനു ശേഷമാണ് മാഷിനും ഭാര്യക്കും നറുക്കെടുപ്പിൽ ഹജ്ജിന് സെലക്ഷൻ കിട്ടിയത്. ആദ്യഗഡു സമയത്തിന് അടച്ച ശേഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തുന്ന സാങ്കേതിക ക്ലാസ്സിൽ പങ്കെടുത്തു. ബാക്കി തുക അടക്കാനും അടുത്ത ക്ലാസ്സിൽ പങ്കെടുക്കാനും കാത്തിരിക്കുന്നതിനിടയിലാണ് കോവിഡ് ഭീകരാവസ്ഥ സൃഷ്ടിച്ചത്. അക്കൊല്ലം ആർക്കും ഹജ്ജിന് പോകാനായില്ല. സാരമില്ല, അടുത്ത തവണയാകട്ടെയെന്ന് സമാധാനിച്ചു.
എന്നാൽ ആ കൊല്ലവും ആർക്കും അവസരം കിട്ടിയില്ല. തൊട്ടടുത്ത വർഷം ഇന്ത്യയിൽ 7000 പേർക്ക് മാത്രമാണ് അനുമതി കിട്ടിയത്. തൊട്ടടുത്ത കൊല്ലം അപേക്ഷിച്ചിരുന്നുവെങ്കിലും അവസരം കിട്ടിയില്ല. ക്ഷമയോടെ, പ്രാർഥനയോടെ കാത്തിരുന്നു. അടുത്ത കൊല്ലം നറുക്കെടുപ്പിൽ കാത്തിരിപ്പു പട്ടികയിലാണ് പെട്ടത്. സാധ്യത വിദൂരമായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി പരിശീലകൻ എന്ന നിലയിൽ മുമ്പേ ഞാനുമായി ബന്ധമുണ്ട്. ഇടയ്ക്ക് വിളിക്കാറുമുണ്ട്. അവസരം വരും ക്ഷമിക്കൂ, പ്രാർഥിക്കൂ എന്ന് ഞാനും സമാധാനിപ്പിക്കും.
ഇപ്പോളിതാ 2025 വർഷത്തേക്കുള്ള ഹജ്ജിന് നറുക്കെടുപ്പിൽ അവസരം ലഭിച്ചിരിക്കുന്നു; സ്രഷ്ടാവിന് സ്തുതി.
വീട്ടിലെ ചുറ്റുപാടുകൾ അപ്പോഴേക്കും മാറിയിരുന്നു. വീടിന്റെ പുതുക്കിപ്പണി തുടങ്ങിയത് പൂർത്തിയാക്കാൻ ബാക്കിയുണ്ട്. മോളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. മൂന്നാലു മാസം കഴിഞ്ഞാൽ കല്യാണമായി. ഹജ്ജിന് അടക്കാനുള്ള കാശിന് പുറമെ വീടുപണിക്കും കല്യാണത്തിനും കൂടി കാശ് കണ്ടെത്തണം. അല്ലറ ചില്ലറ ബാധ്യതകൾ വേറെയും തീർക്കാനുണ്ട്. അതിനുള്ള വഴി കുറച്ച് കൃഷിസ്ഥലം വിൽക്കുക എന്നതായിരുന്നു.
മുമ്പ് ആവശ്യക്കാർ വന്നിരുന്നെങ്കിലും, അത്യാവശ്യം നല്ല വില പറഞ്ഞിരുന്നെങ്കിലും അത്യാവശ്യത്തിന് വിൽക്കാൻ ഒരുങ്ങിയപ്പോൾ കച്ചവടക്കാരും ബ്രോക്കർമാരും ഉത്സാഹം കാണിക്കുന്നില്ല. മുമ്പ് ചോദിച്ച വിലപോലും കിട്ടില്ല എന്ന അവസ്ഥ.
പണമടവിനും മെഡിക്കൽ സർട്ടിഫിക്കറ്റ് തയ്യാറാക്കാനും ഇതര രേഖകൾ തയ്യാറാക്കി ഹജ്ജ് ഓഫീസിൽ സമർപ്പിക്കുന്നതിന്റെ പുരോഗതി അറിയാനും മറ്റു ഹാജിമാരെ ബന്ധപ്പെടുന്ന കൂട്ടത്തിൽ മാഷെയും വിളിച്ചു.
