അതിമനോഹരം ഈ കാഴ്ച!
നഹദ ജെബിൻ പെരിന്തൽമണ്ണ
2024 മെയ് 25, 1445 ദുൽഖഅദ് 17

മനുഷ്യശരീരത്തിലെ ഏറ്റവും സങ്കീർണവും സുപ്രധാനവുമായ അവയവങ്ങളിലൊന്നായാണ് കണ്ണുകൾ കണക്കാക്കപ്പെടുന്നത്. അല്ലാഹു മനുഷ്യന് നൽകിയ അനുഗ്രഹങ്ങങ്ങളുടെ കൂട്ടത്തിൽ മികവുറ്റ ഒരു സമ്മാനം. എണ്ണമറ്റ കാഴ്ചകളാണ് അല്ലാഹു പ്രപഞ്ചത്തിൽ ഒരുക്കിയിട്ടുള്ളത്. സൂര്യൻ, ചന്ദ്രൻ, ഭൂമി, സസ്യലതാതികൾ, ആകാശം, സാഗരം, നക്ഷത്രങ്ങൾ, രാപകലുകൾ... ചുറ്റും കാണുന്നതെല്ലാം ഒന്നിനൊന്നു കേമം!
ഈ ലോകത്ത് ജീവിക്കുവാൻ കാഴ്ചശക്തിയുള്ള കണ്ണുകൾ എത്രമാത്രം സഹായകമാണെന്നത് പറയേണ്ടതില്ല. പ്രപഞ്ചസ്രഷ്ടാവിന്റെ സൃഷ്ടിവൈവിധ്യങ്ങളും അവയുടെ മനോഹാരിതയും കാണുമ്പോൾ അവയുടെ സ്രഷ്ടാവിനെക്കുറിച്ച് ചിന്തിക്കുവാൻ നാം തയ്യാറാകേണ്ടതുണ്ട്.
അല്ലാഹു പറയുന്നു: “അല്ലാഹു രാവും പകലും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീർച്ചയായും അതിൽ കണ്ണുള്ളവർക്ക് ഒരു ചിന്താവിഷയമുണ്ട്’’ (ക്വുർആൻ 24:44).
ആധുനിക സാങ്കേതികവിദ്യകളുടെ കാലത്ത് കാഴ്ചകളുടെ ലോകം അതിവിശാലമാണ്. അതിൽ നല്ലതും ചീത്തയുമുണ്ട്. നന്മയുള്ള കാഴ്ചകൾ കണ്ടാസ്വദിക്കുന്നതോടൊപ്പം അല്ലാഹു നിഷിദ്ധമാക്കിയ കാഴ്ചകൾ കാണാതിരിക്കുവാനും നാം ശ്രദ്ധിക്കണം.
ഒരു നബിവചനം നോക്കുക: “രണ്ടുകൂട്ടർ, അവരുടെ കണ്ണുകളെ നരകം സ്പർശിക്കുകയില്ല. അല്ലാഹുവിനെ ഭയന്നു കരഞ്ഞ കണ്ണ്, അല്ലാഹുവിന്റെ മാർഗത്തിൽ കാവൽ നിന്ന കണ്ണ്’’ (തിർമിദി).
അവധിയാഘോഷിക്കാൻ സ്വിറ്റ്‌സർലാന്റിൽ പോയ ഒരാൾ തന്റെ ഫേസ്ബുക് വാളിൽ പങ്കുവെച്ച കുറച്ചു ഫോട്ടോകൾ കാണാനിടയായി. ആ ദൃശ്യങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചത് ‘അതിമനോഹരം ഈ കാഴ്ച’ എന്നായിരുന്നു.
അതെ, എത്ര മനോഹരമാണ് ഈ ലോകവും അതിലെ ജൈവ-അജൈവ വസ്തുക്കളും! പ്രകൃതി ഭംഗി കണ്ട് പൂതിതീരുന്ന ആരുണ്ട്? അസ്തമയ സൂര്യന്റെയും അസ്തമിക്കുന്ന സമയത്തുള്ള ചക്രവാളത്തിലെ വർണ വിസ്മയങ്ങളുടെയും കാഴ്ച ആരാണ് ഇഷ്ടപ്പെടാത്തത്?
ശാരീരിക-മാനസിക വൈകല്യങ്ങളുള്ള മനുഷ്യരെ നാം കാണാറുണ്ട്. അത് അവർക്കുള്ള അല്ലാഹുവിന്റെ പരീക്ഷണമാണ്. അത് കാണുമ്പോൾ അല്ലാഹു നമുക്കു നൽകിയ അനുഗ്രങ്ങളെക്കുറിച്ച് ഓർക്കാനും നന്ദികാണിക്കാനും അവനെ സ്തുതുക്കാനും നമുക്കാവണം.
നബിﷺ പറഞ്ഞു: “നിങ്ങളെക്കാൾ മുകളിലുള്ളവരിലേക്ക് നിങ്ങൾ നോക്കരുത്; നിങ്ങളെക്കാൾ താഴെയുള്ളവരിലേക്ക് നോക്കുക. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ വിലകുറച്ചു കാണാതിരിക്കാൻ ഏറ്റവും ഉത്തമമാണത്’’ (മുസ്‌ലിം).
മറ്റുള്ളവർക്ക് ലഭിച്ച സുഖസൗകര്യങ്ങളിൽ സന്തോഷിക്കുവാനും നമുക്ക് നൽകപ്പെട്ടതിൽ തൃപ്തിപ്പെടുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്. കണ്ണില്ലാത്തവനേ അതിന്റെ വേദനയറിയൂ എന്ന ചൊല്ല് എത്രയോ അർഥവത്താണ്. നമുക്ക് അല്ലാഹു കനിഞ്ഞു നൽകിയ കണ്ണുകളെ അല്ലാഹു തൃപ്തിപ്പെടുന്ന മാർഗത്തിൽ നാം ഉപയോഗപ്പെടുത്തുക. അത് നൽകിയതിന് നന്ദി കാണിക്കാനും അവനെ സ്തുതിക്കുവാനും ഒരിക്കലും മറക്കരുത്.

