പുനഃസംഗമങ്ങളിലെ ക്രിയാത്മകതയും അധാർമികതയും
അൻവർ കണ്ണീരി, അമ്മിനിക്കാട്
2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

അടുത്ത കാലത്തായി സ്‌കൂളുകളിലും കോളേജുകളിലും പൂർവ വിദ്യാർഥി സംഗമങ്ങൾ വർധിച്ചുകൊ ണ്ടിരിക്കുകയാണ്. ഇത്തരം സംഗമങ്ങളെക്കുറിച്ചുള്ള സമൂഹത്തിന്റെ വിലയിരുത്തലുകൾ അത്ര നല്ല രൂപത്തിലുള്ളതല്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അതിന് വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. അത് വഴിയെ പറയാം.
പുനഃസംഗമങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകൾ സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒരു ബാച്ചിലുള്ളവരോ ഒരു ക്ലാസ്സിൽ പഠിച്ചവരോ ഒരുമിച്ചുകൂടി കുറച്ചുസമയം ഒന്നിച്ചിരിക്കുന്നു. ഓർമകൾ പങ്കുവയ് ക്കുന്നു. ഭക്ഷണം കഴിച്ചു പിരിയുന്നു. ചെലവ് എല്ലാവരുംകൂടി വഹിക്കുന്നു. ഇതാണ് ഒരു ഇനം കൂടിച്ചേരൽ. അതേസമയം ചാരിറ്റിയുടെ വിശാല ലോകത്തേക്ക് കടക്കുന്ന കൂടിച്ചേരലുകളും നടക്കുന്നുണ്ട്. കൂടെ പഠിച്ചവരിൽ രോഗികളായ, ചികിത്സിക്കാൻ കാശില്ലാതെ പ്രയാസപ്പെടുന്നവരെ കണ്ടെത്തി സഹായം നൽകുവാൻ, വീടില്ലാത്തവർക്ക് വീടുണ്ടാക്കിക്കൊടുക്കുവാൻ... അങ്ങനെ ഗുണപരമായ പല കാര്യങ്ങൾക്കും വേണ്ടി കൂടിച്ചേരലുകൾ ഉപയോഗിക്കുന്നവരുണ്ട്. ഇത്തരം സമീപനങ്ങളെ നിരുൽസാഹപ്പെടുത്തുകയല്ല വേണ്ടത്. മുടക്കുന്ന പണം എത്രയെന്നതിനപ്പുറത്തേക്ക് ആ സൽപ്രവർത്തനത്തിൽ മൂല്യം കണ്ടെത്തുക യാണ് നല്ല സമീപനം.
‘പുനർമിലൻ’ എന്ന വ്യത്യസ്തമായ നാമകരണത്തിൽ ഇരുപത് വർഷങ്ങൾക്കിപ്പുറം പഴയ പത്താം ക്ലാസ്സുകാർ ഒരുമിച്ചുകൂടി. നടന്നുകൊണ്ടിരിക്കുന്ന പതിവു സംഗമങ്ങളിൽനിന്ന് തങ്ങളുടെ കൂടിച്ചേരൽ എങ്ങനെ വ്യത്യസ്തമാക്കാം എന്ന് അവർ ഏറെ ചിന്തിച്ചു. പരിചയം പുതുക്കി. പെൺകുട്ടികളിൽ മിക്കവ രും പത്താം ക്ലാസ്സോടെ പഠനം അവസാനിപ്പിച്ചവരും ആ പ്രായത്തിൽ വിവാഹം കഴിഞ്ഞവരുമാണെന്ന് തുറന്നു പറഞ്ഞു. പലർക്കും പത്താം ക്ലാസ്സിനു മുമ്പേ പഠനം അവസാനിപ്പിക്കേണ്ടി വന്നിട്ടുമുണ്ട്.
ഇത് മനസ്സിലാക്കിയപ്പോഴാണ് ആ വർഷത്തെ എസ്എസ്എൽസി മുഴുവൻ ഡിവിഷനുകളുടെയും പുനസംഗമത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് ഒരു അക്കാദമിക് ഡസ്‌ക് രൂപീകരിക്കലായി മാറിയത്. കൂട്ടത്തി ലുള്ള, പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിഗ്രി പൂർത്തിയാക്കാൻ കഴിയാത്ത പഴയ സഹപാഠികളെ തുല്യതാ പരീക്ഷയിലൂടെ ഉയർത്തിക്കൊണ്ടുവരാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിന് ഏറെ സ്വീകാര്യത ലഭിച്ചു.