സ്ഥലത്തിന് ആവശ്യക്കാരും വിലയും കുറവാണെന്നും അതിനാൽ ഹജ്ജിന് ഇത്തവണ പോകാൻ സാധ്യത കാണുന്നില്ലെന്നും മാഷ് സങ്കടം പങ്കുവെച്ചു. ശ്രമം തുടരുന്നുണ്ടെന്നും പ്രാർഥിക്കണമെന്നും ഓർമിപ്പിച്ചു. വൈകിയാണ് വിൽപന നടക്കുന്നതെങ്കിൽ രണ്ടു പേർക്കും ഹജ്ജിനുള്ള കാശ് മാറ്റിവെച്ച് ബാക്കി തുക മാത്രമെ ചെലവഴിക്കൂ എന്നും പറഞ്ഞു. അടുത്ത അവസരത്തിലാണ് പടച്ചവൻ കണക്കാക്കുന്നതെങ്കിൽ അങ്ങനെ നടക്കട്ടെ എന്നും സ്വയം ആശ്വസിച്ചു. സഹ ഹജ്ജ് പരിശീലക സുഹൃത്തിനോട് ഇക്കാര്യം പങ്കുവെച്ചപ്പോൾ അദ്ദേഹം, തൽക്കാലം ആദ്യഘട്ട തുക അടക്കാനുള്ള പണം നൽകാമെന്ന് അറിയിച്ചു.
എന്നാൽ, പടച്ചവന്റെ തീരുമാനമുണ്ടെങ്കിൽ ഇത്തവണ നടക്കുമെന്നും അല്ലെങ്കിൽ വിധിച്ചിട്ടില്ല എന്ന് കരുതി സമാധാനിക്കാം എന്നും മറ്റുമായിരുന്നു മാഷിന്റെ മറുപടി.
വാട്‌സാപ്പിൽ ഇടയ്ക്ക് ബന്ധപ്പെട്ടുകൊണ്ടിരുന്നു. പുരോഗതി അന്വേഷിച്ചുകൊണ്ടിരുന്നു. പ്രതീക്ഷ കൈവിട്ടിട്ടില്ല എന്ന് മനസ്സിലായി. പക്ഷേ, പണമടക്കാനുള്ള അവസാന തീയതി അടുക്കുംതോറും പ്രതീക്ഷ കുറഞ്ഞുവന്നു. അടക്കാനുള്ള തീയതി ഒരാഴ്ച നീട്ടിയത്തോടെ വീണ്ടും പ്രതീക്ഷ കുരുത്തു തുടങ്ങി. തൽക്കാലം കുടുംബക്കാരിൽനിന്ന് ആദ്യഗഡു അടക്കാനുള്ള തുക വാങ്ങാം.
എന്നും രണ്ടാം ഗഡു അടക്കാനാകുമ്പോഴേക്കും കച്ചവടം നടക്കും എന്ന കണക്ക് കൂട്ടലിലാണെന്നും അറിവായി. അങ്ങനെ അവസാനം അതും അടച്ചു. സ്രഷ്ടാവിന് സ്തുതി. കാശ് അടച്ചിട്ടു പോലും അവസരം നഷ്ടപ്പെട്ട് കൊല്ലങ്ങൾ കാത്തിരുന്ന ശേഷം ഇതാ അവസരം കൈവരുന്നു. ഇനിയും ചില ഘട്ടങ്ങൾ കൂടി കടന്നുപോകാനുണ്ട്. റബ്ബ് അനുഗ്രഹിച്ചാൽ പ്രതീക്ഷ പൂവണിയും.
സമ്പത്തും ആരോഗ്യവും മറ്റു സൗകര്യങ്ങളുമെല്ലാം ഉണ്ടായിട്ടും മാനസികമായി ഹജ്ജിന് പോകാൻ തയ്യാറാകാത്തവർക്ക് മാഷ് പ്രചോദനമാകട്ടെ. ഇസ്‌ലാം കാര്യങ്ങളിൽ അഞ്ചാമത്തെതായ ഹജ്ജ് ചെയ്യാൻ എല്ലാ സൗകര്യങ്ങളും ഒത്തുകിട്ടിയിട്ടും തയ്യാറാകുന്നില്ലെങ്കിൽ എങ്ങനെ യഥാർഥ മുസ്‌ലിമെന്നു പറയാനാകും?
ഈ ഭൂമിയിലേക്ക് പിറന്നുവീണ നിഷ്‌കളങ്കനായ ഒരു കുഞ്ഞിന്റെ മനസ്സുമായി തിരിച്ചുവരാൻ കാരണ മാകുന്ന ശ്രേഷ്ഠമായ കർമമാണ് ഹജ്ജ്. വിശ്വാസികൾ ഹജ്ജിനായി കൊതിക്കുന്നത് ഈ സൗഭാഗ്യം നേടാൻവേണ്ടി തന്നെയാണ്. ജീവിതലക്ഷ്യമായ സ്വർഗപ്രവേശം നേടാനായി സംശുദ്ധമായ മനസ്സുമായി സ്രഷ്ടാവിന്റെ അടുക്കൽ എത്തിച്ചേരാൻ ഹജ്ജിലൂടെ വിശ്വാസികൾക്ക് സാധ്യമാവുകയാണ്. മനസ്സും ശരീരവും ഒരേപോലെ അല്ലാഹുവിന്റെ കൽപന സ്വീകരിക്കാൻ തയ്യാറാവുന്ന പവിത്രമായ അവസരമാണ് ഹജ്ജിലൂടെ സംജാതമാവുന്നത്.

