അമ്മത്തൊട്ടിലുകൾ പറയാതെ പറയുന്നത്

ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി

2024 ജൂൺ 15, 1445 ദുൽഹിജ്ജ 08

ഏതാനും ദിവസങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന അമ്മത്തൊട്ടിലിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള നവജാത ശിശുവിനെ ലഭിച്ച വാർത്ത കേൾക്കുകയുണ്ടായി. 2002ൽ അമ്മത്തൊട്ടിൽ സ്ഥാപിച്ചതിനുശേഷം ലഭിക്കുന്ന 599-ാമത് കുഞ്ഞായിരുന്നത്രെ അത്! അധികനാൾ വൈകാതെ 600ാമത്തെ കുഞ്ഞിനെ ലഭിച്ചതായും കേട്ടു. ഒരു മാസത്തിനുള്ളിൽ ലഭിച്ച നാലാമത്തെ കുഞ്ഞായിരുന്നു അത്. വലിയ ആശ്വാസവും സന്തോഷവും നൽകുന്ന വിവരമെന്നോണമാണ് ഈ രണ്ടു വാർത്തകളും മാധ്യമങ്ങൾ പങ്കുവച്ചത്. അതിന്റെ കാരണം, തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെട്ട ശിശുഹത്യകളായിരിക്കാം. ശുചിമുറിയിൽ പ്രസവിച്ച അവിവാഹിതയായ യുവതി തന്റെ ചോരക്കുഞ്ഞിനെ ഫ്‌ളാറ്റിൽനിന്നും താഴേക്ക് എറിഞ്ഞുകൊന്നതും സമാനമായ മറ്റൊരു വർത്തയും ഏറെ വേദനയോടെയാണ് സാംസ്‌കാരിക കേരളം കേട്ടറിഞ്ഞത്.

അമ്മത്തൊട്ടിലിലെത്തുന്ന കുരുന്നുകൾ കൊലചെയ്യപ്പെടാതെ അവിടെ എത്തി എന്ന ആശ്വാസ വാർത്ത പങ്കുവയ്ക്കപ്പെടുമ്പോൾ, എന്തുകൊണ്ടാണ് ഇത്തരം അനാഥത്വം സൃഷ്ടിക്കപ്പെടുന്നത് എന്ന വിഷയം ബോധപൂർവം മറച്ചുവയ്ക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എന്തിനും ഏതിനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് ഇവിടെ സ്വതന്ത്രവാദികൾ മുറവിളികൂട്ടുന്നത്. അതിൽതന്നെ അവരുടെ ഏറ്റവും വലിയ ആവശ്യം ലൈംഗികസ്വാതന്ത്ര്യമാണ്. ഉഭയകക്ഷി സമ്മത പ്രകാരം ആരുമായും ലൈംഗിക ബന്ധമാവാം എന്നിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. LGBTQ പോലെയുള്ള ആശയങ്ങളെ സമൂഹത്തിൽ പ്രചരിപ്പിക്കാൻ ചില തൽപരകക്ഷികൾ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പരസ്പര സമ്മതത്തോടെ ആർക്കുതമ്മിലും ശാരീരിക ബന്ധത്തിലേർപ്പെടാം, അതിനു നിയമപരമായ വിവാഹമോ മതാനുഷ്ഠാനങ്ങളോ ആവശ്യമില്ല എന്നതാണ് ലിബറലിസ്റ്റുകളുടെ വീക്ഷണത്തിൽ യഥാർഥ സ്വാതന്ത്ര്യം. അതിൽ ആകൃഷ്ടരായി അവരുടെ കൂടെക്കൂടുന്ന യുവതിയുവാക്കളുടെ എണ്ണം നമ്മുടെ നാട്ടിലും കൂടിക്കൊണ്ടിരിക്കുകയാണ്. വിവാഹേതര ബന്ധങ്ങൾവഴി ‘ജനിക്കുന്ന കുഞ്ഞുങ്ങൾ’ ഇത്രത്തോളമുണ്ടെങ്കിൽ ജനിക്കാൻ കാത്തുനിൽക്കാതെ നശിപ്പിക്കപ്പെടുന്നതി ന്റെ എണ്ണം എത്രയായിരിക്കും! വിവാഹവും കുടുംബവ്യവസ്ഥയുമെല്ലാം വലിയ നൂലാമാലകളാണെന്നും അനാവശ്യമാണെന്നുമുള്ള പ്രചാരവേലകളിൽ യുവസമൂഹം പെട്ടെന്നുതന്നെ പെട്ടുപോവുകയാണ്.

തങ്ങളുടെ കൂടെ ജീവിക്കുന്ന സ്വന്തം മകൾ ശുചിമുറിയിൽ പ്രസവിക്കുന്നതുവരെയും അവൾ ഗർഭിണിയായിരുന്നെന്ന് തിരിച്ചറിയുക പോലും ചെയ്യാത്ത വിധത്തിലുള്ള അകലം മാതാപിതാക്കൾക്കും മക്കൾക്കുമിടയിൽ ഉണ്ടായതെങ്ങനെയാണ്?

ലൈംഗിക സദാചാരം പതിയെ നഷ്ടപ്പെട്ടുപോവുകയും കുത്തഴിഞ്ഞ ലൈംഗികത സാമാന്യ വൽകരിക്കപ്പെടുകയും ചെയ്യുമ്പോൾ അവിവാഹിതർ മാത്രമല്ല ഇത്തരം കെണികളിൽ വീണ് പോവുന്നത്; വിവാഹിതരായവർ പോലും തങ്ങളുടെ ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് അന്യരുടെ കൂടെ ഇറങ്ങിപ്പോകുന്നു. ഒടുവിൽ ഉപേക്ഷിക്കപ്പെട്ട് വഴിയാധാരമായിത്തീരുന്നു.

ലിബറൽ ചിന്തകൾ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നുവെന്ന വസ്തുത മറച്ചുവച്ചുകൊണ്ട്, ലൈംഗിക സദാചാരം പാലിക്കാൻ കർശനമായി പറയുന്ന ഇസ്‌ലാമിനെ അപരിഷ്‌കൃ തമെന്നു മുദ്രകുത്താനുള്ള ബദ്ധപ്പാടിലാണ് കപട പുരോഗമനവാദികൾ. കുടുംബജീവിതത്തെയും ലൈംഗികതയെയും കുറിച്ചുള്ള ഇസ്‌ലാമിന്റെ പാവനമായ കാഴ്ചപ്പാടുകളെ ആശയപരമായി നേരിടാൻ ഇവർ തയ്യാറുമല്ല.