പണം വാരിയെറിഞ്ഞ് മറ്റുള്ളവരെക്കൊണ്ട് ‘ഗ്രാൻഡ് പരിപാടി’ എന്ന് പറയിപ്പിക്കുന്നതിനപ്പുറം പഠിപ്പിച്ചിരുന്ന അധ്യാപകരെയെല്ലാം ക്ഷണിച്ചു, അവർക്ക് അർഹമായ ആദരവും പരിഗണനയും നൽകി, കുടുംബിനികളായി വീടകങ്ങളിൽ ഒതുങ്ങിയ സഹോദരിമാരെ ആദരിച്ചു. പങ്കെടുത്ത എല്ലാവർക്കും വീട്ടിൽ എന്നും സൂക്ഷിക്കാൻ പാകത്തിൽ ഒരു ഉപഹാരവുംകൂടി നൽകിയപ്പോൾ അവർ പ്രകടിപ്പിച്ച സന്തോഷം അനിർവചനീയ അനുഭൂതിയാണ് സമ്മാനിച്ചത്. കേരളത്തിലെ മികച്ച ഒരു പോലീസുകാരനെക്കൊണ്ട് ഏറ്റവും അപകടം നിറഞ്ഞ ലഹരിയെ ആസ്പദമാക്കി ഒരു മണിക്കൂറോളം സംസാരിപ്പിച്ചു. ഈ ക്രിയാത്മക സമീപനത്തെ എല്ലാവരും ഏറെ പ്രശംസിച്ചു.
കൂട്ടത്തിലുള്ളവരെ ആവശ്യ സാഹചര്യങ്ങളിൽ സഹായിക്കൽ, അടിയന്തിര ചികിത്സാ സഹായം നൽകൽ, ഉറ്റവർ മരണപ്പെട്ടാൽ സഹപാഠികളെ ആശ്വസിപ്പിക്കൽ; ആവശ്യമെങ്കിൽ സാമ്പത്തിക സഹായം നൽകൽ, സഹപാഠികളുടെ മക്കളുടെ വിവാഹ വേളയിൽ സന്ദർശിച്ചു കഴിയുന്ന സഹായം നൽകൽ പോലുള്ളതെല്ലാം ഗുണകരമായ സമീപനങ്ങളാണ്.
ഇന്ന് നടക്കുന്ന പുനഃസംഗമങ്ങൾ അപകടത്തിലേക്കുള്ള പോക്കാണെന്ന് സമൂഹം വിലയിരുത്തു ന്നത് കാണാതിരുന്നുകൂടാ. പഠിച്ചിരുന്ന കാലത്തെ അപക്വതയിലേക്ക് മടങ്ങാനുള്ള ശ്രമമാണ് അപകടം വിളിച്ചുവരുത്തുന്നത്. താനിന്ന് കൗമാര ചാപല്യങ്ങളുള്ള വിദ്യാർഥിയല്ലെന്നും മുപ്പതോ നാൽപതോ അതിലേറെയോ വയസ്സായ ഒരു ഭർത്താവാണ്/ഭാര്യയാണ്/മക്കളും പേരമക്കളുമുള്ള വ്യക്തിയാണ് എന്ന പൂർണമായ ബോധ്യം എല്ലാവർക്കും വേണം. കൗമാര കാലത്തെ സഹപാഠിയെ കാണുമ്പോഴേക്കും താനൊരു കുടുംബനാഥയാണെന്നോ കുടുംബനാഥനാണെന്നോ ഉള്ള യാഥാർഥ്യം മറന്ന് പ്രണയത്തി ലാകുന്നതും ഒളിച്ചോടുന്നതുമായ സംഭവങ്ങളിലേക്ക് പൂർവ വിദ്യാർഥി സംഗമങ്ങൾ നയിച്ചതിന്റെ വാർത്തകൾ പലതും നാം കേട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ സംഗമങ്ങൾ അപകടം വിളിച്ചുവരുത്തുന്ന താണ് എന്ന് സമൂഹം വിധിയെഴുതുന്നത്.
എന്തിനും പിന്നിൽ ഗുണവും ദോഷവുമുണ്ടല്ലോ. സ്വന്തത്തെ നിയന്ത്രിക്കാനും പ്രായത്തിന്റെ പക്വത കാണിക്കാനും കഴിയാത്തവർ എവിടെ ചെന്നു കഴിഞ്ഞാലും പ്രശ്‌നക്കാരായിരിക്കും. ദുരുദ്ദേശ്യത്തോടെ മാത്രം പൂർവ വിദ്യാർഥി സംഗമങ്ങളിൽ പങ്കെടുക്കുന്നവരുമുണ്ടാകാം. ഇത്തരക്കാരാണ് പുനഃസംഗമങ്ങൾ മൊത്തം ആക്ഷേപിക്കപ്പെടാൻ കാരണക്കാരാകുന്നത്.
ചുരുക്കത്തിൽ, അധാർമികതയിലേക്ക് നയിക്കുന്ന, ദാമ്പത്യജീവിതത്തിൽ വിള്ളലുണ്ടാക്കുന്ന കൂടിച്ചേരലുകൾ ഉണ്ടായിക്കൂടാ. എന്നാൽ അറിവിന്റെ അടഞ്ഞ വാതിലുകൾ തുറന്നുകൊടുക്കാൻ കഴിയുന്ന, കൂട്ടുകാർക്കും നാടിനും പഠിച്ച സ്ഥാപനത്തിനുമൊക്കെ ഉപകാരപ്രദമായ കൂടിച്ചേരലുകളെ ആക്ഷേപിച്ചുകൂടാ.

